Follow KVARTHA on Google news Follow Us!
ad

റുഖിയ...ഷൈനി...റീത്ത

മനസിനെ പിടിച്ചുനിര്‍ത്താന്‍ കഴിയാത്തത് മനുഷ്യന്റെ ബലഹീനതയാണ്. അക്കര പച്ചതേടിയുളള യാത്ര Article, Kookanam-Rahman, Marriage, Trap, Woman, Family
കൂക്കാനം റഹ് മാന്‍

(www.kvartha.com 01.07.2014) മനസിനെ പിടിച്ചുനിര്‍ത്താന്‍ കഴിയാത്തത് മനുഷ്യന്റെ ബലഹീനതയാണ്. അക്കര പച്ചതേടിയുളള യാത്ര അപകടത്തില്‍ പെട്ടു പോകുമെന്ന ധാരണയും ചിലര്‍ക്ക് നഷ്ടപ്പെട്ടുപോകുന്നു. പുരുഷന്‍മാരേക്കാളും സ്ത്രീകളിലാണ് ഇത്തരം മനോവ്യാപാരങ്ങള്‍ കണ്ടുവരുന്നത്.
സ്‌നേഹിക്കപ്പെടാന്‍ കൊതിക്കാത്ത മനുഷ്യരുണ്ടാവില്ല. കപടസ്‌നേഹം തിരിച്ചറിയാന്‍ സാധിക്കാത്തതും സ്ത്രീകള്‍ക്കാണ്. മധുരം പൊതിഞ്ഞ സ്‌നേഹ വാക്കുകളില്‍ അകപ്പെട്ട് നട്ടം തിരിയുന്ന സ്ത്രീകള്‍ നമുക്കുചുറ്റും നിരവധിയുണ്ട്. ജനിച്ച വീടും നാടും ഉപേക്ഷിക്കാന്‍ ഇവര്‍ തയ്യാറാവുന്നു. നൊന്തുപെറ്റ അമ്മയേയും വളര്‍ത്തി വലുതാക്കിയ അച്ഛനെയും തള്ളിക്കളയാനും ധൈര്യം കാട്ടുന്നു. സ്‌നേഹിച്ച പുരുഷന്റെ കൂടെ ഇറങ്ങിത്തിരിക്കുന്നു. പിന്നെ വരുന്നതെന്തും സഹിക്കാന്‍ മനസിനെ സജ്ജമാക്കുന്നു.

നഗ്നസത്യങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ അവിശ്വസനീയമായിത്തോന്നാം. ഇത്തരം കാര്യങ്ങള്‍ എഴുതുമ്പോള്‍ അത് സാങ്കല്‍പ്പികമാണെന്ന് കരുതുന്നവരുമുണ്ട്. സത്യത്തിന് എന്നും പതിനാറ് എന്നൊരു ചൊല്ല് വടക്കന്‍ കേരളത്തിലുണ്ട്. അതുകൊണ്ട് തന്നെ ഒരു സ്ത്രീയുടെ നീറുന്ന അനുഭവം അതേപടി പകര്‍ത്തുകയാണ്. ഒരു വിധത്തിലും രക്ഷപ്പെടാന്‍ പറ്റാത്തവിധത്തില്‍ അവരുടെ ജീവിതം താറുമാറായിരിക്കുന്നു.

രക്ഷപ്പെടുത്താന്‍ കഴിയും വിധത്തില്‍ ആരെങ്കിലും മുന്നോട്ടുവന്നാല്‍ അതൊരു പുണ്യമായിരിക്കും. അവരെ കയ്യൊഴിഞ്ഞവരില്‍ ആരെങ്കിലും മുന്നോട്ട് വന്ന് ജീവിതം തിരിച്ചു കൊടുക്കുമെങ്കില്‍ അതും നന്നായിരിക്കും. ആ സ്ത്രീ ഉപേക്ഷിച്ചു പോന്ന രക്ഷകര്‍ത്താക്കളോ, കുടുംബാംഗങ്ങളോ ഇക്കാര്യം തിരിച്ചറിഞ്ഞ് മാപ്പു നല്‍കുമെങ്കില്‍ എന്നാശിച്ചു പോവുന്നു...

പാലക്കാട് കരിയങ്കോട് എന്ന ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നവളാണ് റുഖിയ. സെയ്തുമുഹമ്മദ് - സൈനബ ദമ്പതികളുടെ എട്ടുമക്കളില്‍ രണ്ടാമത്തവള്‍. തനിക്ക് ഇളയകുട്ടികളെ നോക്കി സംരക്ഷിക്കേണ്ട ചുമതല ഉള്ളതിനാല്‍ സ്‌കൂള്‍ വിദ്യാഭ്യാസം നേടാനായില്ല. വീടിനകത്തുതന്നെ കഴിച്ചുകൂട്ടേണ്ടി വന്നു. മറ്റു കുട്ടികളെ പോലെ ആടാനും പാടാനും കളിച്ചുല്ലസിക്കാനും അവളും കൊതിച്ചു. കൗമാരത്തിലെത്തി. വെളുത്തുതടിച്ച  സുന്ദരിയായിരുന്നു അന്ന്. ജീവിതാനുഭവങ്ങളും പുറത്തുനിന്നുളള അറിവുകളും ലഭിക്കാത്തവള്‍. ശരിക്കു പറഞ്ഞാല്‍ കൂട്ടിലെ കിളി. ഈ പ്രായത്തില്‍ പുറത്തുകടക്കാന്‍ മനസു വെമ്പും. സ്‌നേഹിക്കാന്‍ മനസു കൊതിക്കും...
Article, Kookanam-Rahman, Marriage, Trap, Woman, Family
റോഡരികിലാണ് അവരുടെ വീട്. അതിലൂടെ കടന്നു പോകുന്നവരെ റുഖിയ നോക്കി നില്‍ക്കും. കുഞ്ഞനുജന്‍മാരെ വീട്ടിനു വെളിയില്‍ കളിപ്പിച്ചു കൊണ്ടിരിക്കും. സ്ഥിരം വഴിയാത്രക്കാരനായ ഒരു ചെറുപ്പക്കാരന്‍ അവളെ ശ്രദ്ധിക്കാന്‍ തുടങ്ങി. അവളുടെ കണ്ണും അവനിലുടക്കി. നിത്യവും കാണും ചിരിക്കും. മിണ്ടാനൊന്നും പോയില്ല. ഒരു ദിവസം കുടിക്കാന്‍ വെള്ളം തരുമോ എന്നന്വേഷിച്ച് അവന്‍ വീട്ടില്‍ ചെന്നു. അവള്‍ വെളളം നിറച്ച ഗ്ലാസ് കൈമാറി.

'എന്നെ ഇഷ്ടമാണോ?' അയാളുടെ ചോദ്യം മറുപടി ചിരിയിലൊതുക്കി. ആ ചോദ്യം അവളുടെ മനസിനെ ഇക്കിളിപ്പെടുത്തി. ദിവസവും രാവിലെയും വൈകിട്ടും അതിലൂടെ കടന്നു പോകുമ്പോള്‍ അവനെ റുഖിയ നോക്കി നില്‍ക്കും. അവള്‍ക്ക് വയസ് 17. 'കൂടെ ജീവിക്കാന്‍ ഇഷ്ടമാണെങ്കില്‍ വന്നോളൂ' അവന്‍ പറഞ്ഞു. ഒന്നും ആലോചിക്കാതെ അവന്റെ കൂടെ റുഖിയ ഇറങ്ങി പുറപ്പെട്ടു.

അവന്‍ ബാബു. നല്ല ആരോഗ്യവാന്‍. രജിസ്റ്റര്‍ വിവാഹം നടത്തി. റുഖിയ ഷൈനിയായി. ഒരു വര്‍ഷം നീണ്ട ഭാര്യാ - ഭര്‍തൃ ബന്ധം. അവള്‍ ഗര്‍ഭിണിയായി. ബാബു കഞ്ചാവിന്റെ അടിമയായിരുന്നു. മര്‍ദനവും പീഡനവും സഹിക്കാന്‍ വയ്യാതെ അവള്‍ അവിടുന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. റുഖിയയെന്ന ഷൈനി ഒരാശ്രമത്തില്‍ അഭയം തേടി. അവിടെ വെച്ച് ഒരാണ്‍ കുട്ടിക്ക് ജന്‍മം നല്‍കി. അതിനെ വളര്‍ത്താന്‍ ഒരു മാര്‍ഗവുമില്ല. സ്വന്തം വീട്ടിലേക്ക് അവള്‍ക്ക് ചെല്ലാന്‍ പറ്റില്ല. കഞ്ചാവിനടിമയായ ബാബു ഇപ്പോള്‍ എവിടെയാണെന്നറിയില്ല.

നൊന്തുപെറ്റ ആണ്‍ കുഞ്ഞിനെ ആശ്രമത്തിലാക്കി അവള്‍ അവിടം വിട്ടു. അത്രയും പറഞ്ഞു കഴിഞ്ഞ് അവള്‍ ദീര്‍ഘശ്വാസം വിട്ടു. അവനിപ്പോള്‍ 18 വയസായി. പെറ്റമ്മ ആരാണെന്നവന് അറിയില്ല. പക്ഷേ എനിക്കവനെ അറിയാം. അവനെ കാണാന്‍ ചെല്ലാറുണ്ട്. മറഞ്ഞു നിന്നു കാണും. സംസാരിക്കാറില്ല. അമ്മയാണെന്ന് പറഞ്ഞില്ലിതേവരെ. അവന്‍ അക്കഥ അറിയാതിരിക്കട്ടെ. എന്നെങ്കിലും ഒരുനാള്‍ ഞാനാക്കഥ അവനോട് പറയും. അവന്‍ വിശ്വസിക്കില്ലെങ്കിലും... അവന് അമ്മയുണ്ട്... അപ്പനുണ്ട് എന്നറിയിക്കേണ്ടേ?

ആശ്രമത്തില്‍ നിന്ന് വിട്ട് വണ്ടി കയറി കാസര്‍കോട്ടെത്തി. പല വീടുകളിലും വീട്ടു വേലയ്ക്ക് നിന്നു. മനസ് അപ്പോഴും തുടിക്കുകയായിരുന്നു. ഒരു ജീവിതം കിട്ടാന്‍. ആരോടെങ്കിലും എല്ലാം തുറന്നു പറയണമെന്നുണ്ടായിരുന്നു. എല്ലാം അറിഞ്ഞ് സ്വീകരിക്കാന്‍ ആരെങ്കിലും തയ്യാറാവുമോ? ഒരു ജീവിതം തരുമോ? മനസ സ്വസ്ഥമാവുന്നില്ല.

ജോലിക്കുനിന്ന വീട്ടുകാര്‍ നല്ലവരായിരുന്നു. അവരോടും ജീവിത കഥ പറഞ്ഞില്ല. എല്ലാം പറഞ്ഞറിഞ്ഞാല്‍ അവര്‍ ആട്ടി ഓടിച്ചെങ്കിലോ? ആ വീട്ടുടമയുടെ മകള്‍ക്ക് വീടുപണി നടക്കുകയായിരുന്നു. പണി ചെയ്യുന്നവര്‍ക്ക് ഭക്ഷണം ഉണ്ടാക്കി എത്തിച്ചു കൊടുക്കുന്നത് ഷൈനിയായിരുന്നു. ജീവിതത്തില്‍ വേറൊരു വഴിത്തിരിവിന് ഇത് കാരണമായിത്തീര്‍ന്നു.

അവിടെ ആശാരിപ്പണിയില്‍ ഏര്‍പെട്ട ഒരു മധ്യവയസ്‌കന്‍ ഷൈനിയില്‍ കണ്ണു വെച്ചു. ഭക്ഷണ ഇടവേളയില്‍ അയാള്‍ അവളെക്കുറിച്ച് ചോദിച്ചറിയാന്‍ ശ്രമിച്ചു. ആദ്യമാദ്യം അവള്‍ ഒഴിഞ്ഞു മാറി. അയാളുടെ കഥ അവള്‍ കേട്ടു. വിവാഹിതനാണ്. രണ്ട് ആണ്‍ മക്കളുണ്ട്. ഭാര്യ അസുഖം മൂലം മരിച്ചുപോയി. വയസ് 45 കടന്നു. സത്യസന്ധമായി അയാള്‍ പറഞ്ഞതു കേട്ടപ്പോള്‍ അവളുടെ ജീവിത കഥ അയാളോട് പറഞ്ഞു.

ഇനിയും ഒരപകടത്തില്‍ ചാടരുതെന്ന് കരുതി കൂടെ പണിയെടുക്കുന്നവരുമായും അയാളുടെ സ്വഭാവത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു. എല്ലാവരും അയാളെക്കുറിച്ച് നല്ലതേ പറഞ്ഞുളളൂ...

അങ്ങിനെ പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വെച്ചു. വിവാഹച്ചടങ്ങുകളൊന്നും നടന്നില്ല. ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങി. പണിക്കുനിന്ന വീട്ടുകാരും പ്രോത്സാഹിപ്പിച്ചു. അയാള്‍ മോഹനന്‍. കറുത്തിരുണ്ട മനുഷ്യന്‍. കണ്ടാല്‍ ആജാനുബാഹു. മനസ് സംശുദ്ധമാണെന്ന് തോന്നി. ഇപ്പോള്‍ 10 വര്‍ഷമായി ഒപ്പം ജീവിക്കാന്‍ തുടങ്ങിയിട്ട്. രണ്ടുമക്കളുണ്ടായി. എട്ടുവയസുകാരിയായ മകളും ആറ് വയസുകാരന്‍ മകനും. മോഹനന്റെ ആദ്യമക്കള്‍ അമ്മവീട്ടിലാണ് താമസം. ഷൈനിയും മക്കളും മോഹനന്റെ കൂടെ സന്തോഷമായി ജീവിച്ചു വരികയായിരുന്നു.

ഇവിടെയും ജീവിതത്തില്‍ വിള്ളല്‍ വീഴാന്‍ തുടങ്ങി. പരസ്പരം സംശയ ദൃഷ്ടിയോടെ ഇരുവരും വീക്ഷിക്കാന്‍ തുടങ്ങി. മോഹനന്‍ ബ്ലൂഫിലിം കാണുന്നതില്‍ തല്‍പരനാണെന്നും ഇതര സ്ത്രീകളുമായി ബന്ധമുണ്ടെന്നും ഷൈനി ആരോപിക്കുന്നു. പറഞ്ഞതു അനുസരിക്കാത്തവളും വീട്ടില്‍ നിന്ന് മക്കളെയും കൂട്ടി ഇടയ്ക്കിടെ അവള്‍ ഇറങ്ങി പോകുന്നെന്നും പരാതി മോഹനന്‍ പറയുന്നു. പരസ്പരം ഒരു തരത്തിലും യോജിച്ചു പോവാന്‍ ഇരു കൂട്ടരും തയ്യാറാവുന്നില്ല.

അടുത്ത കാലത്ത് ഷൈനി വീണ്ടും ക്രിസ്ത്യന്‍ മിഷനറിമാര്‍ നടത്തുന്ന ആശ്രമത്തില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. രണ്ടുമക്കളും കൂടെയുണ്ട്. മക്കള്‍ അമ്മയുടെ ഒപ്പം മാത്രമേ ജീവിക്കൂ എന്ന് വാശിപിടിക്കുന്നു. മക്കളെ പഠിപ്പിക്കണം. ഷൈനിക്ക് ജീവിക്കണം. ഷൈനി മറ്റൊന്നുമാലോചിച്ചില്ല. റീത്ത എന്ന പേരു സ്വീകരിച്ചു ക്രിസ്ത്യാനിയായി ജീവിക്കാന്‍ ആഗ്രഹിച്ചു.

റുഖിയയായി ജനിച്ചു. ഷൈനിയായി കുറേകാലം ജീവിച്ചു. ഇപ്പോഴിതാ റീത്തയായി ജീവിതം തുടരുന്നു. എവിടെ അഭയം കിട്ടുമോ അവിടെ ജീവിക്കാമെന്ന ലക്ഷ്യമാണ് അവര്‍ക്കുളളത്. റുഖിയയും - ഷൈനിയും - റീത്തയും ഒരാളു തന്നെ. ചിന്തയും പ്രവര്‍ത്തനവും ജീവിത ശൈലിയും മാറുന്നു എന്നു മാത്രം.

Article, Kookanam-Rahman, Marriage, Trap, Woman, Family
Kookkanam Rahman
(writer)
ഇപ്പോഴത്തെ റീത്തയോട് ഒരു ചോദ്യം ചോദിച്ചു. ബാബുവിന്റെ കൂടെ എല്ലാം വിട്ടെറിഞ്ഞ് വന്നതിനെക്കുറിച്ച് എന്ത് തോന്നുന്നു? അത് തെറ്റായിപ്പോയി. ഒരിക്കലും ചെയ്യരുതായിരുന്നു. ഉമ്മയേയും ബാപ്പയേയും തള്ളിക്കളഞ്ഞതു കൊണ്ടല്ലേ ഞാനീ പരുവത്തിലായത്?...

ആലോചിക്കാതെ ചെയ്തു പോയ തെറ്റിനെക്കുറിച്ച് ചിന്തിക്കാത്ത ദിവസങ്ങളില്ല. ഇനിയൊരിക്കലും തിരിച്ചു കിട്ടാതെ പോയ ആ കാലത്തെക്കുറിച്ച് പറഞ്ഞിട്ടെന്തുകാര്യം.? അവരെല്ലാം എന്നെ മറന്നു കാണും. സഹോദരങ്ങള്‍ എന്നെ തിരിച്ചറിയുമായിരിക്കാം. ബാബു എവിടെയെങ്കിലും കഞ്ചാവിനടിമയായി ജീവിക്കുന്നുണ്ടാവാം. ഇനി എന്റെ മക്കള്‍ അവര്‍ക്ക് ജീവിതം നല്‍കാന്‍ പളളിക്കാര്‍ തയ്യാറായതില്‍  കടപ്പാടുണ്ട്. ഇനി ഇങ്ങനെ ജീവിച്ചു പോവട്ടെ. പെണ്ണായി പിറന്ന സഹോദരിമാര്‍ കരുതിയിരിക്കുക...

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Article, Kookanam-Rahman, Marriage, Trap, Woman, Family. 

Post a Comment