Follow KVARTHA on Google news Follow Us!
ad

അഴിമതിക്ക് കൂട്ടുനില്‍ക്കാത്ത അഡീ. ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെ പുകച്ചു പുറത്തുചാടിച്ചു

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെ സര്‍ക്കാര്‍ അപമാനിച്ച് Additional Chief secretary KM Abraham, K.M. Abraham IAS, Education department, Management, Muslim League, Aided College, Leave, Low.
തിരുവനന്തപുരം: (www.kvartha.com 01.07.2014) ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെ സര്‍ക്കാര്‍ അപമാനിച്ച് അവധിയില്‍ വിട്ടു. കേരളത്തിലെ ഐഎഎസ് ഉദ്യോഗസ്ഥരില്‍ കാര്യശേഷികൊണ്ടും അഴിമതിവിരുദ്ധ പ്രതിഛായ കൊണ്ടും മുന്നിലുള്ള എബ്രഹാം ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.

പകരം ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല സ്‌പെഷല്‍ സെക്രട്ടറി അജയ്കുമാറിനു നല്‍കി. തൊട്ടുപിന്നാലെ, എയിഡഡ് കോളജ് മാനേജ്‌മെന്റുകളുടെ താല്പര്യത്തിനു വിരുദ്ധമായി എബ്രഹാം തടഞ്ഞുവച്ചിരുന്ന ഫയല്‍ അവര്‍ക്ക് അനുകൂലമായി നീങ്ങുകയും ചെയ്തു. എബ്രഹാം ചുമതല വഹിച്ചിരുന്ന സാമൂഹ്യനീതി വകുപ്പിന്റെ അധികച്ചുമതല പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാനു നല്‍കി. എബ്രഹാം വഹിച്ചിരുന്ന രണ്ടു വകുപ്പുകളും മുസ്ലിം ലീഗ് മന്ത്രിമാരുടേതാണെങ്കിലും മുഖ്യമന്ത്രിയുടെയും കോണ്‍ഗ്രസിലെ എ വിഭാഗത്തിന്റെയും കൂടി താല്പര്യങ്ങള്‍ക്ക് എതിരായതോടെയാണ് അദ്ദേഹത്തിനു നില്‍ക്കാന്‍ പറ്റാതായത് എന്നാണു സൂചന.

ഒരു കോളജിലെ നിയമനത്തിനു തയ്യാറാക്കിയ റാങ്ക് ലിസ്റ്റില്‍ നിന്ന് ആ കോളജിനു പുറമേ അതേ മാനേജ്‌മെന്റിന്റെ മറ്റു കോളജുകളിലും നിയമനം നടത്തുന്നതു സംബന്ധിച്ച ഫയലാണ് വിവാദമായത്. അങ്ങനെ നിയമനം നടത്തുന്നത് അനുവദിക്കാനാകില്ലെന്നും സുപ്രീംകോടതി വിധിക്കെതിരാണ് അതെന്നും ചൂണ്ടിക്കാട്ടി എബ്രഹാം എതിര്‍ത്തു. അദ്ദേഹം ഫയലില്‍ ഒപ്പിടാതിരുന്നതോടെ മാനേജ്‌മെന്റുകള്‍ പ്രകോപിതരായി. ലീഗിനും കോണ്‍ഗ്രസിനു താല്പര്യമുള്ള വിവിധ എയിഡഡ് മാനേജ്‌മെന്റുകള്‍ രൂക്ഷമായ സമ്മര്‍ദം തുടങ്ങിയതോടെ മുഖ്യമന്ത്രിയുടെ ഓഫീസും എബ്രഹാമിനുമേല്‍ സമ്മര്‍ദം ശക്തമാക്കി. എന്നാല്‍ വഴങ്ങാന്‍ അദ്ദേഹം തയ്യാറായില്ല. അതിനൊടുവിലാണ് ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായത്. അടുത്ത ദിവസം തന്നെ വിവാദ ഫയലില്‍ അജയ്കുമാര്‍ ഒപ്പിടുകയും ചെയ്തു. ഇതോടെ, സംസ്ഥാനത്തെ എയിഡഡ് കോളജ് മാനേജ്‌മെന്റുകള്‍ക്ക് നിയമനങ്ങള്‍ വഴി വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള വഴിയാണു തുറന്നുകിട്ടുക.

അതേസമയം, എയിഡഡ് കോളജ് മാനേജ്‌മെന്റുകളില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളുടേതായിട്ടും ക്രിസ്ത്യാനിയായ എബ്രഹാമിനെതിരേ അവര്‍ കുപ്രചാരണവും നടത്തുന്നുണ്ടെന്നാണു വിവരം. കോട്ടയം ആസ്ഥാനമായ ചില മാധ്യമ സ്ഥാപനങ്ങളെ കൂട്ടുപിടിച്ചാണ് ഇത്. കെ.എം. എബ്രഹാം അഴിമതിക്കാരനാണ് എന്ന് പറയാതെ പറഞ്ഞുവയ്ക്കുന്ന പ്രചാരണമാണു നടത്തുന്നത്. നേരിട്ട് അദ്ദേഹത്തിന്റെ പേരു പറയുന്നില്ലന്നു മാത്രം. മറ്റ് മൂന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിമാരും അഴിമതിവിരുദ്ധരാണെന്നും എബ്രഹാം മാത്രം കൈക്കൂലിക്കാരനാണെന്നും വരുത്തിത്തീര്‍ക്കുകവഴി അടുത്ത ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ വഴി അടയ്ക്കുക കൂടിയാണ് ഈ നീക്കത്തിന്റെ പിന്നിലെന്നാണു വിവരം.

അതിനിടെ, കെ.എം. എബ്രഹാമിനെ പുകച്ച് പുറത്തുചാടിച്ചതിലെ നീരസം കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ സഹപ്രവര്‍ത്തകരോടു പങ്കുവച്ചു. സര്‍ക്കാര്‍-കെപിസിസി ഏകോപന സമിതി യോഗത്തില്‍ പ്രശ്‌നം അദ്ദേഹംതന്നെ ഉന്നയിച്ചേക്കും. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ രണ്ടു വര്‍ഷത്തില്‍ താഴെ മാത്രം ഉണ്ടായിരിക്കേ അഴിമതി വിരുദ്ധ പ്രതിഛായയുള്ള ഉന്നത ഉദ്യോഗസ്ഥരെ ശ്വാസം മുട്ടിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും മോശം പ്രതിഛായയുണ്ടാക്കും എന്നാണ് സുധീരന്റെ നിലപാട്.

ഘടക കക്ഷികളുടെയും പാര്‍ട്ടിയിലെ അഴിമതി താല്പര്യമുള്ള നേതാക്കളുടെയും സമ്മര്‍ദങ്ങള്‍ക്ക് മുഖ്യമന്ത്രി വഴങ്ങുന്നു എന്ന പരാതിയും അദ്ദേഹത്തിനുണ്ട്്. എന്നാല്‍ അത് പരസ്യമായി പറഞ്ഞ് വിവാദമുണ്ടാക്കുന്നത് കെപിസിസി പ്രസിഡന്റ് പദവിക്കുതന്നെ ഭീഷണിയായേക്കും എന്നാണ് സുധീരന്റെ ആശങ്കയത്രേ.
Additional Chief secretary KM Abraham, K.M. Abraham IAS, Education department, Management, Muslim League, Aided College, Leave, Low

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also read:
രേഖകളില്ലാതെ കടത്തിയ 4,000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി; ഡ്രൈവര്‍ അറസ്റ്റില്‍

Keywords: Additional Chief secretary KM Abraham, K.M. Abraham IAS, Education department, Management, Muslim League, Aided College, Leave, Low.

Post a Comment