Follow KVARTHA on Google news Follow Us!
ad

എം.എല്‍.എമാര്‍ വായിച്ചിട്ടുണ്ടോ ഈ പെരുമാറ്റച്ചട്ടം

പതിമൂന്നാം കേരള നിയമസഭയുടെ 10 സമ്മേളനങ്ങളാണ് കഴിഞ്ഞുപോയത്. ഇത് 11-ാം സമ്മേളനം. ബഡ്ജറ്റിന്റെ തുടര്‍ Article, MLA, P.S Ramshad, Kerala, Niyamasabha, Clash, Speaker, Chief Minister
റിപോര്‍ട്ട്/ പി.എസ് റംഷാദ്

പതിമൂന്നാം കേരള നിയമസഭയുടെ 10 സമ്മേളനങ്ങളാണ് കഴിഞ്ഞുപോയത്. ഇത് 11-ാം സമ്മേളനം. ബഡ്ജറ്റിന്റെ തുടര്‍ നടപടികള്‍ക്കാണ് ഈ സമ്മേളനത്തില്‍ മുന്‍തൂക്കം. പക്ഷേ, ധനകാര്യ ചര്‍ച്ചകള്‍ ധനകാര്യത്തില്‍ മാത്രം ഒതുങ്ങാതിരിക്കുന്നതും സ്വാഭാവികം. ജൂണ്‍ ഒമ്പതിനു തുടങ്ങിയ സമ്മേളനം 10 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍, അതായത് കഴിഞ്ഞ വെള്ളിയാഴ്ച വരെ ഒരു ദിവസം മാത്രമാണ് പ്രതിപക്ഷം ഇറങ്ങിപ്പോകാതിരുന്നത്.

രാഷ്ട്രീയം കലങ്ങിമറിഞ്ഞ് സഭയ്ക്കു പുറത്തുനിന്ന് അകത്തേക്കു കുത്തിയൊഴുകി വന്നു. അപ്പോഴാണ് പതിവുപോലെ സഭ പ്രക്ഷുബ്ധമായത്. ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലം വന്ന പിന്നാലെയുള്ള സമ്മേളനമായതുകൊണ്ട് രണ്ടു കൂട്ടര്‍ക്കും പരസ്പരം വിരല്‍ ചൂണ്ടാന്‍ അതുതന്നെ ധാരാളം. പിന്നെ, ഒരു വര്‍ഷമായി കേരളത്തിലെ മുഖ്യ ചര്‍ച്ചാ വിഷയമായ സരിതാ കേസിലെ പുതിയ വഴിത്തിരിവുകള്‍. ഇതിനിടെ 17 നു മാത്രമാണ് സഭയില്‍ ഇറങ്ങിപ്പോക്കുണ്ടാകതിരുന്നത്. ഇറങ്ങിപ്പോക്ക് എന്നുവച്ചാല്‍ ആ വഴിയങ്ങ് പോവുക എന്നല്ല. പോകുന്നവര്‍ തിരിച്ചുവരും. പക്ഷേ, ഇറങ്ങിപ്പോക്ക് പരമവധി കൊഴുപ്പിക്കുകയാണ് രീതി. ബഹളം, മുദ്രാവാക്യം വിളികള്‍, വെല്ലുവിളികള്‍....സഭ കലങ്ങിമറിയണം.

സംസ്ഥാനത്തെ അണക്കെട്ടുകളുടെ ഉടമസ്ഥാവകാശ പ്രശ്‌നം സഭയില്‍ വന്ന 12ന് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി. സഭ ഒരു മണിക്കൂര്‍ നിര്‍ത്തിവയ്‌ക്കേണ്ടിവരുന്ന വിധം രൂക്ഷമായ ബഹളമുണ്ടാക്കി. അനാഥാലയങ്ങളിലേക്ക് കേരളത്തിനു പുറത്തുനിന്ന് കുട്ടികളെ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട വിവാദം മുതല്‍ കടലാക്രമണവും വിലവര്‍ധനയുമൊക്കെ ഇറങ്ങിപ്പോക്കിനു വിഷയമായി. ഓരോ ദിവസവും നാട്ടിലുണ്ടാകുന്ന സംഭവങ്ങളെ തരംപോല സഭയിലെത്തിച്ച് സര്‍ക്കാരിനെ ആക്രമിക്കാന്‍ അടിയന്തര പ്രമേയ നോട്ടീസ്, സബ്മിഷനുകള്‍, നേരത്തേ എഴുതിക്കൊടുത്ത ചോദ്യങ്ങള്‍ക്ക് വാക്കാലുള്ള ഉപചോദ്യങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെ ജനാധിപത്യത്തിന്റെ വിപുല സാധ്യതകളെ സമര്‍ത്ഥമായി ഉപയോഗിക്കുന്നവരാണ് അപ്പുറത്തും ഇപ്പുറത്തുമുള്ളവര്‍. യഥാര്‍ത്ഥത്തില്‍ നിയമ നിര്‍മാണസഭകളുടെ പ്രവര്‍ത്തനം അര്‍ത്ഥപൂര്‍ണമാകുന്നത് ജനപക്ഷത്തു നിന്നുകൊണ്ട് അത്തരം ചടുലമായ ഇടപെടലുകള്‍ നടത്തുമ്പോഴാണ് എന്നത് തര്‍ക്കമില്ലാത്ത കാര്യമാണുതാനും.

പക്ഷേ, അതിനോടു ചേര്‍ന്നു ചില കാര്യങ്ങള്‍ കൂടിയുണ്ട്. അതില്‍ ഒന്നാമത്തേത് ജൂലൈ 17 വരെ ചേരാന്‍ നിശ്ചയിച്ചിരിക്കുന്ന ഈ സമ്മേളനം അതുവരെ പോകുമോ എന്ന ചോദ്യമാണ്. അതോ ഇടയ്ക്കുവച്ച് അടിച്ചു പിരിയുമോ. അഥവാ നിശ്ചയിച്ച മുഴുവന്‍ ദിവസങ്ങളും സഭ ചേര്‍ന്ന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന മുഴുവന്‍ കാര്യങ്ങളും ( ഗവണ്‍മെന്റ് ബിസിനസ് എന്നാണു പറയുക) ചെയ്തു തീര്‍ത്ത് പിരിഞ്ഞാലും അതു സൗഹാര്‍ദപരമായ അന്തരീക്ഷത്തിലായിരിക്കുമോ?

സഭയിലെ എതിര്‍പ്പുകളും പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും പ്രകടിപ്പിക്കുന്ന രീതി പരിധി വിടുകയും സഭ അലങ്കോലപ്പെടുകയും ചെയ്യുന്നത് ഒറ്റപ്പെട്ട കാര്യമല്ല ഇപ്പോള്‍. യു.ഡി.എഫ് സര്‍ക്കാര്‍ വന്ന ശേഷമുള്ള 10 സമ്മേളനങ്ങളും പരിശോധിച്ചാല്‍ അത് മനസിലാകും. സഭാ സമ്മേളനകാലത്തെ പത്രങ്ങളിലൂടെ ഒന്നു കടന്നുപോവുകയേ വേണ്ടൂ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ 12-ാം നിയമസഭയുടെ ഭൂരിപക്ഷം സമ്മേളനങ്ങളുടെ കാലത്തും ഇതേ സാഹചര്യമുണ്ടായിരുന്നു.

കാര്യങ്ങള്‍ ഇങ്ങനെ നിയമസഭയുടെ അന്തസിനു ചേരാത്ത വിധമായിപ്പോകുന്നു എന്നതുകൊണ്ട് ജാഗ്രതയോടെ സഭ തന്നെ തയ്യാറാക്കിയതാണ് അംഗങ്ങള്‍ക്കുള്ള പെരുമാറ്റച്ചട്ടം. സഭ എന്നുപറഞ്ഞാല്‍ സഭ നിയോഗിച്ച സമിതി. പ്രിവിലേജ് സമിതിയുടെ പേരുമാറ്റി പ്രിവിലേജ്- എത്തിക്‌സ് സമിതിയാക്കിയത് 1999 ആഗസ്റ്റ് മൂന്നിനാണ്. എത്തിക്‌സ് കമ്മിറ്റി രൂപീകരണം, പെരുമാറ്റച്ചട്ടം തയ്യാറാക്കല്‍ എന്നിവയ്ക്ക് നല്‍കിയ ഗൗരവത്തേക്കുറിച്ച് പെരുമാറ്റച്ചട്ടത്തിന്റെ മുഖവരയില്‍ വിശദീകരിക്കുന്നത് നോക്കൂ. ' കൂടുതല്‍ അര്‍ത്ഥപൂര്‍ണവും ഫലപ്രദവുമായി ക്രമംവിടാതെ നിയമസഭയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടതിനെക്കുറിച്ച് വിശദമായ ചര്‍ച്ചകളുടെ പരമ്പരതന്നെയാണു കേരള നിയമസഭ നടത്തിയത്. പാര്‍ലമെന്റും മറ്റുചില സംസ്ഥാന നിയമസഭകളും ഈ ദിശയില്‍ നടത്തിയ മികച്ച ചുവടുവയ്പുകള്‍ മനസിലാക്കുകയും എത്തിക്‌സ് കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
Article, MLA, P.S Ramshad, Kerala, Niyamasabha, Clash, Speaker, Chief Minister
സഭയ്ക്ക് അകത്തും പുറത്തും സാമാജികര്‍ ധാര്‍മികതയ്ക്കും മൂല്യങ്ങള്‍ക്കും നിരക്കാത്തവിധം പ്രവര്‍ത്തിച്ചാല്‍ അത് പരിശോധിക്കാനും ഇടപെടാനുമായി നിലവിലുള്ള പ്രിവിലേജസ് സമിതിയുടെ പേരുമാറ്റി പ്രിവിലേജസ് - എത്തിക്‌സ് കമ്മിറ്റിയാക്കാന്‍ തീരുമാനിക്കുകയാണ് പിന്നീടു ചെയ്തത്. പിന്നീട് 2001 നവംബര്‍ 25ന് ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, മുഖ്യമന്ത്രിമാര്‍, പാര്‍ലമെന്ററികാര്യ മന്ത്രിമാര്‍, പാര്‍ട്ടി നേതാക്കള്‍, വിപ്പുമാര്‍ എന്നിവരുടെ ദേശീയ സമ്മേളനമാണ് എല്ലാ നിയസഭകളിലും എത്തിക്‌സ് സമിതി രൂപീകരിക്കാന്‍ നിര്‍ദേശിച്ചത്. മാത്രമല്ല പാര്‍ലമെന്റിനും നിയമസഭകള്‍ക്കും ബാധകമായ പെരുമാറ്റച്ചട്ടമുണ്ടാക്കി സഭാ നടപടിക്രമങ്ങളുടെ ഭാഗമാക്കാനും ആ സമ്മേളനം നിര്‍ദേശിച്ചു.

ഗുരുതരമല്ലാത്ത ചട്ടലംഘനങ്ങള്‍ക്ക് താക്കീത്, ശാസന തുടങ്ങിയ ശിക്ഷകളും ഗുരുതരമായ ചട്ടലംഘനങ്ങള്‍ക്ക് നിശ്ചിത കാലയളവിലേക്ക് സസ്‌പെന്‍ഷനും നിര്‍ദേശിക്കുന്നതാകണം പെരുമാറ്റച്ചട്ടം എന്നു വ്യക്തമായിത്തന്നെ തീരുമാനിച്ചാണ് ഡല്‍ഹിയിലെ ദേശീയ സമ്മേളനം പിരിഞ്ഞത്. സസ്‌പെന്‍ഷന്‍ അര്‍ഹിക്കുന്ന കുറ്റമാണെങ്കില്‍ സസ്‌പെന്‍ഷന്‍ ഓട്ടോമാറ്റിക് ആയിത്തന്നെ നിലവില്‍ വന്നേ പറ്റൂ എന്ന കടുത്ത നിര്‍ദേശമാണ് ഉണ്ടായത്. ആ സമ്മേളനത്തെയും അതിലെ തീരുമാനങ്ങളെയും കേരളം അതീവ ഗൗരവത്തിലാണ് എടുത്തത്. നേരത്തേതന്നെ രൂപീകരിച്ചിരുന്ന പ്രിവിലേജസ് - എത്തിക്‌സ് സമിതി വിശദമായി ചര്‍ച്ച ചെയ്ത് പെരുമാറ്റച്ചട്ടമുണ്ടാക്കി. സഭയില്‍ മാത്രമല്ല പുറത്തും എം.എല്‍.എമാര്‍ എങ്ങനെ പെരുമാറണം, എങ്ങനെ പെരുമാറരുത് എന്ന് സംശയത്തിന് ഇടനല്‍കാതെ നിര്‍ദേശിക്കുന്നുണ്ട് അതില്‍.

സഭാപ്രവര്‍ത്തനങ്ങളുടെ അടിസ്ഥാന രൂപരേഖയായ സഭാ നടപടിക്രമങ്ങളുടെ ഭാഗമായി ഈ പെരുമാറ്റച്ചട്ടം മാറ്റുകയും ചെയ്തു. വിചിത്രവും കൗതുകകരവുമായ ഒരുകാര്യം, അതില്‍ അക്കമിട്ടു പറഞ്ഞ മുഴുവന്‍ കാര്യങ്ങളും മറയില്ലാതെ ലംഘിക്കപ്പെട്ടു എന്നതാണ്. അത് ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണകാലമായിരുന്നു. പ്രതിപക്ഷത്ത് ഇന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ്. സര്‍ക്കാരിനെതിരേ ഇരമ്പിയ പ്രതിഷേധത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി, മുദ്രാവാക്യം വിളിച്ചു, സഭ സ്തംഭിപ്പിച്ചു. പെരുമാറ്റച്ചട്ടം വിലക്കിയത് ഓരോന്നും ഒന്നിനു പുറകേ മറ്റൊന്നായി വന്നു. വാക്കിലും പ്രവര്‍ത്തിയിലും തിരിച്ചടിക്കാന്‍ ഭരണപക്ഷ അംഗങ്ങളും മോശമായിരുന്നില്ല. ഇങ്ങനെയൊരു റിപോര്‍ട്ട് സഭയില്‍ വന്നിട്ടുണ്ട് എന്ന കാര്യം ബഹളത്തില്‍ മുങ്ങിപ്പോയെന്നും അധികമാരും അറിഞ്ഞില്ലെന്നും കൂടി അറിയുമ്പോഴേ രംഗവിശേഷം പൂര്‍ണമാവുകയുള്ളു. 2009 ജൂലൈക്കു മുമ്പും മാറിമാറിവന്ന ഭരണ - പ്രതിപക്ഷ അംഗങ്ങള്‍ ഇതെല്ലാം ചെയ്തിട്ടുണ്ട്. പക്ഷേ, അതിനുശേഷം പെരുമാറ്റച്ചട്ടത്തെ സാക്ഷിയാക്കിയാണ് 'പ്രകടനം' എന്നേയുള്ളു വ്യത്യാസം. അതുതന്നെയാണു കാര്യവും. എങ്ങനെ പെരുമാറണം (പെരുമാറരുത്) എന്ന്് സ്വയം ആലോചിച്ചുറപ്പിച്ച് ചട്ടമുണ്ടാക്കിവച്ചിട്ട് അതിനെ ചവിട്ടിത്തേക്കുകയാണ് നമ്മുടെ എം.എല്‍.എമാര്‍ ചെയ്യുന്നത്.

സഭയ്ക്ക് അകത്തെ പെരുമാറ്റം, ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗ സമയത്തെ പെരുമാറ്റം, സഭാസമിതികളിലെ പെരുമാറ്റം, സഭാസമിതികളുമായി ബന്ധപ്പെട്ട യാത്രകളിലെ പെരുമാറ്റം, സഭയ്ക്കു പുറത്തെ പെരുമാറ്റവും പൊതു മൂല്യതത്വങ്ങളും, അംഗങ്ങള്‍ എല്ലായ്‌പോഴും പാലിക്കേണ്ട പൊതുമൂല്യങ്ങള്‍, പെരുമാറ്റച്ചട്ട ലംഘനത്തിനുള്ള ശിക്ഷ എന്നിങ്ങനെ ഏഴു ഭാഗങ്ങള്‍ ഉള്ളതാണ് കേരള നിയമസഭയുടെ പെരുമാറ്റച്ചട്ടം. ശിക്ഷ നേരത്തേ പറഞ്ഞതിനു പുറമേ ഒന്നുകൂടി ചേര്‍ത്താണ് പെരുമാറ്റച്ചട്ടം സഭയുടെ ഭാഗമാക്കിയത്. സഭ തീരുമാനിക്കുന്ന മറ്റെന്തു ശിക്ഷയും എന്നാണ് ആ കൂട്ടിച്ചേര്‍ക്കല്‍.

സഭയ്ക്ക് അകത്തും സഭാ സമ്മേളനം ഇല്ലാത്ത കാലത്ത് പുറത്തും എം.എല്‍.എമാരും മന്ത്രിമാരും പെരുമാറുന്നു എന്നതാണു പൊതുവേ ശ്രദ്ധിക്കപ്പെടുക. മാധ്യമശ്രദ്ധയും ജനശ്രദ്ധയും അതിനാണു ലഭിക്കുക. മാത്രമല്ല, അതുവച്ചാണ് ജനം അവരെ അളക്കുന്നതും അടുത്ത തെരഞ്ഞെടുപ്പില്‍ തീരുമാനമെടുക്കുന്നതും. അങ്ങനെയാകുമ്പോള്‍ ഈ രണ്ടു സമയങ്ങളിലെ പെരുമാറ്റത്തെക്കുറിച്ച് പെരുമാറ്റച്ചട്ടം എന്തു പറയുന്നു എന്നത് ഏറ്റവും പ്രധാനമായി മാറുന്നു.

നടുത്തളത്തില്‍ ഇറങ്ങരുത്, സഭയ്ക്ക് അകത്ത് മുദ്രാവാക്യം വിളിക്കരുത്, ഒരുതരത്തിലുള്ള ബാഡ്ജും ധരിച്ചുവരികയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യരുത്, കൊടിയോ മറ്റെന്തെങ്കിലും അടയാളങ്ങളോ പ്രദര്‍ശന വസ്തുക്കളോ സഭയില്‍ കാണിക്കരുത്, സ്വന്തം പ്രസംഗം കഴിഞ്ഞയുടന്‍ സഭ വിട്ടുപോകരുത്, പ്രതിഷേധം പ്രകടിപ്പിക്കാന്‍ സഭയ്ക്കുള്ളില്‍വച്ച് രേഖകള്‍ ചീന്തി എറിയരുത്, സഭയ്ക്കുള്ളിലെ പരിസരങ്ങളിലോ സത്യഗ്രഹമോ ധര്‍ണയോ നടത്തരുത്, സഭയ്ക്കുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്, മറ്റുള്ളവര്‍ക്ക് അപകീര്‍ത്തിയുണ്ടാക്കുന്ന വിധം സഭയ്ക്കുള്ളില്‍ സംസാരിക്കരുത്, സ്പീക്കര്‍ ക്ഷണിക്കുമ്പോഴല്ലാതെ പ്രസംഗിക്കരുത്, പാര്‍ലമെന്ററി അല്ലാത്ത വാക്കുകള്‍ സഭയില്‍ ഉപയോഗിക്കരുത്. സഭയ്ക്കുള്ളില്‍ വിലക്കിയിരിക്കുന്നത് ഇത്രയും കാര്യങ്ങള്‍ മാത്രമല്ല. അതില്‍ നിന്നു ചിലതു മാത്രം എടുക്കുന്നു. ഈ കാര്യങ്ങളില്‍ സഭാ സമ്മേളന കാലത്ത് ടി.വി പ്രേക്ഷകന്‍, പത്ര വായനക്കാരന്‍, സഭാ ഗാലറിയിലെ സന്ദര്‍ശകര്‍ തുടങ്ങി സാമാജികരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അറിയുന്ന ജനത്തിന്റെ അനുഭവം എന്താണ്? പെരുമാറ്റച്ചട്ടത്തിലെ വാക്കും വരികളും സഭയ്ക്കുള്ളില്‍ സാമാജികര്‍ കാട്ടിക്കൂട്ടുന്ന കാര്യങ്ങളും തമ്മിലെ പൊരുത്തം എത്രത്തോളമാണ്?

സര്‍ക്കാരിനെതിരായ ഏതു പ്രതിഷേധവും പ്രകടിപ്പിക്കാന്‍ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങുന്നതില്‍ നിന്നു തുടങ്ങുന്നു പെരുമാറ്റച്ചട്ട ലംഘനം. നടുത്തളത്തില്‍ നിന്ന് അധ്യക്ഷവേദിയിലേക്ക് ചാടിക്കയറാന്‍ ശ്രമിക്കുക, അതു തടയുന്ന വാച്ച് ആന്‍ഡ് വാര്‍ഡുമായി സംഘര്‍ഷമുണ്ടാവുക തുടങ്ങിയതൊക്കെ സാധാരണ കാര്യങ്ങളായി മാറിയിരിക്കുന്നു. അതിന്റെ ദൃശ്യങ്ങള്‍ തല്‍സമയവും അല്ലാതെയും കേരളം എത്ര കണ്ടിരിക്കുന്നു. മറ്റു നിയമസഭകളിലും പാര്‍ലമെന്റിലും പലതോതില്‍ ഇതൊക്കെയുണ്ട്. പക്ഷേ, കേരളം അടുത്ത് കാണുന്നതും ഇടപെടുന്നതും കേരള നിയമസഭയുമായാണല്ലോ. ജനവുമായി മറ്റിടങ്ങളിലേക്കാള്‍ അടുപ്പമുള്ള നേതാക്കള്‍ എന്ന അഭിമാനം കൊണ്ടുനടക്കുന്നവരാണ് രണ്ടു പക്ഷത്തുമുള്ളതുതാനും.

സഭാ സമ്മേളനം ഇല്ലാത്തപ്പോള്‍ സെക്രട്ടേറിയറ്റിനു മുന്നിലേക്ക് നടക്കുന്ന പ്രതിഷേധ മാര്‍ച്ചുകള്‍ സഭാ സമ്മേളന കാലത്ത് സഭയ്ക്കുമുന്നിലേക്കാണു നടക്കാറ്. അതില്‍ ഉയരുന്ന മുദ്രാവാക്യങ്ങളേക്കാള്‍ ഉച്ചത്തിലും ഉശിരോടെയുമാണ് സഭയ്ക്കുള്ളില്‍ മുദ്രാവാക്യങ്ങള്‍ ഉയരുന്നത്. ദയവായി നിര്‍ത്തൂ എന്ന സ്പീക്കറോ സഭാധ്യക്ഷന്റെ കസേരയിലുള്ള ഡെപ്യൂട്ടി സ്പീക്കറോ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടാലും ഫലമുണ്ടാകാറില്ല. സഭ സ്തംഭിപ്പിക്കാനുള്ള നീക്കത്തിന്റെ തുടക്കം മുദ്രാവാക്യം വിളിയിലാണ്. സഭ താല്‍ക്കാലികമായോ അന്നത്തേക്കു പൂര്‍ണമായോ നിര്‍ത്തിവച്ച് അധ്യക്ഷന്‍ എഴുന്നേറ്റു പോകുന്നതുവരെ അതു തുടരാറുണ്ട്. അപൂര്‍വ സന്ദര്‍ഭങ്ങളില്‍ മാത്രമാണ് അത്രത്തോളം എത്താതിരിക്കുക.

മുദ്രാവാക്യം വിളിച്ച് സമ്മേളനം അലങ്കോലപ്പെടുത്തിയതിന് ശാസന കേട്ട ഒരംഗവും നമ്മുടെ സഭയില്‍ ഇല്ല. പക്ഷേ, പെരുമാറ്റച്ചട്ടത്തിന്റെ ആമുഖത്തില്‍ ഒരു കാര്യം അഭിമാനത്തോടെ പറയുന്നുണ്ട്. എത്തിക്‌സ് സമിതി രൂപീകരിച്ച ശേഷമുള്ള 10പത്തു വര്‍ഷത്തിനിടെ(1999-2009) ഏതെങ്കിലും സാമാജികന്‍ മോശമായി പെരുമാറിയ ഒരു സംഭവം പോലും പരിശോധിച്ച് റിപോര്‍ട്ട് ചെയ്യാന്‍ സമിതിക്ക് ഇടവന്നിട്ടില്ലത്രേ. അതിനുശേഷമോ? പറയേണ്ടത് സഭയിലെ ഉത്തരവാദപ്പെട്ടര്‍ തന്നെയാണ്. ചെയ്യരുതാത്ത കാര്യങ്ങളായി പറഞ്ഞ് വിലക്കിയിരിക്കുന്നവയില്‍ ഒന്നും ഇവരില്‍ ആരും അതിനു ശേഷവും ചെയ്തിട്ടില്ലെന്നാണോ.

സഭയ്ക്കുള്ളില്‍ കറുത്ത ബാഡ്ജ് ധരിച്ചെത്തുക, ഓരോ അംഗത്തിന്റെയും ഇരിപ്പിടത്തിനു മുന്നില്‍ പ്ലക്കാര്‍ഡ് സ്ഥാപിക്കുക, വലിയ ബാനര്‍ ഉയര്‍ത്തിക്കാട്ടുക, സഭയ്ക്കുള്ളില്‍ സഭാരേഖകളോ മറ്റു കടലാസുകളോ വലിച്ചുകീറി എറിയുക തുടങ്ങിയതെല്ലാം പ്രതിഷേധത്തിന്റെ ഭാഗമാക്കിയവരാണ് നമ്മുടെ സാമാജികര്‍. സഭയ്ക്കുള്ളിലെ പരിസരങ്ങളിലോ സത്യഗ്രഹമോ ധര്‍ണയോ നടത്തരുത് എന്ന വിലക്കും പാലിക്കാറില്ല. സഭയ്ക്കുള്ളില്‍ സത്യഗ്രഹവും ധര്‍ണയും അപൂര്‍വമാണെന്നേയുള്ളു. തീരെ ഇല്ലാതില്ല. പക്ഷേ, സഭയില്‍ നിന്ന് പുറത്തേക്കുള്ള പടികള്‍ സ്ഥിരം ധര്‍ണാവേദിയാണ്. സഭയ്ക്കുള്ളില്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കാറില്ല. പക്ഷേ, മൊബൈല്‍ ഓഫ് ചെയ്യാതെ സഭയ്ക്കുള്ളില്‍ കൊണ്ടുവരികയും സഭ നടക്കുമ്പോള്‍ ബെല്ലടിക്കുകയും ചെയ്ത അനുഭവങ്ങള്‍ പലവട്ടമുണ്ടായി. അതിനുശേഷമാണ് സഭയ്ക്കുള്ളില്‍ മൊബൈല്‍ ജാമര്‍ സ്ഥാപിച്ചത്.

മറ്റുള്ളവര്‍ക്ക് അപകീര്‍ത്തിയുണ്ടാക്കുന്ന വിധം സഭയ്ക്കുള്ളില്‍ സംസാരിക്കരുത് എന്നത് പരസ്പരം ലംഘിക്കാന്‍ മുതിര്‍ന്ന സാമാജികര്‍ പോലും മടിക്കാത്ത സംഭവങ്ങള്‍ക്കും സഭ സാക്ഷിയായിട്ടുണ്ട്. സ്പീക്കര്‍ ക്ഷണിക്കുമ്പോഴല്ലാതെ പ്രസംഗിക്കരുത് എന്നാണു ചട്ടം. പക്ഷേ, രോഷം അണപൊട്ടുമ്പോള്‍ പലരുടെയും പ്രസംഗങ്ങള്‍ കൂടിക്കലര്‍ന്ന് സഭ ബഹളമയമാകും. സ്പീക്കര്‍ അനുമതി നല്‍കിയ ആളൊഴികെ മറ്റുള്ളവരുടെ മൈക്ക് ഓഫ് ചെയ്താണ് ഈ പ്രശ്‌നം പരിഹരിക്കാറ്. മൈക്ക് ഇല്ലെങ്കിലും തകര്‍ത്തു പ്രസംഗം തുടരുകയും പറയാനുള്ളത് മുഴുവന്‍ പറഞ്ഞിട്ടുമാത്രം ഇരിക്കുകയും ചെയ്യുന്നവര്‍ ഫലത്തില്‍ പെരുമാറ്റച്ചട്ടം ലംഘിക്കുകയാണ് ചെയ്യുന്നത്. പക്ഷേ, സ്വന്തം പക്ഷത്തിന്റെ പ്രോത്സാഹനം അവര്‍ക്കു ലഭിക്കുകയാണു പതിവ്. പാര്‍ലമെന്ററി അല്ലാത്ത വാക്കുകള്‍ സഭയില്‍ ഉപയോഗിക്കുന്നതില്‍ പ്രത്യേക മികവു പ്രകടിപ്പിക്കുന്ന ചില സാമാജികരെങ്കിലും എല്ലാക്കാലത്തും ഉണ്ടാകാറുണ്ട്. എടാ, പോടാ, വാടാ, ഇരിക്കെടാ തുടങ്ങിയ പ്രയോഗങ്ങള്‍ പാര്‍ലമെന്ററിയല്ല. പക്ഷേ, പോര് മുറുകുമ്പോള്‍ ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തുനിന്നും ഈ വാക്കുകള്‍ കേള്‍ക്കാം. ഏതായാലും  എടീ, പോടീ, വാടീ, ഇരിക്കെടീ എന്നൊന്നും പുരുഷ സാമാജികര്‍ സ്ത്രീകളോടോ സ്ത്രീ സാമാജികര്‍ തമ്മിലോ വിളിച്ചു കേട്ടിട്ടില്ല.

സഭയ്ക്കുള്ളിലേക്ക് വരുമ്പോഴും ഇറങ്ങിപ്പോകുമ്പോഴും അധ്യക്ഷനെ വണങ്ങണം എന്നാണ് പെരുമാറ്റച്ചട്ടത്തിലെ ആദ്യ നിര്‍ദേശം. അതു പാലിക്കാന്‍ ഒരംഗവും മടിക്കാറില്ല. അതുള്‍പെടെ, നിര്‍ദോഷമായ കാര്യങ്ങള്‍ പാലിക്കുന്നതാണ് മികച്ച പെരുമാറ്റം എന്നു ധരിച്ച മട്ടിലാണ് സാമാജികരുടെ പെരുമാറ്റം. സംസാരിക്കുമ്പോള്‍ എപ്പോഴും അധ്യക്ഷനെ അഭിസംബോധന ചെയ്യുക, പ്രസംഗിക്കുമ്പോള്‍ സ്വന്തം സീറ്റിലായിരിക്കുക, സഭയ്ക്കുള്ളില്‍ കേള്‍ക്കുന്നവിധം ലോബിയില്‍ നിന്ന് ഉച്ചത്തില്‍ സംസാരിക്കുകയോ ചിരിക്കുകയോ ചെയ്യാതിരിക്കുക, സ്പീക്കര്‍ സംസാരിക്കുമ്പോള്‍ സാമാജികര്‍ എഴുന്നേറ്റുനില്‍ക്കാതിരിക്കുക തുടങ്ങിയതൊക്കെ പാലിക്കപ്പെടുന്നു. അതിനപ്പുറത്തേക്കു കടക്കുമ്പോഴാണ് കാര്യങ്ങള്‍ കൈവിട്ടുപോകുന്നത്.

ഗവര്‍ണര്‍ നിയമസഭയില്‍ എത്തുന്നത് വളരെക്കുറച്ച് സന്ദര്‍ഭങ്ങളില്‍ മാത്രമാണ്. സര്‍ക്കാരിനു വേണ്ടി നയപ്രഖ്യാപന പ്രസംഗം നടത്തുകയാണ് അതില്‍ ഏറ്റവും പ്രധാന സന്ദര്‍ഭം. ഭക്ത്യാദരപൂര്‍വം, സഭയുടെ അന്തസ് പാലിച്ച് ആയിരിക്കണം സഭയ്ക്കുള്ളില്‍ ഏതൊരാളും അപ്പോള്‍ നിലകൊള്ളേണ്ടത് എന്നു പെരുമാറ്റച്ചട്ടം നിര്‍ദേശിക്കുന്നു. പക്ഷേ, ഗവര്‍ണറുടെ പ്രസംഗം സര്‍ക്കാരിന്റെ നയപ്രഖ്യാപനം ആയതുകൊണ്ട് അത് തടസപ്പെടുത്തുന്ന പ്രതിഷേധങ്ങള്‍ ഉണ്ടാതിരിക്കുന്നില്ല. എപ്പോഴും ഉണ്ടാകുന്നില്ല എന്നേയുള്ളൂ. പ്രതിഷേധ ബഹളം മൂര്‍ധന്യത്തില്‍ എത്തുമ്പോള്‍ സഭ തെരുവുപോലെയായിപ്പോകുന്നു.

'സാമാജികര്‍ പൊതുജീവിതത്തില്‍ ധാര്‍മികതയുടെയും അന്തസിന്റെയും മാന്യതയുടെയും ഉന്നതമൂല്യങ്ങള്‍ സൂക്ഷിക്കണം.' സഭയ്ക്ക് പുറത്തെ ജീവിതത്തെക്കുറിച്ച് പെരുമാറ്റച്ചട്ടം നിര്‍ദേശിക്കുന്ന കാര്യങ്ങളില്‍ ഒന്നാണിത്. ബന്ധുക്കള്‍ക്കു തൊഴിലിനോ കച്ചവടകാര്യങ്ങള്‍ക്കോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായം ചോദിച്ച് ശുപാര്‍ശക്കത്തുകള്‍ എഴുതരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ നിരവധിയുണ്ടെങ്കിലും ഏറ്റവും പ്രധാനപ്പെട്ടത് ധാര്‍മികതയേക്കുറിച്ചുള്ളതുതന്നെ എന്നതില്‍ തര്‍ക്കമുണ്ടാകാന്‍ ഇടയില്ല. പക്ഷേ, എം.എല്‍.എയുടെ ധാര്‍മികതയും മാന്യതയും നിരന്തരം ചോദ്യം ചെയ്യപ്പെടുകയും അത് വലിയ വാര്‍ത്തയായി മാറുകയും ചെയ്യുന്നു.

സരിതാ നായര്‍ എ.പി അബ്ദുല്ലക്കുട്ടി എം.എല്‍.എക്ക് എതിരേ ഉയര്‍ത്തിരിക്കുന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണ് എങ്കില്‍ അദ്ദേഹത്തിന്റെ അന്തസിനും മാന്യതയ്ക്കും ഒന്നും സംഭവിക്കില്ല. പക്ഷേ, സംശയത്തിന്റെ നിഴല്‍ മൂടിത്തന്നെയാണു നില്‍ക്കുന്നത്. വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു സംഭവത്തെ മറച്ചുവച്ച് വേറെ ഉദാഹരണങ്ങള്‍ തേടേണ്ടതില്ലാത്തതുകൊണ്ടാണ് ഇത് പറയുന്നത്.

സഭയ്ക്കുള്ളില്‍ പെരുമാറ്റച്ചട്ട ലംഘനം കണ്ടാല്‍ സ്പീക്കര്‍ക്ക് സ്വന്തം നിലയില്‍ നടപടി എടുക്കാം. മറ്റു സാഹചര്യങ്ങളിലാണ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് എങ്കില്‍ അത് പരിശോധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രിവിലേജസ് - എത്തിക്‌സ് കമ്മിറ്റിയോട് സ്പീക്കര്‍ക്ക് നിര്‍ദേശിക്കാം. ലംഘനം കണ്ടെത്തിയാല്‍ ശിക്ഷ. അത് സ്പീക്കര്‍ക്ക് തീരുമാനിക്കാം.

ജനം വോട്ടു ചെയ്ത് തെരഞ്ഞെടുത്ത ജനപ്രതിനിധിയാണ് എം.എല്‍.എ. അപൂര്‍വം പേരൊഴികെ എല്ലാ സാമാജികരും നീണ്ട പൊതുജീവിതത്തിന്റെ സമ്പന്നമായ അനുഭവങ്ങള്‍ ഉള്ളവരുമാണ്. വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ മുതല്‍ സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഇടപെട്ടും പൊരുതിയും വളര്‍ന്നവര്‍. പക്ഷേ, ജനപ്രതിനിധിയായി സത്യപ്രതിജ്ഞ ചെയ്തുകഴിഞ്ഞാല്‍ പിന്നെ കാര്യം വ്യത്യസ്ഥമാണ്, ആകണം. ജനത്തോട് അടുത്തു നില്‍ക്കുകയും ജനാധിപത്യമൂല്യങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാതിരിക്കുകയും വേണം എന്ന് അറിയാത്തവരല്ല അവര്‍.

വിശ്വാസിക്ക് വേദപുസ്തകം പോലെ നിയമസഭയുടെ പെരുമാറ്റച്ചട്ടം സാമാജികന് വിശുദ്ധമായ അനുഭവമാകണം. ദയവായി, ഈ പെരുമാറ്റച്ചട്ടത്തിലൂടെ ഓരോ സാമാജികനും ഒരിക്കല്‍ക്കൂടിയൊന്ന് കടന്നുപോകണം; അവരുടെ നേതാക്കളും.

കടപ്പാട്: സമകാലിക മലയാളം വാരിക

Keywords: Article, MLA, P.S Ramshad, Kerala, Niyamasabha, Clash, Speaker, Chief Minister. 

Post a Comment