Follow KVARTHA on Google news Follow Us!
ad
Posts

എസ്.ഐക്ക് വേണ്ടി 'ഹഫ്ത്ത' പിരിക്കാത്തതിന് യുവാവിന് പീഡനം

മംഗലാപുരം: നഗരത്തിലെ ബന്തര്‍ പോലീസ് സ്റ്റേഷനിലെ എസ്.ഐക്ക് വേണ്ടി കഞ്ചാവ് വില്‍പ്പനക്കാരടക്കമുള്ള ക്രിമിനലുകളില്‍ നിന്ന് 'ഹഫ്ത്ത'(മാസപ്പടി) പിരിച്ച് നല്‍കാത്തതിന് തന്നെ പീഡിപ്പിക്കുന്നതായി യുവാവ് കോടതിയിലും മനുഷ്യാവകാശ കമ്മീഷനിലും പരാതി നല്‍കി. ബന്തറിലെ മുനീര്‍ അഹമ്മദാണ് കഴിഞ്ഞ 14 മാസമായി ബന്തര്‍ എസ്.ഐ വിനയ്‌ഗോയങ്കര്‍ തന്നെ പീഡിപ്പിക്കുന്നതായി പരാതി നല്‍കിയത്.
ബന്തര്‍ തുറമുഖ പരിസരത്തെ ക്രിമിനലുകളെ കുറിച്ച് പോലീസിന് വിവരം നല്‍കണമെന്ന് പറഞ്ഞാണ് ആദ്യം എസ്.ഐ തന്നെ സമീപിച്ചതെന്ന് യുവാവ് പറയുന്നു. പിന്നീട് മയക്കുമരുന്ന് വില്‍പ്പനക്കാര്‍, അനധികൃത പെട്രോള്‍ വില്‍പ്പനക്കാര്‍, ബന്തറിലെ സ്‌ക്രാപ്പ് കച്ചവടക്കാര്‍, കന്നുകാലി കച്ചവടക്കാര്‍ എന്നിവരില്‍ നിന്നാണ് കൈകൂലി പിരിക്കാന്‍ എസ്.ഐ യുവാവിനെ ചുമതലപ്പെടുത്തിയത്. ആദ്യം ഇതിന് സമ്മതിച്ച യുവാവ് 38 ലക്ഷം രൂപയോളം പിരിച്ച് എസ്.ഐക്ക് നല്‍കുകയും ചെയ്തു. എസ്.ഐ നേരിട്ടോ പോലീസുകാരായ രാജേഷ്, ജയന്ത്, ബാലകൃഷ്ണ എന്നിവരില്‍ ആരെങ്കിലും യുവാവിന്റെ വീട്ടിലെത്തിയോ ആണ് കൈകൂലി പണം സ്വീകരിച്ചിരുന്നത്. എന്നാല്‍ തനിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോള്‍ ഇടപെടാന്‍ ഇന്‍സ്‌പെക്ടര്‍ കൂട്ടാക്കിയില്ല. ഇതെ തുടര്‍ന്നാണ് കൈകൂലി പിരിക്കാന്‍ യുവാവ് വിസമ്മതിച്ചത്.
ഇതിലുള്ള വൈരാഗ്യത്തില്‍ എസ്.ഐ കള്ളക്കേസില്‍ കുടുക്കി നിരന്തരം പീഡിപ്പിക്കുകയായിരുന്നു. ഭാര്യയെയും കുട്ടികളെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇതെ തുടര്‍ന്ന് എ.സി.പി രവീന്ദ്ര ഗഡാഡിക്ക് പരാതി നല്‍കി. അനധികൃത ഇടപാടിനെ കുറിച്ച് കൂടുതല്‍ വിവരം നല്‍കാന്‍ എസ്.പി യുവാവിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ എസ്.ഐയും സഹായികളും മുനീറിന്റെ വീട്ടിലെത്തി രണ്ട് ലക്ഷം രൂപ വാഗ്ദാനം നല്‍കി എ.സി.പിക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇല്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. ഇതേ തുടര്‍ന്ന് ഭാര്യ സയിറ ബാനു കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പറയുന്നു. രാഷ്ട്രീയ സ്വാധീനം മൂലം ഇന്‍സ്‌പെക്ടര്‍ വിനയ്‌ഗോയങ്കര്‍ക്കെതിരെ നടപടിയെടുക്കാന്‍ എസി.പി ശ്രമിച്ചിട്ടും കഴിഞ്ഞില്ലെന്ന് മിനീര്‍ പറയുന്നു. ഇതിനെ തുടര്‍ന്നാണ് ഇസ്‌പെക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയില്‍ പരാതി നല്‍കിയത്. കോടതി പരാതി അന്വേഷിക്കാന്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ ജീവന്‍ രക്ഷിക്കണമെന്നും എസ്.ഐക്കെതിരെ നടപടിവേണമെന്നും ആവശ്യപ്പെട്ട് യുവാവ് കര്‍ണ്ണാടക ആഭ്യന്തര വകുപ്പ് മന്ത്രിക്കും ലോകായുക്തയ്ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയതായി മുനീര്‍ അഹമ്മദ് മംഗലാപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Keywords: Mangalore, Assault, Police, Youth

Post a Comment