Follow KVARTHA on Google news Follow Us!
ad

ജോയ് ശാസ്താംപടിക്കല്‍ അന്തരിച്ചു

 പാലക്കാട്: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മലയാള മനോരമയുടെ പാലക്കാട് യൂണിറ്റ് റസിഡന്റ് എഡിറ്ററുമായ ജോയ് ശാസ്താംപടിക്കല്‍ (73) അന്തരിച്ചു. ബുധനാഴ്ച രാത്രി 9.20ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പത്രപ്രവര്‍ത്തനരംഗത്തു 48 വര്‍ഷത്തെ അനുഭവസമ്പത്തുള്ള ജോയ് ശാസ്താം പടിക്കല്‍ (ജയിംസ് ജോയ്) രാഷ്ട്രീയരംഗത്തും മുദ്രപതിപ്പിച്ചിരുന്നു.
കേരള പത്രപ്രവര്‍ത്തക യൂണിയനില്‍ സജീവമായി പ്രവര്‍ത്തിച്ച അദ്ദേഹം സംഘടനയുടെ അനേകം നേതൃസ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. പാലക്കാട്, തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ ജില്ലാ പ്രസിഡന്റായും തിരുവനന്തപുരം പ്രസ് ക്ലബിന്റെ സ്‌ക്രൂട്ടിനൈസിങ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ച ജോയ് ശാസ്താംപടിക്കല്‍ മൂന്നു തവണ കേരള യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ്‌സിന്റെ മേഖലാ സെക്രട്ടറിയുമായിരുന്നു. വര്‍ക്കിങ് ജേര്‍ണലിസ്റ്റ് യൂണിയന്‍ ദേശീയ കൗണ്‍സിലില്‍ ദീര്‍ഘകാലം അംഗമായിരുന്നു.
ഒരു പത്രപ്രവര്‍ത്തകന്റെ ഓര്‍മക്കുറിപ്പുകള്‍, പാലക്കാടന്‍ വന്‍മരങ്ങള്‍ എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
പരേതയായ മേരിയാണ് ഭാര്യ. ധനലക്ഷ്മി ബാങ്ക് ഉദ്യോഗസ്ഥയായ സ്മിത, ബഹ്‌റൈനില്‍ ഉദ്യോഗസ്ഥനായ സുമേഷ് എന്നിവരാണു മക്കള്‍. മരുമകന്‍ സാജന്‍ കേന്ദ്ര നാളികേര വികസന ബോര്‍ഡ് ഉദ്യോഗസ്ഥനാണ്. മരുമകള്‍: വീണ.

Keywords: Kerala, Media, Journalist, palakkad, Dead, Obituary, Manorama 

Post a Comment