Follow KVARTHA on Google news Follow Us!
ad

അകലുന്ന എയ്ഡ്‌സ് ഭീതി

ഡിസംബര്‍ ഒന്ന് ലോക എയ്ഡ്‌സ് ദിനമാണ്. എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനത്തിന് ആക്കം കൂട്ടാനുളള ശ്രമമെന്ന നിലയിലാണ് എയ്ഡ്‌സ് ദിനാചരണം ലോകമെമ്പാടും നടത്തുന്നത്. എയ്ഡ്‌സ് ഒരു രോഗമല്ലെന്ന് ലോകം അംഗീകരിച്ചു കഴിഞ്ഞു. എയ്ഡ്‌സ് ഒരുരോഗാവസ്ഥയാണ്. രോഗാവസ്ഥയിലേക്ക് എത്തിപ്പെടുന്നത് കുത്തഴിഞ്ഞ ജീവിത രീതിയാണെന്നും അംഗീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. കുത്തഴിഞ്ഞ ജീവിതമെന്നത് ലൈംഗിക അരാജകത്വമാണ്. ലൈംഗിക ബന്ധത്തില്‍ കൂടി മാത്രമല്ല എച്ച്.ഐ.വി അണുബാധയുണ്ടാകുന്നത്. രക്തത്തിലുടെയും അമ്മയില്‍ നിന്ന് കുഞ്ഞിലേക്കും മയക്കുമരുന്ന് കുത്തിവെപ്പിലുടെയും മറ്റും എച്ച്.ഐ.വി ബാധിതനായ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് അണുബാധ ഉണ്ടാകാന്‍ സാധ്യതയുണ്ട്. സ്ത്രീകളില്‍ നിന്ന് പുരുഷന്മാരിലേക്ക് അണുബാധ ഉണ്ടാകുന്നതിനേക്കാള്‍ ഏറെയാണ് പുരുഷന്മാരില്‍ നിന്ന് സ്ത്രീകളിലേക്ക് അണുബാധ ഉണ്ടാകുന്നത്. ഏത് പുരുഷനുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സുരക്ഷിതമായ രീതിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം. വിവാഹ അന്വേഷണവുമായി വരുന്ന അന്യ സംസ്ഥാനക്കാരെയും സ്വന്തം നാട്ടുകാര്‍ തന്നെയായാലും രക്ത പരിശോധന നടത്തി ഉറപ്പു വരുത്തുന്നത് നന്നായിരിക്കും.


ഒരുകാലത്ത് എയ്ഡ്‌സ് രോഗമെന്നു കേട്ടാല്‍ ആളുകള്‍ക്ക് ഭയമായിരുന്നു. എച്ച്.ഐ.വി പോസിറ്റീവായ ആളുകളെ അകറ്റി നിര്‍ത്തിയിരുന്നു. പൊതു ഇടങ്ങളില്‍ അവരെ അടുപ്പിച്ചിരുന്നില്ല. ജോലി സ്ഥലത്തു നിന്ന് അത്തരക്കാരെ ഇറക്കിവിട്ടു. വിദ്യാലയങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തി. ഇന്ന് ഇത്തരമൊരു സമീപനം സമൂഹത്തില്‍ കണ്ടുവരുന്നില്ല എന്നുളളത് സന്തോഷകരമാണ്.  എച്ച്.ഐ.വി പോസീറ്റീവായ വ്യക്തികളെ പുച്ഛത്തോടെയാണ് സമൂഹം നോക്കിക്കണ്ടത്. അവര്‍ അഴിഞ്ഞാടിയതു കൊണ്ടല്ലെ ഈ രോഗാവസ്ഥയില്‍ എത്താന്‍ കാരണമെന്നാണ് സമൂഹം നിരീക്ഷിച്ചത്. അതു കൊണ്ടു തന്നെ ഈ രോഗാവസ്ഥയില്‍ എത്തിയ വ്യക്തിക്ക് അപമാന ഭാരത്താല്‍ പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥ സംജാതമായി അകറ്റി നിര്‍ത്തി കുറ്റപ്പെടുത്തുന്നതില്‍ വേദന തോന്നി, അക്കാരണത്താല്‍ പലരും ആത്മഹത്യയില്‍ ശരണം കണ്ടെത്തി. ചിലര്‍ പുറത്തു പറയാനുളള ഭയം മൂലം രോഗം മറച്ചുവെച്ചു. ഇവിടെയാണ് സര്‍ക്കാര്‍ സഹായത്തോടെ സന്നദ്ധ സംഘടനകള്‍ ചെയ്ത സേവന പ്രവര്‍ത്തനങ്ങളിലേക്ക് കണ്ണോടിക്കേണ്ടത്. പത്തു വര്‍ഷത്തിന് അപ്പുറം എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട സന്നദ്ധ സംഘടനകളെയും അതിന്റെ പ്രവര്‍ത്തകരെയും അവമതിക്കാന്‍ ചിലര്‍ക്ക് ആവേശമായിരുന്നു. പ്രതിരോധ പ്രവര്‍ത്തനത്തോട് പുറം തിരിഞ്ഞു നിന്ന ആളുകളും വിരളമല്ല. പത്ര പ്രസ്താവനവരെ നടത്തി പ്രവര്‍ത്തനത്തെ ക്ഷീണിപ്പിക്കാന്‍ ശ്രമിച്ച മാന്യന്മാരും സമൂഹത്തില്‍ അന്നുണ്ടായി. ഇത് ചില സാമൂഹ്യദ്രോഹികള്‍ക്ക് അനുകൂല കാലാവസ്ഥയായി. അവര്‍ ചുമരെഴുത്തിലും, ബോര്‍ഡ് നശിപ്പിക്കലിലും പ്രവര്‍ത്തകരെ നിന്ദിക്കലിലും സന്തോഷം കണ്ടെത്തി.


പക്ഷെ കാലം മാറി. അന്നുണ്ടായ പ്രവര്‍ത്തകര്‍ തങ്ങള്‍ ഏര്‍പ്പെട്ട പ്രവര്‍ത്തനത്തില്‍ നിന്നും പിന്തിരിഞ്ഞില്ല. അവര്‍ അടിപതറാതെ, തളരാതെ തങ്ങള്‍ ഏറ്റെടുത്ത ദൗത്യം പൂര്‍ണ്ണ ഉത്തരവാദിത്തത്തോടെ നിര്‍വ്വഹിക്കാന്‍ തയ്യാറായി. എച്ച് ഐവി ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നത് തടയാന്‍ കഴിഞ്ഞകാല പ്രവര്‍ത്തനം കൊണ്ട് സാധിച്ചിട്ടുണ്ട്. എന്നിട്ടും വര്‍ഷം പ്രതി എയ്ഡ്‌സ് രോഗികളുടെ എണ്ണം കൂടുന്നുണ്ട്. എച്ച്‌ഐവി ബാധിതരോടുളള സമീപനത്തില്‍ സമൂഹത്തിന്റെ കാഴ്ചപാട് മാറിക്കഴിഞ്ഞു. അതിന് കാരണക്കാര്‍ എയ്ഡ്‌സ് പ്രതിരോധത്തിലേര്‍പ്പെട്ട സന്നദ്ധ പ്രവര്‍ത്തകര്‍ തന്നെയാണ്. എച്ച് ഐവി ബാധിതനാണെന്ന് സ്വയം വെളിപ്പെടുത്താന്‍ ഇന്ന് ആളുകള്‍ക്ക് കഴിയുന്നുണ്ട്. അവരെ അവജ്ഞയോടെ നോക്കിക്കാണുന്ന സ്വഭാവത്തിന് അറുതിവന്നു. അവരും മനുഷ്യരാണ്. അവര്‍ക്കും മനുഷ്യാവകാശങ്ങള്‍ അനുവദിച്ചുകിട്ടേണ്ടതുണ്ട്.ഈരോഗാവസ്ഥഅവരുമായിസമ്പര്‍ക്കപ്പെടുന്നതുമൂലം പകരില്ല എന്നൊക്കെയുളള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ നടത്തിയതിന്റെ ഫലമാണ് ഇത്തരത്തില്‍ മാറ്റി ചിന്തിക്കാന്‍ ആളുകള്‍ക്ക് സാധിച്ചത്.


എച്ച്‌ഐവി ബാധിതനായ വ്യക്തിക്ക് മറ്റു വ്യക്തികളെ പോലെ തന്നെ ദീര്‍ഘകാലം ജീവിക്കാനാവും. ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനുളള പല ഔഷധങ്ങളും കണ്ടെത്തിക്കഴിഞ്ഞു. ഇത് കൃത്യമായി ഉപയോഗിച്ചുകൊണ്ട്, സാധാരണ ആരോഗ്യദൃഢഗാത്രനായ ഒരു വ്യക്തി ചെയ്യുന്ന സകല പ്രവൃത്തികളും എച്ച.ഐവി ബാധിതനായ വ്യക്തിക്കും ചെയ്യാന്‍ കഴിയും. കാസര്‍കോട് ജില്ലയില്‍ മാത്രം 330 എച്ച്‌ഐവി ബാധിതരുണ്ട്. ചിലപ്പോള്‍ ഇതില്‍ കുടാനും സാധ്യതയുണ്ട്. റിക്കാര്‍ഡ് ചെയ്ത എണ്ണമാണിത്. ഇതില്‍ 16 വയസ്സിന് താഴെയുളള 24 കുട്ടികളുണ്ട്. സ്ത്രീകളെക്കാള്‍ പുരുഷന്മാരാണ് എണ്ണത്തില്‍ കൂടുതല്‍. ഭര്‍ത്താക്കന്മാരില്‍ നിന്ന് അണുബാധ ഉണ്ടായവരാണ് സ്ത്രീകളില്‍ അധികം പേരും. അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് രോഗ ബാധ ഉണ്ടായതാണ് 24 കുട്ടികള്‍ക്ക്. ഈ കുട്ടികള്‍ ഒരു തരത്തിലും കുറ്റക്കാരല്ല. അവര്‍ക്ക് അണുബാധ ഉണ്ടായത് അവരുടെ കുറ്റം കൊണ്ടല്ല. കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ ജില്ലയിലെ അക്ഷയ എന്ന പെണ്‍കുട്ടിയുടെ നേട്ടത്തെക്കുറിച്ച് പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്ത കാണാന്‍ ഇടയായി. എച്ച് ഐവി അണുബാധയുളള കുട്ടിയായതിനാല്‍ അവള്‍ക്ക് അക്കാലത്ത് സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചു. നിസ്സഹായയായ അമ്മ കുട്ടിയെ അടുക്കിപ്പിടിച്ച് വിങ്ങിപ്പൊട്ടുന്ന ചിത്രം ഓര്‍മ്മവരികയാണ്. ആകുട്ടിയാണ് സംസ്ഥാനതലത്തില്‍ കുട്ടികളുടെ സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഏറ്റവും നല്ല സംവിധായകക്കുളള സംസ്ഥാന അവാര്‍ഡ് നേടിയത്. അന്ന് അകറ്റി നിര്‍ത്തി. ഇന്ന് അവളെ ആശ്ലേഷിക്കാന്‍ ഒരുപാട് ആളുകള്‍ മുന്നോട്ടുവരുന്നു. എയ്ഡ്‌സിനെതിരായി പ്രവര്‍ത്തിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാനുളള ഒരു ശുഭ മുഹൂര്‍ത്തമായി ഞാനതിനെ കാണുകയാണ്.


എച്ച്‌ഐവി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുത്ത, ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇന്ത്യയില്‍ നടപ്പാക്കി വരുന്നത്. പുതിയ പ്രദേശങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ മാത്രമേ അവിടുത്തെ ചിത്രം മനസ്സിലാവൂ. കാസര്‍കോട് ജില്ലയില്‍ ഇതേവരെ പ്രവര്‍ത്തനം നടത്താത്ത ചില മേഖലകളില്‍ പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ അവിടെ എച്ച്‌ഐവി ബാധിതരായ വ്യക്തികളെ കണ്ടെത്താന്‍ കഴിഞ്ഞു. എച്ചെഎവി പകരാന്‍ സാധ്യതയുളള പ്രദേശങ്ങള്‍ കണ്ടെത്തി പ്രവര്‍ത്തിക്കുന്നതിന് പകരം മുഴുവന്‍ പ്രദേശങ്ങളും ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കുന്നതായിരിക്കും അഭികാമ്യം. ചില ഗ്രൂപ്പുകളുടെ ഇടയില്‍ മാത്രമായും ഈ പ്രതിരോധ പ്രവര്‍ത്തനം ഒതുങ്ങുന്നുണ്ട്. ഉദാഹരണമായി സ്ത്രീ ലൈംഗിക തൊഴിലാളികള്‍, പുരുഷ ലൈംഗിക തൊഴിലാളികള്‍ , മയക്കുമരന്നു കുത്തിവെപ്പുകാര്‍, മൈഗ്രേന്റ്‌സ് തുടങ്ങിയവരെ കേന്ദ്രീകരിച്ചു മാത്രമാണ് ബോധവല്‍കരണവും ചികിത്സയും ഇന്ന് നടത്തിവരുന്നത്. സമൂഹത്തെമൊത്തം ഈ പ്രവര്‍ത്തനവുമായി ബന്ധിപ്പിച്ചു നടത്തുന്നതും എച്ച്‌ഐവി വ്യാപനം തടയാന്‍ സാഹചര്യമൊരുക്കും. ഈ വര്‍ഷത്തെ ലോക എയ്ഡ്‌സ് ദിനസന്ദേശം ഇതാണ്. “എച്ച്‌ഐവി. നിയന്ത്രണം യാഥാര്‍ത്ഥ്യമാക്കുക. വാഗ്ദാനങ്ങള്‍ പാലിക്കുക. മനുഷ്യാവകാശം, സേവന ലഭ്യത” ഈ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനുളള പ്രവര്‍ത്തനവുമായാണ് എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തകരും സര്‍ക്കാരുകളും സമൂഹവും മുന്നോട്ടു പോകേണ്ടത്. കഴിഞ്ഞകാല പ്രവര്‍ത്തനത്തിന്റെ ഫലമായി എയ്ഡ്‌സിനെക്കുറിച്ചുളള ഭയം ജനങ്ങളില്‍ നിന്ന് അകറ്റാന്‍ കഴിഞ്ഞു. ഈ രോഗത്തെക്കുറിച്ചുളള ശാസ്ത്രീയ അവബോധം ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞു. എച്ച്‌ഐവി അണുബാധയില്‍ നിന്ന് രക്ഷപ്പെടാനുളള മാര്‍ഗ്ഗങ്ങളും ജനം സ്വായത്തമാക്കിക്കഴിഞ്ഞു. എച്ച്‌ഐവി ബാധിതരെ അകറ്റി നിര്‍ത്തേണ്ടെന്നും അവര്‍ക്കും ഇവിടെ ജീവിക്കാന്‍ അവകാശമുണ്ടെന്നും സമൂഹം മനസ്സിലാക്കിക്കഴിഞ്ഞു. നേടിയെടുത്ത ഈ അറിവുകളെ പ്രയോഗികവത്കരിച്ചാല്‍ എച്ച്‌ഐവി വിമുക്ത സമൂഹം യാഥാര്‍ത്ഥ്യമാവും.

-കൂക്കാനം റഹ്മാന്‍


Keywords: Article, AIDS, Kookanam-Rahman

Post a Comment