Follow KVARTHA on Google news Follow Us!
ad

പത്രപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ബഹിഷ്‌ക്കരിക്കും

കാസര്‍കോട്: ഇന്ത്യാവിഷന്‍ വാര്‍ത്താ സംഘത്തെ ആക്രമിച്ച സംഭവത്തി ല്‍ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കാസര്‍കോട്ടെ പത്രപ്രവര്‍ത്തകര്‍ ഡിസംബര്‍ രണ്ടിന് നടക്കുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ബഹിഷ്‌ക്കരിക്കാനും പരിപാടി നടക്കുന്ന സ്ഥലത്ത് കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കാനും തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രസ്‌ക്ലബ്ബില്‍ ചേര്‍ന്ന് പത്രപ്രവര്‍ത്തകരുടെ യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും നിവേദനം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ടര്‍ ഫൗസിയ മുസ്തഫ, ക്യാമറമാന്‍ സുബിത്ത്, ഡ്രൈവര്‍ അബ്ദുല്‍ സലാം എന്നിവരെയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് പാറക്കട്ട എസ്.പി ഓഫീസ് പരിസരത്ത് എ.ആര്‍ ക്യാമ്പിലെ ഏതാനും വരുന്ന പോലീസുകാര്‍ ക്രൂരമായി വളഞ്ഞിട്ട് തല്ലിയത്. പരിക്കേറ്റ മൂന്നുപേരെയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അക്രമം നടത്തിയ പോലീസുകാരുടെ ചിത്രങ്ങളും, വീഡിയോ ദ്യശ്യങ്ങളും അധിക്യതര്‍ക്ക് നല്‍കിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ മടിക്കുകയാണ് ചെയ്യുന്നത്. ഫൗസിയയെയും മറ്റും ആക്രമിച്ച സംഭവത്തില്‍ ഏതാനും വരുന്ന പോലീസുകാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും നിസാര വകുപ്പുകളാണ് ചേര്‍ത്തിട്ടുള്ളത്. അക്രമം നടത്തിയ പോലീസുകാരെ രക്ഷപ്പെടുത്താന്‍ വേണ്ടി ഇന്ത്യാവിഷന്‍ വാര്‍ത്താ സംഘത്തിനെതിരെ തിരിച്ചും പോലീസുകാരുടെ പരാതിയില്‍ കേസെടുത്തിയിട്ടുണ്ട്. വനിതാ പോലീസ് ഇല്ലാതെയാണ് ഫൗസിയയെ പോലീസ് തല്ലിചതച്ചത്. ഇതിനെതിരെ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍ തുടങ്ങിയവര്‍ക്കും പരാതി നല്‍കാന്‍ തീരുമാനിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കാസര്‍കോട്ട് പോലീസില്‍ നിന്ന് തുടര്‍ച്ചായായുണ്ടാകുന്ന അക്രമങ്ങളെ ഗൗരവമായി കാണാനും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനുമാണ് തീരുമാനം.
യോഗത്തില്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് വിനോദ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് ഹാഷിം സ്വഗതം പറഞ്ഞു. എം.ഒ വര്‍ഗീസ്, സിബി ജോണ്‍ തൂവല്‍, വി.വി പ്രഭാകരന്‍, രവീന്ദ്രന്‍ രാവണേശ്വരം, ഹനീഷ് കുമാര്‍, പ്രിയരാഗ്, ടി.എ ഷാഫി തുടങ്ങിയവര്‍ സംസാരിച്ചു. എം.വി സന്തോഷ് കുമാര്‍, നിഖില്‍ രാജ്, മുജീബ് കളനാട്, നാരായണന്‍ കരിച്ചേരി, എം. നാരായണന്‍ കുട്ടി, ജയരാമന്‍ കുട്ടിയാനം, ഡിക്റ്റി വര്‍ഗീസ്, ശ്രീധരന്‍ പുതുക്കുന്ന്, സുനില്‍ ബേപ്പ്, സെമീര്‍.പി മുഹമ്മദ്, ലിമീഷ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ആലൂര്‍ അബ്ദുല്‍ റഹ്മാന്‍ നന്ദി പറഞ്ഞു.

Post a Comment