Follow KVARTHA on Google news Follow Us!
ad

ഡാം പ്രശ്‌നത്തില്‍ രാഷ്ട്രീയ കളിവേണ്ട: ബാലകൃഷ്ണ പിള്ള

കാസര്‍കോട്: മുപ്പത് ലക്ഷത്തോളം വരുന്ന ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായി തീര്‍ന്ന മുല്ലപ്പെരിയാര്‍ ഡാം പ്രശ്‌നത്തില്‍ രാഷ്ട്രീയ കളിവേണ്ടെന്ന് കേരള കോണ്‍ഗ്രസ് (ബി)നേതാവ് ആര്‍. ബാകൃഷ്ണപിള്ള പറഞ്ഞു. മുല്ലപ്പെരിയാര്‍ പ്രശ്‌നം പിറവം ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ വിഷയമാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഡാം നിര്‍മ്മാണത്തിന് ആരുടെയും സമ്മതത്തിനോ അനുവാദത്തിനോ കാത്തു നില്‍ക്കേണ്ട ആവശ്യം കേരളത്തിനില്ലെന്നും ബാലകൃഷ്ണ പിള്ള ചൂണ്ടികാട്ടി. വിവിധ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ കാസര്‍കോട്ടെത്തിയ ബാലകൃഷ്ണപിള്ള ഗസ്റ്റ്ഹൗയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. തമിഴ് നാടും കേരളവുമായി ഈ പ്രശ്‌നത്തില്‍ തര്‍ക്കമൊന്നുമില്ല. വെള്ളം നല്‍കുന്ന കാര്യത്തില്‍ കേരളത്തിന് എതിര്‍പ്പില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
നിലവിലുള്ള സ്ഥിതിയില്‍ തന്നെ തമിഴ്‌നാടിന് വെള്ളം കൊടുക്കും. ഡാം നിര്‍മ്മാണത്തിന് തമിഴ്‌നാടിന്റെ അഞ്ച് പൈസപോലും ആവശ്യമില്ല. പിന്നെന്തിനാണ് തര്‍ക്കമെന്നും ബാലകൃഷ്ണപിള്ള ചോദിച്ചു. വളരെ ഏറെ പഴക്കമുള്ള ഡാമിന്റെ ആയുസിനെ ആരും ചോദ്യം ചെയ്യരുത്. ഡാമിന്റെ സുരക്ഷയ്ക്ക് 15 വര്‍ഷം മുമ്പ് തന്നെ പുനര്‍നിര്‍മ്മാണത്തെ കുറിച്ച് ധാരണയുണ്ടാക്കിയിരുന്നതാണെന്നും ബാലകൃഷ്ണപിള്ള ഓര്‍മ്മിപ്പിച്ചു. മുപ്പത് ലക്ഷം ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ കേന്ദ്രം കൂട്ടു കെട്ടും, വോട്ടുമൊന്നും വിഷയമാക്കരുത്. പിടിവാശി ഒന്നിനും പരിഹാരമല്ല. ഇതില്‍ രാഷ്ട്രീയം വരാനെ പാടില്ല. ഡാം വിഷയത്തില്‍ കേരളത്തില്‍ ഹര്‍ത്താല്‍ നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ദേശീയ നേതൃത്വം വിഷയത്തില്‍ ഇടപെടാത്തത് എന്തുകൊണ്ടാണെന്ന് ബാലകൃഷ്ണ പിള്ള ചോദിച്ചു. ഡാമിന്റെ ബലക്ഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇത്. ഭൂചലനങ്ങളെ കാര്യമായി എടുത്തുകൊണ്ടായിരിക്കണം നടപടിയെടുക്കേണ്ടത്. കേരളത്തിന്റെ സ്ഥലത്ത് സംസ്ഥാന അധികാരം ഉപയോഗിച്ച് പുതിയ ഡാം നിര്‍മ്മിക്കണം. ജനങ്ങളുടെ സുരക്ഷയായിരിക്കണം ഇക്കാര്യത്തില്‍ മാനദണ്ഡമാക്കേണ്ടതെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.

Keywords: Kasaragod, Politics,  R Balakrishna Pilla, കാസര്‍കോട്

Post a Comment