Follow KVARTHA on Google news Follow Us!
ad

KSEB | പതിവായി രാത്രി 9 മണിക്ക് ശേഷം വൈദ്യുതി മുടക്കം; ആലുവയില്‍ പാതിരാത്രി സ്ത്രീകള്‍ ഉള്‍പെടെയുള്ളവര്‍ ഒന്നിച്ചെത്തി കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു

വൈദ്യുതി ഉപഭോഗം സര്‍വകാല റെകോഡില്‍ Kochi News, Locals, Besieged, KSEB Office, Aluva, Frequent Power Outages, Night, Protest, KSEB, Electricity
കൊച്ചി: (KVARTHA) സംസ്ഥാനത്തൊട്ടാക്കെ കഠിനമായ ചൂട് കൊണ്ട് പൊറുതിമുട്ടുന്നതിനിടെ രാത്രി വൈദ്യുതി മുടക്കം കൂടി പതിവായതോടെ പ്രദേശവാസികള്‍ ഒരുമിച്ച് പ്രതിഷേധിച്ചെത്തി. ആലുവ എടയാറിലാണ് നാട്ടുകാര്‍ തിങ്കളാഴ്ച (29.04.2024) രാത്രി കെ എസ് ഇബി ഓഫീസ് ഉപരോധിച്ചത്.

ഇവിടെ രാത്രി ഒന്‍പത് മണിക്ക് ശേഷം വൈദ്യുതി മുടക്കം പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു. മാത്രമല്ല പരാതി പറയാന്‍ വിളിച്ചാല്‍, കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ ലാന്‍ഡ് ഫോണ്‍ റിസീവര്‍ മാറ്റിവയ്ക്കുന്നതായും ഇവര്‍ ആരോപിക്കുന്നു. ഫാന്‍ ഇല്ലാതെ ഉറങ്ങാന്‍ പറ്റാത്ത അത്രയും ചൂട് ഉള്ളപ്പോഴാണ് രാത്രി വൈദ്യുതി മുടക്കം നേരിടുന്നതെന്നും കുഞ്ഞുകുട്ടികളടക്കം ബുദ്ധിമുട്ടിലായപ്പോഴാണ് പ്രതിഷേധവുമായെത്തിയതെന്നും ഇവര്‍ പറഞ്ഞു.

രാത്രി 12 മണിക്ക് നടന്ന ഉപരോധത്തില്‍ സ്ത്രീകള്‍ ഉള്‍പെടെ നിരവധി ആളുകളെത്തി. വൈദ്യുതി ഉപഭോഗം വര്‍ധിച്ചതോടെ സംസ്ഥാനത്ത് പലയിടത്തും വൈദ്യുതി മുടക്കം പതിവായിരിക്കുകയാണ്. കൊച്ചിയില്‍ മാത്രമല്ല മലപ്പുറത്തും തിങ്കളാഴ്ച പ്രദേശവാസികള്‍ കെ എസ് ഇ ബി ഓഫീസ് ഉപരോധിച്ചു.


അതിനിടെ സംസ്ഥാനത്ത് വോള്‍ടേജ് ക്ഷാമവും രൂക്ഷമായി. ചൂട് കനത്തതോടെയാണ് വൈദ്യുതി ഉപഭോഗം വര്‍ധിച്ചത്. വൈകുന്നേരം 6 മുതല്‍ രാത്രി ഒരു മണി വരെയുള്ള സമയം വൈദ്യുതി ഉപഭോഗം വര്‍ധിച്ചു. പലയിടത്തും വൈദ്യുതി കൂടുതലായി ഉപയോഗിക്കുന്നത് മൂലം ട്രാന്‍സ്ഫോമറിന്റെ ഫ്യൂസ് ഉരുകി പോകുന്നതിന് ഇടയാക്കുന്നുണ്ടെന്നും ഇതൊരു പ്രദേശം തന്നെ ഇരുട്ടിലാക്കുന്നുവെന്നും അധികൃതര്‍ പറഞ്ഞു. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും ജനങ്ങള്‍ സഹകരിക്കാതെ മാറ്റം വരില്ലെന്നും വൈദ്യുതി ബോര്‍ഡ് വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പെടുത്തണമെന്ന് സര്‍കാരിനോട് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് രണ്ടിന് ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പെടെയുള്ളവരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും ഇതിലെ തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. വെള്ളത്തിന്റെ കുറവുണ്ടെന്നും മഴ പെയ്യാത്തതിന് എന്ത് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 80 ശതമാനം വൈദ്യുതിയും പുറത്തുനിന്നാണ് വാങ്ങുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെകോഡില്‍ എത്തിയിരിക്കുകയാണ്. 113.15 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് തിങ്കളാഴ്ച (29.04.2024) ഉപയോഗിച്ചത്.

Keywords: News, Kerala, Kochi, Kochi-News, Kochi News, Locals, Besieged, KSEB Office, Aluva, Frequent Power Outages, Night, Protest, KSEB, Electricity consumption, Locals besieged the KSEB office in Aluva due to frequent power outages at night, Locals besieged the KSEB office in Aluva due to frequent power outages at night.

Post a Comment