Follow KVARTHA on Google news Follow Us!
ad

Advertisement | ഇടഞ്ഞ കൊമ്പൻ്റെ ചെവിയിൽ തോട്ടികൊണ്ട് കുത്തി സമസ്ത; ലീഗ് പ്രതിഷേധം നിലനിൽക്കവെ സുപ്രഭാതം പത്രത്തിൽ രണ്ടാം തവണയും എൽഡിഎഫ് പരസ്യം

മുഖ്യമന്ത്രി പിണറായി വിജയൻ്റെ ചിത്രവുമുണ്ട് Politics, Election,S amastha, Lok Sabha Election
/ ഭാമനാവത്ത്

കണ്ണൂർ: (KVARTHA) തിരഞ്ഞെടുപ്പ് പോരാട്ടം കൊട്ടിക്കലാശത്തിലും നിശബ്ദ പ്രചാരണത്തിലും എത്തി നിൽക്കവേ മുസ്ലിം ലീഗിനെ ചൊടിപ്പിച്ചു വീണ്ടും സമസ്ത ദിനപത്രം സുപ്രഭാതം. സമസ്ത മുഖപത്രത്തിൽ വീണ്ടും ഇടതു മുന്നണിയുടെ പരസ്യം വന്നതാണ് ചർച്ചയായിരിക്കുന്നത്. നേരത്തെ സമസ്ത മുഖപത്രത്തിൽ ഇടത് മുന്നണി പരസ്യം പ്രസിദ്ധീകരിച്ചതിൽ പ്രതിഷേധിച്ച് ലീഗ് പ്രവർത്തകൻ സുപ്രഭാതം കത്തിച്ചുവെന്ന ആരോപണം വിവാദമായിരുന്നു. ഇതിനിടയിലാണ് സമസ്ത മുഖപത്രത്തിൽ വീണ്ടും ഇടതു മുന്നണിയുടെ പരസ്യം വന്നത്.


ബുധനാഴ്ച (ഏപ്രിൽ 24) പുറത്തിറങ്ങിയ സുപ്രഭാതം ദിനപത്രത്തിൻ്റെ ആദ്യപേജിലാണ് ന്യൂനപക്ഷങ്ങൾക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷമെന്ന സന്ദേശത്തോടെയുള്ള പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജനങ്ങളെ സംരക്ഷിക്കേണ്ടവര്‍ വിഷം തുപ്പുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷമെന്ന നിർണായകമായ രാഷ്ട്രീയ സന്ദേശത്തോടെയുള്ള പരസ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ചിത്രവുമുണ്ട്.

നേരത്തെ സമസ്ത മുഖപത്രത്തിൽ ഇടത് മുന്നണി പരസ്യം പ്രസിദ്ധീകരിച്ചതിൽ പ്രതിഷേധിച്ച് ലീഗ് പ്രവർത്തകൻ സുപ്രഭാതം കത്തിച്ചിരുന്നു. തിരൂരങ്ങാടി കൊടിഞ്ഞിയില്‍ മുസ്ലിം ലീഗ് പ്രവർത്തകൻ സുപ്രഭാതം പത്രം കത്തിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രതിഷേധാര്‍ഹമായി സുപ്രഭാതം കത്തിക്കുകയാണെന്നും മുസ്ലിംലീഗ് നേതാവാണ് ഇത് ചെയ്തതെന്നും പറയുന്നത് വീഡിയോയില്‍ വ്യക്തമായിരുന്നു.


ഇതിന് പിന്നാലെ എല്‍ഡിഎഫിന് വോട്ട് അഭ്യര്‍ത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചതിനാണ് സുപ്രഭാതം പത്രം കത്തിക്കാൻ കാരണമെന്ന ആരോപണം ഉയരുകയായിരുന്നു. പത്രം കത്തിച്ചതിന് പിന്നിൽ മുസ്ലീം ലീഗാണെന്ന് അരോപിച്ച് പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ഹംസയും രംഗത്ത് വന്നു. മുഖ്യമന്ത്രിയുടെ ചിത്രം വച്ചതിനാണ് പത്രം കത്തിച്ചതെന്നും ഹംസ പറഞ്ഞിരുന്നു.

പത്രം കത്തിച്ച കോമുട്ടി ഹാജിയെന്നയാള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നായിരുന്നു മുസ്ലീം ലീഗിൻ്റെ നിലപാട്. സുപ്രഭാതത്തിലെ ഇടത് മുന്നണി പരസ്യത്തിൽ തെറ്റില്ലെന്നായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിൻ്റെ പ്രതികരണം. പരസ്യം കച്ചവടത്തിൻ്റെ ഭാഗമാണെന്നും സിപിഎമ്മുമായി കച്ചവട ബന്ധം വേണമോയെന്ന് തീരുമാനിക്കേണ്ടത് സമസ്തയാണെന്നും അതേ പരസ്യം ചന്ദ്രികയിൽ വരില്ലെന്നും പിഎംഎ സലാം വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് വീണ്ടും എൽഡിഎഫ് പരസ്യം നൽകി സുപ്രഭാതം നയം വ്യക്തമാക്കിയത്.


Keywords: News, Kerala, Kannur, Politics, Election, Samastha, Lok Sabha Election, Advertisement, LDF, Pinarayi Vijayan, LDF advertisement for second time in Suprabhatam newspaper while League protest continues.
< !- START disable copy paste -->

Post a Comment