Follow KVARTHA on Google news Follow Us!
ad

Fact Check | ദളിത് ആക്ടിവിസ്റ്റിൻ്റെ വീട്ടിൽ ബിജെപി സ്ഥാനാർഥിയും നടനുമായ അരുൺ ഗോവിൽ ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചോ? സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ അറിയാം

യുപി കോൺഗ്രസിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട് Fact Check, Arun Govil, ദേശീയ വാർത്തകൾ, Election
മീററ്റ്: (KVARTHA) രാമായണം സീരിയലിൽ ശ്രീരാമൻ്റെ കഥാപാത്രത്തെ അവതരിപ്പിച്ച അരുൺ ഗോവിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ  മീററ്റിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ്. പ്രചാരണ രംഗത്ത് സജീവമാണ് അദ്ദേഹം. ഇതിനിടെ അരുൺ ഗോവിലിൻ്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ദളിത് പ്രവർത്തകയുടെ  വീട്ടിൽ അരുൺ ഗോവിൽ ഭക്ഷണം കഴിച്ചില്ലെന്നും ജാതീയ വിവേചനം കാട്ടിയെന്നുമാണ് ആരോപണം. എന്നാൽ ഇത് യാഥാർഥ്യമാണോ?

Arun Govil

സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് 

പ്രചാരണത്തിനിടെ അരുൺ ഗോവിൽ വാൽമീകി സമുദായത്തിലെ ഒരു ബിജെപി പ്രവർത്തകയുടെ വീട്ടിൽ പോയി, എന്നാൽ അദ്ദേഹം അവിടെ ഭക്ഷണം കഴിച്ചില്ലെന്നാണ് പ്രചാരണം. 54 സെക്കൻഡ് വീഡിയോയിൽ അരുൺ ഗോവിൽ ചിലർക്കൊപ്പം നിലത്ത് ഇരിക്കുന്നത് കാണാം. ഒരു പ്ലേറ്റ് ഭക്ഷണമാണ് അവരുടെ മുന്നിൽ വച്ചിരിക്കുന്നത്. അതിന് മുന്നിൽ അവർ കൈകൾ കൂപ്പി നിൽക്കുന്നതായി കാണാം, 

'മീററ്റിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥി അരുൺ ഗോവിൽ, വാൽമീകി സമുദായത്തിലുള്ള ബിജെപി പ്രവർത്തകയുടെ വീട്ടിൽ ഭക്ഷണം കഴിക്കാൻ പോയിരുന്നു, പക്ഷേ അദ്ദേഹം ഭക്ഷണം കഴിക്കാതെ ദൂരെ നിന്ന് വണങ്ങി, ഭക്ഷണം പോലും തൊട്ടില്ല. ശ്രീരാമനായി വേഷമിട്ടിട്ടും ഈ മനുഷ്യനിൽ നിന്ന് ജാതീയത നീങ്ങിയിട്ടില്ല, ഈ വ്യക്തി ഒരു നേതാവാകാൻ യോഗ്യനല്ല. ബിജെപി മുഴുവനും ജാതീയമാണ്', ഒരു ഫേസ്‌ബുക്ക് പോസ്റ്റിൽ കാണാം.
ഉത്തർപ്രദേശ് കോൺഗ്രസിൻ്റെ എക്‌സ് ഹാൻഡിലും ഇതേ അവകാശവാദവുമായി ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഈ പോസ്റ്റ് രണ്ട് ലക്ഷത്തിലധികം ആളുകൾ ഇതിനോടകം കണ്ടിട്ടുണ്ട്.

അന്വേഷണത്തിൽ എന്താണ് കണ്ടെത്തിയത്?

'ആജ് തക് ഫാക്റ്റ് ചെക്ക്' വൈറലായ വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് കണ്ടെത്തി. ഈ വീഡിയോ മീററ്റിലെ ദളിത് സമുദായത്തിൽ നിന്നുള്ള ബി.ജെ.പി പ്രവർത്തകയായ നീതു ജാതവിൻ്റെ വീട്ടിൽ നിന്നുള്ളതാണെന്നും  അവിടെ അരുൺ ഗോവിൽ ഭക്ഷണം കഴിച്ചുവെന്നും റിപ്പോർട്ട് പറയുന്നു.

2024 ഏപ്രിൽ 13 ന് അമർ ഉജാല പ്രസിദ്ധീകരിച്ച വാർത്താ റിപ്പോർട്ടിൽ , മീററ്റ്-ഹാപൂർ ലോക്‌സഭാ സീറ്റിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥി അരുൺ ഗോവിൽ ബ്രഹ്മപുരിയിലെ ഭഗവത്പുര പ്രദേശത്തുള്ള ഒരു ദളിത് കുടുംബത്തിൻ്റെ വീട്ടിൽ എത്തിയതായി പറയുന്നു. ഇതിനിടയിൽ വീട്ടിലെ സ്ത്രീകൾ ആരതി നൽകി സ്വീകരിച്ചു. അരുൺ ഗോവിൽ വീട്ടിൽ ഭക്ഷണം കഴിക്കുകയും ചെയ്തതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. നിരവധി മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ബിജെപിയിൽ നിന്നുള്ള ചിലരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. 

ഏപ്രിൽ 13ന് അരുൺ ഗോവിൽ ബൂത്ത് പ്രസിഡൻ്റ് നീതു ജാതവിൻ്റെ വീട്ടിൽ ഭക്ഷണം കഴിക്കുകയും കോർപറേഷൻ അംഗം അരുൺ മച്ചൽ വാൽമീകിയുടെ വീട്ടിൽ ചായ കുടിക്കുകയും ചെയ്തുവെന്ന് ഉസ്മാൻ എന്നയാളെ ഉദ്ധരിച്ച്  റിപ്പോർട്ട് ചെയ്തു. അന്നത്തെ വീഡിയോയും അദ്ദേഹം പങ്കിട്ടു. അതിൽ ഗോവിൽ ഭക്ഷണം കഴിക്കുന്നതും ഭക്ഷണം കഴിച്ച ശേഷം പ്ലേറ്റിൽ സല്യൂട്ട് ചെയ്യുന്നതും കാണാം. ഇതിൻ്റെ അടിസ്ഥാനത്തിൽ, 54 സെക്കൻഡ് വൈറൽ വീഡിയോയിൽ ഒരു ഭാഗം എഡിറ്റ് ചെയ്യുകയും ഭക്ഷണം കഴിക്കുന്ന ഭാഗം നീക്കം ചെയ്യുകയും ആയിരുന്നുവെന്നാണ് വ്യക്തമാകുന്നത്. 

ന്യൂസ് 18 യുപി ഉത്തരാഖണ്ഡിൻ്റെ യൂട്യൂബ് ചാനലിലെ ഇതേ സംഭവത്തിൻ്റെ വീഡിയോ റിപ്പോർട്ടിൽ അരുൺ ഗോവിൽ മറ്റുള്ളവരോടൊപ്പം ഇരുന്നു ഭക്ഷണം കഴിക്കുന്നത് കാണാം. ഇതേ സംഭവത്തിൻ്റെ വീഡിയോ അരുൺ ഗോവിലും തൻ്റെ എക്‌സ് അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. അദ്ദേഹം ഭക്ഷണം കഴിക്കുന്നത് വീഡിയോയിൽ കാണാം.

മീററ്റിലെ ഭഗവത്പുരയിലെ വാർഡ് നമ്പർ മൂന്നിൽ നിന്നുള്ള കോർപറേഷൻ അംഗം അരുൺ മച്ചൽ വാൽമീകിയുടെ വീട്ടിൽ അരുൺ ഗോവിൽ ചായയും കുടിച്ചിരുന്നു. ഗോവിൽ നീതുവിൻ്റെ വീട്ടിൽ നിന്ന് അത്താഴം കഴിച്ചുവെന്നും അവരോട് സംസാരിച്ചിരുന്നുവെന്നും അരുണിനെ ഉദ്ധരിച്ച് 'ആജ് തക്' റിപ്പോർട്ട് ചെയ്‌തു.

'ഞാൻ തന്നെയാണ് അരുൺ ഗോവിലിനെ ക്ഷണിച്ചത്, അദ്ദേഹം എൻ്റെ വീട്ടിലേക്ക് വന്നു. അദ്ദേഹവും മുതിർന്ന നേതാക്കളുമെല്ലാം കഴിച്ച ഭക്ഷണം ഞാൻ സ്വന്തം കൈകൊണ്ട് തയ്യാറാക്കിയതാണ്. ഞാൻ ദളിത് സമുദായത്തിൽ പെട്ടയാളാണ്', നീതു പ്രതികരിച്ചു. ഇതോടെ വൈറൽ വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് തെളിഞ്ഞു. അരുൺ ഗോവിൽ ഒരു ദളിത് ആക്ടിവിസ്റ്റിൻ്റെ വീട്ടിൽ ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചു എന്ന പ്രചാരണം തെറ്റാണെന്നാണ് വ്യക്തമാവുന്നത്.

Keywords: News, National, Arun Govil, Fact Check, Dalit House, Refused, Eat, BJP, Meerut, Candidate, Lok Sabha Election, Video, Fact Check: Arun Govil did eat at a Dalit's house in Meerut?.

Post a Comment