Follow KVARTHA on Google news Follow Us!
ad

Police Booked | '250 കോടിയുടെ തട്ടിപ്പ്'; പ്രമുഖ ജ്വലറി ഗ്രൂപിനെതിരെ ഉയര്‍ന്നത് വലിയ ആരോപണം; പുതിയ കംപനി ഉണ്ടാക്കി പാര്‍ട്ണറുടെ സ്വത്ത് കൈക്കലാക്കിയെന്ന പരാതിയില്‍ കേസെടുത്തിട്ടുള്ളത് വ്‌ളോഗര്‍ അടക്കമുള്ളവര്‍ക്കെതിരെ!

സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യം Crime, Police, Investigation, Police FIR, കൊച്ചി വാര്‍ത്തകള്‍
കൊച്ചി: (KVARTHA) 250 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന വന്‍ ആരോപണം നേരിട്ട് പ്രമുഖ ജ്വലറി ഗ്രൂപ്. എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'നക്ഷത്ര 916 ഗോള്‍ഡ് ആന്‍ഡ് ഡയമന്‍ഡ്സ്' ജ്വലറി ഉടമകള്‍ക്കെതിരെയാണ് കൊച്ചി കളമശ്ശേരി പൊലീസ് കേസെടുത്തിട്ടുള്ളത്. അരൂര്‍ സ്വദേശിയായ എം എസ് മാമു എന്നയാളാണ് പരാതിക്കാരന്‍. 

നക്ഷത്ര ജ്വലറി എന്ന പേരില്‍ താന്‍ തുടങ്ങിയ ഇന്‍ഡ്യയിലും വിദേശത്തുമടക്കം പ്രവര്‍ത്തിച്ചുവരുന്ന ഏഴ് സ്ഥാപനങ്ങള്‍ ഉള്‍പെടുന്ന നക്ഷത്ര ഗോള്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ആസ്തികള്‍ കൈക്കലാക്കുകയും മറ്റൊരു കംപനി തുടങ്ങി തങ്ങളെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്താക്കുകയും ചെയ്തുവെന്നാണ് മാമുവിന്റെ പരാതി.

Complaint of Rs. 250 crore fraud, Kochi, News, Complaint, Allegation, Jewlery, Crime, Police, Investigation, Police FIR, Kerala.

നക്ഷത്ര 916 ഗോള്‍ഡ് ആന്‍ഡ് ഡയമന്‍ഡ്സ് മാനജിങ് ഡയറക്ടര്‍ ടി എം ശാനവാസ്, ഭാര്യയും വ്‌ളോഗറുമായ ശംന, ഇവരുടെ ഓഡിറ്ററും ചാര്‍ടേഡ് അകൗണ്ടന്റുമായ മജു കെ ഇസ്മാഈല്‍, ശാനവാസിന്റെ സഹോദരന്‍ മുഹമ്മദ് ശമീര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

ഐ പി സി 406, 420, 409, 468, 471, 120 ബി, 34 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഒന്നാം പ്രതിയായ ശാനവാസിന്റെ മാതൃസഹോദരനാണ് പരാതിക്കാരനായ എം എസ് മാമു. കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ക്ക് മാമു നേരിട്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ഫെബ്രുവരി 10 ന് പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തത്.

കള്ള രേഖകള്‍ ഉണ്ടാക്കിയും വ്യാജ ഒപ്പിട്ടും നിലവിലുണ്ടായിരുന്ന പാര്‍ട്ണര്‍മാരെ പുറത്താക്കി നക്ഷത്ര 916 ഗോള്‍ഡ് ആന്‍ഡ് ഡയമന്‍ഡ്‌സ് എല്‍എല്‍പി എന്ന പേരില്‍ പുതിയ സ്ഥാപനം ഉണ്ടാക്കിയെന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്. ഓഡിറ്റര്‍ മജു കെ ഇസ്മാഈലിന്റെ സഹായത്തോടെയാണ് ജ്വലറി സ്ഥാപനം തട്ടിയെടുക്കാന്‍ ശ്രമം നടന്നതെന്നാണ് പരാതിക്കാരന്‍ പറയുന്നത്. പഴയ സ്ഥാപനത്തിലെ സ്വര്‍ണം പുതിയ സ്ഥാപനത്തിലേക്ക് മാറ്റിയത് ഉള്‍പെടെ 250 കോടി രൂപയുടെ വെട്ടിപ്പ് ശാനവാസ് നടത്തിയെന്നാണ് പരാതി.

പരാതിക്കാരന്‍ പറയുന്നത് ഇങ്ങനെയാണ്:

'2012-ല്‍ എറണാകുളം നെട്ടൂരിലാണ് നക്ഷത്ര ജ്വലറി എന്ന സ്ഥാപനം തുടങ്ങിയത്. ഇതിനായി സഹോദരിയുടെ മകനായ ശാനവാസിന് പണം നല്‍കിയത് താനായിരുന്നു. 2014-ല്‍ പെരുമ്പളത്ത് ജ്വലറിയുടെ മറ്റൊരു ശാഖ ആരംഭിച്ചു. ഇതില്‍ ശാനവാസ് പാര്‍ട്ണറും തന്റെ മകളുടെ ഭര്‍ത്താവ് അബ്ദുല്‍ നാസര്‍ മാനജിങ് പാട്ണറുമായിരുന്നു. പിന്നീട് 2016-ല്‍ ഇടപ്പള്ളിയില്‍ 'ന്യൂ നക്ഷത്ര ജ്വലേഴ്സ്' എന്ന പേരിലും സ്ഥാപനം തുടങ്ങി. ഇതില്‍ ശാനവാസിന് പുറമെ, തന്റെ ഭാര്യ സുബൈദയും മകള്‍ സുനീറയുമായിരുന്നു പാട്ണര്‍മാര്‍.

2017 -ല്‍ പൂക്കാട്ടുപടിയില്‍ 'നക്ഷത്ര 916 ഗോള്‍ഡ് ആന്‍ഡ് ഡയമന്‍ഡ്' എന്ന മറ്റൊരു സ്ഥാപനവും തുടങ്ങി. ഇതില്‍ ശാനവാസും തന്റെ ഭാര്യ സുബൈദയും കൊച്ചുമകള്‍ റിസ് വാനയും ശാനവാസിന്റെ സഹോദരന്‍ സമീറും തന്റെ അര്‍ധ സഹോദരന്‍ അഫ്നാസും ശമീറിന്റെ മാതാവ് മൈമുവും പാര്‍ട്ണര്‍മാരായിരുന്നു.

2018-ല്‍ 'നക്ഷത്ര 916 ഗോള്‍ഡ് ആന്‍ഡ് ഡയമന്‍ഡ്സ്' എന്ന പേരില്‍ വൈറ്റിലയിലും സ്ഥാപനം ആരംഭിച്ചു. ഇതിന് പിന്നാലെ ഇതേ പേരില്‍ 2019-ല്‍ ഇടപ്പള്ളിയില്‍ ആരംഭിച്ച ജ്വലറിയിലും ശാനവാസിനും തനിക്കും പുറമേ ശമീര്‍, സുനീറ, സനീറ എന്നിവര്‍ പാര്‍ട്ണര്‍മാരായിരുന്നു. 2020-ല്‍ നെട്ടൂരില്‍ വീണ്ടും ശാനവാസിന്റെ ഉടമസ്ഥതയില്‍ 'നക്ഷത്ര ജ്വലറി' എന്ന മറ്റൊരു സ്ഥാപനവും ആരംഭിച്ചു.

2022-ല്‍ തന്റെ മരുമകന്‍ അബ്ദുല്‍ നാസര്‍ മരണപ്പെട്ടതോടെയാണ് തട്ടിപ്പിനായുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പ്രൈവറ്റ് ലിമിറ്റഡ് കംപനി രൂപീകരിച്ച് നെട്ടൂരിലുള്ള രണ്ട് ജ്വലറികളും ശാനവാസ് അതിന് കീഴിലാക്കി. ഇത് കൂടാതെ ദുബൈയില്‍ രണ്ട് കടകള്‍ പുതുതായി തുടങ്ങുന്നതിനും വേണ്ടി ശാനവാസ് പദ്ധതി തയാറാക്കി. 

ഈ കംപനിയില്‍ തനിക്ക് പുറമെ ശാനവാസ്, ശമീര്‍, റഈസ് എന്നിവരാണ് ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. പിന്നീട് കംപനി ഓഡിറ്ററായ മജു പി ഇസ്മാഈലിന്റെ ഒത്താശയോടെ, തന്റെയും റഈസിന്റെയും പേരില്‍ വ്യാജ രേഖകള്‍ ചമച്ചും രേഖയില്‍ വ്യാജ ഒപ്പിട്ടും ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും ഒഴിവാക്കിയതായി രേഖകള്‍ ചമച്ചു. ഇതിനുശേഷം, ശാനവാസും അയാളുടെ സഹോദരനും മാത്രം ഉള്‍പെട്ട കംപനിയിലേക്ക്, മറ്റു ജ്വലറി സ്ഥാപനങ്ങളെല്ലാം മാറ്റിയാണ് വമ്പന്‍ തട്ടിപ്പ് നടത്തിയത്'.

ഈ സ്ഥാപനങ്ങളുടെ മാനജിങ് ഡയറക്ടര്‍ ശാനവാസ് ആയതിനാല്‍ ജി എസ് ടി റദ്ദാക്കുന്ന വിവരവും മന:പൂര്‍വം മാമു അടക്കമുള്ള മറ്റ് ഡയറക്ടര്‍മാരില്‍നിന്നും മറച്ചുവെച്ചതായും പുതുതായി രൂപം നല്‍കിയ കംപനിയുടെ പേരിലെടുത്ത ജി എസ് ടിയിലാണ് ജ്വലറികള്‍ പ്രവര്‍ത്തനം തുടര്‍ന്നതെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.

പുതിയ കംപനി ആരംഭിച്ച് പാര്‍ട്ണര്‍ഷിപ് സ്ഥാപനങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ പൂര്‍ത്തിയാക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിച്ചില്ലെന്ന് മാമു ആരോപിക്കുന്നു. നാട്ടില്‍നിന്നും യുഎഇലേക്ക് കടത്തിയ പണം ഉപയോഗിച്ച് അവിടെ രണ്ട് ജ്വലറികള്‍ ആരംഭിക്കുകയും ജി എസ് ടിയിലും ആദായനികുതി വകുപ്പിലും നല്‍കിയിരിക്കുന്ന കണക്കുകളും രേഖകളും കൃത്രിമമായി ഉണ്ടാക്കിയതാണെന്നും ഇത് സംബന്ധ സമഗ്രമായ അന്വേഷണം വേണമെന്നും മാമു ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇദ്ദേഹം ഉന്നയിക്കുന്ന പല ആരോപണങ്ങളും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ പരിധിയില്‍ വരുന്ന വിഷയമാണെന്നതും ശ്രദ്ധേയമാണ്. അതേസമയം കേസെടുത്ത് ഒന്നര മാസം കഴിഞ്ഞിട്ടും സംഭവം മൂടിവെക്കാന്‍ ആരോപണ വിധേയര്‍ ശ്രമിച്ചതായും ആക്ഷേപമുണ്ട്.

Keywords: Complaint of Rs. 250 crore fraud, Kochi, News, Complaint, Allegation, Jewlery, Crime, Police, Investigation, Police FIR, Kerala.  

Post a Comment