Follow KVARTHA on Google news Follow Us!
ad

Controversy | ജന്തര്‍ മന്തറിലെ ഗുസ്തി താരങ്ങളുടെ സമര പന്തല്‍ പൊലീസ് നീക്കം ചെയ്തു; വ്യാപക പ്രതിഷേധം; അഹങ്കാരിയായ രാജാവ് പൊതുജനത്തിന്റെ ശബ്ദം തെരുവില്‍ അടിച്ചമര്‍ത്തുകയാണെന്ന് രാഹുല്‍ഗാന്ധി

ഇന്‍ഡ്യന്‍ കായിക മേഖലയ്ക്ക് ദുഃഖകരമായ ദിവസമാണ് ഇന്നത്തേതെന്ന് സാക്ഷി മാലിക് Police Action Against Wrestlers, Oppn Slams, National News
ന്യൂഡെല്‍ഹി: (www.kvartha.com) പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രതിഷേധവുമായെത്തിയ ഗുസ്തി താരങ്ങളെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ, ഇവര്‍ സമരം ചെയ്ത് വന്നിരുന്ന ജന്തര്‍ മന്തറിലെ ടെന്റുകളും കിടക്കകളും മറ്റും ഡെല്‍ഹി പൊലീസ് നീക്കം ചെയ്തു. സംഭവസ്ഥലത്ത് നിന്ന് ഒരു മാധ്യമപ്രവര്‍ത്തകനേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അതേസമയം, കഞ്ചാവ്‌ല ചൗകിലെ എംസി പ്രൈമറി സ്‌കൂള്‍ താത്കാലിക ജയിലാക്കാനുള്ള ഡെല്‍ഹി പൊലീസിന്റെ നിര്‍ദേശം ഡെല്‍ഹി മേയര്‍ നിരസിച്ചു.

ഗുസ്തി താരങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ജെഎന്‍യുവിന് പുറത്ത് പ്രതിഷേധം നടത്തിയ വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.

പട്ടാഭിഷേകം പൂര്‍ത്തിയായപ്പോള്‍ അഹങ്കാരിയായ രാജാവ് പൊതുജനത്തിന്റെ ശബ്ദം തെരുവില്‍ അടിച്ചമര്‍ത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു. രാജ്യത്തിന് വേണ്ടി മെഡലുകള്‍ നേടിയ വനിതാ താരങ്ങളുടെ ശബ്ദം ബൂടുകള്‍ക്കടിയില്‍ ചവിട്ടിമെതിക്കുന്നത്രയും ബിജെപി സര്‍കാരിന്റെ ധാര്‍ഷ്ട്യം വളര്‍ന്നുവെന്നായിരുന്നു പ്രിയങ്കാഗാന്ധിയുടെ ട്വീറ്റ്. താരങ്ങള്‍ക്കെതിരായ പൊലീസ് നടപടിയെ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍ അപലപിച്ചു.

പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രതിഷേധ മാര്‍ച് നടത്തിയ ഗുസ്തി താരങ്ങള്‍ക്കെതിരായ ജന്തര്‍ മന്തറിലെ പൊലീസ് നടപടിക്ക് പിന്നാലെ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംഗ് പൂനിയ എന്നിവരെ ഡെല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിനെതിരെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്.

'ഗുസ്തി താരങ്ങളുടെ നെഞ്ചിലെ മെഡല്‍ രാജ്യത്തിന്റെ അഭിമാനമാണ്. കഠിനാധ്വാനത്തിലൂടെ കായിക താരങ്ങള്‍ നേടിയെടുത്ത മെഡല്‍ രാജ്യത്തിന്റെ യശ്ശസുയര്‍ത്തി. വനിതാ താരങ്ങളുടെ ശബ്ദം ബൂടുകള്‍ക്കടിയില്‍ ചവിട്ടിമെതിക്കുന്നത്രയും ബിജെപി സര്‍കാരിന്റെ ധാര്‍ഷ്ട്യം വളര്‍ന്നിരിക്കുന്നു. ഇത് പൂര്‍ണമായും തെറ്റാണ്. സര്‍കാരിന്റെ ഈ ധാര്‍ഷ്ട്യവും അനീതിയും രാജ്യം മുഴുവന്‍ കാണുന്നുണ്ട്' എന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

'Arrogant King After Coronation.': Oppn Slams Police Action Against Wrestlers, New Delhi, News, Politics, Criticism, Rahul Gandhi, Priyanka Gandhi, Aravindh Kejriwal, Twitter, National

ഇന്‍ഡ്യന്‍ കായിക മേഖലയ്ക്ക് ദുഃഖകരമായ ദിവസമാണ് ഇന്നത്തേതെന്ന് ഗുസ്തി താരം സാക്ഷി മാലിക് ട്വീറ്റ് ചെയ്തു. താരങ്ങള്‍ തെരുവില്‍ വലിച്ചിഴയ്ക്കപ്പെടുമ്പോള്‍, ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ് പാര്‍ലമെന്റില്‍ ഇരിക്കുകയാണെന്ന് സാക്ഷി മാലിക് കുറ്റപ്പെടുത്തി. ഏതെങ്കിലും രാജ്യം തങ്ങളുടെ ചാംപ്യന്മാരോട് ഇങ്ങനെ പെരുമാറുമോയെന്ന് ബജ്റംഗ് പൂനിയ ചോദിച്ചു.

പ്രതിഷേധിക്കുന്നവരെ ആരും തടഞ്ഞിട്ടില്ലെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് തടഞ്ഞതെന്നും ക്രമസമാധാന ചുമതലയുള്ള ഡെല്‍ഹി സ്പെഷ്യല്‍ സിപി ദേപേന്ദ്ര പഥക് പറഞ്ഞു. പൊലീസ് നല്‍കിയ നിര്‍ദേശങ്ങള്‍ പ്രതിഷേധക്കാര്‍ അവഗണിച്ചു. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ് ഘാടനമാണെന്നറിഞ്ഞിട്ടും അവര്‍ അവിടേക്ക് മാര്‍ച് നടത്തി. നിയമപ്രകാരമുള്ള നടപടികളാണ് അവര്‍ക്കെതിരെ സ്വീകരിച്ചത്. ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കുന്നതില്‍ ആരേയും പിന്തിരിപ്പിച്ചിട്ടില്ല, പക്ഷേ നിയമവിരുദ്ധമായ നടപടികള്‍ അനുവദിക്കില്ലെന്നും ദേപേന്ദ്ര പഥക് പറഞ്ഞു.

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ ഗുസ്തി താരങ്ങള്‍ മഹിളാ സമ്മാന്‍ മഹാപഞ്ചായത് നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഇവിടേക്ക് പ്രതിഷേധ മാര്‍ച് നടത്തിയ താരങ്ങള്‍ പൊലീസ് സ്ഥാപിച്ച ബാരികേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ അവര്‍ക്കെതിരെ നടപടിയെടുത്തു.

താരങ്ങളെ പൊലീസ് വലിച്ചിഴയ്ക്കുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. അതേസമയം തങ്ങള്‍ ബാരികേഡ് തകര്‍ത്തിട്ടില്ലെന്നായിരുന്നു ബജ്റംഗ് പൂനിയ അറിയിച്ചത്. ലൈംഗികാതിക്രമ പരാതി നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഏറെനാളായി ഗുസ്തി താരങ്ങള്‍ പ്രതിഷേധം നടത്തിവരുന്നത്.

Keywords: 'Arrogant King After Coronation.': Oppn Slams Police Action Against Wrestlers, New Delhi, News, Politics, Criticism, Rahul Gandhi, Priyanka Gandhi, Aravindh Kejriwal, Twitter, National. 

Post a Comment