Follow KVARTHA on Google news Follow Us!
ad

വിദൂരതയില്‍

Short story: In the distance#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മിനിക്കഥ / അസീസ്‌ പട്‌ല

(www.kvartha.com) വസന്തം വഴിമാറി ഗ്രീഷ്മത്തെ പുല്‍കുന്ന തിരക്കിനിടയിലും വീട്ടുമുറ്റത്തെ പത്തുമണിപ്പൂവ് വിടരുന്നതില്‍ കാണിച്ച കൃത്യതയില്‍ അതിശയംപൂണ്ട മനോജ്‌ അറിയാതെ വിളിച്ചുപോയി.

'കൃഷ്ണാ......... നിന്‍റെ ഓരോ സൃഷ്ടി വൈഭവം!'
'എടീ....വാതിലടച്ചേര്, ഞാന്‍ ശേഖരനെ കണ്ടിട്ട് വരാം'

മറുപടിക്ക് കാത്തുനിക്കാതെ ഓരോന്നാലോചിച്ച് സ്വയം ചിരിച്ചുകൊണ്ട് നടന്നു നീങ്ങി, ഇന്നത്തെ പത്രത്തിലച്ചടിച്ചുവന്ന ചെറുകഥ, നിലവാരമുണ്ടായിട്ടല്ല എന്തോ, വിശ്വാസം വന്നില്ല. വഴിയില്‍ ചാഞ്ഞചില്ലയിലെ പ്ലാവില പറിച്ചെടുത്ത് കറപൊടിഞ്ഞ ഞെട്ട് കടിച്ചുതുപ്പിക്കൊണ്ട് മുമ്പോട്ടു നടന്നു, അതിന്‍റെ ചമര്‍പ്പ് അയാള്‍ക്ക് മധുരിമയായി തോന്നി.
                
Kerala, Story, Friends, Writer, Short story: In the distance.

ശേഖരനാവുമ്പോ കഥയുടെ തലനാരിഴകീറി അപഗ്രഥിക്കും, അയള്‍ക്കതില്‍ നല്ല വിവരമാ. സഹപാഠി മാത്രമല്ല, അടുത്ത കൂട്ടുകാരനും കൂടിയാ, എഴുത്തിന്‍റെ ലോകത്ത് എവിടെയോയെത്തെണ്ടയാളാ.

ഗേറ്റ് തുറക്കുന്ന ഒച്ച കേട്ട്, കോലായയിലെ ചാരുകസേരയില്‍ പത്രപാരായണത്തില്‍ മുഴുകിയ ശേഖരന്‍ തിരിഞ്ഞുനോക്കി ഉച്ചത്തില്‍ വിളിച്ചു. 'ഹല്ലാ... ആരായിത്, വല്ല്യ കഥയെഴുത്തുകാരനായിപ്പോയി. ദേ, തന്‍റെ കഥ തന്നെയാ വായിച്ചോണ്ടിർന്നതും'.

സമ്മതം ചോദിക്കാതെ വശംചേര്‍ന്ന ചാരുപ്പടിയില്‍ അയാളും ഇരുന്നു, ശേഖരന്‍ പത്രം മടക്കി ടീപോയിലിട്ടു, വലതുകയ്യിലെ കണ്ണടക്കാല്‍ ചുണ്ടില്‍ തിരുകി നിറഞ്ഞ സന്തോഷത്തോടെ അഭിനന്ദിച്ചു. 'എനിക്കുറപ്പുണ്ടായിരുന്നു, നിന്‍റെ ചില കുത്തിക്കുറിപ്പുകളൊക്കെക്കണ്ടപ്പോള്‍, അതിലെ ജീവന്‍തുടിപ്പിന്‍റെ അംശങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു'.

പ്രശംസയില്‍ നിറഞ്ഞ ആത്മാര്‍ത്ഥതയെ നിര്‍വികാരതയോടെ കേട്ടുനിന്ന അയാള്‍ തിരിച്ചൊരു ചോദ്യം.
'എന്‍റെ ഈ പൊട്ടത്തരം അച്ചടിച്ചു വന്നുവെങ്കില്‍; ഇക്കാലമത്രയും താന്‍ കുത്തിക്കുറിച്ചു ചവറ്റുകൊട്ടയിലെറിഞ്ഞ കവിതയും ലേഖനങ്ങളുമൊക്കെ അച്ചടിക്കാന്‍ അയച്ചിരുന്നുവെങ്കില്‍ മലയാള വായന ലോകത്തിനുതന്നെ ഒരു മുതല്‍ക്കൂട്ടകുമായിരുന്നു, അവരുടെ വായനശാലകള്‍ നിറയ്ക്കാനും'.

അയാള്‍ കണ്ണടച്ചില്ലിലൂടെ വിദൂരതയില്‍ കണ്ണും നട്ടിരുന്നു. നീണ്ട ഒരു നെടുവീര്‍പ്പോടെ ഇടംകണ്ണിലൂടെ മനോജിനെ നോക്കുമ്പോള്‍ ആ കണ്ണുകള്‍ ആര്‍ദ്രമായിരുന്നു.

Keywords: Kerala, Story, Friends, Writer, Short story: In the distance.

Post a Comment