Follow KVARTHA on Google news Follow Us!
ad

മഠാധിപതി 'ദിവാന്‍ ഷെറീഫ് റഹിമാന്‍ മുല്ല' മഞ്ഞുപോലെ; മതാതീതസൗരഭ്യം

ജമന്തിമാല ചാര്‍ത്തി, കളഭമണിഞ്ഞ് മഠാധിപതിയായി അവരോധിക്കപ്പെടുമ്പോള്‍ 33 കാരനായ മുസ്ലീംArticle, Religion, Sathis gopi, Rituals,Article on Sathish Gopi
ഏഴിലംപാതകള്‍-9/സതീഷ് ഗോപി

(www.kvartha.com 01/03/2020)
ജമന്തിമാല ചാര്‍ത്തി, കളഭമണിഞ്ഞ് മഠാധിപതിയായി അവരോധിക്കപ്പെടുമ്പോള്‍ 33 കാരനായ മുസ്ലീം യുവാവിന്റെ ചുണ്ടില്‍ ബസവണ്ണയുടെ 'കല്യാണരാജ്യ' സ്തുതി. ശുഭ്രവസ്ത്രവും കുങ്കുമത്തലപ്പാവുമണിഞ്ഞ മഠാധിപതിയുടെ കന്നിപ്രഭാഷണം മതവൈരത്തിന്റെ കനലാളുന്ന സമകാലിക ഇന്ത്യക്കുള്ള സന്ദേശവുമായി. കര്‍ണാടക ഗഥക് ജില്ലയിലെ ആസുദി ഗ്രാമത്തിലാണ് ലിംഗായത്ത് സമുദായക്കാരുടെ ആത്മീയ നേതാവായി ദിവാന്‍ ഷെറീഫ് റഹിമാന്‍ സാബ് മുല്ല ബുധനാഴ്ച അവരോധിക്കപ്പെട്ടത്. മുരുക രാജേന്ദ്ര കൊണേശ്വര ശാന്തിധാമ മഠത്തിന്റെ അധിപനായാണ് മുല്ലയുടെ സ്ഥാനാരോഹണം. തലസ്ഥാനത്ത് വര്‍ഗീയകലാപത്തിന്റെ കാറ്റുവീശുമ്പോഴാണ് അയല്‍നാട്ടില്‍ നിന്ന് മതാതീതസാഹോദര്യത്തിന്റെ സദ്വാര്‍ത്ത.

Article, Religion, Sathis Gopi, Rituals, Article on Sathish Gopi


12ാം നൂറ്റാണ്ടില്‍ കര്‍ണാടകത്തില്‍ സാമൂഹ്യനവോഥാനത്തിനായി പ്രവര്‍ത്തിച്ച വിപ്ലവകാരിയായ പരിഷ്‌കര്‍ത്താവാണ് ബസവണ്ണ. ലിംഗായത്ത് വിഭാഗത്തില്‍പ്പെട്ട ലക്ഷക്കണക്കിനാളുകള്‍ അദ്ദേഹത്തിന്റെ അനുയായികളായുണ്ട്. കര്‍ണാടകത്തിലും മഹാരാഷ്ട്രയിലുമാണ് അധികം. കര്‍ണാടകത്തില്‍ ചിത്രദുര്‍ഗ ആസ്ഥാനമായി 361 ജഗദ്ഗുരു മുരുഗരാജേന്ദ്രമഠങ്ങളുണ്ട്. ഇതരമതത്തില്‍പ്പെട്ട, വിവാഹിതനായ ഒരാളെ മഠാധിപതിയാക്കിയത് ബസവണ്ണയുടെ ആശയങ്ങളില്‍ അനുയായികള്‍ക്കുള്ള പിന്തുണയാണ് വ്യക്തമാക്കുന്നത്.

ഷെറീഫിന്റെ ഉപ്പ റഹിമാന്‍ സാബും ഉമ്മ ഫാത്തിമയും ബസവണ്ണയുടെ പ്രമാണങ്ങളില്‍ ആകൃഷ്ടരായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആസുദിയില്‍ മഠം സ്ഥാപിക്കാന്‍ അദ്ദേഹം രണ്ട് ഏക്കര്‍ ഭൂമിയും നല്‍കി. പൂര്‍വാശ്രമത്തില്‍ ഓട്ടോഡ്രൈവറായിരുന്നു ഷെറീഫ്. ജീവിതം തെറ്റായ വഴിയിലേക്ക് സഞ്ചരിച്ചു തുടങ്ങിയപ്പോഴാണ് മാറിച്ചിന്തിച്ചത്. രാജ്യത്തിന് കാവലിരിക്കുന്ന സൈനികരെപ്പോലെ സമൂഹത്തിനായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ശക്തമായി. അപ്പോള്‍ ബസവണ്ണയുടെ 'വിളി' കേള്‍ക്കാതിരിക്കാനായില്ല. വിവാഹിതനായിരുന്ന ഷെറീഫിന് നാല് മക്കളുമുണ്ട്.

സന്യാസിയാകണമെന്ന ആഗ്രഹം ഖാജൂരി മഠത്തിലെ ശിവയോഗിയെയും ചെറുപ്പം മുതല്‍ സഹചാരികളായിരുന്ന ലിംഗായത്ത് അനുയായികളെയും അറിയിച്ചു. അങ്ങനെ മൂന്നുവര്‍ഷം മുമ്പ് ബസവണ്ണയുടെ ആശയങ്ങളില്‍ കൂടുതല്‍ അവഗാഹം നേടാന്‍ മഠത്തിലെത്തി തുടങ്ങി. പിന്നീട് പൂര്‍ണമായും സന്യാസപാതയിലായി. ഷെറീഫിന്റെ വീട്ടുകാരും ആഗ്രഹങ്ങള്‍ക്ക് എതിരു നിന്നില്ല. കഴിഞ്ഞ നവംബര്‍ പത്തിനാണ് സ്വാമി ശിവയോഗിയില്‍ നിന്ന് 'ലിംഗദീക്ഷ' സ്വീകരിച്ചത്.

ഇസ്ലാം- സൂഫി ആശയങ്ങളുമായി ലിംഗായത്ത് സമുദായത്തിന് ബന്ധമുള്ളതിനാല്‍ മുമ്പും സമാനസംഭവങ്ങളുണ്ടായതായി എഴുത്തുകാരനായ എസ് എം ജംദാര്‍ ചൂണ്ടിക്കാണിക്കുന്നു. കാല്‍നൂറ്റാണ്ട് മുമ്പ് ഇസ്ലാം വിഭാഗത്തില്‍പ്പെട്ട ഒരു പ്രൊഫസര്‍ ലിംഗദീക്ഷ സ്വീകരിച്ച് സന്യസിച്ചിട്ടുണ്ട്. ബസവസിദ്ധ കബീറാനന്ദ എന്ന പേര് സ്വീകരിച്ച അദ്ദേഹം കലബുര്‍ഗി ചാഗര്‍ഹള്ളിയില്‍ മഠവും സ്ഥാപിച്ചിട്ടുണ്ട്.


Keywords: Article, Religion, Sathis Gopi, Rituals, Article on Sathish Gopi