Follow KVARTHA on Google news Follow Us!
ad

കണ്ണൂരില്‍ എസ്എഫ്‌ഐയെ രക്തരക്ഷസായി ചിത്രീകരിച്ച് എഐഎസ്എഫ് സമ്മേളനം; പ്രതിനിധി ചര്‍ച്ചയില്‍ കമ്യൂണിസ്റ്റ് ഐക്യം താങ്ങി നിര്‍ത്താന്‍ ഇനിയും അടിയും തൊഴിയും വാങ്ങാനാവില്ലെന്ന് പ്രവര്‍ത്തകര്‍

സിപിഐ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ് സമ്മേളനത്തില്‍ സഹയാത്രികരായ എസ്എഫ്‌ഐക്കെതിരെ പൊട്ടിത്തെറി. എസ്എഫ്‌ഐയെ വെള്ളക്കൊടി പിടിച്ച Kannur, Kerala, News, Trending, SFI, Conference, Student, Politics, Worker, AISF against SFI.
ഭാമ നാവത്ത്

കണ്ണൂര്‍: (www.kvartha.com 28.07.2019) സിപിഐ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ് സമ്മേളനത്തില്‍ സഹയാത്രികരായ എസ്എഫ്‌ഐക്കെതിരെ പൊട്ടിത്തെറി. എസ്എഫ്‌ഐയെ വെള്ളക്കൊടി പിടിച്ച രക്തരക്ഷസുകളെന്നാണ് സമ്മേളന റിപ്പോര്‍ട്ടില്‍ തന്നെ വിശേഷിപ്പിക്കുന്നത്. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നൊക്കെ കൊടിയില്‍ എഴുതി വെച്ചെന്നല്ലാതെ മറ്റു വിദ്യാര്‍ത്ഥി സംഘടനകളെ കാംപസില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത ഫാസിസ്റ്റ് സംഘടനയാണ് എസ്എഫ്‌ഐയെന്നാണ് വിമര്‍ശനം.


സമ്മേളനം ഉദ്ഘാടനം ചെയ്ത എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകര്‍ എസ്എഫ്‌ഐയെ ഫാസിസ്റ്റ് സംഘടനയെന്നാണ് വിശേഷിപ്പിച്ചത്. തങ്ങള്‍ക്ക് ക്യാംപസുകളില്‍ യൂനിറ്റ് രൂപീകരിക്കാന്‍ എസ്എഫ്‌ഐയില്‍ നിന്നും അനുമതി വാങ്ങേണ്ട അവസ്ഥയാണെന്നും ശുഭേഷ് തുറന്നടിച്ചു. എസ്എഫ്‌ഐയുടെ ഈ ഫാസിസ്റ്റ് ശൈലി കാംപസുകളിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അന്തകവിത്തായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ നടന്ന ചര്‍ച്ചയില്‍ കമ്യുണിസ്റ്റ് ഐക്യം താങ്ങി നിര്‍ത്താന്‍ ഇനിയും തങ്ങള്‍ക്കു കഴിയില്ലെന്നും അടിയും തൊഴിയും കൊണ്ടു മടുത്തുവെന്നും സമ്മേളന പ്രതിനിധികളില്‍ ചിലര്‍ പറഞ്ഞു.

കണ്ണൂരില്‍ ചേര്‍ന്ന ഈ ജില്ലാ സമ്മേളനം പോലും കലക്കാന്‍ എസ്എഫ്‌ഐക്കാര്‍ ശ്രമിച്ചു. പ്രചാരണബോര്‍ഡുകള്‍ നശിപ്പിച്ചു. പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി. കണ്ണൂര്‍ നഗരത്തില്‍ പോലും ജില്ലാ സമ്മേളനത്തിന്റെ പ്രചരണം നടത്തിയ പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാരെ ഉപയോഗിച്ചു ഭീഷണിപ്പെടുത്തിയെന്നു ജില്ലാനേതാക്കള്‍ ആരോപിച്ചിരുന്നു.

ഇതേ തുടര്‍ന്ന് നഗരത്തില്‍ ഇരുവിഭാഗം പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും ഭീഷണിയുമുണ്ടായി. ഇതുകൂടാതെ എസ്എഫ്‌ഐ അവകാശപത്രിക സമര്‍പ്പണത്തിന്റെ ഭാഗമായി നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനിടെ കുത്തബ് മിനാറിനു മുമ്പില്‍ കെട്ടിയ ആടായാണ് എഐഎസ്എഫിനെ പരിഹസിച്ചത്.

വിദ്യാര്‍ഥി സെമിനാര്‍ ക്ഷണിക്കാന്‍ പോയ ജില്ലാഭാരവാഹികളെ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ഷിബിന്‍ കാനായി പരസ്യമായി ഭീഷണിപ്പെടുത്തിയത് കാരണം സെമിനാര്‍ മാറ്റിവയ്‌ക്കേണ്ടി വന്നു. ഈ രീതിയില്‍ ഇനിയും തുടര്‍ന്നു പോകാനാവില്ലെന്നും കണ്ണൂര്‍ ജില്ലയിലെ മിക്ക പോളി, ഐടിഐകളില്‍ എഐഎസ്എഫിനു യൂനിറ്റ് പോലും രൂപീകരിക്കാന്‍ എസ്എഫ്‌ഐക്കാര്‍ അനുവദിക്കുന്നില്ലെന്നും ചില പ്രതിനിധികള്‍ തുറന്നടിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kannur, Kerala, News, Trending, SFI, Conference, Student, Politics, Worker, AISF against SFI.