Follow KVARTHA on Google news Follow Us!
ad

വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുകേസില്‍ മുന്‍ മാനേജര്‍മാരുടെ പങ്ക് തെളിഞ്ഞു; വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ദുരൂഹത

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകളുടെയും അപകടമരണത്തിന്റെ ഞെട്ടലില്‍ Thiruvananthapuram, News, Trending, Death, Airport, Allegation, Accidental Death, Kerala,
തിരുവനന്തപുരം: (www.kvartha.com 01.06.2019) വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകളുടെയും അപകടമരണത്തിന്റെ ഞെട്ടലില്‍ നിന്നും ഇന്നും മലയാളികള്‍ മോചിതരായിട്ടില്ല. അതിന് പിന്നാലെയാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് സ്വര്‍ണക്കടത്തിന്റെ ആരോപണങ്ങളും ഉയരുന്നത്.

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുകേസുകളില്‍ മുന്‍ മാനേജര്‍മാരുടെ പങ്കാണ് ഇപ്പോള്‍ താരത്തിന്റെ അപകട മരണത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നത്. കേസില്‍ പിടിയിലായ പ്രകാശന്‍തമ്പി ബാലഭാസ്‌കറിന്റെ സംഗീതപരിപാടിയുടെ സംഘാടകനും കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന വിഷ്ണു സാമ്പത്തിക മാനേജരുമായിരുന്നു.

New twist in gold smuggling case: Balabhaskar's death under suspicion, Thiruvananthapuram, News, Trending, Death, Airport, Allegation, Accidental Death, Kerala

പുതിയ സംഭവം പുറത്തുവന്നതോടെ ബാലഭാസ്‌കര്‍ മരിച്ച അപകടവുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരേയും സംശയങ്ങളുണ്ടെന്നും ഇതുകൂടി അന്വേഷണിക്കണമെന്നും ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് കെ.സി. ഉണ്ണി രംഗത്തെത്തി. ഈ ആവശ്യം ഉന്നയിച്ച് അന്വേഷണസംഘത്തിന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റ് ചെയ്ത മുഖ്യപ്രതി അഭിഭാഷകന്‍ ബിജു മനോഹര്‍ കൈമാറുന്ന സ്വര്‍ണം കള്ളക്കടത്തു സംഘത്തിലെ മലപ്പുറം സ്വദേശി ഹക്കീമിന് എത്തിക്കുന്നത് പ്രകാശാണ്. സ്ത്രീകള്‍ കള്ളക്കടത്ത് നടത്തുമ്പോള്‍ സ്വര്‍ണം കൈമാറുന്നതും ഇയാള്‍ക്കാണ്.

പലവട്ടം ദുബൈയിലേക്കു യാത്ര ചെയ്തിട്ടുള്ള പ്രകാശ് 25 കിലോഗ്രാം സ്വര്‍ണം വിദേശത്തുനിന്നു കൊണ്ടുവന്നിട്ടുണ്ടെന്നും ഡി.ആര്‍.ഐ. കണ്ടെത്തി. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. എന്നാല്‍, ഇവര്‍ ബാലഭാസ്‌കറിന്റെ മാനേജര്‍മാരല്ലെന്നും ചില പരിപാടികളുടെ സംഘാടകര്‍ മാത്രമായിരുന്നുവെന്നുമായിരുന്നു ഭാര്യ ലക്ഷ്മി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നത്.

വിഷ്ണുവുമായി ബാലഭാസ്‌കറിന് ചെറുപ്പം മുതല്‍തന്നെ ബന്ധമുണ്ടായിരുന്നതായി സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു. പ്രകാശന്‍ തമ്പിയെ ഏഴെട്ടുവര്‍ഷംമുമ്പ് ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ബാലഭാസ്‌കര്‍ പരിചയപ്പെടുന്നത്. വിഷ്ണുവാണ് മിക്ക സംഗീത പരിപാടികളുടെയും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. ഇയാള്‍ ആ സമയത്തും സ്ഥിരമായി വിദേശയാത്രകള്‍ ചെയ്യാറുണ്ടായിരുന്നു.

ബാലഭാസ്‌കറിന്റെ അപകടവുമായി ബന്ധപ്പെട്ട് പാലക്കാട്ടെ ആശുപത്രി ഉടമയുടെ പേരിലും ബന്ധുക്കള്‍ സംശയം ഉന്നയിച്ചിരുന്നു. ഇവരുമായി വിഷ്ണുവിനും പ്രകാശിനും അടുത്ത ബന്ധമുണ്ടെന്നാണ് ബാലഭാസ്‌കറിന്റെ പിതാവ് പറയുന്നത്.

അപകടമുണ്ടായ സ്ഥലത്ത് ആദ്യമെത്തുന്നത് പ്രകാശന്‍തമ്പിയാണ്. തുടര്‍ന്ന് ബാലഭാസ്‌കറിന്റെ വീട്ടുകാരില്‍നിന്ന് ഇവര്‍ ഒഴിഞ്ഞുമാറിനില്‍ക്കുകയായിരുന്നുവെന്നു സുഹൃത്തുക്കള്‍ പറയുന്നു. പാലക്കാട്ടെ സംഘത്തിന് വിദേശത്തും ചില വ്യാപാരബന്ധങ്ങളുണ്ടായിരുന്നതായി ആരോപണമുണ്ട്. ഇവരുമായി ബന്ധപ്പെട്ടാണ് വിഷ്ണു സ്ഥിരം വിദേശയാത്ര നടത്തിയിരുന്നത്.

ബാലഭാസ്‌കറുമായി ബന്ധപ്പെട്ട പല സാമ്പത്തിക ഇടപാടുകളും ബന്ധുക്കളെക്കാള്‍ കൂടുതല്‍ ഇവര്‍ക്കാണ് അറിയാമായിരുന്നതെന്നു പറയുന്നു. പാലക്കാട്ട് ബാലഭാസ്‌കര്‍ നടത്തിയിരുന്നുവെന്ന് പറയുന്ന നിക്ഷേപത്തെക്കുറിച്ച് ഇപ്പോഴും വ്യക്തത വരുത്താന്‍ അന്വേഷണസംഘത്തിനായിട്ടില്ല. അപകടമുണ്ടാകുന്നതിനു തൊട്ടുമുമ്പ് പലതവണ എവിടെയെത്തിയെന്നന്വേഷിച്ച് ബാലഭാസ്‌കറിന് ഫോണ്‍കോളുകള്‍ വന്നിരുന്നതായും അച്ഛന്‍ ഉണ്ണി പറയുന്നു.

പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ക്രൈംബ്രാഞ്ച് ഈ വിഷയങ്ങളെക്കുറിച്ച് വിശദമായി പരിശോധിക്കും. ബാലഭാസ്‌കര്‍ ഉപയോഗിച്ചിരുന്ന നാല് മൊബൈല്‍ നമ്പറുകളിലേക്ക് വന്ന കോളുകളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.

2018 സെപ്തംബര്‍ 24ന് തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരവേ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ ദേശീയപാതയില്‍ പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാമ്പിനടുത്ത് റോഡരികിലെ മരത്തില്‍ ഇടിച്ചുകയറുകയായിരുന്നു. സംഭവത്തില്‍ ബാലഭാസ്‌കറും മകള്‍ തേജസ്വിനിയും മരിച്ചു.

അപകട സമയത്ത് വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജുനായിരുന്നുവെന്നാണ് ബാലുവിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. എന്നാല്‍ വാഹനം ഓടിച്ചത് അര്‍ജുനായിരുന്നുവെന്നും ബാലു പിന്‍സീറ്റില്‍ ഉറങ്ങുന്നത് കണ്ടുവെന്നും ചിലര്‍ മൊഴി നല്‍കിയത് സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിച്ചു.

ബാലഭാസ്‌ക്കറിന് ഉണ്ടായിരുന്ന ചില സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കുടുംബം സംശയം ഉന്നയിച്ചു. അച്ഛന്‍ ഉണ്ണിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവം ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുകയാണ്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഇക്കാര്യങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നാണ് വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New twist in gold smuggling case: Balabhaskar's death under suspicion, Thiruvananthapuram, News, Trending, Death, Airport, Allegation, Accidental Death, Kerala.