Follow KVARTHA on Google news Follow Us!
ad

വര്‍ഷങ്ങള്‍ പോയതറിയാതെ...

1990കളിലെ ഒരു നോമ്പുകാലം. കാവില്‍ തറവാട്ടില്‍ ഉമ്മയുടെ നേതൃത്വത്തില്‍ നോമ്പുതുറയുടെ ഒരുക്കം. മസാലക്കൂട്ടുകളുടെ നനുത്ത Article, Trending, Ramadan, Story, Sadiq Kavil, Story about A Day of Ramadan, Story about A Day of Ramadan by Sadiq Kavil
നോമ്പോര്‍മ/ സാദിഖ് കാവില്‍

(www.kvartha.com 30.05.2019) 1990കളിലെ ഒരു നോമ്പുകാലം. കാവില്‍ തറവാട്ടില്‍ ഉമ്മയുടെ നേതൃത്വത്തില്‍ നോമ്പുതുറയുടെ ഒരുക്കം. മസാലക്കൂട്ടുകളുടെ നനുത്ത ഗന്ധം നാസാരന്ധ്രങ്ങളെ ചടുലമാക്കിക്കൊണ്ടിരുന്നു. ഞാനവരെ കാത്തിരിക്കുകയായിരുന്നു. ചെറുപഴം മുറിച്ചിട്ട കസ്‌കസ് ജ്യൂസ്, കറുത്ത മുന്തിരിച്ചാറ്, പലതരം പഴങ്ങള്‍, തരിക്കഞ്ഞി, സേമിയാ പായസം, ഉന്നക്കായ, മുട്ട പഫ്സ്... കൊതിയൂറും വിഭവങ്ങള്‍ നീളന്‍ ഇരിപ്പുമുറിയോട് ചേര്‍ന്ന തീന്‍മേശയില്‍ നിരന്നുകവിഞ്ഞു.

ഞാന്‍ പൂമുഖത്തിരുന്ന് അകലെ മണ്‍ പാതയിലേയ്ക്ക് മിഴിനട്ടു. സമയം അടുത്തിട്ടും അവരെത്താത്തതെന്തേ? ഇനി ഒരു പക്ഷേ, വരില്ലെന്നുണ്ടോ? എന്റെ ആശങ്ക ഉമ്മയെ അറിയിക്കരുതെന്ന് കരുതി വീടിന് പുറത്തിറങ്ങി കുറച്ചുമാറിയുള്ള അടച്ച കടയുടെ തിട്ടയില്‍ ഞാന്‍ ഇരുന്നു. വലിയ ജനാലയുടെ പ്രത്യേക ഡിസൈനിലുള്ള മരക്കൈകളില്‍ പിടിച്ച് ഉമ്മ അതു നോക്കിനിന്നു. എന്റെ മനസ് എന്തിനെന്നില്ലാതെ കലുഷിതമായിരുന്നു. വരുന്നവര്‍ ആരെല്ലാമാണെന്ന് ഉമ്മയോട് കൃത്യമായി പറയാത്തത് തെറ്റായിപ്പോയോ?

ആലോചനകള്‍ കാടുകയറവെ അതാ, മുള്‍വേലികളാല്‍ ചുറ്റപ്പെട്ട ഇജഇഞ്ഞക ക്വാര്‍ട്ടേഴ്സിനരികിലെ വളവ് തിരിഞ്ഞ് മൂവര്‍ സംഘം ചിരിച്ചു വര്‍ത്തമാനം പറഞ്ഞു വരുന്നു. ഹോ, ആശ്വാസമായി, എങ്ങാനും അവര്‍ വന്നില്ലായിരുന്നെങ്കില്‍ ഉമ്മയുടെയും അയല്‍ പക്കത്തെ സഹായികളായ സ്ത്രീകളുടെയും ഉച്ചമുതലുള്ള അധ്വാനം പാഴായിപ്പോയേനെ.

എല്ലാരും എന്റൂടെ പഠിക്കുന്നോരാ മ്മാ. ഞാനവരെ ഉമ്മയ്ക്ക് പരിചയപ്പെടുത്തി. ആരുടെയും പേരു മനപ്പൂര്‍വം പറഞ്ഞില്ല.
എല്ലാരേം പൊര ഏടെ?
അവര്‍ കാഞ്ഞങ്ങാടിനടുത്തെ വിവിധ പ്രദേശങ്ങളുടെ പേര് പറഞ്ഞു. ഉമ്മയ്ക്ക് ആ സ്ഥലങ്ങള്‍ മനസിലായോ ആവോ.
ഈത്തപ്പഴം കൊണ്ട് നോമ്പു തുറന്ന്, ജ്യൂസ് കുടിച്ച്, എണ്ണപ്പലഹാരങ്ങളും സേമിയാ പായസവുമെല്ലാം ഒന്നും വിടാതെ അകത്താക്കി.
സൂപ്പറായിരിക്കുന്നെടാ, മുരളി പറഞ്ഞപ്പോള്‍ രവിയും വേണുവും അത് ശരിവച്ചു. എല്ലാവരും പൂമുഖത്തെ ചുവന്ന കാവിപ്പെയിന്റ് തേച്ച നീളന്‍ സിമന്റ് സീറ്റിന്റെ കുളിര്‍മ നുകര്‍ന്ന് അല്‍പനേരം മലര്‍ന്നു കിടന്നു. മുറ്റത്തെ ചെടികളിലെ പൂക്കള്‍ മന്ദഹസിച്ചു. അകലെ, ആകാശത്ത് പറവകള്‍ കൂടണയാനുള്ള തിരക്കില്‍ പറന്നകലുന്നു. അറബിക്കടലില്‍ തിരകള്‍ പുളയുന്ന നേര്‍ത്ത ഒച്ച കേള്‍ക്കാം. കാവില്‍പള്ളിയുടെ അരികിലൂടെ തീവണ്ടി കൂകിപ്പാഞ്ഞു. ദിനേശ് ബീഡിക്കമ്പനിയിലെ ജോലി കഴിഞ്ഞ് അയല്‍പക്കത്തെ മനു സൈക്കിളില്‍ വീട്ടിലെത്തി. തെങ്ങോലകളെയും മൂവാണ്ടന്‍ മാവിനെയും തഴുകിയെത്തുന്ന ഇളംകാറ്റേറ്റുള്ള കിടത്തം മയക്കത്തിലേയ്ക്ക് വീഴുമെന്നായപ്പോള്‍ ഞങ്ങള്‍ ഇത്തിരിനേരം പല്‍പുവേട്ടന്റെ പെട്ടിക്കട വരെ നടക്കാനിറങ്ങി. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് സംസാരം കടന്നു.

തിരിച്ചെത്തിയപ്പോഴേയ്ക്കും തീന്‍മേശയില്‍ ബാക്കി വിഭവങ്ങള്‍ നിരത്തിക്കഴിഞ്ഞിരുന്നു. ഉമ്മ വന്നു കഴിക്കാന്‍ ക്ഷണിച്ചു.
പത്തിരി, നെയ്ചോര്‍, നെയ്പ്പത്തിരി, തേങ്ങയരച്ചുണ്ടാക്കിയ മട്ടന്‍കറി, കോഴി പൊരിച്ചതും, തേങ്ങാപ്പീര ചേര്‍ത്ത ബീഫ് കറിയും, പിന്നെ അയക്കൂറ കറിയും. ഉമ്മയുടെ ഇഷ്ടവിഭവമായ വെണ്ടയ്ക്ക തോരനുമുണ്ടായിരുന്നു. എല്ലാവരും നന്നായി കഴിച്ചു. ഏമ്പക്കം വിട്ടു. ലൈം ടീയും ചായയും കൂടി കഴിച്ച ശേഷം അവര്‍ ഓരോരുത്തരായി കൃതജ്ഞതയോടെ ഉമ്മയെ നോക്കി.
കുറേ ബുദ്ധിമുട്ടായി അല്ലേ ഉമ്മാ?
വേണുവിന്റെ മുഖത്ത് ഉമ്മയോടുള്ള സ്നേഹം പ്രകടമായി. ഉമ്മ അപ്പോള്‍ പുഞ്ചിരിച്ചു. ഇത്രയും നല്ലൊരു നോമ്പുതുറ പരിപാടിയില്‍ മുന്‍പ് ഞങ്ങളാരും പങ്കെടുത്തിട്ടില്ലുമ്മാ. രവി അതും പറഞ്ഞ് ഉമ്മയുടെ കൈകള്‍ പിടിച്ച് യാത്ര ചൊല്ലി. പിന്നെ മറ്റുള്ളവരും.

ഉമ്മ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, ഇനീം ബരണേ മക്കളേ.
അവര്‍ നടന്നുമറയുന്നത് വരെ ഞാനും ഉമ്മയും നോക്കി നിന്നു. എന്റെ മനസില്‍ ആ രഹസ്യം സംഘര്‍ഷമായി തലയുയര്‍ത്തി. ഉമ്മയെയും അയല്‍പക്കത്തെ സമപ്രായക്കാരായ സ്ത്രീകളെയും ഇത്രയൊക്കെ ബുദ്ധിമുട്ടിച്ചിട്ടും ഞാനത് ഒളിച്ചുവയ്ക്കുന്നത് ശരിയല്ലെന്ന് മനസ്സ് കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. പക്ഷേ, പറഞ്ഞാലോ...
ഒടുവില്‍ തുറന്നുപറയാന്‍ തന്നെ തീരുമാനിച്ചു.
ഉമ്മാ
എന്താ?
ഉമ്മാ, അതു പിന്നെ..
എന്തെങ്കിലും പറയ്?
അതുമ്മാ, ആ വന്നവര്‍ക്കൊന്നും നോമ്പുണ്ടായിരുന്നില്ല..
ഇതാണോ ഇപ്പോ അത്ര വലിയ കാര്യം എന്ന പോലെ സ്വതസിദ്ധമായ ചിരി പാസാക്കി ഉമ്മ എന്നെയൊന്നു നോക്കി.
എനിക്ക് അത് നേരത്തേ അറിയാമായിരുന്നെടാ മോനേ.. എന്ന് ഉമ്മ പറയുന്നത് പോലെ.
ബെശപ്പ് എല്ലാര്‍ക്കും ഒരുപോലല്ലേടാ,
ഭക്ഷണം കഴിക്കാനായി ഉമ്മ അകത്തേയ്ക്ക് പോയി. ഉമ്മയെ ഇനിയും ഈ മകന്‍ പൂര്‍ണമായും മനസിലാക്കിയില്ലല്ലോ. എനിക്ക് എന്നോട് തന്നെ ലജ്ജ തോന്നി. തലകുനിഞ്ഞു.

കേരളം ഇപ്രാവശ്യവും മതേതര മൂല്യം കാത്തുസൂക്ഷിച്ചു, തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ലോകം ഒന്നിച്ച് പറഞ്ഞു.
എന്റുമ്മ കഴിഞ്ഞ കൊല്ലം ഞങ്ങളെ വിട്ടുപോയെങ്കിലും, ഇതുപോലുള്ള ഉമ്മമാരും അമ്മമാരും നമ്മുടെ നാട്ടില്‍ ഇപ്പോഴുമുണ്ടല്ലോ. പിന്നെങ്ങനെ ആ മൂല്യങ്ങള്‍ നഷ്ടപ്പെടും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Trending, Ramadan, Story, Sadiq Kavil, Story about A Day of Ramadan, Story about A Day of Ramadan by Sadiq Kavil
  < !- START disable copy paste -->