Follow KVARTHA on Google news Follow Us!
ad

അവിശ്വാസികളായ സ്ത്രീകളെ മലകയറ്റാന്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പെന്ന് കെ മുരളീധരന്‍

ശബരിമല വിഷയം ആരും രാഷ്ട്രീയപരമായി ഉപയോഗിക്കുന്നത് നല്ലതല്ലെന്നും Kochi, News, Politics, Religion, Sabarimala Temple, Trending, Controversy, Criticism, LDF, UDF, Congress, Kerala,
കൊച്ചി: (www.kvartha.com 16.11.2018) ശബരിമല വിഷയം ആരും രാഷ്ട്രീയപരമായി ഉപയോഗിക്കുന്നത് നല്ലതല്ലെന്നും ഐക്യത്തോടെ പോയില്ലെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നശിക്കുമെന്നും കെ.മുരളീധരന്‍ എംഎല്‍എ. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ജി.രാമന്‍ നായര്‍ പാര്‍ട്ടി വിട്ടുപോയതു കൊണ്ട് കോണ്‍ഗ്രസിനു നഷ്ടമുണ്ടാകില്ലെന്നും ബിജെപിക്ക് അതിലൂടെ ഗുണം ലഭിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുരളീധരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ശബരിമല വിഷയം ഒരിക്കലും രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുത്. വിശ്വാസികളുടെ വിശ്വാസമാണ് ഏറ്റവും പ്രധാനം. ആചാരങ്ങളും അനുഷ്ഠാനങ്ങളും വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്. ആചാരങ്ങളും അനാചാരങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്. ശബരിമലയില്‍ അനാചാരം ഇല്ല.

K Muralidharan on Sabarimala Women Entry row, Kochi, News, Politics, Religion, Sabarimala Temple, Trending, Controversy, Criticism, LDF, UDF, Congress, Kerala.

ഒരു പ്രത്യേക പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് നിയന്ത്രണം മാത്രമേ ഉള്ളൂ. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ആചാരമാണ് അത്. അതിനെ ഹനിക്കുന്ന പ്രവര്‍ത്തനം ഉണ്ടാകുന്നത് ശരിയല്ല എന്നതാണ് യുഡിഎഫും കോണ്‍ഗ്രസും എല്ലാകാലത്തും എടുത്ത നിലപാട്.

ആ നിലപാട് അനുസരിച്ചാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിലവിലുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും പരിപാലിക്കണമെന്ന് 2016ല്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. അത് എല്‍ഡിഎഫ് സര്‍ക്കാര്‍ പിന്‍വലിച്ച് എല്ലാവര്‍ക്കും പ്രവേശനം നല്‍കണമെന്ന ശാഠ്യം പിടിക്കുകയും അങ്ങനെ അനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തു.

ആ വിധി നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളൊന്നും മനസിലാക്കാതെ ഏകപക്ഷീയമായി സര്‍ക്കാരിന്റെ അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതിന്റെ അനന്തരഫലമായിട്ടാണ് ഇപ്പോള്‍ ശബരിമലയില്‍ നടക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത് എന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

വിശ്വാസികളല്ലാത്ത സ്ത്രീകളെ സര്‍ക്കാര്‍ തന്നെ സ്‌പോണ്‍സര്‍ ചെയ്ത് മലകയറ്റുന്ന പ്രവണതയാണ് കാണാന്‍ കഴിയുന്നത്. ഇതെല്ലാം സര്‍ക്കാര്‍ ഉണ്ടാക്കിയ കുഴപ്പങ്ങളാണ്. കോടതി വിധി നടപ്പാക്കുന്നതിന് മുമ്പ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും അഭിപ്രായം ചോദിക്കാന്‍ മുഖ്യമന്ത്രി തയാറായില്ല. എത്രയോ കോടതിവിധികള്‍ നടപ്പാക്കാതെ കോള്‍ഡ് സ്‌റ്റോറേജില്‍ വച്ചിരിക്കുമ്പോള്‍ ശബരിമലയില്‍ മാത്രം പത്തിനും അമ്പതിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളെ കയറ്റിയെ തീരൂ എന്നുള്ള നിലപാട് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായി. അതിനെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്.

വിശ്വാസികളുടെ വിശ്വാസങ്ങള്‍ പരിപാലിക്കണം. ശബരിമലയുടെ മാത്രമല്ല കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് 'നവകേരളം' എന്നു പറഞ്ഞ പുസ്തകത്തില്‍ 'കുമ്പസരിക്കാന്‍ പാടില്ല' എന്ന് കേരളത്തിലെ സ്ത്രീകളോട് ആഹ്വാനം ചെയ്യുന്ന ഒരു ഭാഗം ഉണ്ട്. ഇത് ഒരു മതത്തിന് എതിരായിട്ടല്ല എല്ലാ മതത്തിനെയും ഹനിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. സുന്നി പള്ളികളില്‍ സ്ത്രീകളെ കയറ്റാന്‍ ഈ സര്‍ക്കാര്‍ തന്നെയാണ് ശ്രമിക്കുന്നത്. ഇത് ഒരു മതത്തിന് എതിരായിട്ടല്ല. മുഖ്യമന്ത്രി ശ്രമിക്കുന്നത് മതങ്ങളെ തമ്മില്‍ അടിപ്പിക്കാനാണ്.

അതേസമയം ശബരിമല വിഷയത്തില്‍ രാഹുല്‍ഗാന്ധിയുടെ നിലപാടിനോട് കേരളത്തിലെ കോണ്‍ഗ്രസ് ഇപ്പോഴും വിയോജിക്കുന്നത് എന്തു കൊണ്ടാണ് എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു;

ഓരോ ക്ഷേത്രത്തിനും ഓരോ ആചാരങ്ങളുണ്ട്. ആ ആചാരങ്ങള്‍ ഹനിക്കപ്പെടരുത് എന്ന കാര്യത്തില്‍ എല്ലാ കാലത്തും അഖിലേന്ത്യ തലത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന് ഒരേ നിലപാടാണ്. അഖിലേന്ത്യ തലത്തില്‍ സ്ത്രീകള്‍ക്ക് തുല്യപ്രാധാന്യം കൊടുക്കുന്ന രീതിയാണ് കോണ്‍ഗ്രസിന് ഉള്ളത്. പക്ഷേ ശബരിമലയുടെ കാര്യത്തില്‍ സ്ത്രീകളുടെ സമത്വത്തിന് ഒരു കുഴപ്പവും ഇല്ല. അതുകൊണ്ടാണ് ഈ വിഷയത്തില്‍ കേരളത്തിന് ഉചിതമായ രീതിയില്‍ തീരുമാനമെടുക്കാന്‍ ദേശീയ നേതൃത്വം അനുമതി നല്‍കിയത്.

ഇന്ത്യന്‍ ഭരണഘടനയുടെ രൂപീകരണത്തില്‍ പ്രധാന പങ്കു വഹിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതേ കോണ്‍ഗ്രസ് തന്നെ സുപ്രീം കോടതി വിധി അംഗീകരിക്കാതിരിക്കുന്നത് ശരിയാണോ എന്ന ചോദ്യത്തിന്

മതങ്ങളുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കോടതി ഇടപെടുന്നത് ശരിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കോടതിക്കും പരിമിതികളുണ്ട്. നിയമം തെറ്റായി വ്യാഖ്യാനിച്ചാല്‍ അല്ലെങ്കില്‍ മതങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടായാല്‍ കോടതിക്ക് ഇടപെടാം. ഇവിടെ വര്‍ഷങ്ങളായിട്ടുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കേണ്ട ചുമതലയാണ് കോടതിക്കുള്ളത്. ദൗര്‍ഭാഗ്യവശാല്‍ ഈ വിധി ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാത്ത ഒരു വിധി ആയതുകൊണ്ടാണ് റിവ്യൂ പെറ്റീഷന്‍ ഉള്‍പ്പെടെയുള്ളവുമായി കോണ്‍ഗ്രസ് പാര്‍ട്ടി രംഗത്ത് വന്നത്.

വിധിയെ അംഗീകരിക്കുന്ന വി.ടി.ബല്‍റാമിനെ പോലെയുള്ളവര്‍ ഇപ്പോഴും കോണ്‍ഗ്രസിലുണ്ടല്ലോ എന്ന ചോദ്യത്തിന് ഒറ്റപ്പെട്ട ചില വ്യക്തികള്‍ക്ക് ചില അഭിപ്രായങ്ങള്‍ ഉണ്ടാകും. പക്ഷേ പാര്‍ട്ടി എടുക്കുന്നത് കൂട്ടായ തീരുമാനം ആണ്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കാര്യ സമിതിയാണ് ഏറ്റവും സുപ്രീം ആയ സമിതി.

ആ സമിതി കൂട്ടായി ഐകകണ്‌ഠ്യേന എടുത്ത തീരുമാനം ആണ് പാര്‍ട്ടി ഇപ്പോള്‍ നടപ്പാക്കുന്നത്. ആ കാര്യത്തില്‍ പാര്‍ട്ടിക്ക് അശേഷം അഭിപ്രായ വ്യത്യാസമില്ല. ബല്‍റാം നടത്തിയ പരാമര്‍ശത്തിന് കെപിസിസി പ്രസിഡന്റ് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മുരളീധരന്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: K Muralidharan on Sabarimala Women Entry row, Kochi, News, Politics, Religion, Sabarimala Temple, Trending, Controversy, Criticism, LDF, UDF, Congress, Kerala.