Follow KVARTHA on Google news Follow Us!
ad

കെടിഎമ്മില്‍ മൂന്നാം തവണയും പ്രധാന ആകര്‍ഷണം ഉത്തരവാദിത്ത ടൂറിസം തന്നെ

രാജ്യത്തിനാകെ മാതൃകയാവുകയും കേരളം ഏറെ പ്രശംസയും പുരസ്‌കാരങ്ങളും നേടുകയും ചെയ്ത ഉത്തരവാദിത്ത ടൂറിസം Kerala, News, Kochi, Trending, Travel & Tourism, Festival, KTM, Responsible Tourism segment showcases agrarian Kerala’s true spirit.
കൊച്ചി: (www.kvartha.com 28.09.2018) രാജ്യത്തിനാകെ മാതൃകയാവുകയും കേരളം ഏറെ പ്രശംസയും പുരസ്‌കാരങ്ങളും നേടുകയും ചെയ്ത ഉത്തരവാദിത്ത ടൂറിസം കേരള ട്രാവല്‍ മാര്‍ട്ടില്‍ തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാന ആകര്‍ഷണമാവുകയാണ്.

ടൂറിസം മേഖലയിലെ സുസ്ഥിര വികസനത്തിന് പ്രാദേശിക ജനതയുടെ പങ്കാളിത്തം ഉറപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസം പദ്ധതി ടൂറിസം വ്യവസായ ലോകം ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. കേന്ദ്ര ടൂറിസം സഹമന്ത്രി കെ ജെ അല്‍ഫോണ്‍സ് ഉത്തരവാദിത്ത ടൂറിസം സ്റ്റാള്‍ ഉദ്ഘാടനം ചെയ്തു.


വയനാട്ടിലെ അമ്പെയ്ത്ത് വിദഗ്ധന്‍ ഗോവിന്ദന്‍, കുമരകം കവണാറ്റിന്‍ കരയിലെ സതി മുരളി തുടങ്ങിയവരെല്ലാം ഇത് മൂന്നാം തവണയാണ് കേരള ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കുന്നത്. പ്രാദേശിക ടൂറിസം വികസനത്തില്‍ കെടിഎം നല്‍കിയ പങ്ക് വളരെ വലുതാണെന്ന് വയനാട് അമ്പലവയലില്‍ നിന്നുള്ള അമ്പെയ്ത്ത് പരിശീലകന്‍ ഗോവിന്ദന്‍ പറയുന്നു.

ജീവിതം മെച്ചപ്പെടുത്താന്‍ കെടിഎമ്മും ഉത്തരവാദിത്ത ടൂറിസവും ഒരു പോലെ സഹായിച്ചിട്ടുണ്ട്. ആദ്യത്തെ തവണ കെടിഎമ്മില്‍ പങ്കെടുക്കുന്ന സമയത്ത് വയനാട്ടിലെ ഉത്തരവാദിത്ത ടൂറിസം പരിപാടി ശൈശവ ദശയിലായിരുന്നു. എന്നാല്‍ ആറു വര്‍ഷത്തിനിപ്പുറം വിദേശികളും സ്വദേശികളുമായ നൂറുകണക്കിന് സഞ്ചാരികളാണ് തന്നെ തേടിയെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

ഉത്തരവാദിത്ത ടൂറിസത്തിന്റെ യഥാര്‍ത്ഥ കടമ വെളിവാക്കി തരുന്നതായിരുന്നു പ്രളയദിനങ്ങളെന്ന് ഈ പദ്ധതിയുടെ സംസ്ഥാന കോര്‍ഡിനേറ്റര്‍ രൂപേഷ് കുമാര്‍ പറഞ്ഞു. പ്രാദേശിക ടൂര്‍ പാക്കേജുകളില്‍ നിന്നുള്ള വരുമാനം ഉത്തരവാദിത്ത ടൂറിസത്തിന്റെ പങ്കാളികളായ ദുരിതബാധിതര്‍ക്ക് നല്‍കാനാണ് തീരുമാനം. ദേശീയ ടൂറിസം പുരസ്‌കാരം കുമരകത്തിലൂടെ കഴിഞ്ഞ തവണ ഉത്തരവാദിത്ത ടൂറിസത്തിന് ലഭിച്ചെങ്കില്‍ ഇക്കുറി വയനാട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെടിഎം വേദിയിലേക്ക് കയറി വരുന്നതു തന്നെ ഗ്രാമീണ ഭംഗിയുടെ നേര്‍ക്കാഴ്ച കണ്ടു കൊണ്ടാണ്. വയലും വരമ്പും ജലചക്രം, ഓലമേഞ്ഞ വീട്, താറാവിന്‍ കൂട്ടം, കൈത്തറി, എന്നിവയെല്ലാം സന്ദര്‍ശകരെ അത്ഭുതപ്പെടുത്തുന്നു. ഇവിടെ ഓല മെടയുന്ന സതി മുരളി ഇത് മൂന്നാം തവണയാണ് കെടിഎമ്മിനെത്തുന്നത്. റിസോര്‍ട്ടുകളിലും ഹോട്ടലുകളിലുമെല്ലാം മെടഞ്ഞ ഓലയ്ക്ക് ഏറെ ആവശ്യക്കാരുണ്ടെന്ന് അവര്‍ പറഞ്ഞു.

കേരളത്തില്‍ ആവശ്യത്തിന് മെടഞ്ഞ ഓല കിട്ടാനില്ലാത്ത അവസ്ഥയാണുള്ളതെന്ന് കെടിഎം സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു സോമതീരം പറഞ്ഞു. പ്രകൃതി സൗഹൃദ നിര്‍മാണങ്ങളിലും റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ സൗന്ദര്യവത്ക്കരണത്തിലും ഒഴിച്ചു കൂടാനാവാത്തതാണ് മെടഞ്ഞ ഓലകള്‍. നാട്ടുകാര്‍ക്ക്  വിപണി വിലയ്ക്കപ്പുറം ലഭിക്കുന്നതിനോടൊപ്പം അമിത വില നല്‍കി അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഓല വാങ്ങുന്ന സാഹചര്യം ടൂറിസം വ്യവസായത്തിന് ഒഴിവാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രളയദുരിതം ഏറ്റവുമധികം നാശം വിതച്ച സ്ഥലങ്ങളിലൊന്നാണ് എറണാകുളം ജില്ലയിലെ ചേന്ദമംഗലത്ത് തറികള്‍ നഷ്ടപ്പെട്ടു പോയതിനാല്‍ ഇവിടുത്തെ കൈത്തറി നെയ്ത്തുശാലകളെല്ലാം പ്രതിസന്ധിയിലാണ്. ഈ സാഹചര്യം കണക്കിലെടുത്ത് നിരവധി പദ്ധതികളാണ് ഉത്തരവാദിത്ത ടൂറിസം, ടൂറിസം വ്യവസായമേഖലയുടെ സഹായത്തോടെ നടപ്പാക്കി വരുന്നത്. തറികള്‍ പുനര്‍നിര്‍മ്മിക്കാനുള്ള പദ്ധതികളും തയ്യാറാക്കി വരുന്നുണ്ട്.

ഇതിനകം തന്നെ വലിയ പ്രചാരം നേടിക്കഴിഞ്ഞ ചേക്കുട്ടി പാവകളുടെ പവലിയനും നിരവധി പേരെ ആകര്‍ഷിക്കുന്നു. ഇതെല്ലാം വഴി പ്രാദേശികവാസികളുടെ ഉപജീവനമാര്‍ഗം തിരിച്ചു പിടിക്കുന്നതിനൊപ്പം ടൂറിസം മേഖലയുടെ സുസ്ഥിര വികസനവും സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kochi, Trending, Travel & Tourism, Festival, KTM, Responsible Tourism segment showcases agrarian Kerala’s true spirit.