Follow KVARTHA on Google news Follow Us!
ad

ബ്രൂവറി വിവാദം കത്തുന്നു

സംസ്ഥാനത്ത് പുതിയ ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിച്ചതിനുപിന്നില്‍ കോടികളുടെ അഴിമതിയുണ്ടെന്ന ആരോപണം പുതിയ ചര്‍ച്ചയ്ക്ക് Kerala, News, Liquor, Oommen Chandy, Pinarayi Vijayan, T.P. Ramakrishnan
തിരുവനന്തപുരം: (www.kvartha.com 28.09.2018) സംസ്ഥാനത്ത് പുതിയ ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിച്ചതിനുപിന്നില്‍ കോടികളുടെ അഴിമതിയുണ്ടെന്ന ആരോപണം പുതിയ ചര്‍ച്ചയ്ക്ക് തിരികൊളുത്തി. പ്രതിപക്ഷനേതാവ് പുകമറ സൃഷ്ടിക്കുകയാണെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ ആരോപിച്ച പിന്നാലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടി ആരോപണം ഏറ്റെടുത്തത് കൂടുതല്‍ ഗൗരവത്തിലാണ് സി പി എമ്മും മുഖ്യമന്ത്രിയും കാണുന്നതെന്നാണ് സൂചന.

കോടികളുടെ അഴിമതിയാണ് യു ഡി എഫ് ആരോപിച്ചത്. പണം വാങ്ങുന്ന രീതി തങ്ങളുടേതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും തിരിച്ചടിച്ചു. അതിന്റെ തുടര്‍ച്ചയായാണ് ഉമ്മന്‍ ചാണ്ടിയുടെ രംഗപ്രവേശം. ജുഡീഷ്യല്‍ അന്വേഷണമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വസ്തുതകള്‍ക്ക് നിരക്കാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് പുകമറ സൃഷ്ടിക്കുകയാണ് പ്രതിപക്ഷനേതാവ് എന്നാണ് മന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് മദ്യം ഉല്‍പ്പാദിപ്പിക്കുന്ന ഒരു ഡിസ്റ്റിലറിയും നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. മൂന്ന് ബ്രൂവറികളും (ബിയര്‍ ഉല്‍പ്പാദനകേന്ദ്രം) ഒരു ബ്ലെന്‍ഡിങ് കോമ്പൗണ്ടിങ് ആന്‍ഡ് ബോട്‌ലിങ് യൂണിറ്റും അനുവദിച്ചത് നടപടിക്രമങ്ങള്‍ അനുസരിച്ചും നിയമവും ചട്ടങ്ങളും പാലിച്ചുമാണ്.
 Kerala, News, Liquor, Oommen Chandy, Pinarayi Vijayan, T.P. Ramakrishnan, Brewery Controversy burning

ഇതുസംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ ആര്‍ക്കും പരിശോധിക്കാവുന്നതേയുള്ളൂ. അവ ഒരുതരത്തിലും രഹസ്യസ്വഭാവമുള്ളവയല്ല. സര്‍ക്കാര്‍ ഉത്തരവുകള്‍ ഇറങ്ങുന്ന മുറയ്ക്ക് സര്‍ക്കാരിന്റെ വെബ് ആന്‍ഡ് ന്യൂ മീഡിയയില്‍ പ്രസിദ്ധപ്പെടുത്തുന്നുമുണ്ട്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും ഒളിച്ചുവെക്കാനില്ല. സുതാര്യമായാണ് അപേക്ഷകളില്‍ തീരുമാനമെടുത്തത്.

1999 സെപതംബര്‍ 29ലെ സര്‍ക്കാര്‍ ഉത്തരവിലൂടെയാണ് പുതുതായി ഡിസ്റ്റിലറികള്‍ക്കും ബോട്‌ലിങ് യൂണിറ്റുകള്‍ക്കും നിയന്ത്രണം കൊണ്ടുവന്നത്. പ്രസ്തുത ഉത്തരവില്‍ ബ്രൂവറികളെക്കുറിച്ച് പരാമര്‍ശമില്ല. വിശദമായ പഠനത്തിനും പരിശോധനകള്‍ക്കും ശേഷമാണ് 2017 ജൂണില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം പ്രഖ്യാപിച്ചത്. യുഡിഎഫിന്റെ വികലമായ നയം തിരുത്തിയാണ് ത്രീസ്റ്റാറിനു മുകളില്‍ പദവിയുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ലൈസന്‍സ് അനുവദിക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍ സര്‍ക്കാര്‍ കൈക്കൊണ്ടത്.

നിലവിലുള്ള യാഥാര്‍ഥ്യങ്ങള്‍ വസ്തുനിഷ്ഠമായി പരിശോധിച്ചശേഷമാണ് പുതിയ മദ്യനയം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്ന വിദേശമദ്യം, ബിയര്‍ എന്നിവ വലിയ തോതില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ് വാങ്ങുന്നത്. വിദേശമദ്യത്തിന്റെ എട്ട് ശതമാനവും ബിയറിന്റെ നാല്‍പ്പത് ശതമാനവും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരികയാണ്. ഇത് സംസ്ഥാനത്തിന് വലിയ സാമ്പത്തികബാധ്യത വരുത്തുന്നു. നികുതി വരുമാനത്തിലെ നഷ്ടവും തൊഴില്‍നഷ്ടവും സര്‍ക്കാര്‍ പരിഗണിച്ച വിഷയങ്ങളില്‍ പെടുന്നു. സംസ്ഥാനത്തിനകത്ത് തന്നെ വിദേശമദ്യവും ബിയറും ഉല്‍പ്പാദിപ്പിച്ചാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുന്നത് ഒഴിവാക്കാനും നേരിട്ടും അല്ലാതെയും അനേകം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും സാധിക്കും. ഡ്യൂട്ടിയിനത്തില്‍ അധികവരുമാനവും ലഭ്യമാകും. ഈ വസ്തുതകള്‍ ചൂണ്ടിക്കാട്ടി എക്‌സൈസ് കമ്മീഷണര്‍ സമര്‍പ്പിച്ച ശുപാര്‍ശ പരിഗണിച്ച ശേഷമാണ് ബ്രൂവറികള്‍ക്കും ബോട്‌ലിങ് യൂണിറ്റിനും അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കണ്ണൂര്‍, പാലക്കാട്, എറണാകുളം ജില്ലകളിലാണ് മൂന്ന് ബ്രൂവറി തുടങ്ങാന്‍ തത്വത്തില്‍ അനുമതി നല്‍കിയത്. ആവശ്യമായ ബിയറിന്റെ നാല്‍പ്പത് ശതമാനവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുന്ന സാഹചര്യത്തില്‍ ബ്രൂവറി യൂണിറ്റിന് അനുമതി നല്‍കുന്നതിലൂടെ സംസ്ഥാനത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയത്.

പാലക്കാട് ചിറ്റൂര്‍ ഷുഗേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റി (ചികോപ്‌സ്) ലിമിറ്റഡ് പ്രവര്‍ത്തിച്ച സ്ഥലത്ത് വിദേശമദ്യനിര്‍മ്മാണത്തിന് മലബാര്‍ ഡിസ്റ്റിലറീസ് മാനേജര്‍ സമര്‍പ്പിച്ച അപേക്ഷപ്രകാരം  അഞ്ച് ലൈന്‍ ബോട്‌ലിങ് യൂണിറ്റിന് 2018 ആഗസ്ത് 31ന് അനുമതി നല്‍കിയിരുന്നു. തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സ് ലിമിറ്റഡില്‍ അഡീഷണല്‍ ബോട്‌ലിങ് ലൈന്‍ തുടങ്ങാന്‍ 2018 ജൂലൈ 24ന് അനുമതി നല്‍കിയിട്ടുണ്ട്. ഇതോടൊപ്പമാണ് തൃശൂരില്‍ ബോട്‌ലിങ് യൂണിറ്റ് ആരംഭിക്കാന്‍ 2018 ജൂലൈ 12ന് അനുമതി നല്‍കിയത്.

എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ഈ ഉത്തരവില്‍ പറയുന്ന തീരുമാനങ്ങള്‍ കൈക്കൊണ്ടത്. പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ ചട്ടപ്രകാരം ബാര്‍ലൈസന്‍സുകള്‍ അനുവദിച്ചതിന് അനുസൃതമായാണ് ആവശ്യകത പരിഗണിച്ച് ബ്രൂവറി യൂണിറ്റിനും ബോട്‌ലിങ് യൂണിറ്റിനും അനുമതി നല്‍കിയത്. യുഡിഎഫിലെ  തമ്മിലടിയുടെയും അഴിമതിയുടെയും പ്രതിഫലനമായാണ് ബാര്‍ലൈസന്‍സുകള്‍ റദ്ദാക്കിയതും അധികം വൈകാതെ ബിയര്‍വൈന്‍ പാര്‍ലറുകളാക്കി ഉത്തരവിറക്കുകയും ചെയ്തത്. ഈ കാപട്യത്തിന് സംസ്ഥാനം വലിയ വില നല്‍കേണ്ടിവന്നു. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്കു പകരം വ്യക്തിതാല്‍പര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയത് വലിയ പ്രത്യാഘാതങ്ങളാണ് അക്കാലത്തുണ്ടാക്കിയത്.
മാധ്യമങ്ങളില്‍ പരസ്യം ചെയ്ത് അപേക്ഷ ക്ഷണിച്ചല്ല ബ്രൂവറികളും ഡിസ്റ്റിലറികളും തുടങ്ങുന്നതെന്ന് പ്രതിപക്ഷനേതാവ് മനസ്സിലാക്കണം. എക്‌സൈസ് കമ്മീഷണറുടെ പരിഗണനക്ക് സമര്‍പ്പിച്ച അപേക്ഷകളിലാണ് സര്‍ക്കാര്‍ തീരുമാനം എടുത്തിരിക്കുന്നത്. ബ്രൂവറി, ബോട്‌ലിങ് യൂണിറ്റുകള്‍ ആരംഭിക്കുന്നതിനുള്ള വ്യക്തമായ ശുപാര്‍ശ കമ്മീഷണര്‍ നല്‍കിയിരുന്നു. ആരുമറിയാതെ രഹസ്യമായല്ല, ഈ ശുപാര്‍ശ പ്രകാരമാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

കേരള ഫോറിന്‍ ലിക്വര്‍(കോമ്പൗണ്ടിങ്‌ബ്ലെന്‍ഡിങ് ആന്‍ഡ് ബോട്‌ലിങ്) റൂള്‍സ് 1975, കേരള ബ്രൂവറി റൂള്‍സ് 1967 എന്നിവ പ്രകാരം എക്‌സൈസ് കമ്മീഷണറാണ് ലൈസന്‍സിങ് അതോറിറ്റി. സര്‍ക്കാര്‍ അനുമതി നല്‍കിയ യൂണിറ്റുകളുടെ കാര്യത്തില്‍ നിയമപരമായ പരിശോധനകളും മറ്റ് നിബന്ധനകളും പരിഗണിച്ച് തുടര്‍നടപടി സ്വീകരിക്കേണ്ടത് കമ്മീഷണറാണ്. നിലവിലുള്ള ചട്ടങ്ങള്‍ക്ക് അനുസൃതമായാണ് ബ്രൂവറി, ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കാനുള്ള തീരുമാനം കൈക്കൊണ്ടത്.
1999ലെ ഉത്തരവ് പുറപ്പെടുവിച്ചത് അന്ന് നിലവിലുണ്ടായിരുന്ന സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇത് ഒരു  എക്‌സിക്യൂട്ടീവ് ഉത്തരവ് മാത്രമാണ്. അത് നിയമത്തിന്റെയോ ചട്ടത്തിന്റെയോ ഭാഗമായി മാറിയിട്ടില്ല. അതുകൊണ്ടുതന്നെ 1999ലെ ഉത്തരവില്‍ നിന്ന് വ്യത്യസ്തമായ തീരുമാനം ചട്ടഭേദഗതിയോ നിയമഭേദഗതിയോ ആവശ്യപ്പെടുന്നില്ല.

ബ്രൂവറിയുടെ കാര്യത്തില്‍ 1999ലെ ഉത്തരവ് എന്തെങ്കിലും പരാമര്‍ശം നടത്തിയിട്ടുമില്ല. പുതിയ ബ്രൂവറിക്ക് അനുമതി നല്‍കിയതില്‍ 1999ലെ ഉത്തരവില്‍ നിന്ന് വ്യതിചലിക്കുന്ന ഒന്നുമില്ല. നിലവിലുള്ള  ചട്ടങ്ങളും നിയമങ്ങളും പാലിച്ച് സുതാര്യമായ നടപടിക്രമങ്ങളിലൂടെയാണ് ഇപ്പോള്‍ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. എക്‌സൈസ് കമ്മീഷണര്‍ വ്യക്തമായ ശുപാര്‍ശയോടെ സമര്‍പ്പിച്ച അപേക്ഷയില്‍ ചട്ടപ്രകാരമുള്ള പരിശോധനക്കുശേഷമാണ് തീരുമാനം കൈക്കൊണ്ടത്. ബ്രൂവറിക്ക് അനുമതി നല്‍കുന്നതില്‍ ഒരുതരത്തിലുള്ള പ്രത്യേക പരിഗണനയും നല്‍കിയിട്ടില്ല. നിലവില്‍ സംസ്ഥാനത്ത് മൂന്ന് ബ്രൂവറികള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇവ മൂന്നും യുഡിഎഫ് ഭരണകാലത്താണ് അനുവദിച്ചതും.

എല്‍ഡിഎഫിന്റെ മദ്യനയം സംബന്ധിച്ച് തെരഞ്ഞെടുപ്പ് വേളയില്‍തന്നെ വ്യക്തമാക്കിയതാണ്. മദ്യനിരോധനമല്ല, മദ്യവര്‍ജ്ജനമാണ് എല്‍ഡിഎഫ് നയം. മദ്യവര്‍ജ്ജനം സാധ്യമാവണമെങ്കില്‍ശക്തമായ ബോധവത്കരണത്തിലൂടെ മദ്യപരെ അതില്‍ നിന്ന് വിമുക്തമാക്കണം. വിമുക്തി അടക്കമുള്ള പദ്ധതികളിലൂടെ ആ കാര്യം നല്ല നിലയില്‍ കേരളത്തില്‍ വ്യാപകമായി  ഇപ്പോള്‍ നടക്കുന്നുണ്ട്. മദ്യത്തിന്റെ ആവശ്യകത കുറയ്ക്കണമെങ്കില്‍ തന്നെ മദ്യവര്‍ജ്ജനമാണ് വേണ്ടത്.

അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ സൃഷ്ടിച്ച് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള പ്രതിപക്ഷനേതാവിന്റെ ശ്രമം യാഥാര്‍ഥ്യബോധമില്ലാത്തതാണ്. സംസ്ഥാനത്ത് തൊഴിലവസരം വര്‍ധിപ്പിക്കാനും വരുമാനവര്‍ധനവിനും ഉതകുന്ന തീരുമാനം വന്ന ഘട്ടത്തില്‍ അഴിമതി ആരോപണവുമായി ഇറങ്ങിത്തിരിച്ചത് അന്യസംസ്ഥാന മദ്യലോബികളെ സഹായിക്കാന്‍ വേണ്ടി മാത്രമാണ് മന്ത്രി രാമകൃഷ'ണന്‍ വിശദീകരിക്കുന്നു.

 സംസ്ഥാനത്ത് ബീയര്‍ നിര്‍മ്മാണത്തിനുള്ള മൂന്ന് ബ്രൂവറികളും ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം ഉല്പാദിപ്പിക്കാനുള്ള ഒരു ഡിസ്റ്റിലറിയും ആരംഭിക്കുന്നതിന് അതീവ രഹസ്യമായി അനുമതി  നല്‍കിയതിലൂടെ കോടികളുടെ അഴിമതിയാണ് സംസ്ഥാനത്തെ ഇടതു മുന്നണി സര്‍ക്കാര്‍ നടത്തിയിരിക്കുന്നത് എന്നാണ് യു ഡി എഫിന്റെ ആരോപണം.

ഇടതു സര്‍ക്കാരിന്റെ മദ്യനയത്തിലോ, ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലോ, സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റുകളിലോ പ്രഖ്യാപിക്കാതെയും  മന്ത്രിസഭാ യോഗത്തില്‍ പോലും വയ്ക്കാതെയും  പിന്‍വാതിലിലൂടെ നടത്തിയ ഈ വന്‍അഴിമതിയില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയും രണ്ടാം പ്രതി എക്‌സൈസ് മന്ത്രിയുമാണ്. 19 വര്‍ഷമായി സംസ്ഥാനം പിന്തുടരുന്ന പൊതുനയത്തില്‍ മാറ്റം വരുത്തി ബ്രുവറികളും ഡിസ്റ്റിലറിയും ആരംഭിക്കാനുള്ള തീരുമാനമെടുത്തത് ഭരണ മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെയും ഘടകകക്ഷികളെ അറിക്കാതെയും രഹസ്യമായാണ് എന്നതില്‍ നിന്നു തന്നെ ഇതിലെ അഴിമതി വ്യക്തമാണ്.

താത്പര്യ പത്രം ക്ഷണിക്കാതെ ഇഷ്ടക്കാരില്‍ നിന്ന് കോടികള്‍ വാങ്ങി  അനുമതി നല്‍കിയതിലൂടെ  അഴിമതിക്കെതിരെ വലിയ വാചകമടി നടത്തുന്ന ഇടതുമുന്നണി നേതൃത്വത്തിന്റെ  മുഖം മൂടി അഴിഞ്ഞു വീണിരിക്കുകയാണ്. കണ്ണൂരില്‍ വാരത്ത് ശ്രീധരന്‍ ബ്രുവറി െ്രെപവറ്റ് ലിമിറ്റഡിന് പ്രതിമാസം 5 ലക്ഷം കെയ്‌സ് ബീയര്‍ ഉല്പാദിപ്പിക്കുന്നതിനുള്ള ബ്രൂവറിക്കും പാലക്കാട് എലപ്പുള്ളിയില്‍ അപ്പോളാ ഡിസ്റ്റിലറീസ് ആന്റ് ബ്രൂവറീസ് െ്രെപവറ്റ് ലിമിറ്റഡിന് പ്രതിവര്‍ഷം അഞ്ച് ഹെക്ടാ ലിറ്റര്‍ ബീയര്‍ നിര്‍മ്മിക്കുന്നതിനുള്ള ബ്രൂവറിക്കും, എറണാകുളത്ത് കിന്‍ഫ്രാ വ്യവസായ പാര്‍ക്കില്‍ പവര്‍ ഇന്‍ഫ്രാടെക് െ്രെപവറ്റ് ലിമിറ്റഡിന് ബ്രൂവറിക്കും, തൃശ്ശൂര്‍ ജില്ലയില്‍  ശ്രീചക്രാ ഡിസ്റ്റിലറിക്ക് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം നിര്‍മ്മിക്കുന്നതിനായി കോംപൗണ്ടിംഗ് ബെന്‍ഡിംഗ് ആന്റ് ബോട്ടിലിംഗ് പളാന്റിനും  അനുമതി നല്‍കിക്കൊണ്ടുള്ള സര്‍ക്കാരിന്റെ ഉത്തരവുകളില്‍ തന്നെ അഴിമതിയുണ്ട്.

പവര്‍ ഇന്‍ഫ്രാടെക് കമ്പനിക്ക് ബ്രൂവറി തുടങ്ങുന്നതിന് കിന്‍ഫ്രയില്‍ നിന്ന് പത്തേക്കര്‍ സര്‍ക്കാര്‍ വക ഭൂമി വിട്ടു കൊടുക്കാന്‍ നിര്‍ദ്ദേശിക്കുന്ന ഉത്തരവില്‍ ബ്രൂവറിയുടെ ശേഷി എത്രയെന്ന് പോലും പറയുന്നില്ല. അതേ പോലെ തൃശ്ശൂരില്‍ ഡിസ്റ്റിലറി തുടങ്ങാന്‍ ശ്രീചക്രാ ഡിസറ്റിലറിക്ക് അനുമതി നല്‍കുമ്പോള്‍ തൃശ്ശൂരില്‍ എവിടെയാണെന്നും വ്യക്തമാക്കുന്നില്ല. ബ്രുവറി എവിടെ സ്ഥാപിക്കണമെന്ന് തീരുമാനിക്കും മുന്‍പ് തന്നെ അനുമതി നല്‍കിയിരിക്കുകയാണ്. ഇതെല്ലാം അഴിമതിയിലേക്ക് വിരല്‍ ചൂണ്ടുന്നു.

സംസ്ഥാനത്ത് മദ്യാസക്തി കുറച്ചു കൊണ്ടു വരുമെന്ന് മദ്യനയത്തില്‍ എഴുതി വച്ച ശേഷം മദ്യാസക്തി വര്‍ദ്ധിപ്പിച്ച് സംസ്ഥാനത്തെ മദ്യത്തില്‍ മുക്കാനുള്ള  നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് മദ്യലോബിയുമായി ഇടതു മുന്നണിയുണ്ടാക്കിയ അവിശുദ്ധ കരാര്‍ അനുസരിച്ച് ഘട്ടം ഘട്ടമായി മദ്യലഭ്യത കുറച്ചു കൊണ്ടു വരാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ  നടപടികളെല്ലാം അട്ടിമറിക്കുകയും യുഡിഎഫ് അടച്ചു പൂട്ടിയ ബാറുകളെല്ലാം തുറന്നു കൊടുക്കുകയും ചെയ്ത സര്‍ക്കാര്‍ ഇപ്പോള്‍ ബ്രൂവറികള്‍ക്കും ഡിസ്‌റിലറികള്‍ക്കും കൂടി അനുമതി നല്‍കി സംസ്ഥാനത്തെ മദ്യലോബിക്ക് അടിയറ വയ്ക്കുകയാണ്.

പരമ രഹസ്യമായി മന്ത്രിസഭ പോലും അറിയാതെ ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചതിന് പിന്നിലെ ഗൂഡാലോചന പുറത്തു വരേണ്ടത് അത്യാവശ്യമാണ്. ഇത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉരുണ്ടു കളിക്കുകയാണ് ചെയ്തത്. ഇത് സംശയം ബലപ്പെടുത്തുന്നു. അതിനാല്‍ ഈ ഇടപാടിനെക്കുറിച്ച്  സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് യു ഡി എഫ് ആവശ്യപ്പെട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Liquor, Oommen Chandy, Pinarayi Vijayan, T.P. Ramakrishnan, Brewery Controversy burning