Follow KVARTHA on Google news Follow Us!
ad

കുഴഞ്ഞുവീണുള്ള മരണങ്ങള്‍ ഒഴിവാക്കാനാകുമോ? സെപ്റ്റംബര്‍ 29- ലോക ഹൃദയ ദിനം

പത്ത് പന്ത്രണ്ട് വര്‍ഷം മുമ്പുണ്ടായ ഒരു കാര്യമാണ്. ഹൃദയാഘാതമുണ്ടായി ആശുപത്രിയിലെത്തിhospital, Treatment, Health, Health & Fitness, Patient, Doctor, Article, Kerala
ലേഖനം/ഡോ. സി ഭരത്ചന്ദ്രന്‍

(www.kvartha.com 29.09.2018) പത്ത് പന്ത്രണ്ട് വര്‍ഷം മുമ്പുണ്ടായ ഒരു കാര്യമാണ്. ഹൃദയാഘാതമുണ്ടായി ആശുപത്രിയിലെത്തി. ആന്ജിയോപ്ലാസ്റ്റി കഴിഞ്ഞ് സുഖമായി വീട്ടില്‍പോയ ഒരു അമ്പതുവയസുകാരന്‍ നെഞ്ചുവേദനയുമായി വീണ്ടും ആശുപത്രിയില്‍ വരുന്നു. അത്യാഹിതവിഭാഗത്തിലെത്തിയപാടേ കുഴഞ്ഞുവീഴുന്നു. ഉടന്‍ തന്നെ 'കാര്‍ഡിയാക് റിസസിറ്റേഷന്‍' (cardiac resuscitation, ഹൃദയപുനരുജ്ജീവനം) എന്ന ചികിത്സാരീതിയ്ക്ക് വിധേയനാക്കിക്കൊണ്ട് ഐ സി യുവില്‍ എത്തിച്ച് തുടര്‍ ചികിത്സകള്‍ നല്‍കി.

കാര്‍ഡിയാക് റിസസിറ്റേഷനില്‍ ഏറ്റവും പ്രധാനം നെഞ്ചിന്റെ മദ്ധ്യഭാഗത്ത് മിനിറ്റില്‍ 100 തവണക്രമമായി അമര്‍ത്തുന്നതാണ്. ഈ 'നെഞ്ചമര്‍ത്തല്‍' (chest compression) കൊണ്ട് ഹൃദയത്തില്‍ നിന്നും രക്തം മസ്തിഷ്‌ക്കത്തിലേക്കും കൊറോണറി ധമനികളിലേക്കും എത്തിയ്ക്കാന്‍ കഴിയുന്നു. ഇതുകൊണ്ട് ജീവന്‍ നിലനിറുത്താനും മസ്തിഷ്‌ക്കക്ഷതം കുറയ്ക്കാനും ചിലപ്പോള്‍ ഒഴിവാക്കാന്‍ തന്നെയും സഹായിക്കുന്നു.

September 29, World Heart day, hospital, Treatment, Health, Health & Fitness, Patient, Doctor, Article, Kerala

ഐ സി യുവില്‍ എത്തിച്ച രോഗിയ്ക്ക് ഡി സി ഷോക്, കൃത്രിമശ്വാസം എന്നിവ നല്‍കി, സ്ഥിതിഗതികള്‍ വിലയിരുത്തി മരുന്നുകളും നല്‍കി. നെഞ്ചമര്‍ത്തല്‍ ക്രമത്തോടെ തുടര്‍ന്നുകൊണ്ടിരുന്നു. ഇവയുടെ എല്ലാം ഫലമായി ഹൃദയമിടിപ്പും രക്തസമ്മര്‍ദവും നിയന്ത്രണവിധേയമായി. വൈകാതെ ആന്ജിയോഗ്രാഫിക്ക് വിധേയനാക്കി.

ഈ രോഗിയുടെ ഹൃദയത്തില്‍ ആദ്യ ആഘാതമുണ്ടായപ്പോള്‍ സ്ഥാപിച്ചിരുന്ന സ്‌റ്റെന്റ് രക്തം കട്ടപിടിച്ച് അടഞ്ഞുപോയതായി ആന്ജിയോഗ്രാഫിയില്‍ മനസിലായി. രക്തം കട്ടപിടിക്കുന്നതൊഴിവാക്കാന്‍ സഹായിക്കുന്ന മരുന്നുകള്‍ കഴിയ്ക്കുന്നതിലുണ്ടായ അശ്രദ്ധയായിരിക്കാം ഇതിനു കാരണം. ഈ തടസം ബലൂണ്‍ ചികിത്സവഴി മാറ്റി. അസുഖമെല്ലാം മാറി പൂര്‍ണമായും രോഗവിമുക്തിനേടി രോഗി വീട്ടിലേക്ക് പോയി. കഥ അവിടെത്തീര്‍ന്നില്ല. രണ്ടാഴ്ച കഴിഞ്ഞതേയുള്ളു, ഇദ്ദേഹം വീണ്ടും വീട്ടില്‍ കുഴഞ്ഞുവീണു.

ബോധമോ ശ്വാസമോ ഹൃദയമിടിപ്പോ ഇല്ല. വീട്ടില്‍ ഉണ്ടായിരുന്നവര്‍ ഉടന്‍ തന്നെ രോഗിയെ കാറില്‍ക്കിടത്തി ആശുപത്രിയിലേക്കു കൊണ്ടുവന്നു. കുഴഞ്ഞുവീണപ്പോള്‍ തുടങ്ങിയ 'നെഞ്ചമര്‍ത്തല്‍' കൂടെയുണ്ടായിരുന്ന സഹോദരന്മാര്‍ ആശുപത്രിയിലേക്കുള്ള അഞ്ച് കി.മീ. വഴിയിലും ട്രാഫിക് തടസത്തില്‍പ്പെട്ടപ്പോഴും ഇടതടവില്ലാതെ മാറിമാറി ചെയ്തുകൊണ്ടിരുന്നു.

മുമ്പ് ആശുപത്രിയില്‍ ചെയ്ത ഹൃദയപുനരുജ്ജീവന പ്രക്രിയ കണ്ടതായിരുന്നു ഇങ്ങനെ ചെയ്യാന്‍ അവര്‍ക്ക് പ്രചോദനമായത്. തുടര്‍ച്ചയായ നെഞ്ചമര്‍ത്തല്‍ കാരണം ആശുപത്രിയില്‍ എത്തുമ്പോള്‍ രോഗിയ്ക്ക് ജീവന്‍ ഉണ്ട്. ഉടനേ നല്കിയ ഡി സി ഷോക് താളംതെറ്റിയ ഹൃദയസ്പന്ദനം ക്രമത്തിലാക്കി. നീണ്ടനേരത്തെ കൃത്രിമശ്വാസം വേണ്ടിവന്നില്ല. അധികം വൈകാതെതന്നെ വീണ്ടും ആന്ജിയോഗ്രാഫി നടത്തിയപ്പോള്‍ സ്‌റ്റെന്റിനോ മറ്റ് കൊറോണറി ധമനികള്‍ക്കോ ഒരു പ്രശ്‌നവുമില്ല.

ഈ രോഗിയ്ക്ക് ശരിയായ ചികിത്സയ്ക്കു ശേഷവും ഹൃദയത്തിന്റെ സ്പന്ദനം തെറ്റി ഹൃദയം നിശ്ചലമാകുന്ന അവസ്ഥയുണ്ടായി. ഇത്തരം താളം തെറ്റലുകളായ വെന്റിക്കുലാര്‍ റ്റാകികാര്‍ഡിയയും (Vetnricular Tachycardia) വെന്റിക്കുലാര്‍ ഫൈബ്രില്ലേഷനും (Vetnricular Fibrillation) ഹൃദയാഘാതവുമായി ബന്ധപ്പെട്ട് എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം. ഇതൊരിയ്ക്കല്‍ ഉണ്ടായാല്‍ വീണ്ടും ഉണ്ടായി കുഴഞ്ഞുവീണു മരിക്കാതിരിയ്ക്കാനുള്ള ചികിത്സയില്‍ പ്രധാനം, പേസ്‌മേക്കര്‍ പോലുള്ള ഒരു ഉപകരണം നെഞ്ചില് വെച്ചുപിടിപ്പിക്കുക എന്നതാണ്.

ഹൃദയസ്പന്ദനം താളം തെറ്റുന്നവേളയില്‍ത്തന്നെ ഷോക് കൊടുത്ത് ഹൃദയതാളം ക്രമപ്പെടുത്താന്‍ ഇത് സഹായിക്കുന്നു. ഐ സി ഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇംപ്ലാന്റബിള്‍ കാര്‍ഡിയാക് ഡിഫിബ്രിലേറ്റര്‍ (Implantable Cardiac Defibrillator) എന്ന ഈ ഉപകരണം ഘടിപ്പിച്ച ഈ രോഗി ഇപ്പോഴും അദ്ദേഹത്തിന്റെ ജോലിയും ചെയ്ത് സുഖമായി കഴിയുന്നു.

രണ്ടുപ്രാവശ്യം കുഴഞ്ഞുവീണിട്ടും രക്ഷനേടാന്‍ കഴിഞ്ഞ ഈ ഭാഗ്യവാന്റേത് ഒരു ഒറ്റപ്പെട്ട ചരിത്രം. രോഗിയുടെ സഹോദരന്മാര്‍ നേരത്തെ ആശുപത്രിയില്‍ കണ്ടിട്ടുള്ള ശരിയായ നെഞ്ചമര്‍ത്തല്‍ മനസ്സാന്നിദ്ധ്യത്തോടെ വേണ്ടരീതിയില്‍ നിറുത്താതെ ചെയ്തുകൊണ്ട് കഴിയുന്നത്ര പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചതുകൊണ്ടുമാത്രമാണ് ഈ രോഗിയ്ക്ക് രണ്ടാമത്തെ പ്രാവശ്യം രക്ഷപ്പെടാനായത്.

ആശുപത്രിയ്ക്കു പുറത്തുവെച്ച് ഇങ്ങനെ കുഴഞ്ഞുവീഴുന്നവരില്‍ അഞ്ചു ശതമാനംപേരും അമേരിക്കയില്‍പ്പോലും രക്ഷപെടുന്നില്ല. ഹൃദയത്തിന്റെ താളം തെറ്റി ഉണ്ടാകുന്ന കുഴഞ്ഞുവീണുള്ള മരണങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം. നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ടുനിന്ന മന്ത്രിയ്ക്ക് ഉണ്ടായിട്ടുണ്ട്. ഗംഭീരമായ മേളത്തില്‍ ഭാഗഭാക്കായിരുന്ന വാദ്യകലാവിദഗ്ദന് ഉണ്ടായിട്ടുണ്ട്. നൃത്തവും തുള്ളലും കഥകളിയും അവതരിപ്പിക്കവേ ഉണ്ടായിട്ടുള്ള കുഴഞ്ഞുവീണുള്ള മരണങ്ങളും കേരളം കണ്ടിട്ടുണ്ട്. വേദിയില്‍ പ്രസംഗിച്ചുനില്‍ക്കുമ്പോഴും വാര്‍ത്താസമ്മേളനം നടത്തുമ്പോഴും ഉണ്ടായിട്ടുള്ള കുഴഞ്ഞുവീണുള്ള മരണങ്ങളും നിത്യവും നാം കേള്‍ക്കുന്നു, കാണുന്നു.

ഹൃദയത്തിന്റെ പ്രവര്‍ത്തനം പെട്ടെന്ന് നില്ക്കുന്നതാണ് കുഴഞ്ഞുവീണുള്ള മരണങ്ങള്‍ക്ക് പ്രധാനകാരണം. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാതെ ദൈനംദിനജീവിതത്തില്‍ മുഴുകിക്കഴിയുന്ന ആള്‍ പെട്ടെന്ന് കുഴഞ്ഞുവീണുണ്ടാകുന്ന മരണത്തെ പെട്ടെന്നുണ്ടാകുന്ന ഹൃദ്രോഗമരണം (Sudden Cardiac Death: SCD) എന്നു പറയുന്നു.

കൊറോണറി ഹൃദ്രോഗത്തിന്റെ ആദ്യത്തെയും അവസാനത്തെയും രോഗലക്ഷണമാണ് പലര്‍ക്കും എസ് സി ഡി. ഇത് പുതിയ രോഗമൊന്നുമല്ല. പറമ്പിലോ പാടത്തോ പണിയെടുത്തുകൊണ്ടുനില്ക്കവേ 'മാടനടി'കൊണ്ട് മരിച്ചിട്ടുള്ളവരുടെ കഥകള്‍ മുതിര്‍ന്ന തലമുറയില്‌പ്പെട്ടവര്‍ കേട്ടിട്ടുണ്ടാവും. ഓര്‍ക്കാപ്പുറത്തുണ്ടാകുന്ന ഹൃദയസ്തംഭനമാണ് ഈ 'മാടന്'.

എന്താണ് ഹൃദയസ്തംഭനം?

ഹൃദയത്തിന്റെ പ്രവര്‍ത്തനം പെട്ടെന്ന് നിലയ്ക്കുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം. ഹൃദയാഘാതം ഇതല്ല. കൊറോണറി ധമനികളിലൊന്ന് പെട്ടെന്ന് അടഞ്ഞ് ഹൃദയമാംസപേശിയ്ക്കുണ്ടാകുന്ന ക്ഷതമാണ് ഹൃദയാഘാതം. ഇത് ഹൃദയസ്തംഭനത്തിന് കാരണമാകാം. ഹൃദയത്തിനുണ്ടാകുന്ന ഏതുരോഗവും ഹൃദയസ്തംഭനത്തിലേക്ക് നയിക്കാം. ഹൃദയസ്പന്ദനത്തിന്റെ താളം അല്ലെങ്കില്‍ ക്രമം തെറ്റി ഹൃദയം പെട്ടെന്ന് നിശ്ചലമാകുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം.

ഹൃദയം തികച്ചും നിശ്ചലമാകുന്നതിനുമുമ്പ് ഹൃദയത്തിന്റെ പമ്പിംഗ് പ്രവര്‍ത്തനം നിലച്ച് ഹൃദയം വെറുതേ പിടയ്ക്കുന്ന അവസ്ഥയാണ് വെന്‍ട്രിക്കുലാര്‍ ഫിബ്രിലേഷന്‍. ഹൃദയം വെറുതേ പിടയ്ക്കുവാന് തുടങ്ങുമ്പോഴേ ബോധവും ശ്വാസവും നാഡിമിടിപ്പും (പള്‍സ്) നഷ്ടപ്പെടുന്നു. ഹൃദയസ്പന്ദനം നേരിട്ട് നിശ്ചലമാകുന്ന അവസ്ഥയും അപൂര്‍വമായി ഉണ്ടാകാറുണ്ട്. ഇതിനെ എസിസ്‌റ്റോളി (sAystole) എന്നുപറയുന്നു.

ഇങ്ങനെ നിശ്ചലമായ ഹൃദയം മിനിറ്റുകള്‍ക്കകം വീണ്ടും പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ ജീവന്‍ തന്നെ നഷ്ടപ്പെടുന്നു. പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ വൈകിയാല്‍ മസ്തിഷ്‌കമരണം ഉണ്ടാകാം. ചിലപ്പോള്‍ ജീവന്‍ തിരിച്ചുകിട്ടിയാലും ബോധമില്ലാത്ത, സത്യാവസ്ഥ (Vegitative state)യിലാകും ജീവിതം. ഹൃദയത്തിന്റെ പമ്പിംഗ് പ്രവര്‍ത്തനം ഏതെങ്കിലും കാരണത്താല്‍ നേരത്തേതന്നെ ദുര്‍ബലമായിരുന്നുവെങ്കില്‍ അപ്പോഴും ശരിയായ ചികിത്സ ഫലപ്രദമാകണമെന്നില്ല.

എന്നാല്‍ സാധാരണ ദൈനംദിന ജീവിതത്തിനിടയില്‍ കുഴഞ്ഞുവീഴുന്നവരില്‍ മിക്കവാറും എല്ലാവര്‍ക്കും ഹൃദയത്തിന്റെ പമ്പിംഗ് പ്രവര്‍ത്തനത്തില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഇല്ലാത്തവരായിരിക്കും. ഇവര്‍ക്ക് സമയോചിതമായ പ്രാഥമിക ചികിത്സയും തുടര്‍ന്നുള്ള വിദഗ്ദ്ധചികിത്സയും വഴി മരണം, മസ്തിഷ്‌ക്കമരണം എന്നിവ ഒഴിവാക്കാന്‍ കഴിയും.

ശരിയായ പ്രഥമചികിത്സ രക്ഷകനാകുന്നു

കുഴഞ്ഞുവീണാലുടന്‍ നല്‌കേണ്ട പ്രഥമചികിത്സയില്‍ ഏറ്റവും പ്രധാനം മിനിറ്റില്‍ 100 തവണയെങ്കിലും ഇടവിടാതെ ചെയ്യേണ്ട ശക്തിയായ നെഞ്ചമര്‍ത്തല്‍ (Chest compression) തന്നെ. ഇതു ചെയ്യുന്ന സമയത്ത് കൃത്രിമശ്വാസം നല്‌കേണ്ടതില്ല. കാരണം, ഹൃദയംനിലച്ച് പത്തുമിനിട്ടോളം സമയം ഹൃദയത്തിലും മഹാധമനികളിലുമുള്ള രക്തത്തില്‍ ഓക്‌സിജന്‍ എന്ന പ്രാണവായു വേണ്ടത്ര ഉണ്ടായിരിക്കും. ഇത് മസ്തിഷ്‌ക്കത്തിലേക്കും കൊറോണറി ധമനികളിലേക്കും എത്തിച്ചാല്‍ മതി.

അതുകൊണ്ട് പലരും ചെയ്യാന്‍ അറയ്ക്കുന്ന 'ജീവന്റെ ചുംബനം' (Kiss of life) നല്‌കേണ്ട ആവശ്യമില്ല. തളര്‍ന്നു വീണയാളിന്റെ വായില്ക്കൂടി ശക്തിയായി ഊതി നല്കുന്ന കൃത്രിമശ്വാസമാണല്ലോ സായിപ്പിന്റെ ഈ 'ജീവന്റെ ചുംബനം'. ഈ പ്രാകൃത കൃത്രിമശ്വാസം മാത്രമല്ല ഒരുരീതിയിലുള്ള കൃത്രിമശ്വാസവും ഈ സമയത്ത് വേണ്ടതില്ല. എന്നാല് ഇടതടവില്ലാത്ത നെഞ്ചമര്‍ത്തല്‍ വഴി മസ്തിഷ്‌ക്കത്തിലേക്ക് പ്രാണവായുവുള്ള രക്തം എത്തിക്കുകയാണ് പ്രധാനം.

ഇതുകൊണ്ടാണ് ഹൃദയസ്തംഭനത്തിനുചെയ്യുന്ന ചികിത്സയുടെ പേര് കാര്‍ഡിയോ പള്‍മണറി റിസസിറ്റേഷന്‍ (ഹൃദയശ്വാസകോശ പുനരുജീവനം: Cardio Pulmonary Resuscitation) എന്നതിനുപകരം കാര്‍ഡിയോ സെറിബ്രല്‍ റിസസിറ്റേഷന്‍ (ഹൃദയമസ്തിഷ്‌ക പുനരുജീവനം: Cardio Cerebral Resucitation) എന്ന് മാറ്റണമെന്ന വാദം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധന്മാര്‍ക്കിടയിലുള്ളത്.

കുഴഞ്ഞുവീണാലുടന്‍ തന്നെ ഡിഫിബ്രിലേഷന്‍ (Defibrillation) എന്ന ഡി സി ഷോക്ക് ചികിത്സ നല്‍കിയാല്‍ ക്രമംതെറ്റിയ ഹൃദയസ്പന്ദനം പെട്ടെന്ന് പുനഃസ്ഥാപിക്കാനും അങ്ങനെ മരണം ഒഴിവാക്കാനും സാധിക്കും. പല വിദേശരാജ്യങ്ങളിലും ഓഫീസുകള്‍, കളിസ്ഥലങ്ങള്‍, കാസിനോകള്‍ തുടങ്ങിയ ഇടങ്ങളില്‍ ആര്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്നവിധത്തില്‍ ഓട്ടോമാറ്റിക് ഡിഫിബ്രിലേറ്റര് (Automatic defibrillator) സ്ഥാപിച്ചിട്ടുണ്ട്.

ഹൃദയസ്തംഭനത്തിന്റെ കാരണങ്ങള്‍

ഹൃദയത്തെ ബാധിയ്ക്കുന്ന ഏതുരോഗവും ഹൃദയസ്തംഭനമുണ്ടാക്കാം. ഏറ്റവും പ്രധാനപ്പെട്ട കാരണം കൊറോണറി ഹൃദ്രോഗം തന്നെയാണ്. കുഴഞ്ഞുവീണുള്ള മരണങ്ങളില്‍ 85 ശതമാനവും കൊറോണറി ഹൃദ്രോഗം നിമിത്തമാണ്. ഹൃദയവാല്‍വുകള്‍ക്കുള്ള രോഗങ്ങളും ഹൃദയമാംസപേശികളെ നേരിട്ടു ബാധിയ്ക്കുന്ന പലതരം കാര്‍ഡിയോമയോപ്പതി (Cardiomyopathy) കളും ജന്മനായുള്ള ഹൃദയവൈകല്യങ്ങളും പത്ത് ശതമാനം കുഴഞ്ഞുവീണുള്ള മരണങ്ങള്‍ക്ക് കാരണമാകുന്നു. ബാക്കി അഞ്ച് ശതമാനം പേര്‍ക്ക് ഹൃദയവാല്‍വുകള്‍ക്കോ മാംസപേശികള്‍ക്കോ ധമനികള്‍ക്കോ ഒരു തകരാറും കാണുകയില്ല.

ഹൃദയസ്പന്ദനത്തിന് ആധാരമായ വൈദ്യുത വേഗത്തില്‍ ഉണ്ടാകുന്ന ചില 'ഷോര്‍ട്ട് സര്‍ക്ക്യൂട്ടു'കളും വ്യതിയാനങ്ങളുമാണ് ഈ അഞ്ചുശതമാനം പേര്‍ക്കുണ്ടാകുന്ന ഹൃദയസ്തംഭനത്തിനു കാരണം. ഇവ പലതരത്തിലുണ്ട്. ജന്മനായുള്ള ഇത്തരം തകരാറുകള്‍ പ്രകടമാകുന്നത് പ്രധാനമായും കുട്ടിക്കാലത്തും കൗമാരപ്രായത്തിലുമാണ്.

'ചാനലോപ്പതി'കള്‍ (Channelopathy) എന്നറിയപ്പെടുന്ന ഈ രോഗങ്ങള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരിക്കണമെന്നില്ല. സംശയിയ്‌ക്കേണ്ട ചില വ്യതിയാനങ്ങള്‍ ഇ സി ജിയില്‍ കണ്ടെന്നിരിക്കും. താത്ക്കാലികവും അകാരണവുമായ ബോധം നഷ്ടപ്പെടല്‍, പാരമ്പര്യം എന്നിവ സംശയമുയര്‍ത്തുന്ന ഘടകങ്ങളാണ്. ശരിയായ രോഗനിര്‍ണയത്തിന് ഹൃദയസ്പന്ദനത്തിനാധാരമായ വൈദ്യുതാവേഗത്തെ ശരിയായി അപഗ്രഥിക്കുന്ന എലക്ട്രോഫിസിയോളജി (Eletcrophysiology) പരിശോധനകള്‍ വേണ്ടിവരും. ജന്മനായുള്ള ചാനലോപ്പതികള്‍ക്ക് പുറമേ ചില മരുന്നുകളും രക്തത്തിലെ പൊട്ടാസ്യം കുറയുന്നതും കൂടുന്നതുമെല്ലാം ഹൃദയസ്തംഭനത്തിന് കാരണമാകാം.

കൊറോണറി രോഗവും ഹൃദയസ്തംഭനവും

കൊറോണറി ഹൃദ്രോഗം നിമിത്തം മരിക്കുന്നവരില്‍ പകുതിപ്പേരും പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനം കൊണ്ടാണെന്നും പലപ്പോഴും കൊറോണറി ഹൃദ്രോഗത്തിന്റെ ആദ്യത്തെയും അവസാനത്തെയും രോഗലക്ഷണം ഹൃദയസ്തംഭനമാണെന്നും പരക്കെ അറിയപ്പെടാത്ത വസ്തുതയാകുന്നു. ഹൃദയാഘാതത്തിന്റെ ആരംഭത്തില്‍ നെഞ്ചുവേദനയോടെയോ വേദനയില്ലാതെയോ തന്നെ ഹൃദയസ്തംഭനം ഉണ്ടാകാം.

ഹൃദയാഘാതം ഉണ്ടാകുന്നവരില്‍ മൂന്നിലൊന്നിലധികംപേരും ആശുപത്രിയില്‍ എത്തിച്ചേരുന്നതിനുമുമ്പ് മരണമടയുന്നു എന്നത് മറ്റൊരു ദുഃഖസത്യം. ആശുപത്രിയില്‍ എത്തിയാലും ചികിത്സ വൈകുക, ചികിത്സ ഫലപ്രദമാകാതെ വരുക എന്നീ കാരണങ്ങളാലും ഹൃദയസ്തംഭനമുണ്ടാകാം. ശരിയായ ചികിത്സയ്ക്കു ശേഷവും ഹൃദയതാളംതെറ്റി കുഴഞ്ഞു വീഴുന്നവരുണ്ട്. എങ്കിലും ഹൃദയാഘാതമുണ്ടായാല്‍ തക്കസമയത്തുള്ള ശരിയായ ചികിത്സ തീര്‍ച്ചയായും ഇത്തരമൊരു സ്ഥിതി നല്ലൊരു പരിധിവരെ ഒഴിവാക്കാന്‍ സഹായിയ്ക്കുന്നു.

ഹൃദയാഘാതത്തിനു ശേഷം നല്കുന്ന ബീറ്റബ്ലോക്കര്‍, എ സി ഇ ഇന്‍ഹിബിറ്റര്‍ തുടങ്ങിയ മരുന്നുകള്‍ ഹൃദയസ്തംഭനം ഒഴിവാക്കാന്‍ സഹായിക്കുന്നു. അയല, മത്തി തുടങ്ങിയ ആഴക്കടല്‍ മത്സ്യങ്ങളിലുള്ള ഒമേഗ ത്രീ ഫാറ്റി ആസിഡ് എന്ന കൊഴുപ്പ് ഹൃദയസ്തംഭനം ഉണ്ടാകാനുള്ള സാധ്യത തടയുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മരുന്നുകള്‍ കൂടാതെ മറ്റു ചില രക്ഷാകവചങ്ങളും ഉണ്ട്.

പേസ്‌മേക്കര്‍, ഐ സി ഡി എന്നറിയപ്പെടുന്ന ഇംപ്ലാന്റബിള് കാര്‍ഡിയാക് ഡിഫിബ്രിലേറ്റര്‍ തുടങ്ങിയവയാണ് ഇതില്‍ പ്രധാനപ്പെട്ടവ. ഹൃദയാഘാതമുണ്ടാകുന്ന എല്ലാവര്‍ക്കും ഇവയുടെ ആവശ്യമില്ല. ഇവയുടെ ഉപയോഗത്തിന് രാജ്യാന്തരതലത്തില്‍ അംഗീകരിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ ഉണ്ട്. ആന്ജിയോപ്ലാസ്റ്റി, സ്‌റ്റെന്‍ഡിംഗ് പോലുള്ള ചികിത്സകള്‍ നല്ലൊരു ശതമാനവും പലപ്പോഴും അനാവശ്യമായിട്ടാണ് എന്നുവരികിലും ഐ സി ഡി പോലുള്ള ചികിത്സകള്‍ ഇപ്പോഴും ആവശ്യക്കാര്‍ക്ക് ലഭിക്കുന്നില്ല എന്നൊരു വൈരുദ്ധ്യം നമ്മുടെ നാട്ടില്‍ നിലനില്ക്കുന്നു.

കൊറോണറി രോഗം നിമിത്തമുള്ള മരണങ്ങളും ജീവിതരീതിയും

ജീവിതരീതിയിലെ തെറ്റായ പ്രവണതകള്‍ ഒഴിവാക്കിയാല്‍ത്തന്നെ കൊറോണറി രോഗം നിമിത്തമുള്ള മരണങ്ങള്‍ കുറേയേറെ ഒഴിവാക്കാനാകും. പുക വലിയ്ക്കാതിരിയ്ക്കുക, ദിവസവും വ്യായാമം ചെയ്യുക, ആരോഗ്യകരമായ ആഹാരരീതി അവലംബിയ്ക്കുക എന്നീ മൂന്നുകാര്യങ്ങളാകുന്നു ഇവയില്‍ പ്രധാനപ്പെട്ടത്. കൊറോണറി ഹൃദ്രോഗം ഇല്ലാത്തവര്‍ക്ക് ഇതുണ്ടാകാതിരിയ്ക്കാനും രോഗമുണ്ടെങ്കില്‍ത്തന്നെ കൂടുതല്‍ വഷളായി പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിയ്ക്കാനും ഈ നിയന്ത്രണങ്ങള്‍ സഹായിയ്ക്കും.

രക്തസമ്മര്‍ദം, രക്തത്തിലെ കൊളസ്റ്ററോള്‍, ഗ്ലൂക്കോസ് എന്നിവ ക്രമത്തില്‍ കൊണ്ടുവരേണ്ടതുമുണ്ട്. ഇവയെല്ലാം പൊതുവായ പ്രതിരോധ നടപടികളാണ്. ഓരോ വ്യക്തിയുടെയും ഹൃദ്രോഗസാധ്യത, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ വിലയിരുത്തി സവിശേഷ ചികിത്സാരീതികള്‍ സ്വീകരിയ്‌ക്കേണ്ടിവരും.

ഹൃദ്രോഗസാധ്യതകളും ഹൃദയാരോഗ്യവും

പ്രത്യേക പ്രശ്‌നങ്ങളൊന്നുമില്ലെങ്കിലും 30 വയസ് കഴിഞ്ഞവര്‍ ഒരു ആരോഗ്യവിലയിരുത്തലിന് വിധേയരാകണം. ഇത് നിശ്ചയമായും ഒരു വാര്‍ഷിക പരിപാടിയുമാക്കണം. ഹൃദ്രോഗസാധ്യതയ്ക്കുള്ള ഘടകങ്ങള്‍ (Risk factors)മനസ്സിലാക്കുക, രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ അപഗ്രഥനം, ശരീരപരിശോധന, ഇ സി ജി, രക്തത്തിലെ ഗ്ലൂക്കോസിന്റെയും കൊഴുപ്പുകളുടെയും പരിശോധന എന്നിവ പ്രധാനമായും പ്രാഥമിക വിലയിരുത്തലിന് ആവശ്യമാണ്.

രോഗസാധ്യതയുള്ളവര്‍ക്ക് ട്രെഡ്മില്ലില്‍ ഉള്ള എക്‌സര്‍സൈസ് ടെസ്റ്റ്, എക്കോടെസ്റ്റ്, കഴുത്തിലെ രക്തധമനിയിലെ തടിപ്പുകള്‍ കണ്ടുപിടിക്കാനുള്ള ഡോപ്ലര്‍ ടെസ്റ്റുകള്‍, സി റ്റി സ്‌കാന് വഴിയുള്ള കൊറോണറി കാത്സ്യം സ്‌കോറിംഗ്, ഹോള്‍ട്ടര്‍ ടെസ്റ്റ് എന്നിവ വേണ്ടിവരും. ഇതിന്റെയെല്ലാം അപഗ്രഥനത്തിലൂടെ ഓരോരുത്തര്‍ക്കും ആവശ്യമായ പ്രതിരോധനടപടികള്‍ക്ക് രൂപം നല്കാന്‍ സാധിയ്ക്കും.

നേരത്തേ ഏതെങ്കിലും രീതിയില്‍ കൊറോണറി ഹൃദ്രോഗം ഉണ്ടായിട്ടുള്ളവര്‍ക്ക് പ്രത്യേക ശ്രദ്ധവേണ്ടിവരും. മസ്തിഷ്‌ക്ക ധമനിയിലോ കാലുകളിലെ ധമനികളിലോ രോഗം വന്നവരെയും 35 വയസ് കഴിഞ്ഞ പ്രമേഹബാധിതരെയും (പ്രമേഹികള്‍) കൊറോണറി ഹൃദ്രോഗം വന്നവര്‍ക്ക് തുല്യമായാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. ഇക്കൂട്ടരെല്ലാം ജീവിതകാലം മുഴുവന്‍ ഹൃദയസംരക്ഷണ പ്രധാനങ്ങളായ ചില മരുന്നുകള്‍ കഴിയ്‌ക്കേണ്ടതുണ്ട്. നേരത്തേപറഞ്ഞ ടെസ്റ്റുകളുടെ ഫലം അടിസ്ഥാനമാക്കി സവിശേഷപരിഗണനയും വേണ്ടി വന്നേയ്ക്കാം.

മുന്നറിയിപ്പുകള്‍ അവഗണിക്കരുത്

ഹൃദയസ്തംഭനത്തിനോ ഹൃദയാഘാതത്തിനോ മുമ്പ് നല്ലൊരുശതമാനം പേര്‍ക്കും മുന്നറിയിപ്പുപോലെ ചില ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ദിവസങ്ങള്‍ക്കോ ആഴ്ചകള്‍ക്കോ മുമ്പ് ആകും ഇതുണ്ടാവുക. ചിലപ്പോള്‍ ഒന്നിലധികം പ്രാവശ്യം ഇങ്ങനെ ഉണ്ടായിയെന്നും വരാം. നെഞ്ചില്‍ നേരിയ വേദന, നെഞ്ചിടിപ്പ്, ശ്വാസംമുട്ടല്‍, കാരണങ്ങളൊന്നും പറയാനാകാത്തക്ഷീണം തുടങ്ങിയവയാണ് ഈ മുന്നറിയിപ്പുകള്‍. ഇവ പെട്ടെന്ന് മാറുന്നതായതുകൊണ്ട് ഭൂരിപക്ഷംപേരും ഇത് കാര്യമാക്കാറില്ല. എന്നാല്‍ ഈ സമയത്ത് ഡോക്ടറെക്കണ്ട് ആവശ്യമെങ്കില്‍ വേണ്ട പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചേക്കും.

മുന്‍പറഞ്ഞ ലക്ഷണങ്ങള്‍ ഉണ്ടാകുമ്പോള്‍ ട്രൊപോണിന് (Troponin) എന്ന ടെസ്റ്റ് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഇ സി ജിയില്‍ വ്യത്യാസമൊന്നും കണ്ടില്ലെങ്കിലും ട്രിപോണിന്‍ ടെസ്റ്റ് വ്യക്തമായ മുന്നറിയിപ്പ് നല്‍കും. ഹൃദയാഘാത സാധ്യതകള്‍ ഉള്ള വ്യക്തിയാണെങ്കില്‍ അപകടസാധ്യത വളരെ വ്യക്തമായിരിക്കും.

അസ്വസ്ഥതകള്‍ പെട്ടെന്ന് മാറിയെങ്കിലും രോഗലക്ഷണങ്ങള്‍ വ്യക്തമല്ലെങ്കിലും ട്രിപോണിന് കൂടുതലായി കണ്ടാല്‍ രണ്ട് ആഴ്ചയ്ക്കുള്ളില്‍ വലിയ ഒരു ഹൃദയാഘാതമോ ഹൃദയസ്തംഭനമോ ഉണ്ടാകാനുള്ള സാധ്യത വളരെയധികമാണ്. രക്തം കട്ടപിടിക്കാതിരിക്കുന്നതിനുള്ള മരുന്നുകളും കൊളസ്റ്ററോള് കുറയ്ക്കുന്ന മരുന്നുകളും ഉടനേ തുടങ്ങുകയും കഴിയുന്നത്ര പെട്ടെന്ന് ആന്ജിയോഗ്രാഫി ടെസ്റ്റ് നടത്തുകയും വേണം.

കൊറോണറി ധമനികളുടെ അവസ്ഥയ്ക്കനുസരിച്ച്, ബലൂണ്‍ ആന്ജിയോ പ്ലാസ്റ്റിയോ ബൈപാസ് ശസ്ത്രക്രിയയോ വേണ്ടി വന്നേക്കാം. ട്രൊപോണിന് കൂടിയിട്ടില്ലെങ്കിലും മുന്‍പറഞ്ഞ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ കൂടുതല്‍ പരിശോധനകള്‍ ഒഴിവാക്കാന്‍ പാടില്ല.

മുന്നറിയിപ്പുകള്‍ക്കുള്ള അടിസ്ഥാനം

കൊറോണറി ധമനികളുടെ ഭിത്തിയിലുണ്ടാകുന്ന തടിപ്പാണ് കൊറോണറി ഹൃദ്രോഗം. രൂപത്തിലും ഭാവത്തിലും മാറ്റംവന്ന പലതരം കോശങ്ങളും ജീവനില്ലാത്ത കോശങ്ങളുടെ അവശിഷ്ടങ്ങളും കൊളസ്റ്ററോളും എല്ലാം ചേര്‍ന്നാണ് ഈ തടിപ്പ് രൂപമെടുക്കുന്നത്. കോശങ്ങള്‍ക്കകത്തും പുറത്തുമുണ്ടാകും കൊളസ്റ്ററോള്. ഈ തടിപ്പിനെ അതിരോമാറ്റസ് പ്ലാക് (atheromatous plaque) എന്നു പറയുന്നു. രക്തധമനിയുടെ ഉള്ളിലേക്കുവളരുന്ന ഈ തടിപ്പിന്റെ ആവരണം ഫൈബ്രസ് കാപ്‌സ്യൂള്‍ (Fibrous capsule) എന്നറിയപ്പെടുന്നു.

ഈ ആവരണം തടിപ്പിനകത്തെ വസ്തുക്കളെ ധമനിയിലൂടെ ഒഴുകുന്ന രക്തത്തില്‍ നിന്നും വേര്‍തിരിച്ച് നിറുത്തുന്നു. ഈ ആവരണം പൊട്ടിയാല്‍ പ്ലാക്കിനകത്തെ കൊളസ്റ്ററോളും കോശങ്ങളും മറ്റ് രാസവസ്തുക്കളും ഒഴുകുന്ന രക്തത്തില്‍ കലരും. അപ്പോള്‍ രക്തത്തിലെ പ്ലേറ്റ്‌ലൈറ്റ് കോശങ്ങള്‍ കൂടിചേര്‍ന്ന് രക്തം കട്ടപിടിയ്ക്കുന്ന പ്രക്രിയയ്ക്ക് തുടക്കമിടുന്നു.

ഇങ്ങനെ കട്ടപിടിയ്ക്കുന്ന രക്തം, രക്തപ്രവാഹത്തിനുള്ള തടസം കൂട്ടുകയോ പൂര്‍ണമാക്കുകയോ ചെയ്യുന്നു. ആ സമയത്ത് ഹൃദയമാംസപേശികള്‍ക്കുണ്ടാകുന്ന ഓക്‌സിജന്റെ കുറവാണ് രോഗലക്ഷണങ്ങള്‍ക്കു കാരണം. ആ സമയത്ത് ഹൃദയമാംസപേശികള്‍ക്കുണ്ടാകുന്ന ഓക്‌സിജന്റെ അഭാവാവസ്ഥയായ ഇസ്‌ക്കീമിയ (Ischaemia), ഹൃദയസ്പന്ദനത്തിന്റെ താളം തെറ്റിക്കാനും ഹൃദയസ്തംഭനത്തിനുതന്നെയും കാരണമാകാം.

എന്നാല്‍ എപ്പോഴും ഇങ്ങനെ ഉണ്ടാകണമെന്നുമില്ല. ചെറിയ പൊട്ടല്‍ ആണെങ്കില്‍ നിമിഷങ്ങള്‍ക്കകം കട്ടപിടിച്ച രക്തം അലിഞ്ഞുപോവുകയും രക്തപ്രവാഹം പൂര്‍വസ്ഥിതിയിലാവുകയും ചെയ്യും. പൊട്ടല്‍ വലുതാണെങ്കില്‍ കട്ടപിടിച്ച രക്തത്തിന്റെ വലുപ്പം കൂടുതലായിരിക്കും. അപ്പോള്‍ രക്തപ്രവാഹത്തിനുള്ള തടസ്സം പൂര്‍ണവും നീണ്ടുനില്ക്കുന്നതുമാകുന്നു.

നീണ്ടു നില്‍ക്കുന്ന ഇസ്‌ക്കീമിയ ഹൃദയമാംസപേശികളെ നിര്‍ജീവമാക്കുന്നു. ഇതാണ് ഹൃദയാഘാതം (Myocardial Infarction). ഇത് എപ്പോള്‍ വേണമെങ്കിലും ഹൃദയസ്തംഭനം ഉണ്ടാക്കാം. കൊറോണറി ധമനിയിലെ തടിപ്പായ പ്ലാക്കിനെ ഒന്നിലധികം കാരണങ്ങളാല്‍ ഒരു അഗ്‌നിപര്‍വതത്തോട് ഉപമിയ്ക്കാം. അഗ്‌നിപര്‍വതം പൊട്ടുന്നതിന് വലുപ്പം ഒരു ഘടകമല്ല. പൊട്ടുന്ന തടിപ്പുകളെല്ലാം ഇതുപോലെ വലുതാകണമെന്നുമില്ല.

അഗ്‌നിപര്‍വതം പൊട്ടി ലാവ പ്രവഹിച്ച് വന്‍നാശനഷ്ടങ്ങള്‍ (Volcanic Eruption) ഉണ്ടാകുന്നതിനുമുമ്പ് ചെറിയ പൊട്ടലുകള്‍ ഉണ്ടാകാറുള്ളതുപോലെ പ്ലാക്കിന്റെ വലിയ പൊട്ടലിനുമുമ്പ് ചെറിയപൊട്ടലുകള്‍ ഉണ്ടാകുന്നു. ഇതാണ് ഒരു ചെറിയ മുന്നറിയിപ്പുപോലെ ഉണ്ടാകുന്ന താത്ക്കാലിക രോഗലക്ഷണങ്ങള്‍ക്കു നിദാനം. ഈ ചെറിയ പൊട്ടലുകളെ നിര്‍ണയിയ്ക്കാന്‍ ട്രൊപോണിന്‍ ടെസ്റ്റ് സഹായിക്കുന്നു.

ഓക്‌സിജന്റെ അഭാവാവസ്ഥയില്‍ ഹൃദയമാംസപേശികള്‍ക്കുണ്ടാകുന്ന ക്ഷതത്തിന്റെ ഫലമായി മാംസപേശിയില്‍ നിന്നും പുറത്തുവരുന്ന ചിലയിനം പ്രോട്ടീനുകളാണ് ട്രൊപോണിന്‍. രോഗലക്ഷണം അനുഭവപ്പെട്ട് നാലുമണിക്കൂര്‍ കഴിയുമ്പോഴേക്കും ഇത് രക്തത്തില്‍ പ്രത്യക്ഷപ്പെടും. ഈ ടെസ്റ്റ് മണിക്കൂറുകളുടെ അന്തരത്തില്‍ രണ്ടുപ്രാവശ്യം ചെയ്യുന്നത് കൂടുതല്‍ വ്യക്തത വരുത്തും.

അസ്വാസ്ഥ്യം ചെറിയ രീതിയിലുള്ളതായാലും നിസ്സാരമായി കരുതാതെ മറ്റുപരിശോധനകള്‍ക്കൊപ്പം ട്രൊപോണിന്‍ ടെസ്റ്റ് ചെയ്യുന്നത് വിപത്ത് മുന്‍കൂട്ടിക്കണ്ട് വേണ്ട പ്രതിവിധികള്‍ ചെയ്യാന്‍ സഹായിയ്ക്കും.

പ്രവചനം സാധ്യമോ?

കൊറോണറി ധമനിയിലെ ഭിത്തിയില്‍ പ്രത്യക്ഷപ്പെടുന്ന തടിപ്പായ പ്ലാക്ക് പൊട്ടുന്നതിനുമുമ്പ് അതിന്റെ സാധ്യത കണ്ടുപിടിയ്ക്കാന്‍ കഴിയുന്നത് കൊറോണറി ഹൃദ്രോഗ ചികിത്സയില്‍ മികച്ച നേട്ടങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിയ്ക്കും. പൊട്ടാന്‍ വെമ്പിനില്ക്കുന്ന പ്ലാക്കിനെ വള്‍നറബിള്‍ പ്ലാക്ക് (vulnerable plaque:അപകടകാരിയായ പ്ലാക്ക്) എന്നു പറയുന്നു. പ്ലാക്കിന്റെ ആവരണമായ ഫൈബ്രസ് കാപ്‌സ്യൂളിന്റെ കട്ടി വളരെ കുറയുന്നതും പ്ലാക്കിനകത്തെ കൊളസ്റ്ററോള്‍ കൂടുന്നതും വള്‍നറബിള്‍ പ്ലാക്കിന്റെ പ്രധാനലക്ഷണങ്ങള്‍ ആണ്.

രക്തത്തിലെ ചീത്ത കൊളസ്റ്ററോളിന്റെ അളവ് കാര്യമായി കുറച്ചാല്‍ പ്ലാക്കിനുള്ളിലെ കൊളസ്റ്ററോള്‍ കുറയുന്നതായും ആവരണത്തിനു കട്ടികൂടുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ മാറ്റങ്ങള്‍ പൊട്ടാറായ പ്ലാക്കിനെ ദൃഢപ്പെടുത്തുന്നു.

പൊട്ടാന്‍ വെമ്പിനില്ക്കുന്ന പ്ലാക്കിനെ കണ്ടെത്താനുള്ള പരിശോധനകളില്‍ പ്രധാനപ്പെട്ടവയെല്ലാം കൊറോണറി ധമനിയിലേക്ക് പ്രവേശിപ്പിക്കുന്ന പ്രത്യേകതരം കത്തീറ്റര്‍ വഴിയാണ്. ഇക്കാരണത്താലും ഭാരിച്ച ചെലവുനിമിത്തവും ഈ പരിശോധനകള്‍ ഇപ്പോഴും ഗവേഷണ ദശയില്‍ നിന്നു തികച്ചും പുറത്തുവന്നിട്ടില്ല. കത്തീറ്റര്‍ കടത്താതെ വള്‍നറബിള്‍ പ്ലാക്ക് കണ്ടെത്താന്‍ സി റ്റി ആന്ജിയോഗ്രാഫി, കാര്‍ഡിയാക് എം ആര്‍ ഐ, പെറ്റ്‌സ്‌കാന്‍ എന്നിവ വഴിയും സാധിയ്ക്കും.

എന്നാല്‍ ഈ സംവിധാനങ്ങള്‍ ഇക്കാര്യത്തില്‍ ഒരു ദൈനംദിന രോഗനിര്‍ണയോപാധിയായി വികസിക്കാനുമുണ്ട്. വള്‍നറബിള്‍ പ്ലാക്ക് നേരിട്ട് കാണാന്‍ സാധിക്കുന്ന ഇത്തരം സങ്കീര്‍ണവും ചെലവേറിയതുമായ പരിശോധനകള്‍ കൊറോണറിരോഗം സംശയിക്കുന്നവര്‍ക്കെല്ലാം നടത്തുക പ്രായോഗികവുമല്ല. ഈ സാഹചര്യത്തില്‍ ചെയ്യാന്‍ കഴിയുന്നത്, വള്‍നറബിള്‍ പ്ലാക്ക് ഉള്ളവരെയും ഉണ്ടാകാനിടയുള്ളവരെയും മറ്റുരീതികളില്‍ കണ്ടെത്തുക എന്നതാണ്.

ഹൃദയത്തിന്റെ അവസ്ഥയും കൊറോണറിരോഗ സാധ്യതയും രോഗലക്ഷണങ്ങളും പരിഗണിക്കുന്നതു കൂടാതെ ചില പ്രത്യേകതരം രക്തപരിശോധനകളും ഇതിന് സഹായിച്ചേക്കും. രക്തത്തിലെ ഹൈസെന്‌സിറ്റീവ് സി ആര്‍ പി (Hs C R P), ലൈപോ പ്രോട്ടീന്‍ ഫോസ്‌ഫോലൈപേസ് ( Lp PLA) എന്നിവയുടെ നിര്‍ണയം പ്ലാക്കിന്റെ അപകടാവസ്ഥ മനസ്സിലാക്കാനുള്ള സാധ്യതാ പഠനമായി കണക്കാക്കാം. ഈ പരിശോധനകള്‍ നമ്മുടെ ദൈനംദിനം ചികിത്സയില്‍ ഇനിയും പ്രചുരപ്രചാരം നേടിയിട്ടില്ല.

കുഴഞ്ഞുവീണുള്ള മരണം ഒഴിവാക്കാനാകുമോ?

ശരിയായ പരിശോധനകളും സമയത്തുള്ള ചികിത്സയും കൊണ്ട് കുഴഞ്ഞുവീണുള്ള മരണങ്ങള്‍ പലതും ഒഴിവാക്കാന്‍ സാധിക്കുന്നതാണ്. ആര്‍ക്കൊക്കെയാണ് ഇതുവേണ്ടതെന്ന് നിശ്ചയിക്കുന്നതിലുള്ള പ്രായോഗിക പ്രശ്‌നങ്ങള്‍ ചെറുതല്ല. മരണകാരണങ്ങളില്‍ ഏറ്റവും മുന്തിനില്ക്കുന്ന കൊറോണറി ഹൃദ്രോഗം വരാതിരിക്കാനും അഥവാ ഉണ്ടെങ്കില്‍ അതൊരു മാരകപ്രശ്‌നമായി മാറാതിരിക്കാനും നല്ല ജീവിതരീതി സഹായിക്കും.

രോഗം ബാധിച്ചവര്‍ക്ക് ഹൃദയാഘാതമോ ഹൃദയസ്തംഭനമോ ഒഴിവാക്കാന്‍ രോഗത്തിന്റെ ഏതുഘട്ടത്തിലും ശരിയായ ചികിത്സാ ഇടപെടലുകള്‍ വഴി നല്ലൊരു പരിധിവരെ സാധിക്കും. ചുരുക്കത്തില്‍, കൊറോണറി രോഗങ്ങള്‍ മൂലമുണ്ടാകുന്ന കുഴഞ്ഞുവീണുള്ള മരണങ്ങള്‍ തികച്ചും ലളിതമായ പ്രതിരോധ നടപടികളിലൂടെ ഏറ്റവും ഫലപ്രദമായി പ്രതിരോധിയ്ക്കാന്‍ കഴിയും.

പല തലങ്ങളില്‍, പല ഘട്ടങ്ങളില്‍ ചെയ്യേണ്ട പ്രതിരോധനടപടികളുണ്ട്. പരമപ്രധാനമായകാര്യം എത്ര ചെറിയ രോഗമായാലും രോഗലക്ഷണമായാലും അവഗണിക്കാതിരിക്കുക എന്നതാണ്. ചെറിയ രീതിയിലുണ്ടാകുന്ന നെഞ്ചിടിപ്പ്, പെട്ടെന്നു മാറുന്ന തലകറക്കം, ബോധക്ഷയം എന്നിവയെ ഒരിക്കലും നിസ്സാരമായിക്കരുതരുത്.

ആയാസമുളവാക്കുന്ന പ്രവൃത്തികള്‍ ചെയ്യേണ്ട കായിക ക്ഷമത വേണ്ടവര്‍ ശരിയായ രീതിയില്‍ ഹൃദയപരിശോധന നടത്തിയിരിയ്ക്കണം. ഹൃദയസ്തംഭനമുണ്ടാകാന്‍ സാധ്യതയുള്ളവരെ കണ്ടെത്തിയാല്‍ മരുന്നുകൊണ്ടും ഐ സി ഡി എന്ന ഉപകരണം ഘടിപ്പിച്ചും അകാലമരണങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: September 29, World Heart day, hospital, Treatment, Health, Health & Fitness, Patient, Doctor, Article, Kerala.