Follow KVARTHA on Google news Follow Us!
ad

കേരളത്തിനും മുമ്പേ പിറന്ന കൊല്ലം സപ്തതി നിറവില്‍

കേരളത്തിനു മുമ്പേ പിറന്ന കൊല്ലത്തിനു ഞായറാഴ്ച എഴുപതാം പിറന്നാള്‍. സംസ്ഥാനത്ത് ഇപ്പോഴുള്ള പതിനാലു News, Kollam, Kerala,
കൊല്ലം:(www.kvartha.com 01/07/2018) കേരളത്തിനു മുമ്പേ പിറന്ന കൊല്ലത്തിനു ഞായറാഴ്ച എഴുപതാം പിറന്നാള്‍. സംസ്ഥാനത്ത് ഇപ്പോഴുള്ള പതിനാലു ജില്ലകളില്‍ ആദ്യം രൂപീകൃതമായ നാലെണ്ണത്തില്‍ ഒന്നാണ് കൊല്ലം. 1949 ജൂലൈ ഒന്നിന് കോട്ടയവും തിരുവനന്തപുരവും തൃശ്ശൂരുമാണു കൊല്ലം ജില്ലയോടൊപ്പം പിറന്നത്. 1956 നവംബര്‍ ഒന്നിന് കേരളം പിറന്നപ്പോള്‍ ഈ നാലു ജില്ലകള്‍ക്കു പുറമേ മലബാര്‍ ജില്ലകൂടി സംസ്ഥാനത്തിന്റെ ഭാഗാമായി. തുടര്‍ന്ന് 1957 ജനുവരി ഒന്നിന് മലബാര്‍ ജില്ല വിഭജിച്ച് കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് ജില്ലകള്‍ ഉണ്ടായി.

സംസ്ഥാനത്തു വിസ്തൃതിയില്‍ എട്ടാം സ്ഥാനമുള്ള കൊല്ലത്തിന്റെ വിസ്തൃതി 2491 ചതുരശ്ര കിലോമീറ്ററാണ്. തിരുവിതാംകൂര്‍ - കൊച്ചി സംയോജനത്തോടെയാണു തിരുവിതാംകൂറിലെ കൊല്ലം ഡിവിഷന്‍ കൊല്ലം ജില്ലയായി തീര്‍ന്നത്. 1859ല്‍ എട്ടു താലൂക്കുകള്‍ ചേര്‍ത്തു കൊല്ലം ഡിവിഷന്‍ രൂപികൃതമായി. 1871ല്‍ തിരുവനന്തപുരം ഡിവിഷനിലായിരുന്ന കൊട്ടാരക്കര, പത്തനാപുരം, ചെങ്കോട്ട താലൂക്കുകള്‍ കൊല്ലം ഡിവിഷനില്‍ ചേര്‍ത്തു. ഇതൊടെ കൊല്ലം, കൊട്ടാരക്കര, പത്തനാപുരം, ചെങ്കോട്ട, കുന്നത്തൂര്‍, കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂര്‍, പത്തനംതിട്ട, തിരുവല്ല, അമ്പലപ്പുഴ, എന്നിവയായി കൊല്ലം ഡിവിഷനിലെ താലൂക്കുകള്‍.

News, Kollam, Kerala, 70th anniversary for Kollam district


1922 വരെ ഇങ്ങനെ തുടര്‍ന്നു. ദേവസ്വം വിഭജന കമ്മറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഭരണചെലവു ചുരുക്കല്‍ പരിപാടിയുടെ ഭാഗമായി ചെങ്ങന്നൂര്‍ താലൂക്ക് 1922 ആഗസ്റ്റ് 17ന് (1098 ചിങ്ങം ഒന്ന്) നിര്‍ത്തലാക്കി. ചെങ്ങന്നൂര്‍ തിരുവല്ല താലൂക്കിനോടു ചേര്‍ത്തു. അന്നത്തെ താലൂക്ക് പുനസംഘടനയില്‍ ചേര്‍ത്തല താലൂക്കില്‍ നിന്നും മൂന്നു പകുതികള്‍ അമ്പലപ്പുഴ താലൂക്കിലും വൈക്കം താലൂക്കില്‍ നിന്നും നാലു പകുതികള്‍ ചേര്‍ത്തല താലൂക്കിലും ചേര്‍ത്തു. അന്ന് അമ്പലപ്പുഴ താലൂക്ക് കൊല്ലം ഡിവിഷനിലും ചേര്‍ത്തല, വൈക്കം താലൂക്കുകള്‍ കോട്ടയം ഡിവിഷനിലുമായിരുന്നു. എന്നാല്‍ 1939 മാര്‍ച്ച് 14ന് ചേര്‍ത്തല താലൂക്ക് കൊല്ലം ഡിവിഷനില്‍ ചേര്‍ത്തു.

1949 ജൂലൈ ഒന്നിന് തിരുവിതാംകൂര്‍ - കൊച്ചി സംയോജനത്തോടെ ഡിവിഷന്‍ എന്നത് ഡിസ്ട്രിക്ടായി മാറി. 1949ല്‍ കൊല്ലം ജില്ലയിലെ താലൂക്കുകള്‍ കൊല്ലം, കൊട്ടാരക്കര, പത്തനാപുരം, ചെങ്കോട്ട, കുന്നത്തൂര്‍, കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര, പത്തനംതിട്ട, തിരുവല്ല, അമ്പലപ്പുഴ, ചേര്‍ത്തല എന്നിവയായിരുന്നു. 7029 ചതുരശ്ര കീലോമീറ്ററായിരുന്നു വിസ്തീര്‍ണ്ണം. 1956 ഒക്‌ടോബര്‍ ഒന്നിന് അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകള്‍ രൂപീകരിച്ചപ്പോള്‍ കോട്ടയം, ജില്ലയുടെ ഭാഗമായി. കേരളപ്പിറവിയോടൊപ്പം തിരുവല്ല താലൂക്ക് വിഭജിച്ചു ചെങ്ങന്നൂര്‍ താലൂക്ക് വീണ്ടും രൂപീകരിച്ചു. ചെങ്കോട്ട താലൂക്കിന്റെ ഒരുഭാഗം പുതിയ മധുര സംസ്ഥാനത്തിന്റെ ഭാഗമായി. ബാക്കി ഭാഗം പത്തനാപുരം താലൂക്കില്‍ ചേര്‍ത്തു.

കൊല്ലം ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല താലൂക്കുകളും കോട്ടയം ജില്ലയിലെ കുട്ടനാട് താലൂക്കും ചേര്‍ന്നതാണ് 1957 ആഗസ്റ്റ് 17ന് ആലപ്പുഴ ജില്ല രൂപീകരിച്ചത്. കൊല്ലം ജില്ലയിലെ പത്തനംതിട്ട താലൂക്കും കുന്നത്തൂര്‍ താലൂക്കിന്റെ ചില ഭാഗങ്ങളും ആലപ്പുഴ ജില്ലയിലെ തിരുവല്ല താലൂക്കും മാവേലിക്കര ചെങ്ങന്നൂര്‍ താലൂക്കുകളിലെ ചില വില്ലേജുകളും പമ്പാവാലി വടക്ക്, ശബരിമല പ്രദേശങ്ങളും ചേര്‍ത്തതാണ് 1989 നവംബര്‍ ഒന്നിന് പത്തനംതിട്ട ജില്ല രൂപീകരിച്ചത്.

പത്തനാപുരം, പുനലൂര്‍, കുന്നത്തൂര്‍, കൊട്ടാരക്കര, കരുനാഗപ്പള്ളി, കൊല്ലം, എന്നിങ്ങനെ ആറു താലൂക്കുകളാണ് കൊല്ലം ജില്ലയിലുള്ളത്. കൊല്ലം കോര്‍പ്പറേഷന്‍, പുനലൂര്‍, പരവൂര്‍, കരുനാഗപ്പള്ളി എന്നീ മൂന്നു നഗരസഭകള്‍, 13 ബ്ലോക്ക് പഞ്ചായത്തുകള്‍, 69 ഗ്രാമപഞ്ചായത്തുകള്‍ എന്നിവയടങ്ങിയ ജില്ലയിലെ ജനസംഖ്യ 2011 ലെ കാനേഷുമാരി കണക്കനുസരിച്ച് 2629703 ആണ്. ഇതില്‍ 1244815 പുരുഷന്മാരും, 1384888 സ്ത്രീകളുമുണ്ട്.

സ്ത്രീപുരുഷ അനുപാതം 1113ന് 1000 എന്നാണ്. 93.77% മാണ് സാക്ഷരത. 53595 രൂപയാണ് ആളോഹരി വരുമാനം. കൊല്ലത്തിന് പ്രൗഢഗംഭീരമായ ഒരു ഭൂതകാലമുണ്ട്. അതിപ്രാചീനകാലത്ത് തന്നെ സ്‌പെയിന്‍ , ഗ്രീസ്, ഈജിപ്റ്റ്, റോം, കമ്പോഡിയ, സൂമാത്ര, ജാവാ തുടങ്ങിയ രാജ്യങ്ങളുമായി കൊല്ലത്തിന് സുദൃഢമായ ബന്ധമായിരുന്നു. വേണാട് രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു കൊല്ലം. ജില്ലയിലുടനീളം സഞ്ചരിക്കുന്നവര്‍ക്ക് വിസ്മയകരമായ പല കാഴ്ചകളും ആകര്‍ഷകങ്ങളാകും. 1944ല്‍ രാജ്യസേവാനിരത കെ ജി പരമേശ്വരന്‍ പിള്ളയുടെ സ്മാരകമായി നിര്‍മിച്ച ചിന്നക്കടയിലെ ക്ലോക്ക് ടവര്‍ കൊല്ലം നഗരത്തിന്റെ മുഖമുദ്രയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kollam, Kerala, 70th anniversary for Kollam district