Follow KVARTHA on Google news Follow Us!
ad

ഒടുവില്‍ മുട്ടുമടക്കുന്നു: ലണ്ടനിലേക്ക് പറക്കുന്ന മോഹന്‍ലാല്‍ തിരിച്ചെത്തിയാലുടന്‍ ഡബ്ല്യൂ സി സിയുമായി ചര്‍ച്ച; സമ്മര്‍ദത്തിലാക്കി അമ്മയ്ക്ക് രേവതി അടക്കം 3 നടിമാരുടെ കത്തുകള്‍

ഒടുവില്‍ മുട്ടുമടക്കുന്നു, ദിലീപിനെ തിരിച്ചെടുത്തത് അടക്കമുളള വിഷയങ്ങളില്‍Kochi, News, Trending, Controversy, Clash, Cinema, Entertainment, Kerala,
കൊച്ചി: (www.kvartha.com 29.06.2018) ഒടുവില്‍ മുട്ടുമടക്കുന്നു, ദിലീപിനെ തിരിച്ചെടുത്തത് അടക്കമുളള വിഷയങ്ങളില്‍ താരസംഘടനയായ അമ്മ, വിമന്‍ സിനിമാ കലക്ടീവുമായി വൈകാതെ ചര്‍ച്ച നടത്തും. തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ലണ്ടനിലേക്ക് പറന്ന 'അമ്മ' പ്രസിഡന്റ് മോഹന്‍ലാല്‍ തിരിച്ചെത്തിയ ശേഷമാകും ചര്‍ച്ച നടത്തുന്നത്. ദീലിപിനെ തിരിച്ചെടുത്തതു പുനഃപരിശോധിക്കണമെന്നും എക്‌സിക്യുട്ടിവ് വിളിക്കണമെന്നും ആവശ്യപ്പെട്ടു രേവതിയടക്കം മൂന്നു നടിമാര്‍ കത്തു നല്‍കിയതോടെയാണ് 'അമ്മ' സമ്മര്‍ദത്തിലായത്.

മാത്രമല്ല, നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ പ്രതിയായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള അമ്മ ഭാരവാഹികളുടെ തീരുമാനത്തിനെതിരെ പൊതുസമൂഹത്തില്‍ പ്രതിഷേധം ആളികത്തുകയും ചെയ്തു. എന്നാല്‍ നിരപരാധിത്വം തെളിയിക്കും വരെ ഒരു സംഘടനയിലേക്കുമില്ലെന്ന ദിലീപിന്റെ പ്രസ്താവനയോടെ തര്‍ക്കങ്ങള്‍ക്ക് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും, നാല് നടിമാര്‍ രാജിവെച്ച സാഹചര്യത്തില്‍ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം നീളുന്നത് സംഘടനാ നേതൃത്വത്തെ സമ്മര്‍ദത്തിലാക്കുന്നുണ്ട്.

AMMA ready for talks with WCC over Dileep row,Kochi, News, Trending, Controversy, Clash, Cinema, Entertainment, Kerala

ഈ കാലതാമസം വനിതാ സംഘടനയായ ഡബ്ല്യൂ.സി.സിയ്ക്കും രാജിവച്ച വനിതാ താരങ്ങള്‍ക്കും പൊതുസമൂഹത്തില്‍ നിന്ന് കൂടുതല്‍ പിന്തുണ ലഭിക്കാനിടയാക്കുമെന്നത് അമ്മ ഭാരവാഹികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. താരസംഘടനയ്ക്കുള്ളില്‍ നിന്ന് പോലും അംഗങ്ങള്‍ രാജിവച്ച നടിമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചെത്തുന്നത് നിലവിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്ന വിലയിരുത്തലുമുണ്ട്.

അതേസമയം, ജൂലായ് പകുതിയോടെ യോഗം വിളിച്ചുചേര്‍ക്കണമെന്നാണ് ഡബ്‌ളിയു.സി.സി അംഗങ്ങളായ നടിമാര്‍ അമ്മ ജനറല്‍ സെക്രട്ടറിക്ക് കഴിഞ്ഞ ദിവസം നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.

സംഘടനയ്ക്കുള്ളില്‍ പ്രശ്‌നം ചൂടുപിടിച്ചു നില്‍ക്കെ പ്രസിഡന്റ് വിദേശത്തേക്ക് പോകുന്നത് സംഘടനയ്ക്കുള്ളില്‍ തന്നെ വലിയ അഭിപ്രായ ഭിന്നതയ്ക്ക് വഴിവയ്ക്കും. നടന്‍ പൃഥ്വിരാജ് ഉള്‍പ്പെടെ അക്രമത്തിനിരയായ നടിയ്ക്കും രാജിവച്ച നടിമാര്‍ക്കും പിന്തുണയറിയിച്ച് രംഗത്തെത്തിയത് നേതൃത്വത്തിനുള്ള മുന്നറിയിപ്പാണെന്നും വിലയിരുത്താം. സംഘടനയിലെ ഇടത് ജനപ്രതിനിധികളുടെ മൗനവും പൊതുസമൂഹത്തില്‍ നിന്ന് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

സംഘടനയിലേക്കു തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിരാമമിടാന്‍ ശ്രമിച്ച് അമ്മയ്ക്കു ദിലീപ് കത്തയച്ചിരുന്നു. കേസ് അവസാനിക്കുന്നതുവരെ ഒരു സംഘടനയിലും സജീവമാകാനില്ലെന്നു പറയുന്ന കത്തിന്റെ പകര്‍പ്പ് ദിലീപ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. തന്നെ പുറത്താക്കിയ നടപടിയിലെ പിഴവു തിരുത്തിയ അമ്മയുടെ പുതിയ ഭാരവാഹികള്‍ക്കു നന്ദി പറഞ്ഞുകൊണ്ടാണു സംഘടനയിലേക്കു തല്‍ക്കാലമില്ലെന്നു ദിലീപ് വ്യക്തമാക്കിയത്. തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ കാര്യത്തിലും താന്‍ സമാന നിലപാട് അറിയിച്ചതാണെന്നു വ്യക്തമാക്കിയ ദിലീപ് തന്റെ പേരില്‍ സംഘടനയെ പലരും അപമാനിക്കുന്നതില്‍ സങ്കടമുണ്ടെന്നും കുറിച്ചു.

ദിലീപിനെ തിരിച്ചെടുത്ത നടപടിക്കെതിരെ വിമര്‍ശനമുയര്‍ന്നിട്ടും പ്രതികരിക്കാതിരുന്ന 'അമ്മ'യ്ക്ക്, വനിതാകൂട്ടായ്മയിലും അംഗങ്ങളായ നടി രേവതി, പത്മപ്രിയ, പാര്‍വതി എന്നിവര്‍ എക്‌സിക്യൂട്ടീവ് വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു കത്ത് നല്‍കിയതിനുപിന്നാലെയാണു ദിലീപിന്റെ ഫേസ്ബുക് പോസ്റ്റ് വന്നത്. ദിലീപിനെ സംഘടനയിലേക്കു തിരിച്ചുകൊണ്ടുവന്നത് പുനഃപരിശോധിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ജൂലൈ 13 നോ 14 നോ അമ്മയുടെ നിര്‍വാഹകസമിതി ചേരണമെന്നായിരുന്നു രേവതി ഉള്‍പ്പടെയുള്ളവര്‍ ആവശ്യപ്പെട്ടത്.

'അമ്മ' നിസംഗത തുടര്‍ന്നാല്‍ കൂടുതല്‍പേര്‍ രാജിവയ്ക്കുന്നതടക്കമുള്ള നിലപാടുമായി മുന്നോട്ടുപോകാനും ഇവര്‍ തീരുമാനിച്ചിരുന്നു. രാജിവച്ച നടിമാര്‍ക്കു പിന്തുണയുമായി നടന്‍ പൃഥ്വിരാജുമെത്തിയിരുന്നു. രാജി വച്ചവര്‍ക്കൊപ്പമാണെന്നും അവരുടെ ധീരതയെ അംഗീകരിക്കുകയാണെന്നും ദിലീപിനെ പുറത്താക്കിയത് അമ്മയുടെ കൂട്ടായ തീരുമാനമായിരുന്നുവെന്നും ദ് വീക്കിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു.

ആക്രമിക്കപ്പെട്ട നടി, ദിലീപ് അവസരങ്ങള്‍ നിഷേധിച്ചുവെന്നു രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നാണ് അമ്മയുടെ നിലപാടെങ്കിലും ഇതുവരെ പരസ്യപ്രതികരണത്തിന് അമ്മ തയാറായിട്ടില്ല. അതേസമയം വിവാദങ്ങള്‍ കത്തി നില്‍ക്കുന്നതിനിടെ ഫെഫ്കയുടെ യോഗം വെള്ളിയാഴ്ച കൊച്ചിയില്‍ ചേരും.

അതേസമയം, താരസംഘടനയായ അമ്മയുടെ തീരുമാനങ്ങള്‍ അവരുടെ ആഭ്യന്തരകാര്യമാണെന്നും പുറത്തുനിന്ന് അഭിപ്രായം പറയേണ്ടതില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യമനുസരിച്ചുള്ള ഒരു തീരുമാനമെടുക്കാന്‍ അവര്‍ ആലോചിക്കട്ടെ, സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമാണെന്നും മന്ത്രി കോഴിക്കോട്ടു പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: AMMA ready for talks with WCC over Dileep row, Kochi, News, Trending, Controversy, Clash, Cinema, Entertainment, Kerala.