Follow KVARTHA on Google news Follow Us!
ad

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി നഗരസഭയുടെ മാലിന്യ സംസ്‌ക്കരണം

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി നഗരസഭയുടെ മാലിന്യ സംസ്‌ക്കരണം. News, Pathanamthitta, Kerala, Municipality,
പത്തനംതിട്ട:(www.kvartha.com 01/05/2018) മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി നഗരസഭയുടെ മാലിന്യ സംസ്‌ക്കരണം. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശമനുസരിച്ച് മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ ജൈവ, അജെവ മാലിന്യങ്ങളായി തരംതിരിച്ചു വേണം പ്ലാന്റിലേക്ക് എത്തിക്കുവാന്‍. എന്നാല്‍ മാലിന്യ സംസ്‌ക്കരണത്തിന് കരാര്‍ ഏറ്റെടുത്തിരിക്കുന്ന നിലവിലെ ഏജന്‍സി മാലിന്യങ്ങള്‍ വേര്‍തിരിക്കാതെയാണ് സംസ്‌ക്കരണം നടത്തുന്നത്.

ദിവസവും ഒന്നര ടണ്‍ മാലിന്യം മാത്രം കത്തിച്ചു കളയാന്‍ ശേഷിയുള്ള ഇന്‍സിനറേറ്ററാണ് സ്ഥാപിച്ചിട്ടുള്ളത്. പലപ്പോഴും ഇന്‍സിനറേറ്ററിന് താങ്ങാന്‍ കഴിയുന്നതിലും അധികം മാലിന്യങ്ങളാണ് ഇവിടെ സംസ്‌ക്കരിക്കുന്നത്. അളവില്‍ കൂടുതല്‍ മാലിന്യങ്ങള്‍ കത്തിക്കുന്നത് മൂലം പലപ്പോഴും ഇന്‍സിനറേറ്റര്‍ കത്തിപ്പോകുന്ന സംഭവങ്ങളുമുണ്ട്. ഈ സാഹചര്യങ്ങില്‍ പലപ്പോഴും പ്രദേശത്തെ തുറസ്സായ സ്ഥലത്ത് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതും പതിവാണ്. മാലിന്യങ്ങള്‍ അലക്ഷ്യമായി കത്തിക്കുന്നത് നിയമപ്രകാരം കുറ്റകരമാണെന്നിരിക്കെയാണ് നഗരസഭ അനാസ്ഥ തുടരുന്നത്.

News, Pathanamthitta, Kerala, Municipality, Pathanamthitta pollusion issue

ജില്ലാ വെറ്റിനറി കേന്ദ്രം, ആശുപത്രി, സ്‌കൂളുകള്‍, കോളജുകള്‍ തുടങ്ങി വിവിധ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്ത് തുറസായ സ്ഥലത്തിട്ട് മാലിന്യങ്ങള്‍ കത്തിക്കുന്നത് പൊതുജനാരോഗ്യത്തെ സാരമായി ബാധിക്കുന്ന സ്ഥിതിയാണ്. നഗരപരിധിയിലെ 600 വീടുകില്‍ നിന്നും മറ്റും ശേഖരിക്കുന്ന 6 ടണ്‍ മാലിന്യമാണ് മാലിന്യ സംസ്‌ക്കരണ പ്ലാന്റിലേക്ക് ദിനംപ്രതി എത്തുന്നത്. കുടുംബശ്രീയുടെ 19 തൊഴിലാളികളെ ഹരിത കര്‍മ്മസേനയായി നിയോഗിച്ചാണ് നഗര പരിധിയിലെ മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. എന്നാല്‍ ഇവയുടെ സംസ്‌ക്കരണ രീതി വ്യവസ്ഥകള്‍ പാലിക്കാതെയാണ് നിലവിലും തുടര്‍ന്നു കൊണ്ടിരിക്കുന്നതെന്നാണ് ആക്ഷേപം.

വിവരാവകാശ നിയമ പ്രകാരം ലഭിച്ച വിവരത്തിലും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചല്ല മാലിന്യസംസ്‌ക്കരണം എന്ന് മനസിലാക്കാം. പാരിസ്ഥിതിക നിയമം അനുസരിച്ച് മാലിന്യങ്ങള്‍ ശേഖരിക്കുതിനും ശാസ്ത്രീയമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും പ്രത്യേക സംവിധാനങ്ങള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഉണ്ടാക്കേണ്ടതും നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്നുവെന്നും പരിസ്ഥിതി മലിനീകരണം ഉണ്ടാകുന്നില്ലെന്നും ഉറപ്പുവരുത്തേണ്ടതുമാണ്.

എന്നാല്‍ ഏജന്‍സിയുടെ വ്യവസ്ഥകള്‍ പാലിക്കാതെയുള്ള മാലിന്യ സംസ്‌ക്കരണം നഗരസഭ കണ്ടില്ലെന്ന മട്ടിലാണ്. ഇവയ്ക്ക് പുറമെ പ്ലാന്റിലേക്ക് എത്തുന്ന മാലിന്യങ്ങള്‍ കൃത്യമായ രീതിയില്‍ നിക്ഷേപിക്കുവാന്‍ ഷെഡ് ഇല്ലാത്ത സാഹചര്യവുമുണ്ട്.

അതിനാല്‍ മഴപെയ്യുന്ന സാഹചര്യങ്ങളില്‍ മാലിന്യങ്ങള്‍ നനയുന്നത് സംസ്‌ക്കരണത്തെ ദോഷകരമായി ബാധിക്കുന്നു. 2016ല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ മാലിന്യ സംസ്‌ക്കരണത്തില്‍ നഗരസഭ വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്നും, നിലവിലെ ന്യൂനതകള്‍ പരിഹരിക്കണമെന്നും അല്ലാത്ത സാഹചര്യത്തില്‍ പ്രദേശത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തടയുമെന്നും നഗരസഭാ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ വ്യവസ്ഥകളാണ് നഗരസഭാ പാലിക്കാതെ തുടരുന്നത്. പൊതു പ്രവര്‍ത്തകനായ എന്‍.കെ ബാലന്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിന്മേല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയ മറുപടിയിലാണ് നഗരസഭയുടെ മാലിന്യ സംസ്‌ക്കരണം വ്യവസ്ഥകള്‍ പാലിക്കാതെയെന്ന് തെളിഞ്ഞിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Pathanamthitta, Kerala, Municipality, Pathanamthitta pollusion issue