Follow KVARTHA on Google news Follow Us!
ad

മാതാവ് എന്ന വാക്കിന് ക്രൂരത എന്ന അര്‍ത്ഥം കൂടി വരുമ്പോള്‍...

രണ്ട് വര്‍ഷം മുമ്പ് കേരളീയ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിന്റെ വിധി വന്ന അതേ ആഴ്ചയാണ് മകനെ ചുട്ടെരിച്ച് കൊന്ന മറ്റൊരു മാതാവിന്റെ ക്രൂര മുഖം കൂടി ലോകംKerala, Mother, Article, Anas Alangol, Article about mothers
അനസ് ആലങ്കോള്‍

(www.kvartha.com 31.01.2018) രണ്ട് വര്‍ഷം മുമ്പ് കേരളീയ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിന്റെ വിധി വന്ന അതേ ആഴ്ചയാണ് മകനെ ചുട്ടെരിച്ച് കൊന്ന മറ്റൊരു മാതാവിന്റെ ക്രൂര മുഖം കൂടി ലോകം കണ്ടത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തി കത്തിച്ച് ആളൊഴിഞ്ഞ പുരയിടത്തില്‍ ഉപേക്ഷിച്ച വാര്‍ത്ത കേട്ടാണ് കേരളം വീണ്ടും ഞെട്ടിയത്. ഭര്‍ത്താവ് ജയിലില്‍ പോയ അവസരത്തില്‍ തന്റെ ലൈംഗിക ശമനത്തിനു വേണ്ടി കണ്ടെത്തിയ രണ്ട് കാമുകന്മാര്‍ മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച് കൊലപ്പെടുത്തുമ്പോള്‍ അമ്മ നോക്കുകുത്തിയായി മാറിയ അപൂര്‍വം സംഭവത്തിന്റെ വിധി വന്നതിന്റെ അടുത്ത ദിവസം തന്നെയാണ് സ്വത്ത് തര്‍ക്കത്തിന്റെ ദേഷ്യത്തില്‍ മകനെ അമ്മ  കൊലപ്പെടുത്തുന്നത്. അമ്മ എന്ന പദത്തിന് സുന്ദരമായ ഒരര്‍ത്ഥമുണ്ട്. ഭൂലോകത്തിലെ സര്‍വ്വവും അതില്‍ അടങ്ങിയിട്ടുണ്ട്. ഒരിക്കലും യഥാര്‍ത്ഥ അമ്മയ്ക്ക് സ്വന്തം മക്കളുടെ ദേഹത്തിലേക്ക് ഒരു മുള്ള തറക്കുന്നത് പോലും സഹിക്കാനുള്ള ത്രാണിയില്ല.

ഈ ലോകത്തിലെ ഏറ്റവും മനോഹരമായ പദമാണ് അമ്മ. ഉമ്മ എന്നും മമ്മീ എന്നും നമ്മള്‍ വിളിക്കാറുള്ള സ്നേഹ ഗോപുരം. ലോകത്തിലെ തന്നെ ഏറ്റവും വലിയ സംതൃപ്തി തരുന്ന വാക്ക്. മാതാവ് എന്ന പദത്തില്‍ തന്നെ അമ്മിഞ്ഞപ്പാലിന്റെ ഗന്ധവും അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. മാതാവ് എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസിലേക്ക് ഓടി വരുന്നത് സ്നേഹത്തിന്റെ ആള്‍രൂപമാണ്. നിശയുടെ നിശബ്ദതയില്‍ ലോകം മൂടി പുതച്ചുറങ്ങുന്ന നേരം നമ്മുടെ കരച്ചിലടക്കാന്‍ ഏറെ നേരം പ്രയാസപ്പെട്ട മാതാവ്, പോളിയോ എടുക്കാന്‍ വേണ്ടി നമ്മുടെ ശരീരത്തിലേക്ക് സൂചി കുത്തി കയറ്റുമ്പോള്‍ ആരും കാണാതെ കരഞ്ഞ മാതാവ്, ചെറിയ രോഗം ബാധിച്ചാല്‍ ഡോക്ടറുടെ അടുത്ത് ദീര്‍ഘനേരം മുഷിപ്പില്ലാതെ കാത്തിരിക്കുന്ന മാതാവ്, അതിരാവിലെ വിളിച്ചുണര്‍ത്തി കുളിപ്പിച്ച് തേച്ചു മിനുക്കിയ വസ്ത്രവും ധരിപ്പിച്ച് സ്‌കൂളിലേക്ക് അയച്ച മാതാവ്, അവശനായി സ്‌കൂളില്‍ നിന്ന് വരുമ്പോള്‍ ആവേശത്തോടെ സ്വീകരിക്കുന്ന അതിഥേയായ മാതാവ്, പതറുമെന്ന് കരുതിയ പല സ്ഥലങ്ങളിലും താങ്ങും തണലുമായ നേതാവ് ഇതൊക്കെയാണ് മാതാവിനെ പറ്റിയുളള നമ്മുടെ സങ്കല്‍പ്പങ്ങള്‍. വിഷമങ്ങളുടെ കഥ കേള്‍ക്കാന്‍ സന്നദ്ധനായ സുഹൃത്തിന്റെ റോളിലു ംമാതാവ് അഭിനയിക്കാറുണ്ട്. പര്‍വത തുല്യമായ ആഗ്രഹങ്ങളും അഭിലാഷങ്ങളും കേട്ട് പിതാവിനു മുന്നില്‍ കാര്യങ്ങള്‍ സാധിച്ചു തരാറുളള അപൂര്‍വം കഴിവിനുടമയായ വ്യക്തിയാണ് മാതാവ്.

ഒരേ സമയം സുഹൃത്തായും സ്നേഹിതയായും ലോകം വാഴ്ത്തിയ മാതാവ് ഭീകരത സൃഷ്ടിച്ച വാര്‍ത്തയാണ് നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്നത്. മാറേണ്ട മാതാവ് അക്രമകാരിയാവുമ്പോള്‍, അഭയമായി മാറേണ്ട മാതാവിന്റെ അടുക്കല്‍ നിന്ന് ആശങ്കാപരമായ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ലോകം സംസ്‌കാര ശൂന്യതയിലേക്ക് തെന്നി മാറുന്നതിന്റെ അടയാളമാണിതെന്ന കാര്യം ആശങ്കയുണര്‍ത്തുന്നു. സന്താനങ്ങള്‍ ലോകം കനിഞ്ഞേകുന്ന വരദാനം എന്നതിനപ്പുറം പ്ലാസ്റ്ററിക് ട്യൂബുകളില്‍ ഉത്പാദനം നടത്താന്‍ കഴിയുന്ന ഉത്പന്നമായി കാണാന്‍ തുടങ്ങിയത് മുതലാണ് ബന്ധങ്ങള്‍ ബന്ധനങ്ങളായി മാറിയത്. അന്ന് മുതലാണ് മക്കള്‍ക്ക് അമ്മയോടുളള സ്നേഹവും അമ്മമാര്‍ക്ക് മക്കളോടുളള സ്നേഹവും നഷ്ടപ്പെട്ടത്.

ചെറിയ കുഞ്ഞായിരുന്ന സമയത്ത് മിഠായി വാങ്ങണമെന്ന് അമ്മയോട് പറഞ്ഞ്് പിടിച്ചു തൂങ്ങിയ അതേ ഷാള്‍ മുറുക്കിയാണ് സ്വന്തം മകനെ ആ അമ്മ കൊലപ്പെടുത്തിയത്. മകനും അമ്മയും ഒന്നിച്ച് കളിച്ച് ചിരിച്ച് നടന്ന അതേ വരാന്തയിലൂടെ മകന്റെ മൃതദേഹം വലിച്ചുകൊണ്ടുവരുമ്പോള്‍ അമ്മയുടെ മനസിലേക്ക് ഗതകാല ഓര്‍മ്മകള്‍ കടന്ന് വന്നിരിക്കില്ലേ? അമ്മയുടെ ആവശ്യങ്ങള്‍ക്ക് അയല്‍ക്കാരുടെ അടുത്ത് പോയിരുന്ന അതേ മകനെ കത്തിക്കാന്‍ വേണ്ടിയാണ് അടുത്ത വീട്ടില്‍ നിന്ന് അമ്മ മണ്ണെണ്ണ വാങ്ങിയത്. മണ്ണ് വാരിയിട്ട് ഭക്ഷണമുണ്ടാക്കി വിരുന്ന് വന്നവര്‍ക്ക് വിളമ്പിക്കൊടുത്ത് 'വിരുന്നൂട്ടി' കളിച്ചിരുന്ന അതെ ചിരട്ടകള്‍ ഉപയോഗിച്ചായിരിക്കും ആ മകനെ അമ്മ കത്തിച്ചത്. ഓരോ ദിവസവും കുളി കഴിഞ്ഞ് തോര്‍ത്തുമ്പോള്‍ ഇതേ തോര്‍ത്തുപയോഗിച്ച് എന്റെ അമ്മ എന്നെ കഴുത്ത് മുറുക്കി കൊല്ലുമെന്ന് മകന്‍ എപ്പോഴെങ്കിലും ചിന്തിച്ചു കാണുമോ? ഭര്‍ത്താവ് വീട്ടിലെത്തിയ സമയത്ത് എന്റെ കൈയില്‍ നിന്ന് അമ്പത് രൂപയും വാങ്ങി നമ്മുടെ മകന്‍ പുറത്ത് പോയിട്ടുണ്ടെന്ന് പറയുമ്പോഴും മാതാവിന്റെ മുഖത്ത് ഖേദത്തിന്റെ ഒരു നിഴലാട്ടവുമുണ്ടായില്ലെന്നതാണ് അത്ഭുതം. സ്നേഹ ചുംബനങ്ങള്‍ അര്‍പ്പിക്കേണ്ട മുഖത്ത് തുണികൊണ്ട് ശ്വാസം മുട്ടിക്കാന്‍ ആ മാതാവിനെങ്ങനെ സാധിച്ചു. അവനെ പ്രസവിക്കുമ്പോള്‍ താന്‍ അനുഭവിച്ചതിന്റെ ഇരട്ടി വേദന അവന്‍ അനുഭവിക്കുന്നുണ്ടാവും എന്ന് തിരിച്ചറിഞ്ഞിട്ടും ആ മാതാവിന്റെ കൈകള്‍ ഉള്‍വലിയാത്തതിന്റെ കാരണവും വ്യക്തമാകുന്നില്ല. കൈ വളരുന്നുണ്ടോ, കാല്‍ വളരുന്നുണ്ടോ എന്ന് നോക്കി വളര്‍ത്തേണ്ട മാതാവിനു കൈകാലുകള്‍ കത്തി ചാമ്പലാവുമ്പോള്‍ നോക്കി നിന്ന ആ മാതൃഹൃദയം എത്രമാത്രം കഠിനമായിരിക്കും. വിപരീത ദിശയില്‍ മക്കള്‍ സഞ്ചരിക്കുമ്പോള്‍ ശാസിക്കേണ്ട മാതാവാണ് കുടുംബ ബന്ധം പുലര്‍ത്തിയതിന്റെ പേരില്‍ മകനെ അടിച്ചു കൊന്നത്. പിറന്നത് പെണ്ണാണെന്ന് അറിഞാല്‍ പണി ആയുധങ്ങളുമായി പറമ്പിലേക്ക് കുഴിവെട്ടാനിറങ്ങുന്ന ആറാം നൂറ്റാണ്ടിലെ കാടന്‍ സംസ്‌കാരത്തെക്കാളും ഇരുപത്തിയൊന്നാം നൂറ്റാണ്ട് അധഃപതിച്ചുവെന്നതിന്റെ നേര്‍ ഉദാഹരണങ്ങളാണ് ഇത്തരം സംഭവങ്ങള്‍.

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു ചിത്രം ശ്രദ്ധയില്‍ പെട്ടിരുന്നു. വൃദ്ധസദനത്തില്‍ അമ്മയെ ഉപേക്ഷിച്ച് പോകുന്ന മകനെ നോക്കി ആരെയും ആശ്രയിക്കാതെ ജീവിക്കാന്‍ എന്റെ മകനു സാധിക്കുന്നുവെന്ന് കരുതി സന്തോഷിക്കുന്ന മാതാവിന്റെ ചിത്രം. ആയിരം ലൈക്കുകള്‍ നല്‍കിയാലും മതിയാവാത്ത ചിത്രം. സ്വര്‍ണം പൂശിയ ചട്ടകൂടില്‍ ഭദ്രമാക്കേണ്ട ചിത്രം. തന്നെ ഉപേക്ഷിച്ചാണ് തന്റെ മകന്‍ വൃദ്ധസദനത്തില്‍ നിന്ന് ഇറങ്ങി പോവുന്നതെന്ന് വിലപിച്ച് മകനെ ശപിക്കേണ്ട നേരത്ത് എന്റെ മകന്‍ ആശ്രയമില്ലാതെ ജീവിക്കാന്‍ പഠിച്ചുവെന്ന് അഭിമാനിക്കുന്ന മാതാവിന് എത്ര പൂമാല ചാര്‍ത്തിയാലും മതിയാവില്ല. ഓരോ അമ്മയും അങ്ങനെയാണ്. ദേഷ്യ സമയത്ത് മക്കളെ ശാസിക്കുന്ന ഓരോ അമ്മമാരുടെ മനസ്സിലും സ്നേഹത്തിന്റെ ആയിരം തെളിദീപങ്ങള്‍ പ്രകാശിക്കുന്നുണ്ടാവും.

ലോകത്തിലെ അധിക മതങ്ങളിലും അമ്മയ്ക്ക് ദൈവ തുല്യസ്ഥാനമാണ്. ഹിന്ദു മതത്തിലെ പല ദേവതകളെയും വിശ്വാസികള്‍ അമ്മ എന്നാണ് വിളിക്കുന്നത്. എനിക്കൊരു പുണ്യകര്‍മ്മം പഠിപ്പിച്ച് തരണമെന്ന് പറഞ്ഞ് പ്രവാചകനെ സമീപ്പിച്ച അനുയായിയോട് പ്രവാചകന്‍ കല്‍പ്പിച്ചത് മാതാവിനെ പരിചരിക്കാനാണ്. മാതാ: പിതാ: ഗുരു: ദൈവം: എന്ന സംസ്‌കൃത ശ്ലോകത്തില്‍ പറയുന്നത് ആദ്യം മാതാവിനെ നമിക്കാനാണ്. അമ്മ എന്ന രണ്ടക്ഷരത്തില്‍ ജീവിച്ചിരിക്കുന്നത് സന്തോഷവും സങ്കടവും അനുഭവവും പരാതിയും വേദനയും ഒക്കെ നിറഞ്ഞ സമ്മിശ്ര വികാരമാണെന്ന പ്രശസ്ത എഴുത്തുകാരന്‍ ആനന്ദിന്റെ വാക്കുകള്‍ എത്ര അര്‍ത്ഥപൂര്‍ണമാണ്. 'രാവിന്റെ യാമങ്ങളില്‍ എപ്പോഴോ ഉണര്‍ന്നപ്പോള്‍ ഉമ്മയുണ്ട് ഉറങ്ങാതെ അപ്പോഴും' എന്ന റഫീഖ് അഹ് മദിന്റെ കവിത എത്ര സമ്പന്നം. അമ്മ മക്കളെ സ്നേഹിക്കണമെന്നും മക്കള്‍ അമ്മമാരെ ബഹുമാനിക്കണമെന്നും നിര്‍ദേശിക്കാത്ത മതങ്ങള്‍ ലോകത്തില്ല.

അമ്മ മക്കളെ സ്നേഹിക്കുന്നു. മക്കള്‍ അമ്മയെ ബഹുമാനിക്കുന്നു. ഇത് രണ്ടും ഇല്ലാതെയാവുമ്പോള്‍ ലോകം നശിക്കും. ദൈവം സന്താനങ്ങളെ നല്‍കുന്നത് സംരക്ഷിക്കാനാണ്. ആക്രമിക്കാന്‍ വേണ്ടി ദൈവം മക്കളെ നല്‍കിയിട്ടില്ല. പരസ്പരം സ്നേഹത്തോടെ വര്‍ത്തിക്കുമ്പോഴാണ് സുന്ദരമായ ലോകം സാധ്യമാവുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Mother, Article, Anas Alangol, Article about mothers
< !- START disable copy paste -->