Follow KVARTHA on Google news Follow Us!
ad

ഓര്‍ത്തുപോകുന്നു വനിതാ നേതാക്കള്‍ തന്ന അനുമോദനങ്ങള്‍

പരിഗണന ലഭിക്കാന്‍ ആഗ്രഹിക്കാത്തവര്‍ വളരെ വിരളമായിരിക്കും. ഒരു വാക്കോ, നോട്ടമോ, പുറത്തു തട്ടലോ Kookanam-Rahman, Article, Award,
കൂക്കാനം റഹ് മാന്‍

(www.kvartha.com 30.01.2018) പരിഗണന ലഭിക്കാന്‍ ആഗ്രഹിക്കാത്തവര്‍ വളരെ വിരളമായിരിക്കും. ഒരു വാക്കോ, നോട്ടമോ, പുറത്തു തട്ടലോ എന്തുമാകാം. അതേറ്റു വാങ്ങുമ്പോള്‍ മനസ്സ് സന്തോഷപൂരിതമാകും. പരിഗണനപോലെ തന്നെ വിമര്‍ശനവും മനസ്സില്‍ അസ്വസ്ഥത സൃഷ്ടിക്കും. പക്ഷേ നിര്‍മ്മാണാത്മകമായ വിമര്‍ശനം തെറ്റു തിരുത്താനുളള അവസരം സൃഷ്ടിക്കുകയാണ് ചെയ്യുക. ദുഷ്ടലാക്കോടെയും, ദുരയോടെയും, വ്യക്തിഹത്യ ലക്ഷ്യമിട്ടും ചെയ്യുന്ന വിമര്‍ശനങ്ങള്‍ മനുഷ്യ മനസ്സില്‍ ഉണങ്ങാത്ത മുറിവ് സൃഷ്ടിക്കും. സ്ത്രീപക്ഷത്തുനിന്നു സംസാരിക്കുകയും, എഴുതുകയും ചെയ്യുമ്പോള്‍ വനിതാനേതാക്കളുമായും, സാധാരണ സ്ത്രീകളുമായും സമൂഹത്തിലെ ചിലര്‍ പുഛത്തോടെ നോക്കിക്കാണുന്ന സഹോദരിമാരുമായും ഇടപെട്ടിട്ടുണ്ട്. സമൂഹ നന്മ ലാക്കാക്കി പ്രവര്‍ത്തിക്കുമ്പോള്‍ അതിനെ സ്‌നേഹത്തോടെയും, അഭിമാനത്തോടെയും നോക്കിക്കാണുന്നവരാണ് സാധാരണ സ്ത്രീകളും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്ത്രീകളും. പ്രശ്‌നങ്ങളെ സമചിത്തയോടെ കാണുകയും, പഠിക്കുകയും, പ്രതികരിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വനിതാ നേതാക്കള്‍ നിരവധിയാണ്.

കഴിഞ്ഞ അരനൂറ്റാണ്ടിലേറെ കാലത്തെ സാമൂഹ്യസേവനരംഗ പ്രവര്‍ത്തനങ്ങളില്‍ സ്‌നേഹമസൃണവും, പ്രോത്സാഹജനകവുമായ പ്രതികരണങ്ങള്‍ ചില വനിതാ നേതാക്കളില്‍നിന്ന് നേരിട്ടുകേള്‍ക്കാന്‍ ഇടവന്ന സന്ദര്‍ഭങ്ങള്‍ മനസ്സില്‍ എന്നും പച്ച പിടിച്ചുനില്‍ക്കുന്നുണ്ട്. അതില്‍ എടുത്തുപറയേണ്ട വനിതാ നേതാക്കളില്‍ ചിലരാണ് മുന്‍മന്ത്രി പി.കെ. ശ്രീമതി ടീച്ചര്‍, മഹിളാ രംഗത്തെ പേരുകേട്ട പ്രവര്‍ത്തക കോഴിക്കോട്ടെ ടി. ദേവി, അന്തരിച്ച കേരള നിയമസഭാ മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ നഫീസത്തു ബീവി, ഇപ്പോഴത്തെ ആരോഗ്യ മന്ത്രി കെ. കെ. ഷൈലജ ടീച്ചര്‍, കേരളത്തിലെ അറിയപ്പെടുന്ന വനിതാപ്രവര്‍ത്തകരിലൊരാളായ വി.വി സരോജിനി, കേരളക്കരയില്‍ അങ്ങോളമിങ്ങോളമറിയപ്പെടുന്ന പ്രസിദ്ധ സാക്ഷരതാ സാമൂഹ്യ പ്രവര്‍ത്തക റാബിയ, എഴുത്തുകാരി ഡോ: എം. ലീലാവതി എന്നിവര്‍. സാന്ത്വനവും, സ്‌നേഹവും, പ്രോത്സാഹനവും നല്‍കിയ ഈ മഹിളാ രത്‌നങ്ങളെ ഓര്‍ക്കുമ്പോള്‍, വിഷം ചീറ്റുന്ന, ദുര്‍ഗന്ധപൂരിതമാക്കുന്ന, പരസ്പരം ഏഷണിയുടെ വിത്തുപാകുന്ന ചില വനിതാ നേതാക്കളുടെ മുഖവും ഓര്‍ത്തുപോകുന്നു. എന്നെ വിശ്വസിക്കുകയും, എന്റെ പ്രവര്‍ത്തനങ്ങളില്‍ ആവേശം കൊളളുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്ന വനിതാ നേതാക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത ചില വനിതാ നേതാക്കളെ ഓര്‍ക്കുമ്പോള്‍, അവരുടെ മുഖം കാണുമ്പോള്‍ വല്ലാത്തൊരു അറപ്പോ, വെറുപ്പോ മനസ്സില്‍ ഉദിച്ചുപൊങ്ങുന്നു. അത്തരം പ്രവര്‍ത്തിചെയ്ത ഒന്നോ രണ്ടോ വനിതാ നേതാക്കള്‍ മാത്രമേ എന്റെ അനുഭവത്തിലുളളു.

Kookanam-Rahman, Article, Award, Remembering felicitation given by woman leaders.

നന്മ കാണുമ്പോള്‍ പ്രകീര്‍ത്തിച്ച ചില മഹിളാ രത്‌നങ്ങളെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കാന്‍ ശ്രമിക്കുന്നത്. പി.കെ. ശീമതി ടീച്ചറെ കാന്‍ഫെഡിന്റെ ആരംഭം തൊട്ട് പരിചയപ്പെട്ട വ്യക്തിയാണ്. മന്ത്രിയായിരിക്കുമ്പോള്‍ രണ്ട് അവാര്‍ഡുകള്‍ അവരുടെ കയ്യില്‍നിന്ന് കൈപ്പറ്റിയിട്ടുണ്ട്. 'തിക്കുറിശ്ശി ഫൗണ്ടേഷന്‍' അവാര്‍ഡ് തിരുവനന്തപുരം കലാഭവന്‍ തിയ്യറ്ററില്‍നിന്ന് ഏറ്റുവാങ്ങാന്‍ പോയ അനുഭവം ഓര്‍ക്കുകയാണ്. അവാര്‍ഡിന് അര്‍ഹരായവരുടെ പേരുവിവരം സംഘാടകര്‍ വിശദമാക്കുമ്പോള്‍ ഇടയ്ക്കുകയറി അവാര്‍ഡ് വിതരണം ചെയ്യാനെത്തിയ ശ്രീമതി ടീച്ചര്‍ ആരാഞ്ഞത് കേട്ട് എല്ലാവരും എന്നെ ശ്രദ്ധിച്ചു. 'കൂക്കാനം റഹ് മാന്‍ മാഷും വന്നിട്ടുണ്ടോ?' എന്ന്. പല പ്രമുഖരും ഒത്തുകൂടിയ സദസ്സില്‍ എന്റെ പേര് മാത്രം മന്ത്രി പറഞ്ഞപ്പോള്‍ എനിക്ക് അഭിമാനം തോന്നി. അവാര്‍ഡ് തന്ന് ആദരിച്ചപ്പോള്‍ ഒന്നുകൂടി ആശംസ നേര്‍ന്നത് ഓര്‍ത്തുപോകുന്നു.

എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനം മികച്ചരീതിയില്‍ നടത്തിയതിന് കാസര്‍കോട് ജില്ലയിലെ പാന്‍ടെക്ക് എന്ന സംഘടന സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹമായി. അതിന്റെ ഡയറക്ടര്‍ എന്ന നിലയ്ക്ക് തിരുവനന്തപുരത്തുവെച്ചു നടന്ന അവാര്‍ഡ് ഏറ്റുവാങ്ങാന്‍ ചെന്നത് ഞാനായിരുന്നു. 2005 ഡിസംബര്‍ 1ന്(എയ്ഡ്‌സ് ദിനം) ആരോഗ്യ മന്ത്രി ശ്രീമതി ടീച്ചറില്‍ നിന്നാണ് പ്രസ്തുത അവാര്‍ഡും സ്വീകരിക്കേണ്ടി വന്നത്. അന്നും ടീച്ചര്‍ അവാര്‍ഡുനേടിയതിന് പ്രത്യേക അനുമോദനം വാക്കാല്‍ പ്രകടിപ്പിക്കുകയുണ്ടായി. ഈ അവാര്‍ഡു സ്വീകരിക്കുന്നതില്‍ എനിക്ക് ഇരട്ടി മധുരമുണ്ടായി. മന്ത്രിയുടെ സംഘടനയില്‍പ്പെട്ട വനിതാ നേതാവാണ് എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഞങ്ങളുടെ സംഘടനയെയും, വ്യക്തിപരമായി എന്നെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പത്രവാര്‍ത്ത കൊണ്ടും, പ്രചാരണം കൊണ്ടും തളര്‍ത്താന്‍ ശ്രമിച്ചത്. അതേ പ്രവര്‍ത്തനം മികച്ച രീതിയില്‍ സംഘടിപ്പിച്ചതിന് സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ അവാര്‍ഡ് വാങ്ങിയത് പ്രസ്തുത വനിതാ സംഘടനയുടെ സംസ്ഥാന നേതാവില്‍നിന്നാണ് എന്നത് എന്നില്‍ സന്തോഷമുണ്ടാക്കി.

ഒരു ദിവസം ഒരു ഫോണ്‍കോള്‍ വന്നു. 'റഹ് മാന്‍ മാഷല്ലേ, ഞാന്‍ ശ്രീമതി ടീച്ചറാണ്'. ശ്രീമതി ടീച്ചര്‍ എന്നു പരിചയപ്പെടുത്തിയപ്പോള്‍ മുന്‍മന്ത്രിയാണെന്നോ, എം.പി. യാണെന്നോ ഒന്നും പറഞ്ഞില്ല. അതിനാല്‍ വിളിച്ച വ്യക്തിയെ മനസ്സിലായില്ല. 'ആളെ മനസ്സിലായില്ലല്ലോ' എന്റെ പ്രതികരണം. 'അയ്യോ മനസ്സിലായില്ലേ ശ്രീമതി ടീച്ചര്‍ത്തന്നെ'. ഞാന്‍ സോറി പറഞ്ഞു. ടീച്ചര്‍ ആവശ്യപ്പെട്ടത് ഒരു ഹോം നഴ്‌സിന്റെ സേവനം ലഭിക്കാന്‍ സാധ്യതയുണ്ടോ എന്നറിയാനാണ്. അവരുടെ ആവശ്യപ്രകാരം നല്ല സേവന സന്നദ്ധതയുളള ഒരു ഹോം നഴ്‌സിനെ അവിടേക്ക് നിയമിച്ചുകൊടുത്തു.

ദേശാഭിമാനി 'സ്ത്രീ ശബ്ദം' മാസികയുടെ എഡിറ്ററായിരുന്നു ഇന്നത്തെ ആരോഗ്യവകുപ്പു മന്ത്രി ശൈലജ ടീച്ചര്‍. ഞാന്‍ തുടര്‍ച്ചയായി ദേശാഭിമാനി സ്ത്രീയിലേക്ക് ലേഖനങ്ങള്‍ അയച്ചുകൊടുക്കുകയും അവ പ്രസിദ്ധീകരിക്കുകയും ചെയ്തുവരുന്ന കാലമായിരുന്നു അത്. രണ്ടോ മൂന്നോ ആര്‍ട്ടിക്കിള്‍ അയച്ചുകൊടുത്തത് പ്രസിദ്ധീകരിച്ചു കാണാത്തപ്പോള്‍ ഞാന്‍ ശൈലജ ടീച്ചറെ ഫോണില്‍ ബന്ധപ്പെട്ടു. ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു ഞാന്‍ വിളിച്ചത്. ഞാന്‍ ട്രെയിനിലാണ് എന്ന് സൂചിപ്പിച്ചപ്പോള്‍ ഞാനും ഇതേ ട്രെയിനില്‍ ഉണ്ട് എന്ന് ടീച്ചറും പറഞ്ഞു. 'ലേഖനങ്ങള്‍ വന്നുകാണുന്നില്ലല്ലോ' എന്ന എന്റെ അന്വേഷണത്തിന് മറുപടി പറഞ്ഞത് ഇങ്ങനെ- 'നിങ്ങള്‍ അവിടുത്തെ പാര്‍ട്ടി പ്രവര്‍ത്തകരുമായി ഉടക്കിലാണെന്ന് കേട്ടല്ലോ?' ഉടനെ എന്റെ പ്രതികരണം- 'പാര്‍ട്ടിക്കാരുമായി ഉറ്റ സൗഹൃദത്തിലും, ബന്ധത്തിലുമാണ്, ഒരു വനിതാ പ്രവര്‍ത്തകയുമായി ചില ഉടക്കലുകളുണ്ട്'. എന്റെ എഴുത്തിനെ വരെ പാരവെച്ച വനിതാ നേതാവിനെക്കുറിച്ചാണ് അപ്പോള്‍ ഞാനോര്‍ത്തുപോയത്.

കോഴിക്കോട് ബി.എഡ് ട്രെയിനിംഗ് കോളജില്‍ നടന്ന കാന്‍ഫെഡ് സംസ്ഥാന സമ്മേളന വേദിയില്‍ ഞാനും പ്രമുഖ സി.പി.എം. വനിതാ നേതാവുമായ ടി. ദേവിയും ഉണ്ടായിരുന്നു. 1978 മുതല്‍ കാന്‍ഫെഡ് മുഖേന പരിചയക്കാരാണ് ഞങ്ങള്‍. ആ കാലം തൊട്ടേ പരസ്പരം ആശയങ്ങള്‍ കൈമാറുകയും, ചര്‍ച്ച ചെയ്യുകയും പതിവുണ്ട്. അന്ന് കണ്ടപ്പോള്‍ ദേവിയേച്ചി സൂചിപ്പിച്ചത്, 'കൂക്കാനത്തിനെക്കുറിച്ച് ചില പരാമര്‍ശങ്ങള്‍ കേട്ടിരുന്നു എന്നും അതേ അവസരത്തില്‍ത്തന്നെ ആ പരാമര്‍ശങ്ങളൊക്കെ തെറ്റാണെന്ന് ഞാന്‍ പറയുകയും ചെയ്തിട്ടുണ്ട'് എന്നാണ്. അവരുടെ അടുത്തും പാരപണി ഉണ്ടായിരുന്നു എന്ന് ചിന്തിക്കാം. അതേ കാര്യം തന്നെ കരിവെളളൂരിലെ വി.വി. സരോജിനിയേട്ടിയും എന്നോട് പറഞ്ഞു. 'എന്റെ മക്കളെ പഠിപ്പിച്ച മാഷാണ് അദ്ദേഹം. തെറ്റായ പ്രവൃത്തിയൊന്നും മാഷിന്റെ ഭാഗത്തുനിന്നുണ്ടാവില്ലെന്നും' പരാതിക്കാരിയായ വനിതാ നേതാവിനോട് തുറന്നടിച്ചുവെന്നും സരോജിനിയേട്ടി സൂചിപ്പിച്ചു. എന്നെ നേരിട്ടു മനസ്സിലാക്കിയ മലപ്പുറം ജില്ലയിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക റാബിയ അവരുടെ പ്രദേശമായ വെളളിലക്കാടില്‍ എനിക്ക് വേണ്ടി ഒരു അനുമോദന ചടങ്ങ് സംഘടിപ്പിക്കുകയുണ്ടായി. ഇരുകാലുകളും തളര്‍ന്നുപോയ റാബിയ 'ചലനം' എന്ന പേരില്‍ സംഘടിപ്പിച്ച സാംസ്‌ക്കാരിക സന്നദ്ധ സംഘടനയുടെ പേരിലാണ് എനിക്ക് അവാര്‍ഡ് തന്നത്. യാത്ര ചെയ്യാനും, പ്രാഥമിക കാര്യങ്ങള്‍ക്കുപോലും ബുദ്ധിമുട്ടുകയും ചെയ്യുന്ന റാബിയ എന്റെ പ്രവര്‍ത്തനം നേരിട്ടറിയാന്‍ കരിവെളളൂരും, നീലേശ്വരത്തും വരികയുണ്ടായി.

പ്രമുഖ കോണ്‍ഗ്രസ്‌കാരിയും കാന്‍ഫെഡ് സംസ്ഥാന ചെയര്‍പേഴ്‌സണുമായ നഫീസത്ത് ബീവി എന്നെ 'സഖാവെ' എന്നു വിളിച്ചേ സാധാരണ അഭിസംബോധന ചെയ്യാറുളളു. അത്രയ്ക്കും എന്നെ ഇഷ്ടമായിരുന്നു ആ ചേച്ചിക്ക്. ലേബര്‍ ഇന്ത്യ ഏര്‍പ്പെടുത്തിയ 'എക്‌സലന്‍സ് അവാര്‍ഡ്' തന്ന് അനുഗ്രഹിച്ച ഡോ: എം. ലീലാവതി, 'വേള്‍ഡ് വിഷന്‍ വാര്‍ത്താ പത്രിക' എനിക്ക് തന്ന് പ്രകാശനം നിര്‍വ്വഹിച്ച മേഴ്‌സി രവി ഇവരൊക്കെ ഹൃദയം തുറന്ന് എന്നെ സ്‌നേഹിച്ച പ്രഗത്ഭ വനിതകളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kookanam-Rahman, Article, Award, Remembering felicitation given by woman leaders.