Follow KVARTHA on Google news Follow Us!
ad

ലോഡ്ജിന് മുകളില്‍ നിന്ന് വീണ് റോഡില്‍ രക്തമൊലിപ്പിച്ചു കിടന്ന യുവാവിനെ ആശുപത്രിയിലെത്തിച്ച രഞ്ജിനി രാമാനന്ദിന് നിയമസഭയുടെ അഭിനന്ദനം; രക്തം വാര്‍ന്ന് കിടന്ന യുവാവിനെ ആള്‍ക്കൂട്ടം തിരിഞ്ഞുനോക്കിയില്ല, തുടര്‍ന്നാണ് അഭിഭാഷക രക്ഷകയായത്

ലോഡ്ജിന് മുകളില്‍ നിന്ന് വീണ് റോഡില്‍ രക്തം വാര്‍ന്ന് കിടന്ന തൃശൂര്‍ തൃപ്രയാര്‍ പാലയ്ക്കല്‍Thiruvananthapuram, News, Local-News, Trending, Lawyers, High Court of Kerala, hospital, Treatment, Ambulance, Police, Pinarayi vijayan, Kerala,
തിരുവനന്തപുരം: (www.kvartha.com 30.01.2018) ലോഡ്ജിന് മുകളില്‍ നിന്ന് വീണ് റോഡില്‍ രക്തം വാര്‍ന്ന് കിടന്ന തൃശൂര്‍ തൃപ്രയാര്‍ പാലയ്ക്കല്‍ സ്വദേശി സജി ആന്റോ (47) യുടെ ജീവന്‍ രക്ഷിച്ച ഹൈക്കോടതി അഭിഭാഷക രഞ്ജിനി രാമാനന്ദിന് നിയമസഭയുടെ അഭിനന്ദനം. രഞ്ജിനിയുടെ ഇടപെടല്‍ മാതൃകാപരവും അഭിനന്ദനാര്‍ഹവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതേസമയം, സജിയെ രക്ഷിക്കാതെ ജനക്കൂട്ടം നോക്കി നിന്നത് നടുക്കം ഉണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇത്തരത്തില്‍ അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ആരും നിഷ്‌ക്രിയരായി നോക്കി നില്‍ക്കരുത്. മനുഷ്യ ജീവനുകള്‍ വളരെ വിലപ്പെട്ടതാണ്. പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കുകയാണ് വേണ്ടത്. ആശുപത്രിയില്‍ എത്തിച്ചാല്‍ കേസും പോലീസ് സ്‌റ്റേഷനുമായി കയറി ഇറങ്ങേണ്ടി വരുമെന്ന് പലരും ഭയപ്പെടുന്നുണ്ട്. എന്നാല്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്ക് 48 മണിക്കൂര്‍ സൗജന്യ ചികിത്സ ഉറപ്പു വരുത്തുന്ന പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Here's the woman who saved a man's life in Kochi when others refused to act, Thiruvananthapuram, News, Local-News, Trending, Lawyers, High Court of Kerala, hospital, Treatment, Ambulance, Police, Pinarayi vijayan, Kerala

കഴിഞ്ഞദിവസമാണ് അപകടത്തിനിടയാക്കിയ സംഭവം. ലോഡ്ജിന് മുകളില്‍ നിന്ന് വീണ് റോഡില്‍ രക്തം വാര്‍ന്ന് കിടന്ന സജി എന്ന യുവാവിനെ തക്കസമയത്ത് ആശുപത്രിയിലെത്തിക്കാനോ തിരിഞ്ഞുനോക്കാനോ ആള്‍ക്കൂട്ടം തയ്യാറായിരുന്നില്ല. പലരും രംഗം മൊബൈലില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു. ഏറെ നേരം രക്തം വാര്‍ന്ന് കിടന്ന സജിയെ ഒടുവില്‍ അതുവഴി വന്ന ഹൈക്കോടതി അഭിഭാഷക രഞ്ജിനി രാമാനന്ദും മകള്‍ വിഷ്ണു പ്രിയയുമാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും ഏറെ വൈകിയിരുന്നു.

ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന സജി അപകടനില തരണം ചെയ്തു കഴിഞ്ഞു. കൊച്ചി നഗരത്തില്‍ ശനിയാഴ്ച വൈകിട്ട് 6.45 മണിയോടെയുണ്ടായ സംഭവത്തിന്റെ സി.സി ടിവി ദൃശ്യങ്ങള്‍ തിങ്കളാഴ്ച പുറത്തുവന്നതോടെ രഞ്ജിനിയെ തേടി അഭിനന്ദന പ്രവാഹമായിരുന്നു.

സംഭവം ഇങ്ങനെയാണ്;

എറണാകുളം ടി.ഡി റോഡിലെ വീട്ടില്‍ നിന്ന് പത്മയിലെ മെട്രോ സ്‌റ്റേഷനിലേക്ക് നടക്കുകയായിരുന്നു രഞ്ജിനിയും വിഷ്ണുപ്രിയയും. പത്മ തിയേറ്ററിന് സമീപമെത്തിയപ്പോള്‍ മുന്നില്‍ ഒരാള്‍ റോഡരികിലേക്ക് തെറിച്ചു വീഴുന്നത് കണ്ട് ഇരുവരും നടുങ്ങി നിന്നു. എവിടെ നിന്ന് വീണെന്നോ, എങ്ങനെ അപകടം സംഭവിച്ചെന്നോ അറിയില്ല. റോഡരികില്‍ തലയടിച്ചു വീണ് അയാള്‍ രക്തത്തില്‍ കുളിച്ചിരുന്നു. ഇടതു കാല്‍മുട്ട് അടര്‍ന്ന് മാറിയ നിലയിലും. വസ്ത്രങ്ങള്‍ കീറിയിരുന്നു. ബോധം നഷ്ടപ്പെട്ടെങ്കിലും ജീവനുണ്ടെന്ന് ഒറ്റനോട്ടത്തില്‍ മനസിലായി.

ആളുകള്‍ ചുറ്റും കൂടിയെങ്കിലും എല്ലാവര്‍ക്കും എന്തു സംഭവിച്ചെന്ന് മാത്രമാണ് അറിയേണ്ടത്. ആശുപത്രിയിലെത്തിക്കാന്‍ സഹായം തേടിയപ്പോള്‍ പലരും തിരിഞ്ഞു നടന്നു. ഓട്ടോറിക്ഷ, കാര്‍ എന്നിവയ്ക്ക് കൈകാണിച്ചെങ്കിലും നിറുത്തിയില്ല.

ഒടുവില്‍ ഭര്‍ത്താവും സുധീന്ദ്ര മെഡിക്കല്‍ മിഷനിലെ വൈസ് പ്രസിഡന്റുമായ ലക്ഷ്മിനാരായണനെ ഫോണില്‍ വിളിച്ചു. അദ്ദേഹം സുധീന്ദ്ര മെഡിക്കല്‍ മിഷനില്‍ വിളിച്ച് ആംബുലന്‍സ് ആവശ്യപ്പെട്ടു. അവിടുത്തെ ആംബുലന്‍സും ഓട്ടത്തിലായിരുന്നു. എത്രയും വേഗം അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയില്‍ എത്തിച്ചാല്‍ എല്ലാ സഹായവും നല്‍കാമെന്ന് അവര്‍ ഉറപ്പു നല്‍കി. ഇതോടെ ധൈര്യം സംഭരിച്ച് അതുവഴി വന്ന ഓട്ടോറിക്ഷയ്ക്ക് മുമ്പില്‍ രഞ്ജിനിയും വിഷ്ണുപ്രിയയും എടുത്തുചാടി.

എന്നാല്‍ ഓട്ടോയില്‍ കയറ്റി ഇരുത്താന്‍ കഴിയാത്തതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചു. പിന്നീട് ഒരു കാര്‍ തടഞ്ഞു നിറുത്തി സുധീന്ദ്ര ആശുപത്രിയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മുന്‍ സീറ്റിലിരുന്ന ദമ്പതികള്‍ തലയാട്ടി. പിന്‍സീറ്റില്‍ അപകടത്തില്‍പ്പെട്ടയാളിനെ കിടത്തി. വാഹനത്തിന് വഴികാട്ടിയായി രണ്ടു പേര്‍ ബൈക്കില്‍ പുറപ്പെട്ടു. സുധീന്ദ്ര മെഡിക്കല്‍ മിഷനില്‍ പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് പോലീസെത്തി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. അപകടം നടന്ന് 15 മിനിട്ടിനുള്ളില്‍ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി.'

അതേസമയം അപകടത്തെ കുറിച്ച് സജി പറയുന്നത് ഇങ്ങനെയാണ്; ജോലി തേടി കൊച്ചിയിലെത്തിയപ്പോഴാണ് പത്മ ജംഗ്ഷന് സമീപമുള്ള മാസ് റസിഡന്‍സിയില്‍ മുറിയെടുത്തത്. ഇതിനിടെ മൂന്നാം നിലയില്‍ നിന്ന് കാല്‍വഴുതി വീഴുകയായിരുന്നു. നേരത്തെ മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ ജോലി ചെയ്തിട്ടുള്ളതായും സജി പറയുന്നു. അപകടവിവരം സഹോദരനെ അറിയിച്ചിട്ടുണ്ടെന്നും സജി അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Here's the woman who saved a man's life in Kochi when others refused to act, Thiruvananthapuram, News, Local-News, Trending, Lawyers, High Court of Kerala, hospital, Treatment, Ambulance, Police, Pinarayi vijayan, Kerala.