Follow KVARTHA on Google news Follow Us!
ad

ദേശീയപതാക ഉയര്‍ത്താന്‍ ഓരോ ഇന്ത്യന്‍ പൗരനും അവകാശമുണ്ട്

നമ്മുടെ രാജ്യം അറുപത്തിഒന്‍പതാമത് റിപ്പബ്ലിക് ദിനം ആത്മാഭിമാനത്തോടെ ആചരിക്കുകയുണ്ടായി. National Flag, Republic Day, Celebration, Criticism, Politics, Religion, Article, Kerala,
-എബി ജെ.ജോസ് (ചെയര്‍മാന്‍, മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍)

(www.kvartha.com 30.01.2018) നമ്മുടെ രാജ്യം അറുപത്തിഒന്‍പതാമത് റിപ്പബ്ലിക് ദിനം ആത്മാഭിമാനത്തോടെ ആചരിക്കുകയുണ്ടായി. ഏതൊരു ഇന്ത്യാക്കാരനെ സംബന്ധിച്ചും സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിവസം ആണ് ജനുവരി 26. അന്നേദിവസം ഓരോ ഇന്ത്യാക്കാരന്റെയും മനസില്‍ ദേശാഭിമാനവും ദേശീയബോധവും ഉണരുന്നു.

ദേശീയപതാക ഉപയോഗിക്കാനും ഉയര്‍ത്താനും സ്വതന്ത്ര്യദിനത്തിലെന്നപോലെ റിപ്പബ്ലിക് ദിനത്തിലും ഏതൊരു ഇന്ത്യാക്കാരനും അവകാശവും അര്‍ഹതയും ഉണ്ട്. അതിനു രാഷ്ട്രീയമോ മതമോ ജാതിയോ തടസ്സമല്ല. അധികാരകേന്ദ്രങ്ങള്‍ക്ക് ഇതിനു തടസ്സമാകാനും വിലക്കുകള്‍ സൃഷ്ടിക്കാനും അധികാരമോ അവകാശമോ ഇല്ലാത്തതുമാണ്. അങ്ങനെ വിലക്കുകയോ തടസ്സം സൃഷ്ടിക്കുകയോ ചെയ്യുകയെന്നാല്‍ ദേശീയപതാകയോടുള്ള അനാദരവും പൗരന്റെ അവകാശത്തിന്‍മേലുള്ള കടന്നുകയറ്റവുമാണ്.

Do not use national flag as a political tool, National Flag, Republic Day, Celebration, Criticism, Politics, Religion, Article, Kerala

എന്നാല്‍ ദേശീയപതാകയോടുള്ള അനാദരവും പൗരന്റെ അവകാശത്തിന്‍മേലുള്ള കടന്നു കയറ്റവുമാണ് കേരള സര്‍ക്കാരിന്റെ ഒരു സര്‍ക്കുലര്‍ എന്നു പറയാതെ തരമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്ഥാപനമേധാവികള്‍ ദേശീയപതാക ഉയര്‍ത്തണമെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ പുറപ്പെടുവിച്ച നടപടിയാണെന്നതില്‍ തര്‍ക്കമില്ല. ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭഗവതിനെ മാത്രം ലക്ഷ്യമാക്കിയുള്ളതാണ് ഈ സര്‍ക്കുലര്‍ എന്നു പകല്‍പോലെ വ്യക്തമാണ്. ആയിരക്കണക്കിനു ഇന്ത്യാക്കാര്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ റിപ്പബ്ലിക് ദിനത്തില്‍ ദേശീയപതാക ഉയര്‍ത്തിയിട്ടുണ്ട്. അത്തരത്തിലുള്ള ഒരു ചടങ്ങിലാണ് മോഹന്‍ ഭഗവത് ദേശീയപതാക ഉയര്‍ത്തിയത്.

ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ സ്ഥാപന അധികാരികള്‍ ക്ഷണിച്ചാല്‍ മോഹന്‍ ഭഗവതിനു മാത്രമല്ല ഏതൊരാള്‍ക്കും ദേശീയപതാക ഇന്ത്യയിലെ ഏതു സ്ഥാപനത്തിലും ഉയര്‍ത്തുന്നതിനു തടസ്സമില്ല. ദേശീയപതാക സംബന്ധിച്ചുള്ള ഫ് ളാഗ് കോഡ് ഓഫ് ഇന്ത്യയില്‍ ഇക്കാര്യം പ്രതിപാദിക്കുന്നുമുണ്ട്.

ദേശീയപതാക ഉയര്‍ന്ന ആളുടെ രാഷ്ട്രീയമോ ജാതിയോ മതമോ അഭിപ്രായമോ ദേശീയപതാക ഉയര്‍ത്തുന്നതിന് തടസ്സമാകുന്നില്ല; ആകാന്‍ പാടുള്ളതുമല്ല. മാത്രമല്ല, പാര്‍ലെമെന്റ് പാസാക്കിയ ഒരു നിയമത്തിനുമേല്‍ ഉപസര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ കേവലം ഒരു സര്‍ക്കാര്‍ വകുപ്പിനു എന്തധികാരമാണ് ഉള്ളതെന്നും ഗൗരവകരമായി പരിശോധിക്കേണ്ടിയിരിക്കുന്നു. കേരള സര്‍ക്കാരിന്റെ കീഴിലുള്ള വകുപ്പിന്റെ ഈ നടപടി നിയമവാഴ്ചയ്ക്കുമേലുള്ള കടന്നുകയറ്റവും നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയും ആയി കണക്കാക്കേണ്ടി വരും.

ദേശീയപതാകയ്ക്കു കീഴില്‍ ഒരോ ഇന്ത്യാക്കാരനും തുല്യരാണ്. ദേശീയപതാകയും ദേശീയഗാനവും ഓരോ ഇന്ത്യക്കാരന്റെയും അവകാശമാണ്. സര്‍ക്കാരുകള്‍ അവരവര്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തിനായി ഇവ ഉപയോഗിക്കുന്നത് ദുരുപയോഗവും അനാദരവും ആണ്. അതാണ് ഈ സര്‍ക്കുലറിലൂടെ കേരള സര്‍ക്കാര്‍ വകുപ്പ് ചെയ്തിരിക്കുന്നത്. ഇത്തരം നടപടികള്‍ ജനാധിപത്യ രാജ്യത്തെ ഒരു സര്‍ക്കാരുകള്‍ക്കും ഭൂഷണമല്ല. എതിര്‍പ്പുകള്‍ ആശയപരമാവട്ടെ, അതിനു ദേശീയപതാകയെയും ദേശീയഗാനത്തെയും കരുവാക്കരുത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Do not use national flag as a political tool, National Flag, Republic Day, Celebration, Criticism, Politics, Religion, Article, Kerala.