Follow KVARTHA on Google news Follow Us!
ad

മുജാഹിദ് ലയനം യാഥാര്‍ത്ഥ്യമാകുന്നു; അപ്പോള്‍ സുന്നി ഐക്യമോ? നേതാക്കള്‍ മിണ്ടുന്നില്ല

കേരളത്തിലെ മുജാഹിദ് വിഭാഗങ്ങളിലെ പ്രധാനപ്പട്ട രണ്ട് സംഘടനകള്‍ ലയനത്തിലേക്ക് എത്തിയിരിക്കെ സുന്നി സംഘടനകളുടെ Kerala, Kozhikode, Thiruvananthapuram, Sunni, Leaders, Muslim, Muslim-League, Samastha, Kanthapuram A.P.Aboobaker Musliyar, Uniform Civil code, Muthwalaque, Mujahid, Mujahid unity soon; But what about Sunni unity
തിരുവനന്തപുരം: (www.kvartha.com 29.11.2016) കേരളത്തിലെ മുജാഹിദ് വിഭാഗങ്ങളിലെ പ്രധാനപ്പട്ട രണ്ട് സംഘടനകള്‍ ലയനത്തിലേക്ക് എത്തിയിരിക്കെ സുന്നി സംഘടനകളുടെ യോജിപ്പിനേക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ലാതെ നേതാക്കള്‍. പലതായി ഭിന്നിച്ച മുജാഹിദ് ഗ്രൂപ്പുകള്‍ ഒന്നാകുമെന്നും രണ്ടു വിഭാഗം സുന്നികളും ലയിക്കുമെന്നുമുള്ള പ്രതീതി ഇടക്കാലത്ത് ശക്തമായിരുന്നു. പക്ഷേ, മുജാഹിദുകള്‍ ഒന്നിക്കാന്‍ ഔദ്യോഗികമായി തന്നെ തീരുമാനിച്ചെങ്കിലും ഒരിടവേളയ്ക്കു ശേഷം സുന്നികള്‍ക്കിടയിലെ ഭിന്നത രൂക്ഷമായി മാറുന്നതാണ് ഇപ്പോള്‍ കാണുന്നത്.

1989 ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പണ്ഡിതസഭ പിളര്‍ന്ന കാലത്തെപ്പോലെ രൂക്ഷം. ഇ കെ വിഭാഗമെന്നും കാന്തപുരം വിഭാഗമെന്നും രണ്ടായി പിരിഞ്ഞ സുന്നികള്‍ പരസ്പരം ശക്തി വര്‍ധിപ്പിക്കുകയാണ്. മലബാറിലെ മുസ്ലിം സാമുദായിക, രാഷ്ട്രീയ ചലനങ്ങളുടെ പ്രധാന അടിയൊഴുക്ക് ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ടതായി മാറിയിരിക്കുന്നു. എപ്പോഴും പുറത്തുവരുന്നില്ലെന്നു മാത്രം. പള്ളികളുടെയും മദ്രസകളുടെയും പേരിലാണ് ഭിന്നത എന്ന പ്രചാരണം ചില കേന്ദ്രങ്ങള്‍ നടത്താറുണ്ടെങ്കിലും രാഷ്ട്രീയ നിലപാടുകളുടെ പേരിലായി മാറിയിരിക്കുന്നു ഇപ്പോഴത്തെ മുഖ്യ അഭിപ്രായ വ്യത്യാസങ്ങള്‍. സുന്നി ഐക്യത്തേക്കാളുപരി ഇരു വിഭാഗങ്ങളുടെയും താത്പര്യം രാഷ്ട്രീയമായി മാറിപ്പോകുന്നു എന്നതാണ് യാഥാർത്ഥ്യം. ഭരണ മാറ്റം അതിന് കാരണമാകുകയും ചെയ്തു.

കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാരെ മുസ്്‌ലിം ലീഗ് നേതൃത്വം പരസ്യമായി വാക്കുകള്‍ കൊണ്ട് കടന്നാക്രമിക്കാന്‍ തുടങ്ങിയതോടെ ഇ കെ വിഭാഗത്തിനു വേണ്ടിയാണ് ലീഗ് നിലകൊള്ളുന്നത് എന്ന കാന്തപുരം വിഭാഗത്തിന്റെ വിമര്‍ശനം ശരിയായി മാറുന്നുവെന്ന് അവരുടെ നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.  അതേസമയം, മുജാഹിദ് ഐക്യം ചൂണ്ടിക്കാട്ടി സുന്നി ഐക്യം ഒരിക്കലും നടക്കാത്ത ഒന്നാണോ എന്ന് ആരായുമ്പോള്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ് ഇ കെ വിഭാഗത്തിലെയും എ പി വിഭാഗത്തിലെയും നേതാക്കള്‍. ഒരിക്കലും ഐക്യമോ ലയനമോ ഉണ്ടാകില്ലെന്ന് അടിവരയിട്ട് പറയാന്‍ രണ്ടു വിഭാഗങ്ങളും തയ്യാറാകുന്നില്ല എന്നത് ശുഭസൂചനയായി കാണുകയാണ് സുന്നി ഐക്യം ആഗ്രഹിക്കുന്ന സാധാരണ പ്രവര്‍ത്തകര്‍.

ഏക സിവില്‍കോഡ്, മുത്തലാഖ് വിവാദങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഒക്ടോബര്‍ 29ന് കോഴിക്കോട്ട് മുസ്്‌ലിം ലീഗ് മുന്‍കൈയെടുത്ത് വിളിച്ചു ചേര്‍ന്ന മുസ്്‌ലിം സംഘടനാ നേതാക്കളുടെ യോഗത്തില്‍ കാന്തപുരം വിഭാഗം പങ്കെടുത്തിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി തന്നെ കാന്തപുരത്തിനെതിരേ രംഗത്തുവന്നത്. പൊതുവേദികളില്‍ അദ്ദേഹം കാന്തപുരത്തിനെ രൂക്ഷമായാണ് വിമര്‍ശിച്ചത്. നിയമ സഭാ തിരഞ്ഞെടുപ്പിൽ കാന്തപുരം വിഭാഗം സ്വീകരിച്ച നിലപാടാണ് ലീഗിനെ ഒന്നുകൂടി ചൊടിപ്പിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെടുമ്പോള്‍ ഫത്‌വകള്‍ ഇറക്കിക്കൊടുക്കുകയല്ല പണ്ഡിതന്മാരുടെ ജോലി എന്ന് കാന്തപുരം  വിഭാഗം തുറന്നടിക്കുകയും ചെയ്തു.

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ഇ കെ വിഭാഗം പറയുന്നിടത്തു നില്‍ക്കാനുള്ള പാര്‍ട്ടിയല്ല ലീഗ് എന്ന വികാരം ലീഗിലും ലീഗ് പറയുന്നിടത്തു നില്‍ക്കാനുള്ളവരല്ല സമസ്തയെന്നുമുള്ള വികാരം രണ്ടിടത്തെയും ഒരു വിഭാഗത്തിനുണ്ട്. ഇവര്‍ രണ്ടുകൂട്ടരും സുന്നി ഐക്യം ഉണ്ടാകണം എന്ന് ആഗ്രഹിച്ചാണ് നീങ്ങുന്നത്. സമുദായം ഐക്യപ്പെടേണ്ട പ്രത്യേക ഘട്ടത്തിൽ ഭിന്നിപ്പിന് ശക്തികൂട്ടി പരസ്പരം ഊർജ്ജം കളയരുതെന്ന ബോധവും ലീഗും ഇരു സമസ്തകളും മറ്റു വിഭാഗങ്ങളും പ്രകടിപ്പിക്കുന്നുണ്ട്. അതിനിടയിലാണ് മുജാഹിദ് ലയനം യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ഇത് സ്വാഭാവികമായും സുന്നികളിലെ ഐക്യവാദികളുടെ നീക്കങ്ങള്‍ക്ക് ശക്തി വര്‍ധിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.
Kerala, Kozhikode, Thiruvananthapuram, Sunni, Leaders, Muslim, Muslim-League, Samastha, Kanthapuram A.P.Aboobaker Musliyar, Uniform Civil code, Muthwalaque, Mujahid, Mujahid unity soon; But what about Sunni unity

Keywords: Kerala, Kozhikode, Thiruvananthapuram, Sunni, Leaders, Muslim, Muslim-League, Samastha, Kanthapuram A.P.Aboobaker Musliyar, Uniform Civil code, Muthwalaque, Mujahid, Mujahid unity soon; But what about Sunni unity