Follow KVARTHA on Google news Follow Us!
ad

യുദ്ധം കഴിഞ്ഞ് ശവങ്ങളുടെ കണക്കെടുപ്പ് തുടങ്ങിയപ്പോള്‍...,സച്ചിദാനന്ദന്റെ കവിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

യുദ്ധങ്ങള്‍ എന്നും മാനവരാശിക്ക് നഷ്ടം മാത്രമേ ഉണ്ടാക്കുന്നുള്ളൂPoem, Poet, Dead Body, Social Network, National
ന്യൂഡല്‍ഹി: (www.kvartha.com 01.10.2016) യുദ്ധങ്ങള്‍ എന്നും മാനവരാശിക്ക് നഷ്ടം മാത്രമേ ഉണ്ടാക്കുന്നുള്ളൂ. എന്തൊക്കെ നേടിയെന്ന് പറഞ്ഞാലും അതിന് പിന്നില്‍ വലിയൊരു നഷ്ടങ്ങളുടെ കണക്ക് ബാക്കിയുണ്ടാവും.

യുദ്ധത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയകളും രംഗത്തെത്താറുണ്ട്. ഇങ്ങനെ കാര്‍ഗില്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുദ്ധത്തിന്റെ കെടുതി തുറന്നുകാട്ടുന്ന മലയാള കവി സച്ചിദാനന്ദന്‍ എഴുതിയ യുദ്ധം കഴിഞ്ഞു എന്ന കവിത വീണ്ടുമൊരു യുദ്ധം എന്ന് സാധാരണ ജനത ആശങ്കപ്പെടുന്ന ഈ ഘട്ടത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കവിത ഇങ്ങനെ;

യുദ്ധം കഴിഞ്ഞ്

യുദ്ധം കഴിഞ്ഞ് ശവങ്ങളുടെ കണക്കെടുപ്പു തുടങ്ങിയപ്പോള്‍

കൗരവരും പാണ്ഡവരും

ഒന്നിച്ചു തലയില്‍ കൈവച്ചു.

'എന്തിനായിരുന്നു യുദ്ധം?'

പാണ്ഡവര്‍ ചോദിച്ചു

'എങ്ങനെയായിരുന്നു മരണം?'

കൗരവര്‍ ചോദിച്ചു.

'ആരാണീ കടുംകൈ ചെയ്തത്?'

പാണ്ഡവര്‍ തിരക്കി.

'ആരാണീ കടുംകൈ ചെയ്യിച്ചത്?'

കൗരവര്‍ തിരക്കി.

'നാം ഒരേ കുടുംബക്കാരല്ലേ?'

പാണ്ഡവര്‍ അദ്ഭുതം കൂറി.

'നാം നല്ല അയല്‍ക്കാരല്ലേ?'

കൗരവര്‍ അദ്ഭുതം കൂറി.

'നമ്മുടെ പുഴകള്‍ ഒന്നുതന്നെ'

പാണ്ഡവര്‍ പറഞ്ഞു.

'നമ്മുടെ ഭാഷകള്‍ ഒന്നുതന്നെ'

കൗരവര്‍ പറഞ്ഞു.

'ഞങ്ങളുടെ വീട് അക്കരെയായിരുന്നു'

പാണ്ഡവര്‍ ഓര്‍മ്മിച്ചു.

'ഞങ്ങളുടെ വീട് അക്കരെയായിരുന്നു'

കൗരവര്‍ ഓര്‍മ്മിച്ചു.

'ഒരേ ഭൂമി ഒരേ ആകാശം

ഒരേ വെള്ളം ഒരേ ആഹാരം'

പാണ്ഡവര്‍ പാടി

'ഒരേ വൃക്ഷം ഒരേ രക്തം

ഒരേ ദുഃഖം ഒരേ സ്വപ്‌നം'

കൗരവര്‍ ഏറ്റുപാടി.

എന്നിട്ട് അവര്‍ തോക്കുകള്‍ തുടച്ചു വെടിപ്പാക്കി

വീണ്ടും പരസ്പരം വെടിവെച്ചു തുടങ്ങി.