Follow KVARTHA on Google news Follow Us!
ad

അടിച്ചുനിന്ന കോണ്‍ഗ്രസിനെ സ്വാശ്രയ സമരം ഒറ്റക്കെട്ടാക്കി; സര്‍ക്കാരിന് ഇനി തലയൂരണം, ഇടതുകക്ഷികള്‍ക്കും അമര്‍ഷം

സ്വാശ്രയ കരാറിനെതിരേ പ്രതിപക്ഷം നടത്തുന്ന സമരം പ്രതിപക്ഷത്തെ നയിക്കുന്ന കോണ്‍ഗ്രസില്‍ ഉണ്ടാക്കിയിരിക്കുന്നത് പുതിയ Kerala, Thiruvananthapuram, CPM, Congress, Protest, Police, Medical College, Government, Ramesh Chennithala, Pinarayi vijayan, Oommen Chandy, KSU, Channel, CM, HL.
തിരുവനന്തപുരം: (www.kvartha.com 28.09.2016) സ്വാശ്രയ കരാറിനെതിരേ പ്രതിപക്ഷം നടത്തുന്ന സമരം പ്രതിപക്ഷത്തെ നയിക്കുന്ന കോണ്‍ഗ്രസില്‍ ഉണ്ടാക്കിയിരിക്കുന്നത് പുതിയ ഐക്യം. ഒപ്പം, രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ സഭയ്ക്കുള്ളില്‍ പരമാവധി തിളങ്ങാനുള്ള അവസരമായി സമരം മാറുകയും ചെയ്തു. അതേസമയം, നാലു മാസം തികയുന്ന ഇടതുമുന്നണി സര്‍ക്കാരിന് പ്രതിപക്ഷ സമരത്തോടുള്ള പൊലീസ് അടിച്ചമര്‍ത്തല്‍ വിനയായെന്ന് എല്‍ഡിഎഫ് കക്ഷികള്‍ അനൗദ്യോഗികമായി വിലയിരുത്തുകയും ചെയ്യുന്നു.

എന്നാല്‍ അത് സിപിഎം നേതൃത്വത്തോടോ മുഖ്യമന്ത്രി പിണറായി വിജയനോടോ തുറന്നു പറയാനുള്ള ധൈര്യം അവര്‍ക്കില്ലതാനും. സമരം ഇങ്ങനെ മുന്നോട്ടു പോയാല്‍ സിപിഐ നേതൃത്വം എതിര്‍പ്പ് തുറന്നു പറഞ്ഞേക്കും എന്നാണു സൂചന. ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ സര്‍ക്കാര്‍ കുറച്ചുകൂടി മൃദു സമീപനം സ്വീകരിക്കണം എന്നായിരിക്കും അവര്‍ പറയുക. യുഡിഎഫിന്റെ സമരം രാഷ്ട്രീയ പ്രേരിതമാണ് എന്ന് മനസിലാക്കിക്കൊണ്ടുതന്നെ അതിനു ശക്തി പകരുന്ന സമീപനം അറിയാതെ സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടായി എന്നാണ് ഇടതുകക്ഷികളുടെ പൊതുവികാരം.

കെപിസിസി പ്രസിഡന്റ് വി എം സുധീരനെ മാറ്റണമെന്ന എ, ഐ ഗ്രൂപ്പുകളുടെ വാശി, കെ ബാബുവിനെതിരായ വിജിലന്‍സ് കേസുകളോടുള്ള നിലപാടില്‍ സുധീരനും മറ്റു നേതാക്കളും സ്വീകരിച്ച വ്യത്യസ്ത നിലപാടുകള്‍ ഉണ്ടാക്കിയ പൊട്ടിത്തെറി, രാഷ്ട്രീയ കാര്യ സമിതിയില്‍ സുധീരനു നേരിടേണ്ടിവന്ന ഒറ്റപ്പെടല്‍, അതിനെത്തുടര്‍ന്ന് അദ്ദേഹം ബാബുവിന്റെ കാര്യത്തില്‍ നിലപാട് മയപ്പെടുത്തിയത്, കെ എം മാണിയുടെ കേരള കോണ്‍ഗ്രസ് മുന്നണി വിട്ടത് ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ ഇതിന്റെയെല്ലാം ഇടയിലേക്കാണ് സ്വാശ്രയ സമരത്തെ യൂത്ത് കോണ്‍ഗ്രസിനെ മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസ് കയറൂരി വിട്ടത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷും സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സമരം തുടങ്ങിയപ്പോള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ സമരമായി അത് മാറിക്കഴിഞ്ഞു. പോലീസിനെ പ്രകോപിപ്പിക്കുന്നതില്‍ യൂത്ത് കോണ്‍ഗ്രസും കെ എസ് യുവും വിജയിച്ചപ്പോള്‍ സമരത്തിന് ആവേശം വര്‍ധിച്ചു. നിയമസഭയില്‍ പ്രതിപക്ഷത്തെ പ്രകോപിപ്പിക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിജയിച്ചതോടെ സമരത്തിനു മറ്റൊരു മാനം കൈവരികയും ചെയ്തു.

ചാനലുകള്‍ വാടകയ്ക്ക് എടുത്തവരാണ് തന്നെ കരിങ്കൊടി കാണിച്ചത് എന്നു കരുതുന്നതായി മുഖ്യമന്ത്രി പറഞ്ഞത് സമരക്കാര്‍ക്ക് പിന്തുണ കൂടാനും സര്‍ക്കാര്‍ പരിഹാസ്യരാകാനും മാത്രമല്ല കാരണമായത്. കോണ്‍ഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി സമര രംഗത്തു നിറഞ്ഞു. രമേശിന്റെ കരുത്തുകാട്ടാനുള്ള സമരമായി കരുതി അല്പസ്വല്പം അയഞ്ഞുനിന്ന ഉമ്മന്‍ ചാണ്ടിക്കും സുധീരനും ആ നിലപാട് തുടരാന്‍ വയ്യെന്നു വന്നു. മാത്രമല്ല യുഡിഎഫിന്റെയാകെ സമരമായി മാറണമെന്ന വികാരം ഘടകകക്ഷികളില്‍ നിന്ന് ഉയരുകയും ചെയ്തു. അതിന്റെ കൂടി ഭാഗമായാണ് കോണ്‍ഗ്രസ് എംഎല്‍എമാരായ ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ എന്നിവര്‍ക്കു പുറമേ ജേക്കബ് ഗ്രൂപ്പ് എംഎല്‍എ അനൂപ് ജേക്കബും മുസ്്‌ലിം ലീഗ് എംഎല്‍എമാരായ കെ എം ഷാജിയും എന്‍ ഷംസുദ്ദീനും നിയമസഭാ കവാടത്തില്‍ നിരാഹാരം ഇരിക്കാന്‍ തീരുമാനിച്ചത്.

 Kerala, Thiruvananthapuram, CPM, Congress, Protest, Police, Medical College, Government, Ramesh Chennithala, Pinarayi vijayan, Oommen Chandy, KSU, Channel, CM, HL.

Keywords: Kerala, Thiruvananthapuram, CPM, Congress, Protest, Police, Medical College, Government, Ramesh Chennithala, Pinarayi vijayan, Oommen Chandy, KSU, Channel, CM, HL.