Follow KVARTHA on Google news Follow Us!
ad

മൃഗസ്‌നേഹികളുണ്ട്, സൂക്ഷിക്കുക

തെരുവുപട്ടികള്‍ മനുഷ്യരെയും വളര്‍ത്തുമൃഗങ്ങളെയും തുരുതുരെ കടിച്ചുകീറുന്ന അവസ്ഥ പട്ടണങ്ങളിലും, ഗ്രാമാന്തരങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്നു. നായ മനുഷ്യരോട് (വളര്‍ത്തുന്ന വ്യക്തിയോട് Kookanam-Rahman, Article, Dog, Attack, Natives, Injured, Hospital, Pet Dogs
കൂക്കാനം റഹ് മാന്‍

(www.kvartha.com 01.09.2015) തെരുവുപട്ടികള്‍ മനുഷ്യരെയും വളര്‍ത്തുമൃഗങ്ങളെയും തുരുതുരെ കടിച്ചുകീറുന്ന അവസ്ഥ പട്ടണങ്ങളിലും, ഗ്രാമാന്തരങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്നു. നായ മനുഷ്യരോട് (വളര്‍ത്തുന്ന വ്യക്തിയോട്) കൂറുള്ള ജന്തുവാണ്. അനുസരണയുണ്ട് അവയ്ക്ക്. ആക്രമണകാരികളില്‍ നിന്ന് വളര്‍ത്തുന്ന യജമാനനെ സംരക്ഷിക്കാന്‍ അവയ്ക്ക് അറിയാം.
വലിയവരുടെ വീടുകളോടനുബന്ധിച്ച് പട്ടിക്കൂടും അതിലൊരു എടുപ്പുള്ള നായയും കാണാം.

അത്തരം വീടുകളില്‍ രാത്രിയില്‍ ഗേറ്റ് അടച്ച് നായയെ തുറന്നുവിടുന്ന രീതിയുണ്ട്. ഗേറ്റിനുപുറത്ത് 'നായയുണ്ട് സൂക്ഷിക്കുക' എന്ന ബോര്‍ഡും സ്ഥാപിച്ചിരിക്കും. നായകള്‍ക്കു വേണ്ടി പ്രത്യേക റസ്റ്റോറന്റുകള്‍ വരെ വിദേശ രാജ്യങ്ങളില്‍ തുറന്നിട്ടുണ്ട് എന്നാണ് കേള്‍വി. സ്വന്തം കിടപ്പുമുറിയില്‍ തന്നോടൊപ്പം ബെഡില്‍ കിടത്തി ഉറങ്ങുന്ന മദാമ്മമാരും ഉണ്ട്.

ഇതൊക്കെ വലിയവന്മാരുടെ വില കൂടിയ നായകളുടെ കാര്യം. നമുക്ക് തെരുവുപട്ടികളിലേക്ക് തിരിച്ചുവരാം. ലക്ഷക്കണക്കിന് അലഞ്ഞുതിരിയുന്ന തെരുവുപട്ടികള്‍ കേരളത്തിലുണ്ടെന്നാണ് വര്‍ഷാദ്യം വന്ന ഒരു കണക്കെടുപ്പ് വിവരം. അത് ഇന്ന് കുറേ ലക്ഷങ്ങളായി കൂടിയിട്ടുണ്ടാവും. തെരുവുപട്ടികള്‍ ഒറ്റ പ്രസവത്തില്‍ പത്തുകുട്ടികള്‍ക്ക് ജന്മം നല്‍കുന്നു. അക്കണക്ക് നോക്കിയാല്‍ ലക്ഷങ്ങള്‍ വര്‍ധിക്കാന്‍ എളുപ്പമാവും.

തെരുവുനായ്ക്കള്‍ എങ്ങിനെ ഉണ്ടായിയെന്നും ശ്രദ്ധിക്കേണ്ടേ? മുമ്പൊക്കെ മിക്ക വീടുകളിലും കുടിലുകളിലും നായകളെ ചോറും മറ്റും തീറ്റയായി നല്‍കി വളര്‍ത്താറുണ്ട്. അത്തരം നായകള്‍ അടുത്തുള്ള എല്ലാവീടുകളിലും സന്ദര്‍ശിച്ച് ഭക്ഷണം തേടാറുണ്ടായിരുന്നു. രാത്രിയായാല്‍ സ്വന്തം യജമാനന്റെ വീട്ടുപരിസരത്ത് കിടന്നുറങ്ങും. ഇവ പെറ്റു പെരുകിയപ്പോള്‍ വഴികളിലും റോഡുകളിലും പട്ടികുഞ്ഞുങ്ങളെ ഉപേക്ഷിക്കാന്‍ തുടങ്ങി. ഇന്ന് അവ തെരുവുകളില്‍ ജീവിക്കുന്നു. ഭക്ഷണത്തിനായി അലഞ്ഞു തിരിയുന്നു.

വീടുകളില്‍ വളര്‍ന്നപ്പോള്‍ അവ ഒറ്റയ്ക്കായിരുന്നു. തെരുവിലായപ്പോള്‍ അവര്‍ സംഘടിച്ചു. കൂട്ടമായാണ് ഇര തേടാന്‍ പോകുന്നത്. കൂട്ടമായാണ് പ്രത്യുല്‍പാദ പ്രക്രിയയില്‍ ഏര്‍പ്പെടുന്നത്. മനുഷ്യരെയും, വളര്‍ത്തുമൃഗങ്ങളെയും കൂട്ടമായാണ് അവ അക്രമിക്കാന്‍ വരുന്നതും.

രണ്ടുമൂന്നുവര്‍ഷമായി ഇവയുടെ പരാക്രമം ശക്തമാവാന്‍ തുടങ്ങിയിട്ട്. ഇപ്പോള്‍ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ ഭയമാണ്. നടന്നുപോകുന്നവരെ മാത്രമല്ല സ്‌കൂട്ടറിലും, മോട്ടോര്‍ ബൈക്കിലും പോകുന്നവരെ കൂടി പിന്‍തുടര്‍ന്ന് ആക്രമിക്കുകയാണ് തെരുവുനായ്ക്കള്‍. പണ്ടൊക്കെ നായകടിക്കാറ് മനുഷ്യരുടെ കാലിലാണ്. ഇപ്പോള്‍ മുഖത്തും, നെഞ്ചത്തും, വയറിലുമൊക്കെയാണ് പട്ടി കടിക്കുന്നത്.

ഗ്രാമീണ റോഡുകളിലൂടെ പ്രഭാതസവാരി നടത്തുന്നവര്‍ ഭയംമൂലം പ്രഭാത നടത്തം ഒഴിവാക്കി. സ്‌കൂളിലേക്കും മറ്റും നടന്നു പോകുന്ന കുഞ്ഞുങ്ങളെ ഭയപ്പാടോടെയാണ് രക്ഷിതാക്കള്‍ വിടുന്നത്. പട്ടികളുടെ ആക്രമണത്തില്‍ നിന്ന് പൊതുജനത്തിന് രക്ഷവേണം. അവയുടെ പ്രജനനം നിയന്ത്രിക്കുന്ന പദ്ധതി സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. അതു വിജയപ്രദമാവുന്നില്ല. പട്ടി പിടുത്തക്കാരെ ഏര്‍പ്പാടുചെയ്ത് അവയെ കൊന്നൊടുക്കുകയെന്നതാണ് വിജയപ്രദം. പഴയപോലെ പട്ടി പിടുത്തക്കാരെ കിട്ടുന്നില്ല എന്നതാണ് അതിനും തടസ്സം. മാത്രമല്ല മൃഗസ്‌നേഹികളും, കേന്ദ്രമന്ത്രി മേനകാഗാന്ധിയും പട്ടികളെ കൊന്നൊടുക്കുന്നതിന് അനുകൂലമല്ല.

പട്ടി സ്‌നേഹികള്‍ മനുഷ്യ സ്‌നേഹികളല്ലാതായിത്തീരുന്നു എന്നത് ഖേദകരമാണ്. പട്ടികള്‍ കൂട്ടമായി അക്രമിക്കാന്‍ വരുമ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. മൃഗസ്‌നേഹികള്‍ പട്ടികളുടെ ദ്രോഹത്തില്‍ നിന്ന് മനുഷ്യരെ രക്ഷപ്പെടുത്താനുള്ള വഴികള്‍ കണ്ടെത്തിത്തന്നേ പറ്റൂ. അവയെ കൂറ്റന്‍ ഇരുമ്പുമറകളുണ്ടാക്കി അതില്‍ പിടിച്ചിട്ട് ആഹാരം നല്‍കി വളര്‍ത്താന്‍ പറ്റുമോ എന്ന് ചിന്തിക്കണം.

ആസാം, ബീഹാര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് നിരവധി തൊഴിലാളികള്‍ എത്തിപ്പെടുന്നുണ്ട്. അവരുടെയൊക്കെ ഇഷ്ടഭക്ഷണമാണ് പട്ടിമാംസം. ഇതുമൂലം രണ്ട് പ്രയോജനമുണ്ടാവുന്നു. ഒരു വിഭാഗം മനുഷ്യര്‍ക്ക് ഇവ ആഹാരമായിത്തീരുകയും, കേരളീയരായ നമുക്ക് പട്ടിശല്യത്തില്‍ നിന്ന് മോചനം കിട്ടുകയും ചെയ്യുന്നു.

'കുരക്കും പട്ടി കടിക്കില്ല' എന്ന പഴഞ്ചൊല്ലൊക്കെ മാറിപ്പോയി. ഇക്കാലത്തെ പട്ടികള്‍ കുരക്കുകയും ചെയ്യും കടിക്കുകയും ചെയ്യും. പട്ടികളെ കേന്ദ്രീകരിച്ച് ഇത്തരം പല പഴഞ്ചൊല്ലുകളുമുണ്ട് 'മോങ്ങാനിരുന്ന പട്ടിയുടെ തലയില്‍ തേങ്ങാവീണ പോലെയായി' എന്നും 'ഭാര്യാഗൃഹേ പരമസുഖം നാലുദിനം പിന്നെ പട്ടിയെപോലെ' എന്നും 'താന്‍ ഇരിക്കേണ്ടിടത്ത് താന്‍ ഇരുന്നില്ലെങ്കില്‍ അവിടെ പട്ടി കയറിയിരിക്കും' എന്നൊക്കെ പട്ടിച്ചൊല്ലുകള്‍ നിരവധിയുണ്ട്. കടിയേറ്റാല്‍ പേവിഷബാധ ഏല്‍ക്കുമോയെന്ന ഭയമാണ് ജനത്തെ ഏറെ അസ്വസ്ഥരാക്കുന്നത്. പട്ടികളെ പേടിച്ച് അത്യാവശ്യകാര്യത്തിന് പോലും പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ജനം.

വിവാഹവീടുകളില്‍ നിന്നും, സദ്യവട്ടങ്ങള്‍ നടക്കുന്ന ഇടങ്ങളില്‍ നിന്നും ആഹാരാവശിഷ്ടങ്ങള്‍ പുറത്തേക്ക് വലിച്ചെറിയുന്നതും, സ്വന്തം പറമ്പുകളില്‍ മണ്ണിട്ട് മൂടാതെ ഇവ തള്ളുന്നതും തെരുവുനായ്ക്കള്‍ക്ക് ആഹാരത്തിനുള്ള സൗകര്യമാകുന്നു. അവ കൂട്ടമായെത്തുകയും ബഹളം കൂട്ടുകയും അതിനരികിലൂടെ കടന്നുപോകുന്ന മനുഷ്യരെ വിരട്ടിയോടിക്കുകയോ, ചിലപ്പോള്‍ കടിച്ചുകീറുകയോ ചെയ്യുന്നതും അനുഭവമുള്ള കാര്യമാണ്. തെരുവോരങ്ങളില്‍ വളരുന്ന പട്ടികള്‍ക്ക് ഇതൊക്കെത്തന്നെയാണ് ഭക്ഷണലഭ്യതയ്ക്കുള്ള മാര്‍ഗം. ഇതും ജനത്തിന്റെ ഭാഗത്തുനിന്നുള്ള അശ്രദ്ധയുടെ ഫലമായുണ്ടകുന്നത് തന്നെയാണ്.

മൃഗസ്‌നേഹികളോട് ഒരപേക്ഷ, മനുഷ്യര്‍ക്ക് ദ്രോഹമായിത്തീരുന്ന പട്ടികളെ കൊന്നൊടുക്കാനുള്ള അനുവാദം നല്‍കാന്‍ നിങ്ങളുടെ മനസ്സ് പാകപ്പെടുത്തണം. എത്ര കൊച്ചുകുഞ്ഞുങ്ങളാണ് പട്ടികളുടെ ആക്രമണത്തിന് വിധേയരായി ദുരിതമനുഭവിക്കുന്നത്. എത്രയോ ആളുകള്‍ പേ ഇളകി മരിച്ചു വീണു. വളര്‍ത്തുമൃഗങ്ങളെയും, പക്ഷികളെയും നിരവധി കൊന്നൊടുക്കി. ഇതെല്ലാമോര്‍ത്തെങ്കിലും ദ്രോഹകാരികളായ തെരുവുനായ്ക്കളെ നശിപ്പിക്കാന്‍ കനിവുണ്ടായേതീരു...

ജീവ സംരക്ഷണം മനുഷ്യന്റെ ധര്‍മമാണ്. പക്ഷേ മനുഷ്യന്റെ നിലനില്‍പ്പിന് എതിരായി വരുമ്പോള്‍ ഈ ധര്‍മ ബോധത്തിന് അല്‍പം അയവ് വരുത്തേണ്ടി വരും. മനുഷ്യന് ശല്യമായിത്തീരുന്ന ഈച്ചയെ കൊല്ലുന്നു, കൊതുകിനെ കൊല്ലുന്നു, വീട്ടിനകത്ത് കയറിയ വിഷപ്പാമ്പിനെ നിഷ്‌കരുണം അടിച്ചുകൊല്ലുന്നു. ഇതും ജീവികള്‍ തന്നെയല്ലേ? ഈ കാഴ്ചപ്പാടാണ് മനുഷ്യര്‍ക്ക് ദ്രോഹമായിത്തീരുന്ന പട്ടികളെക്കുറിച്ചും എല്ലാവര്‍ക്കും വേണ്ടത്.

Kookanam-Rahman, Article, Dog, Attack, Natives, Injured, Hospital, Pet Dogs.


Keywords: Kookanam-Rahman, Article, Dog, Attack, Natives, Injured, Hospital, Pet Dogs.