Follow KVARTHA on Google news Follow Us!
ad

സിപിഎമ്മുമായുള്ള സംഘര്‍ഷം മുതലെടുത്ത് കേരളവ്യാപക പ്രചണ്ഡ പ്രചാരണത്തിന് ബിജെപി-ആര്‍എസ്എസ്

സംസ്ഥാനത്ത് രണ്ടു ദിവസംകൊണ്ട് സിപിഎം-ആര്‍എസ്എസ് സംഘര്‍ഷത്തില്‍ രണ്ടു കൊലപാതകങ്ങള്‍ ഉണ്ടായതു മുതലെടുക്കാന്‍ ബിജെപി. കേരളത്തില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ Thiruvananthapuram, Kerala, BJP, BJP-RSS, CPM, murders,
തിരുവനന്തപുരം: (www.kvartha.com 30.08.2015) സംസ്ഥാനത്ത് രണ്ടു ദിവസംകൊണ്ട് സിപിഎം-ആര്‍എസ്എസ് സംഘര്‍ഷത്തില്‍ രണ്ടു കൊലപാതകങ്ങള്‍ ഉണ്ടായതു മുതലെടുക്കാന്‍ ബിജെപി. കേരളത്തില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കും എന്നു ഭയന്ന് സിപിഎം തങ്ങളെ കായികമായി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്നു വന്‍തോതില്‍ പ്രചാരണം അഴിച്ചുവിടാനാണു തീരുമാനം.

കേന്ദ്രത്തിലെ നരേന്ദ്ര മോദി ഭരണത്തിന്റെയും കേരളത്തില്‍ എസ്എന്‍ഡിപി യോഗം ബിജെപിയുമായി അടുക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ ബിജെപിയെ സിപിഎം ഭയക്കുന്നു എന്ന് പ്രചണ്ഡ പ്രചരണം നടത്താനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം എന്ന് അറിയുന്നു. മുമ്പൊരിക്കലും ഇല്ലാത്ത വിധത്തില്‍ കേരളത്തിലെ ആര്‍എസ്എസ് കേരളത്തിലെ ബിജെപിയെ സഹായിക്കാന്‍ തീരുമാനിച്ചിരിക്കുന്നതും ബിജെപിയുടെ പ്രചാരണത്തിനു ശക്തിപകരും.

ദേശീയ പ്രസിഡന്റ് അമിത് ഷാ കേരളത്തിലെ ബിജെപിക്കു വേണ്ടി തയ്യാറാക്കിയിരിക്കുന്ന പുതിയ 'പാക്കേജില്‍' പ്രതീക്ഷവച്ചാണ് ആര്‍എസ്എസ് മുമ്പുണ്ടായിരുന്ന അകല്‍ച്ച മാറ്റാന്‍ തീരുമാനിച്ചത്. കേരളത്തിലെ ബിജെപി നേതാക്കള്‍ അവിവേകികളും സംഘാടന മികവില്ലാത്തവരും കേന്ദ്രഭരണം മുതലെടുത്ത് സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നവരുമാണെന്ന വിലയിരുത്തലാണ് നേരത്തേ ആര്‍എസ്എസിന് ഉണ്ടായിരുന്നത്. വലിയൊരു വിഭാഗം നേതാക്കളെക്കുറിച്ച് ആ വിലയിരുത്തല്‍ അതേപടി നിലനില്‍ക്കുകയുമാണ്. എന്നാല്‍ വെള്ളാപ്പള്ളി നടേശനെ അമിത് ഷായുടെ അടുത്തെത്തിച്ചതും എസ്എന്‍ഡിപി യോഗത്തിന്റെ വികാരം ബിജെപിക്ക് അനുകൂലമാണെന്ന് വെള്ളാപ്പള്ളിയെക്കൊണ്ടു പരസ്യമായിക്കാന്‍ സാധിക്കുകയും ചെയ്തതോടെ ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനോട് മയമുള്ള നിലപാടാണ് ആര്‍എസ്എസ് സ്വീകരിച്ചിരിക്കുന്നത്.

ആര്‍എസ്എസ് പ്രചാരക് ആയിരുന്ന മുരളീധരന്‍ ബിജെപി പ്രസിഡന്റായ ശേഷം സ്വീകരിച്ചുവന്ന പല നിലപാടുകളോടും ആര്‍എസ്എസിന് എതിര്‍പ്പായിരുന്നു. മുരളീധരനെ മാറ്റാന്‍ പോലും ഒരു ഘട്ടത്തില്‍ ആര്‍എസ്എസ് ശ്രമിച്ചതുമാണ്. എന്നാല്‍ ആര്‍എസ്എസ് കേന്ദ്ര നേതൃത്വത്തിലെ വലിയൊരു വിഭാഗവുമായി മുരളീധരന്‍ നിലനിര്‍ത്തുന്ന നല്ല ബന്ധമാണ് അദ്ദേഹത്തിനു സഹായകമായത്.

മാറിയ സാഹചര്യത്തില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കാനും അടുത്ത തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ വിജയസാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കാനും ആര്‍എസ്എസിന്റെ സമ്പൂര്‍ണ പിന്തുണയാണ് ബിജെപിക്ക് ലഭിക്കുന്നത്. ബിജെപി സംസ്ഥാന നേതാക്കളില്‍ കേന്ദ്രനേതൃത്വത്തിനു പ്രിയങ്കരരായ ഏതാനും പേരും ആര്‍എസ്എസിന്റെ ഉന്നത നേതാക്കളും ഇക്കാര്യത്തില്‍ ഔപചാരകമായിത്തന്നെ ആശയ വിനിമയം നടത്തിയതായാണു വിവരം.

അതേസമയം, സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസിലെ ഒരു വിഭാഗം ആര്‍എസ്എസിന് അനുകൂലമായി നിലപാടെടുക്കുന്നുവെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്. സിപിഎമ്മിനെതിരേ പൊലീസിനെ അഴിച്ചുവിട്ട് ആര്‍എസ്എസുമായി കോണ്‍ഗ്രസ് ഒത്തുകളിക്കുകയാണെന്ന് ശനിയാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസ്താവന സിപിഎമ്മിന്റെ വരുംദിവസങ്ങളിലെ പ്രചാരണ പരിപാടികളുടെ ദിശ വ്യക്തമാക്കുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Thiruvananthapuram, Kerala, BJP, BJP-RSS, CPM, murders, BJP-RSS for wide propaganda.


Keywords: Thiruvananthapuram, Kerala, BJP, BJP-RSS, CPM, murders, BJP-RSS for wide propaganda.