Follow KVARTHA on Google news Follow Us!
ad

ഇടത്തരക്കാരനു തല ചായ്ക്കാന്‍ മണ്ണിലിടമെവിടെ?

വീട് എന്നാല്‍ സുരക്ഷിതത്വബോധം നല്‍കുന്ന ഇടം എന്നാണ് ഒരുകാലത്ത് വിശ്വസിക്കപ്പെട്ടിരുന്നതെങ്കില്‍ House, Article, Ramya Chembakkad, Construction, Building, Price Hike, Government
രമ്യ ചെമ്പക്കാട്‌

(www.kvartha.com 01.12.2014) വീട് എന്നാല്‍ സുരക്ഷിതത്വബോധം നല്‍കുന്ന ഇടം എന്നാണ് ഒരുകാലത്ത് വിശ്വസിക്കപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് ആഢംബരത്തിന്റെ പ്രതീകങ്ങളായി മാറിയിരിക്കുകയാണ് ഓരോ വീടുകളും. വലിയൊരു വീട് ഉണ്ടെങ്കില്‍ അയാള്‍ ബഹുമാനിക്കപ്പെടേണ്ടവനാണെന്ന കാഴ്ചപ്പാടിലേക്ക് നമ്മുടെ ചിന്താഗതികള്‍ എത്തിചേര്‍ന്നിരിക്കുന്നു. ഇത്തരം മനോഭാവങ്ങള്‍ ഭവനനിര്‍മാണരംഗത്ത് വലിയ മല്‍സരങ്ങള്‍ക്കും കാരണമായിത്തീര്‍ന്നിട്ടുണ്ട്.

അയല്‍വാസിയുടെ വീടിനേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കണം തന്റെ വീട് എന്നത് ഓരോ മലയാളിയുടെയും അഭിമാനപ്രശ്‌നമായിത്തീരുമ്പോള്‍ അതിന്റ ദോഷഫലം അനുഭവിക്കുന്നവര്‍ സമൂഹത്തിലെ ഇടത്തരക്കാരും താഴേക്കിടയിലുള്ളവരുമാണ്.
പണക്കാരന്‍ എന്ന ലേബല്‍ പലരും എഴുതി വയ്ക്കുന്നത് കൊട്ടാരം പോലുള്ള തന്റെ വീടിലായിരിക്കുമെന്നതു തന്നെയാണ് വാസ്തവം. സമൂഹത്തില്‍ ഉന്നതസ്ഥാനം വഹിക്കുന്നവര്‍, അതല്ലെങ്കില്‍ ആവശ്യത്തില്‍ കൂടുതല്‍ പണമുള്ളവര്‍ നല്ലൊരു ശതമാനം ചെലവഴിക്കുന്നതും ആഡംബരവീടുകള്‍ക്ക് വേണ്ടിയാകുമെന്ന കാര്യവും നിസംശയം പറയാം.

ഇത്തരക്കാര്‍ക്ക് ഭവനനിര്‍മ്മാണമെന്നത് വലിയ പ്രശ്‌നമായി ഉദിക്കുന്നില്ല. പണവും സ്വാധീനവും ഒത്തുചേരുമ്പോള്‍ ആഢംബരവീടുകള്‍ നിഷ്പ്രയാസം ഇവര്‍ക്കു മുന്നില്‍ വഴങ്ങുന്നു. പണം ധാരാളമുണ്ട് എന്നതുകൊണ്ട് സാധനസാമഗ്രികളുടെ വിലക്കയറ്റവും, സ്വാധീനമുണ്ട് എന്നതുകൊണ്ട് അസംസ്‌കൃതസാധനങ്ങള്‍ ലഭ്യമല്ല എന്നതും ഇവരെ സംബന്ധിക്കുന്ന വിഷയങ്ങളല്ല. മണല്‍മാഫിയകളുടെ സഹായത്തോടെ മണല്‍ കടത്തുന്നതിനും ബ്ലാക്കില്‍ പൂഴികളും മറ്റും എത്തിക്കുന്നതിനും ഇവര്‍ക്ക് മുന്നില്‍ തടസങ്ങളില്ല. പണം കൈയിലുളളതാണ് പ്രധാന ആയുധം.  പണത്തിനുമുന്നില്‍ നിയമവും നിയമപാലകരും മുട്ടുമടക്കുന്നു. അനധികൃത മണല്‍ക്കടത്ത് നടത്തുന്നവന്‍ പണക്കാരനാണെങ്കില്‍ നിയമലംഘനം എന്നൊന്ന് അവിടെ ഇല്ലാതാകുന്നുവെന്ന് ചുരുക്കം. ഇതിന് ചൂട്ടുപിടിക്കാന്‍ രാഷ്ട്രീയക്കാര്‍ കൂടിയുണ്ടെങ്കില്‍ സ്വപ്‌നകൊട്ടാരം വളരെ വേഗം അവര്‍ക്ക് പ്രാപ്യമായിത്തീരുന്നു.

എന്നാല്‍ സമൂഹത്തില്‍ ഇടത്തരക്കാര്‍ക്കും ഏറ്റവും താഴേക്കിടയിലുള്ള സാധാരണക്കാര്‍ക്കാണ് ഭവനനിര്‍മ്മാണം പലപ്പോഴും ഒരു ബാലികേറാമലയായിത്തീരുന്നത്. സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കിട്ടുന്നതുകൊണ്ട് അല്‍പം ആശ്വാസമുണ്ട്. എന്നാല്‍  ഇടത്തരക്കാരായ ജനങ്ങള്‍ക്കാണ്  സാധനസാമഗ്രികളുടെ വിലക്കയറ്റവും നിര്‍മാണചെലവുകളും താങ്ങാവുന്നതിലും അപ്പുറമായിത്തീരുന്നത്. കമ്പി, സിമന്റ്, ഇലക്ട്രിക്കല്‍, പ്ലബിംഗ് സാധനങ്ങളുടെ വിലയില്‍ വന്‍ വര്‍ധനവാണ് വര്‍ഷം പ്രതി ഉണ്ടായിക്കൊണ്ടിരി്ക്കുന്നത്. പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ സിമന്റ് മാത്രമാണ് ഇന്ന് കേരളത്തിലുള്ളത്. വിലവര്‍ധനയില്‍ സ്വകാര്യമേഖലയിലെ സിമന്റ് കമ്പനികള്‍ക്കൊപ്പം ഉപഭോക്താവിന് ആശ്വാസമാവേണ്ട മലബാര്‍ സിമന്റും പങ്കാളികളാവുമ്പോള്‍ അവിടെ തകരുന്നത് ഇടത്തരക്കാരന്റെയും പാവപ്പെട്ടവന്റെയും സ്വപ്‌നങ്ങളാണ്.

തമിഴ്‌നാടില്‍ അമ്മ എന്ന പേരില്‍ പൊതുമേഖലയില്‍ തുടങ്ങിയ സിമന്റ് കമ്പനി പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ വിലയില്‍ സിമന്റ് എത്തിക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിലെ സര്‍ക്കാരും  തയ്യാറാവണം. കെട്ടിടനിര്‍മ്മാണസാമഗ്രികളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് പൊതുമേഖലയില്‍ ബദല്‍ സംവിധാനങ്ങള്‍ കൊണ്ടുവരാനും അതിലൂടെ നിര്‍മാണമേഖലയിലെ പാവപ്പെട്ടവന്റെയും ഇടത്തരക്കാരന്റെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സര്‍ക്കാരിന് കഴിയണം. കേരളത്തിലെ കെട്ടിടനിര്‍മ്മാണത്തിനാവശ്യമുള്ള സിമന്റ്, കമ്പി മുതലായവയുടെ ഉല്‍പാദനം ഇരുപത്തിയഞ്ച് ശതമാനമെങ്കിലും ഗവണ്‍മെന്റ് മേഖലയിലോ കോപ്പറേറ്റീവ് മേഖലയിലോ തുടങ്ങാനും സാധിക്കണം

അത്തരം നടപടികള്‍ സര്‍ക്കാരില്‍ നിന്നുമുണ്ടാകാത്ത പക്ഷം കെട്ടിടനിര്‍മാണം തുടങ്ങാന്‍, തുടങ്ങിയവ പൂര്‍ത്തീകരിക്കാന്‍ ഇടത്തരക്കാര്‍ക്ക് സാധിക്കാതെ വരുന്നു. സര്‍ക്കാരിന്റെ കണ്ണില്‍ ഇവര്‍  'പണക്കാരന്‍' എന്ന ഗണത്തിലാണ് പെട്ടിരിക്കുന്നതെന്നതുകൊണ്ട് ആനുകൂല്യങ്ങള്‍ തഴയപ്പെടുന്ന ഇവര്‍ക്ക് സ്വന്തമായൊരു വീടെന്ന സ്വപ്‌നം സഫലീകരിക്കാന്‍ സാധിക്കാതെ വരുന്നു. പണമില്ലാത്തവന്‍ വെറും പിണമാണെന്ന കാഴ്ചപ്പാട് പുലര്‍ത്തുന്ന സമൂഹം അവന്റെ വേദനകളെ കാണാന്‍ തയ്യാറാവുന്നില്ല എന്നതാണ് സത്യം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

How live middle class people

Keywords: House, Article, Ramya Chembakkad, Construction, Building, Price Hike, Government. 

Post a Comment