Follow KVARTHA on Google news Follow Us!
ad

ചെറുതല്ല, കോണ്‍ഗ്രസിന്റെ എട്ടും സിപിഎമ്മിന്റെ ഏഴും

പുറത്തു പ്രകടിപ്പിച്ചത് എന്തുതന്നെയായാലും തെരഞ്ഞെടുപ്പു ഫലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വലിയ പ്രതീക്ഷ ഇല്ലായിരുന്നു Election, UDF, LDF, Politics, Muslim, Congress, Neyyattinkara, CPM, Article,
എസ്.എ. ഗഫൂര്‍

(www.kvartha.com 30.05.2014) പുറത്തു പ്രകടിപ്പിച്ചത് എന്തുതന്നെയായാലും തെരഞ്ഞെടുപ്പു ഫലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വലിയ പ്രതീക്ഷ ഇല്ലായിരുന്നു എന്നതിനു രണ്ട് തെളിവുകള്‍ മറയില്ലാതെ മുന്നിലുണ്ട്. വേണ്ടിവന്നാല്‍ രാജിവയ്ക്കാനും അദ്ദേഹം തയ്യാറെടുത്തിരുന്നു. ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് താമസം മാറിയതു മുതല്‍ അടച്ചിട്ടിരുന്ന ജഗതിയിലെ 'പുതുപ്പള്ളി' വീട് തിരക്കിട്ട് അറ്റകുറ്റപ്പണി നടത്തി.

സാമൂഹ്യനീതി വകുപ്പിന്റെ സ്ത്രീസൗഹൃദ ഷീടാക്‌സിയുടെ എറണാകുളത്തെ ഉദ്ഘാടനം 19നു തന്നെ നടത്തണം എന്ന് നിര്‍ബന്ധിച്ചു. 27നു നടത്താനായിരുന്നു വകുപ്പ് തീരുമാനിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിതന്നെ ഉദ്ഘാടനം ചെയ്യണമെങ്കില്‍ 19ന് അപ്പുറം പോയാല്‍ പറ്റില്ല എന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിക്കുകയായിരുന്നു. മുന്നണിക്കും പാര്‍ട്ടിക്കും വലിയ പരാജയമാണ് ഉണ്ടാകുന്നതെങ്കില്‍ അത് സര്‍ക്കാരിനെതിരായ വിധിയായി ഏറ്റെടുത്ത് ഏറെ വൈകാതെ രാജിവയ്ക്കാന്‍ എ.കെ. ആന്റണിയെപ്പോലെ മാസങ്ങള്‍ കാത്തിരിക്കാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറായിരുന്നില്ല. പക്ഷേ, അതു വേണ്ടിവന്നില്ല. മാത്രമല്ല, ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലും പാര്‍ട്ടിയിലും കൂടുതല്‍ ശക്തനാവുകയും ചെയ്തിരിക്കുന്നു.

മുസ്്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ് (എം), ആര്‍.എസ്.പി. എന്നീ ഘടക കക്ഷികള്‍ മത്‌സരിച്ച മുഴുവന്‍ സീറ്റുകളിലും വിജയിച്ചപ്പോള്‍ മത്‌സരിച്ച 16 ല്‍ നേര്‍ പകുതി മാത്രമാണ് കോണ്‍ഗ്രസിനു നേടാനായത്. ആ പകുതി വലിയൊരു പങ്കാണ് കോണ്‍ഗ്രസിനു ദേശീയ തലത്തില്‍ നല്‍കിയത്. കര്‍ണാടകയില്‍ മാത്രമേ കോണ്‍ഗ്രസ് കേരളത്തേക്കാള്‍ കൂടുതല്‍ ഒരു സീറ്റെങ്കിലും നേടിയിട്ടുമുള്ളു(9). 

തോല്‍വികളെച്ചൊല്ലി അടിയും പിണക്കവും പരസ്യ വിവാദവും ഉണ്ടായില്ലെങ്കില്‍ കോണ്‍ഗ്രസ് തനിനിറം നഷ്ടപ്പെട്ട പാര്‍ട്ടിയായിപ്പോകും. കസ്തൂരി രംഗന്‍ റിപോര്‍ട്ടിനേക്കുറിച്ച് വേറിട്ട നിലപാടു സ്വീകരിച്ച പി.ടി. തോമസിനെ മാറ്റി ഡീന്‍ കുര്യാക്കോസിനെ മത്‌സരിപ്പിച്ച ഇടുക്കി, തൃശൂരിലെ സ്വന്തം പാര്‍ട്ടിക്കാരെ പേടിച്ച് ദേശീയ നേതാവ് പി.സി. ചാക്കോ മാറിപ്പരീക്ഷിച്ച ചാലക്കുടി, ചാലക്കുടിയില്‍ നിന്ന് മനസില്ലാമനസോടെ കെ.പി. ധനപാലന്‍ ചെന്നുനിന്ന തൃശൂര്‍, സിപിഎമ്മിനെ രാഷ്ട്രീയമായി നേരിടാന്‍ തെറിക്കുത്തരം മുറിപ്പത്തലാണ് എന്ന് കരുതിയും പറഞ്ഞും നടക്കുന്ന കെ. സുധാകരന്‍ വീണ കണ്ണൂര്‍ എന്നിവയൊക്കെ നിന്നു കത്തുന്നതു സ്വാഭാവികം.

2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം അന്വേഷിക്കാന്‍ സി.വി. പത്മരാജനെയും 2011 ലെ മോശം വിജയം അന്വേഷിക്കാന്‍ വക്കം പുരുഷോത്തമനെയും ഏല്‍പിച്ചതുപോലെ വേണമെങ്കില്‍ ആരെയെങ്കിലും കമ്മീഷനായി വയ്ക്കാം. പക്ഷേ , കാര്യമൊന്നുമില്ല. ആദ്യത്തെ പറച്ചിലും കരച്ചിലും പിഴിച്ചിലും കഴിഞ്ഞാല്‍ തോല്‍വി അംഗീകരിച്ച് അടുത്ത കാര്യം നോക്കുന്നതാണു കോണ്‍ഗ്രസ് രീതി. അല്ലെങ്കില്‍തന്നെ രാജ്യമാകെ പാര്‍ട്ടിയുടെ വന്‍മരങ്ങള്‍ കടപുഴകിക്കിടക്കുമ്പോള്‍ ഇതും പറഞ്ഞ് എങ്ങോട്ടു ചെല്ലാന്‍?

വേണ്ട , വേണ്ട എന്ന് മടിച്ചു നിന്നിട്ട് ഒടുവില്‍ ആഭ്യന്തര മന്ത്രിയായി ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ കയറിയ രമേശ് ചെന്നിത്തലയ്ക്കും ഭരണത്തില്‍ ഇടപെടാന്‍ ഒരുങ്ങിപ്പുറപ്പെട്ട കെ.പി.സി.സി. പ്രസിഡന്റ് വി. എം. സുധീരനുമാണ് കോണ്‍ഗ്രസ് മികച്ച വിജയം നേടിയപ്പോള്‍ പരാജയപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പുഫലം കേരള ഭരണത്തില്‍ നേതൃമാറ്റത്തിന് ഇടയാക്കും എന്ന പ്രതീക്ഷ തെറ്റിയതാണു രമേശിനെ നിരാശനാക്കുന്നത്. ഇനി അവശേഷിക്കുന്ന രണ്ടു വര്‍ഷവും ഉമ്മന്‍ ചാണ്ടി തന്നെ മുഖ്യമന്ത്രി. വേണമെങ്കില്‍ ആഭ്യന്തര മന്ത്രിക്ക് തുടരാം, അല്ലെങ്കില്‍ പുറത്തുപോകാം. വേറേ വര്‍ത്തമാനങ്ങള്‍ക്കൊന്നും അവസരമില്ല. പാര്‍ട്ടിയും പാര്‍ട്ടിസര്‍ക്കാര്‍ ഏകോപന സമിതിയുമൊക്കെ അതിന്റെ വഴിക്ക്, ഞാന്‍ എന്റെ വഴിക്ക് എന്നാണ് കോണ്‍ഗ്രസിലെ മുഖ്യമന്ത്രി കൂടുതല്‍ ശക്തനാവുക എന്നതിന് അര്‍ത്ഥം. ഉമ്മന്‍ ചാണ്ടി നയിക്കുന്ന വഴിയേ സര്‍ക്കാര്‍ നീങ്ങുമ്പോള്‍ പല കാര്യങ്ങളും കെ.പി.സി.സി. പ്രസിഡന്റിന് ഇഷ്ടമാകണമെന്നില്ല. അപ്പോള്‍ എതിര്‍പ്പ് അറിയിക്കാം. 

മുഖ്യമന്ത്രി തിരുത്തിയില്ലെങ്കില്‍ അടുത്ത വഴി ഹൈക്കമാന്‍ഡ് ആണ്.  മുഖ്യമന്ത്രിയുടെ അനിഷ്ടം പരിഗണിക്കാതെ ഹൈക്കമാന്‍ഡ് നിയോഗിച്ച കെപിസിസി പ്രസിഡന്റിന് മുഖ്യമന്ത്രിക്കെതിരേ പരാതി പറയാന്‍ പാകത്തിലാണ് ഹൈക്കമാന്‍ഡിന്റെ സ്ഥിതി എങ്കില്‍ ഉമ്മന്‍ ചാണ്ടി പേടിക്കണമായിരുന്നു. പക്ഷേ, സുധീരന്റെ നിര്‍ഭാഗ്യവശാല്‍ അതല്ല സ്ഥിതി. 

അപ്പോള്‍ ഇനിയാണ് ചോദ്യം: അടുത്ത രണ്ടു വര്‍ഷക്കാലം ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാര്‍ എന്തൊക്കെയാണു ചെയ്യാന്‍ പോകുന്നത്. മിഷന്‍ 676 ന്റെ കാര്യമല്ല പറയുന്നത്. ഇപ്പോഴത്തെപ്പോലെ തന്നെ സര്‍ക്കാര്‍ തുടരുമോ അതോ മന്ത്രിമാര്‍ക്കും വകുപ്പുകള്‍ക്കുമൊക്കെ മാറ്റമുണ്ടാകുമോ? കാര്യങ്ങള്‍ക്ക് വേഗം തീരുമാനമുണ്ടാകാനാണു സാധ്യത. കാരണം, തിരുവനന്തപുരത്തു നിന്ന് ഡല്‍ഹിയിലേക്കും തിരിച്ചുമുള്ള യാത്രകളും അവസാനിക്കാത്ത ചര്‍ച്ചകളും കുറയും ഇനി. ഇളമുറക്കാരെ മുഷിപ്പിക്കാന്‍ ഇഷ്ടമില്ലാത്ത ദുര്‍ബലനായ കാരണവരെപ്പോലെ, നിങ്ങള്‍ നോക്കിയും കണ്ടുമൊക്കെ ചെയ്‌തോളൂ, എന്നോട് എല്ലാം ചോദിക്കണമെന്നില്ല എന്ന് ഹൈക്കമാന്‍ഡ് പറയാതെ പറയും.
കേന്ദ്രത്തിലും കേരളത്തിലും ഭരണം കോണ്‍ഗ്രസ് മുന്നണിക്ക്. കേന്ദ്രത്തിലെ ഭരണത്തിനു ജനം കൊടുത്ത തിരിച്ചടിയാണ് ഇന്നേവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ പരാജയത്തില്‍ കോണ്‍ഗ്രസിനെ എത്തിച്ചത്. ആ തിരിച്ചടിയുടെ പങ്കും കേരളത്തിലു സ്വാഭാവികമായി ഉണ്ടാകേണ്ട ഭരണവിരുദ്ധ വോട്ടും ചേര്‍ന്ന ഇരട്ടത്തോല്‍വി ഉമ്മന്‍ ചാണ്ടി പ്രതീക്ഷിച്ചെങ്കില്‍ കുറ്റം പറയാനാകില്ല. ബുദ്ധിയുള്ള രാഷ്ട്രീയക്കാരന്‍ പുറത്തുപറയുന്നത് അതേപടി സ്വയം വിശ്വസിച്ചു നടക്കുകയുമില്ല. അതുകൊണ്ടാണ് ഈ എട്ട് ഒരു വലിയ എട്ടാകുന്നത്.

യുഡിഎഫ് ഒന്നിച്ചും കോണ്‍ഗ്രസും മുസ്്‌ലിം ലീഗും കേരള കോണ്‍ഗ്രസ് എമ്മും വെവ്വേറെയും ഞെട്ടിത്തരിച്ചുപോയ തെരഞ്ഞെടുപ്പുഫലം 2004ലേതായിരുന്നു. കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനും ഒരു സീറ്റുപോലുമില്ല. ലീഗിന് ഒരേയൊരു സീറ്റ്. കോണ്‍ഗ്രസിന്റെ തോല്‍വി 17ല്‍ 17ഉം. പിന്നീട് മണ്ഡല പുനര്‍നിര്‍ണയത്തോടെ ഇല്ലാതായ മൂവാറ്റുപുഴയില്‍ മാത്രമാണു കേരള കോണ്‍ഗ്രസ് മല്‍സരിച്ചത്. അവിടെ വിജയിച്ചത് എന്‍.ഡി.എ.യുടെ ഭാഗമായ എഫ്.ഡി.പി.യുടെ സ്ഥാനാര്‍ത്ഥി പി.സി.തോമസ്. ഇതേപോലെ മണ്ഡല പുനര്‍നിര്‍ണയത്തില്‍ ഇല്ലാതായി മലപ്പുറം ആയി മാറിയ മഞ്ചേരിയിലാണ് ലീഗിന് അടി തെറ്റിയത്. രണ്ടു സീറ്റുകളില്‍ മല്‍സരിച്ച അവര്‍ക്ക് പൊന്നാനി മാത്രം കിട്ടി.
ആ തോല്‍വിയുടെ പിന്നാലെയാണ് അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി രാജിവച്ചത്. പക്ഷേ, ആറു മാസം കഴിഞ്ഞായിരുന്നുവെന്നു മാത്രം. ഹൈക്കമാന്‍ഡിന്റെ അനുമതി കിട്ടാന്‍ വൈകി എന്നാണ് ആന്റണിതന്നെ പിന്നീട് പറഞ്ഞത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കേരളത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നുമടങ്ങിയ 2004 നവംബറില്‍ അദ്ദേഹം രാജിവച്ചു. അനുമതി ലഭിച്ചു, പിന്നെ വൈകിയില്ല എന്നു തോന്നിപ്പിക്കുന്ന വിധമായിരുന്നു തീരുമാനം. വിമാനത്താവളത്തില്‍ വച്ച് രാജി വിവരം മാധ്യമങ്ങളെ അറിയിച്ച ആദ്യ മുഖ്യമന്ത്രി.
എ. കെ. ആന്റണി മന്ത്രിസഭ ഒറ്റയടിക്ക് ഇല്ലാതായി. പിന്നീട് വന്ന ഉമ്മന്‍ ചാണ്ടി, ആന്റണി സര്‍ക്കാരിലെ കോണ്‍ഗ്രസ് മന്ത്രിമാരെയെല്ലാം ഉള്‍പെടുത്താതെയാണ് മന്ത്രിസഭയുണ്ടാക്കിയത്. ആന്റണി മന്ത്രിസഭയില്‍ ഉമ്മന്‍ ചാണ്ടി ഉണ്ടായിരുന്നില്ല. പകരം സര്‍വാധികാരിയായ യു.ഡി.എഫ.് കണ്‍വീനറായിരുന്നു; നിയമസഭാംഗവും. ഉമ്മന്‍ ചാണ്ടിയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എ.മാരുടെ യോഗത്തിനുമുമ്പ് അന്നത്തെ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്: ഉമ്മന്‍ ചാണ്ടിക്ക് ഇനിയും അവസരം വരുമല്ലോ, ഇത്തവണ എനിക്ക് അവസരം തന്നുകൂടേ. പക്ഷേ, അതു നടന്നില്ല. പകരം വക്കത്തെ ധനമന്ത്രിയാക്കി. ഉമ്മന്‍ ചാണ്ടിയുടെ 21 മാസത്തെ ഭരണത്തിനു ശേഷം വന്നത് വി.എസ.് സര്‍ക്കാര്‍. ഉമ്മന്‍ ചാണ്ടിക്ക് പിന്നീട് അവസരം വന്നത് 2011 മേയിലാണ്.

നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ ആ തവണ ചേര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എ.മാരുടെ യോഗത്തിനു മുമ്പ് കോണ്‍ഗ്രസിലുണ്ടായ അടിയൊഴുക്കുകളില്‍ ചുഴികളും മലരികളുമുണ്ടായിരുന്നു. ഹരിപ്പാട്ടുനിന്ന് വിജയിച്ചുവന്ന കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയായാല്‍ കൊള്ളാമെന്നുണ്ടായിരുന്നു. എം.എല്‍.എ.മാരുടെ യോഗത്തില്‍ അദ്ദേഹം മല്‍സരിച്ചേക്കും എന്ന സ്ഥിതിയും വന്നു. പക്ഷേ, ഉമ്മന്‍ ചാണ്ടിയെയാണ് നേതാവായി തെരഞ്ഞെടുത്തത്. ഹൈക്കമാന്‍ഡിന്റെ ഇടപെടലുണ്ടായി, രമേശ് വഴങ്ങി. അദ്ദേഹം മന്ത്രിസഭയിലെ സാധാരണ അംഗമാകാന്‍ അന്നു തയ്യാറായില്ലെങ്കിലും ഭരണം രണ്ടര വര്‍ഷം പിന്നിട്ടപ്പോള്‍ ആഭ്യന്തര മന്ത്രിയായി. അതിനിടയില്‍ ഉപമുഖ്യമന്ത്രിയാകാനും ആക്കാനും നടന്ന ശ്രമങ്ങളെ ലീഗ് വെട്ടി.

സാഹചര്യങ്ങള്‍ മാറിവരുമെന്നും ആന്റണിയെപ്പോലെ ഉമ്മന്‍ ചാണ്ടി പാതിവഴിക്ക് ഇറങ്ങിപ്പോകേണ്ടിവരുമെന്നും രമേശും ഐ ഗ്രൂപ്പും കണക്കുകൂട്ടി എന്നത് കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ പോലെ സത്യം. അടുത്ത സ്വാഭാവിക ഊഴം രമേശിനാണു വന്നുഭവിക്കേണ്ടത്. 
അങ്ങനെയിരിക്കെയാണ് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നതും ഫലം വന്നതും.

2004ലെ തെരഞ്ഞെടുപ്പു കഴിഞ്ഞ് ഫലം കാത്തിരിക്കുന്ന ദിവസങ്ങളിലൊന്നില്‍ സി.പി.എം. സംസ്്ഥാന സെക്രട്ടറി പിണറായി വിജയനോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചു, എല്‍ഡിഎഫിന് എത്ര സീറ്റുകള്‍ കിട്ടും? യുഡിഎഫിന്  ഒരു സീറ്റോ മറ്റോ കിട്ടിയാലായി എന്നായിരുന്നു പിണറായിയുടെ മറുപടി. യുഡിഎഫ് നേതാക്കളെ വല്ലാതെ പ്രകോപിപ്പിച്ചു അത്. പിണറായി പറഞ്ഞതു കേട്ടില്ലേ. ഒരു രാഷ്്ട്രീയ മര്യാദയില്ലാത്ത വര്‍ത്തമാനമായിപ്പോയി അത് എന്ന് കോണ്‍ഗ്രസ് നേതാവ് എം.എം. ഹസന്‍ വാര്‍ത്താ സമ്മേളനം വിളിച്ചാണ് പ്രതിഷേധിച്ചത്. പക്ഷേ, ഫലം വന്നപ്പോള്‍ പിണറായി പറഞ്ഞത് അതേപടി സംഭവിച്ചു. പിന്നീട് കൈരളി ടിവിയിലെ അഭിമുഖത്തില്‍ പിണറായിയോട് ചോദിച്ചു: എങ്ങനെ പറയാന്‍ കഴിഞ്ഞു അത്ര കൃത്യമായി? തെരഞ്ഞെടുപ്പു രംഗത്തെ ഓരോരോ കാര്യങ്ങള്‍ വിലയിരുത്തുമല്ലോ നമ്മള്‍, അപ്പോള്‍ ശരിയായ ഒരു ധാരണ രൂപപ്പെടുമല്ലോ , അങ്ങനെയാണ് അതു പറഞ്ഞത് എന്നായിരുന്നു പ്രതികരണം. 

ഈ തെരഞ്ഞെടുപ്പിലും പിണറായി ഇതേ ചോദ്യം നേരിട്ടു. കോണ്‍ഗ്രസിന് ഒറ്റ സീറ്റുപോലും കിട്ടില്ല എന്ന മറുപടിയാണ് ഉണ്ടായത്. 2004ല്‍ യു.ഡി.എഫിനെക്കുറിച്ചു മൊത്തത്തിലാണു പറഞ്ഞതെങ്കില്‍ ഇത്തവണ ഘടക കക്ഷികളെ മാറ്റിനിര്‍ത്തി. 2004ലെപ്പോലെ പറഞ്ഞത് സംഭവിച്ചില്ല. കോണ്‍ഗ്രസും മൂന്നു ഘടക കക്ഷികളും വിജയിച്ചു വന്നു. അതിലൊന്ന്് കൊല്ലത്ത് സി.പി.എം. പി.ബി അംഗം എം. എ. ബേബിക്കെതിരേ മല്‍സരിച്ച ആര്‍എസ്പി സ്ഥാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രനാണ്. തെരഞ്ഞെടുപ്പു രംഗത്തെ കാര്യങ്ങള്‍ വിലയിരുത്തി പിണറായി രൂപപ്പെടുത്തിയ ശരിയായ ധാരണ ഇക്കുറി പിഴച്ചതാണോ അതോ അദ്ദേഹം വെറുതേ ഒരു വെടി പൊട്ടിച്ചതുമാത്രായിരുന്നോ. സിപിഎമ്മിന് കണക്കുകൂട്ടല്‍ തെറ്റി എന്നാണോ ഇതിന്റെ നേരായ അര്‍ത്ഥം. അലോസരപ്പെടുത്തുന്ന ചോദ്യങ്ങള്‍ സി.പി.എമ്മിന് ഇഷ്ടമല്ല. ചോദ്യത്തില്‍തന്നെ ഉത്തരങ്ങളുണ്ടായെന്നു വരാം. പാര്‍ട്ടി അതൊന്നും സമ്മതിച്ചു തരാറില്ല.

2009ലാണ് ഇതിനു മുമ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പു നടന്നത്. അന്ന് ലഭിച്ച നാലു സീറ്റുകളും നിലനിര്‍ത്തുകയും മൂന്നെണ്ണം കൂടി പിടിച്ചെടുക്കുകയും ചെയ്ത സിപിഎമ്മിനും 2009ല്‍ മല്‍സരിച്ച നാലിലും തോറ്റിടത്ത് ഇത്തവണ ഒരെണ്ണമെങ്കിലും വിജയിച്ച സി.പി.ഐക്കും നാണക്കേടൊന്നും തോന്നേണ്ടതില്ല. നരേന്ദ്രമോഡി സര്‍ക്കാരിന് ഏറ്റവുമധികം പ്രതിപക്ഷാംഗങ്ങളെ നല്‍കുന്ന സംസ്ഥാനമായാണ് കേരളം മാറിയിരിക്കുന്നത്. അതില്‍ രണ്ടാം കക്ഷിയാണ് സിപിഎം. ദേശീയതലത്തില്‍ സി.പി.എമ്മിനുണ്ടായ തകര്‍ച്ചയില്‍ അല്പമല്ലാത്ത ആശ്വാസം കേരളത്തില്‍ നിന്നാണുതാനും. പക്ഷേ, പിണറായി മുതല്‍  താഴേയ്ക്കുള്ള നേതാക്കളുടെ മുഖഭാവവും നടപ്പും കണ്ടാല്‍ തോന്നുക എല്ലാം തകര്‍ന്നടിഞ്ഞു എന്നാണ്. അങ്ങനെയാണെങ്കില്‍ ഇനി കെട്ടിപ്പൊക്കാന്‍ എന്തൊക്കെയാണു ചെയ്യാന്‍ പോകുന്നത് എന്ന് പാര്‍ട്ടിയും മുന്നണിയും പറയുമായിരിക്കും. 


മെയ് 16ന്  വെള്ളിയാഴ്ച ഉച്ചയ്ക്ക്, വോട്ടെണ്ണല്‍ മുന്നേറിക്കൊണ്ടിരിക്കെ ജുമുഅ നമസ്‌കാര പ്രസംഗത്തിനിടെ തലസ്ഥാനത്തെ സലഫി പള്ളിയിലെ ഇമാം പറഞ്ഞു: എല്ലാവരും വോട്ടണ്ണലിന്റെ ആകാംക്ഷയിലാണ്. ഫലം വന്നോട്ടെ. പക്ഷേ, നമ്മളും സ്ഥാനാര്‍ത്ഥികളാണ് എന്ന ഓര്‍മ എപ്പോഴുമുണ്ടാകണം. പക്ഷേ, വോട്ടെണ്ണുന്നത് ഇപ്പോഴല്ല. സ്വന്തം ചുമതലകള്‍ അറിഞ്ഞു പ്രവര്‍ത്തിച്ചാല്‍ വിജയം ഉറപ്പ്.' വിശ്വാസത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചും പരലോകത്തെ വിജയത്തെക്കുറിച്ചുമാണ് ഇമാം പറഞ്ഞത്. പക്ഷേ, വേണമെങ്കില്‍ അതില്‍ വിജയിച്ചവര്‍ക്കുള്ള താക്കീത് വായിച്ചെടുക്കാം. ചെയ്യേണ്ടത് എന്തെന്നും ചെയ്യരുതാത്തത് എന്തെന്നും അറിഞ്ഞു പ്രവര്‍ത്തിക്കണം എന്ന താക്കീത്. 
തെരഞ്ഞെടുപ്പുഫലം വന്നിട്ടേയുള്ളു; സമയമുണ്ട്.  

രണ്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ നിന്നു കേരളത്തെ രക്ഷപ്പെടുത്തിയ ഫലമാണ് കൊല്ലത്തും കോട്ടയത്തുമുണ്ടായത്. കൊല്ലത്ത് എം.എ. ബേബി വിജയിച്ചിരുന്നെങ്കില്‍ കുണ്ടറയില്‍ നിന്നുള്ള നിയമസഭാംഗത്വം രാജിവയ്ക്കുമായിരുന്നു. അതു വേണ്ടിവന്നില്ല. സ്ഥാനാര്‍ത്ഥിനിര്‍ണയത്തിന്റെ തലവേദനയില്‍ നിന്നുകൂടിയാണ് സി.പി.എം. രക്ഷപ്പെട്ടത്. കോട്ടയത്ത് ജോസ് കെ. മാണിക്കു പകരം വിജയം മാത്യു ടി. തോമസിനായിരുന്നെങ്കില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാവുക തിരുവല്ലയിലായിരുന്നു. അവിടെ സ്ഥാനാര്‍ത്ഥി നിര്‍ണയം പ്രശ്‌നമാവുക കേരള കോണ്‍ഗ്രസ് എമ്മിനായേനേ. കഴിഞ്ഞ തവണ തോറ്റ വിക്ടര്‍ ടി. തോമസും സീറ്റ് ആഗ്രഹിച്ച ജോസഫ് എം. പുതുശ്ശേരിയും കാത്തിരിക്കുകയായിരുന്നു കോട്ടയത്തെ ഫലം.
സ്വതന്ത്രരെ മല്‍സരിപ്പിച്ച് നേട്ടമുണ്ടാക്കാമെന്ന സി.പി.എം. മോഹം ആലപ്പുഴയിലെ കെ. എസ്. മനോജില്‍ നിന്നും മങ്കടയിലെ മഞ്ഞളാംകുഴി അലിയില്‍ നിന്നും കിട്ടിയ അനുഭവങ്ങള്‍ക്കു ശേഷവും സി.പി.എം. വച്ചുപുലര്‍ത്തുകയാണ്. ഇത്തവണ പരീക്ഷിച്ച അഞ്ചു സ്വതന്ത്രരില്‍ ഇന്നസെന്റും ജോയ്‌സ് ജോര്‍ജുമാണ് വിജയിച്ചത്. പൊന്നാനിയില്‍ ഇ. ടി. മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം കുറഞ്ഞതു ചൂണ്ടിക്കാട്ടി മേനി പറച്ചിലാകാം. പക്ഷേ, അവിടെ സ്വതന്ത്രനായി മല്‍സരിച്ച വി. അബ്ദുറഹിമാന്‍ ഇനിയുള്ള കാലം സി.പി.എമ്മിന്റെ സഹയാത്രികനായിരിക്കുമോ എന്നു നോക്കേണ്ടിവരും. അടുത്ത ഒരു തെരഞ്ഞെടുപ്പില്‍ പൊന്നാനി പിടിക്കാനാകുമെന്നു പ്രതീക്ഷ വയ്ക്കാനെങ്കിലും അത് ആവശ്യമാണ്. മറിച്ച്, അടുത്ത തവണ വേറൊരു പുതുമുഖമാണു രംഗത്തെങ്കില്‍ ലീഗ് കുത്തക വിട്ടുകിട്ടണമെന്നില്ല. അപ്പുറത്ത് ഇ. ടി. തോറ്റാല്‍ മുന്നണി വിടാനുള്ള കരുനീക്കം വരെയുണ്ടായിരുന്നു ലീഗിനുള്ളില്‍. 

ഭൂരിപക്ഷം കുറവാണെങ്കിലും വിജയം വിജയമാണ്. പത്തനംതിട്ടയില്‍ മുന്‍ ഡിസിസി പ്രസിഡന്റ് പീലിപ്പോസ് തോമസില്‍ വിശ്വാസമര്‍പ്പിച്ച ആന്റോ ആന്റണിക്ക് വിജയം ഉറപ്പാക്കിയതുവഴി, ആറന്മുള വിമാനത്താവളത്തെ എതിര്‍ക്കുന്ന നാട്ടുകാരെ ആശയക്കുഴപ്പത്തിലാക്കുകയാണ് സി.പി.എം. ചെയ്തത്. കാരണം, വിമാനത്താവളത്തെ ശക്തമായി അനുകൂലിക്കുന്നു ആന്റോ ആന്റണി. അപ്പോള്‍ ഈ വിജയം വിമാനത്താവള പദ്ധതിയുടെ വിജയമാണോ? എറണാകുളത്തു ക്രിസ്റ്റി ഫെര്‍ണാണ്ടസ്, തിരുവനന്തപുരത്തെ സി.പി.ഐ സ്ഥാനാര്‍ത്ഥി ബെനറ്റ് ഏബ്രഹാമിനെപ്പോലെ പേയ്‌മെന്റ് സീറ്റിലാണ് മല്‍സരിച്ചത് എന്ന വിമര്‍ശനത്തിന് സമര്‍ത്ഥമായതോ അല്ലാത്തതോ ആയ മറുപടി ഇതുവരെ ഉണ്ടായിട്ടില്ല. 

നിലനിര്‍ത്തിയ നാലു സീറ്റുകളുടെ തിളക്കമാണ് സി.പി.എമ്മിന്റെ മുഖത്ത് ഏറ്റവും വെളിച്ചമാകേണ്ടത്. ആറ്റിങ്ങല്‍ എ.സമ്പത്തും പാലക്കാട്ട് എം.ബി.രാജേഷും ആലത്തൂരില്‍ പി.കെ. ബിജുവും കാസര്‍കോട്ട് പി. കരുണാകരനും നേടിയത് ചെറിയ വിജയമല്ല. അവര്‍ പരാജയപ്പെടുത്തിയ എതിരാളികളുടെ സവിശേഷതയും ഇതിനു കാരണമാണ്. ആറ്റിങ്ങലില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണയും ആലത്തൂരില്‍ കെ.എ. ഷീബയും തോറ്റപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് വീണ്ടും വനിതാ പ്രാതിനിധ്യ കാര്യത്തില്‍ തോല്‍ക്കുകയാണ് ഉണ്ടായത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെല്ലാം വനിതാ എം.പി.മാര്‍ ഉണ്ടെന്നല്ല. പക്ഷേ, കേരളത്തില്‍ നിന്ന് കോണ്‍ഗ്രസ് ഒരു സ്ത്രീയെ ലോക്‌സഭയിലേക്ക് അയച്ചിട്ട് കാലമെത്രയായി എന്ന് ഓരോ തവണയും സ്വയം ചോദിക്കാറുണ്ട്. പക്ഷേ, ഉറച്ച സീറ്റു കൊടുക്കില്ലെന്നുറപ്പ്. അപ്പുറത്ത് രാജ്യസഭയില്‍ ടി. എന്‍. സീമയുണ്ട്. ലോക്‌സഭയില്‍ ഇനി പി.കെ.ശ്രീമതിയുമുണ്ട്. 

പാലക്കാട്ട് എം.പി. വീരേന്ദ്രകുമാറിന്റെ വ്യക്തിപ്രഭാവത്തിന് വില കിട്ടിയില്ല. 

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Election, UDF, LDF, Politics, Muslim, Congress, Neyyattinkara, CPM, Article

Post a Comment