Follow KVARTHA on Google news Follow Us!
ad

ഭാര്യയുടെ ജോലിയും കണ്ടുമുട്ടിയ നേതാക്കളും

ജീവിത യാത്രയില്‍ കണ്ടുമുട്ടുന്നവര്‍ നിരവധി. ഓരോരുത്തര്‍ക്കും ഓരോ സ്വഭാവം. വ്യക്തികളുടെ സ്വഭാവ വ്യത്യാസങ്ങളില്‍ നിന്ന് പലതും പഠിക്കാനുണ്ട്. Article, Kookanam-Rahman, Life Threat, Family, Wife, Internet, Payyannur, Politics, CPM, Lady Village, Interview, Job
കൂക്കാനം റഹ്‍മാന്‍

ജീവിത യാത്രയില്‍ കണ്ടുമുട്ടുന്നവര്‍ നിരവധി. ഓരോരുത്തര്‍ക്കും ഓരോ സ്വഭാവം. വ്യക്തികളുടെ സ്വഭാവ വ്യത്യാസങ്ങളില്‍  നിന്ന്  പലതും പഠിക്കാനുണ്ട്. ജീവിതത്തില്‍ പരിചയപ്പെട്ടവരെ ഓര്‍ക്കുകയും അവരുമായുളള ബന്ധങ്ങള്‍ കുറിച്ചുവെക്കുകയും എന്റെ സ്വഭാവമാണ്. അത്തരത്തില്‍  ഞാനുമായി ഇടപെട്ട ചില വ്യക്തികളെയും, സ്വഭാവങ്ങളേയും മറക്കാന്‍ കഴിയില്ലൊരിക്കലും.
സത്യസന്ധമായി വസ്തുതകള്‍ പറയുമ്പോള്‍ മുഖം ചുളിക്കുന്നവരുണ്ടാവാം. ഇങ്ങനെയൊക്കെയാണ് ജീവിതം എന്ന് ചിന്തിക്കുന്നവരുണ്ടാവാം. ഏതായാലും എന്റെ ജീവിതത്തില്‍  നിന്ന് ഒരേട് ഇവിടെ പകര്‍ത്തുകയാണ്.

ഭാര്യക്കൊരു ജോലി വേണം. ഇത് എന്റെ ആഗ്രഹമല്ല. ഭാര്യയുടേതുമല്ല.  ബന്ധുക്കളുടെയും, കൂട്ടുകാരുടെയും ആഗ്രഹം. മാഷ് ഇങ്ങനെയൊക്കെ ആയിട്ട് ഭാര്യയ്ക്ക് ഒരു ജോലി സംഘടിപ്പിച്ച് കൊടുത്തുകൂടെ? ആളുകള്‍ നെഞ്ചില്‍ കുത്തുന്ന ഈ ചോദ്യം ചോദിക്കുമ്പോള്‍ ഞാനും പകച്ചു പോയി.

അങ്ങനെയിരിക്കെ ലേഡി വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിച്ചു. പരീക്ഷ എഴുതി. ജയിച്ചു. അടുത്ത ഘട്ടം ഇന്റര്‍വ്യൂ. തിരുവനന്തപുരം പി. എസ്.സി. ഓഫീസിലാണ് ഇന്റര്‍വ്യൂ. അക്കാലത്ത് സ്ഥിരമായി തിരുവനന്തപുരത്തു പോകുന്ന കക്ഷിയാണ് ഞാന്‍. സാക്ഷരത, കാന്‍ഫെഡ് തുടങ്ങിയ പ്രസ്ഥാനങ്ങളുടെ നേതാവയതിനാല്‍  ഇടയ്ക്കിടക്ക് തലസ്ഥാനത്ത് എത്തേണ്ടിവരും.
അന്ന് എന്റെ മോന് ഒരു വയസായിക്കാണും. ഇന്റര്‍വ്യൂ അല്ലേ, ജോലി വേണ്ടേ, പോയേ തീരൂ. മുലകുടി മാറാത്ത കുഞ്ഞുമായി ഞാനും ഭാര്യയും സഹായിയായി അനിയനും തിരുവനന്തപുരത്തേക്ക് വണ്ടി കയറി. ഇന്റര്‍വ്യൂവിന്റെ തലേന്നാളേ എത്തിയതിന് ലക്ഷ്യമുണ്ടായിരുന്നു.

സ്റ്റേഷനില്‍  ഇറങ്ങിയപ്പോള്‍ തന്നെ നാട്ടുകാരിയും രാഷ്ട്രീയ നേതാവുമായ വി.വി.സരോജിനിയെ കണ്ടു. അവര്‍ മകളുമൊത്ത് വന്നതാണ്. അവര്‍ക്കും ഇതേ ഇന്റര്‍വ്യൂ തന്നെ. ഞങ്ങള്‍ തമ്മില്‍  കുശലാന്വേഷണം നടത്തി. 'വല്ല വഴിയുമുണ്ടോ, സരോജിനിയേട്ടി?'
'നമുക്ക് നോക്കാം'
ഞങ്ങളൊന്നിച്ച് എം.എല്‍.എ. ക്വാര്‍ട്ടേഴ്‌സില്‍  എത്തി. അന്ന് ഇടതുപക്ഷ ഭരണം. ഗൗരിയമ്മ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി. എം.വി. രാഘവന്‍ എം.എല്‍.എ.
സരോജിനിയേട്ടി പറഞ്ഞു: 'എം.വി.ആറിനേയും കണ്ട് കെ.ആര്‍. ഗൗരിയെ ചെന്ന് കാണാം.'
'സരോജിനിയേട്ടി ഞങ്ങളുടെ കാര്യം പറയുമല്ലോ?'
'സംശയമുണ്ടോ?. തീര്‍ച്ചയായും'
അതും പറഞ്ഞ് അവര്‍ അകത്തേക്ക് കടക്കുന്നത് ഞാന്‍ കണ്ടു.
ഞങ്ങള്‍ അവിടെ നിന്നും തിരിച്ചു. മുറിയെടുത്ത് ഭാര്യയെയും അനിയനെയും വിശ്രമിക്കാന്‍ വിട്ട് ഞാന്‍ പുറത്തിറങ്ങി. നേരെ ചെന്നത് കാന്‍ഫെഡ് ഓഫീസിലേക്ക്. അടുത്ത ദിവസം നടക്കന്ന ഇന്റര്‍വ്യൂ ബോര്‍ഡില്‍  കാന്‍ഫെഡ് പ്രവര്‍ത്തക സമിതി അംഗമായ പി.എസ്.സി. അംഗം തെങ്ങമം ബാലകൃഷ്ണന്‍ ഉണ്ട് എന്നറിഞ്ഞു.

ഇന്റര്‍വ്യൂക്കാര്യം പി.എന്‍.പണിക്കരോട് സംസാരിച്ചു. പണിക്കര്‍ സാറിന് എന്നേയും കുടുംബത്തേയും, ഞങ്ങളുടെ ജീവിത സാഹചര്യത്തെ കുറിച്ചൊക്കെ അറിയാം.
'താന്‍ ഇപ്പോള്‍ തന്നെ പോയി നമ്മടെ തെങ്ങമത്തെ കാണൂ.....'
'എനിക്കദ്ദേഹത്തെ നേരിട്ട് പരിചയമില്ലല്ലോ സാര്‍'
'അതിനെന്താ നമ്മുടെ പുതിയ വാര്‍ഷികപ്പതിപ്പിന്റെ കോപ്പി അദ്ദേഹത്തിനു കൊടുക്കുവാനായി കവറിലിട്ട് തരാം. ഇത് പണിക്കര്‍ തന്നതാണെന്ന് പറഞ്ഞ് കൊടുക്കൂ എന്നിട്ട് കാര്യം പറയൂ.'  
ഞാന്‍ തലകുലുക്കി കവറും വാങ്ങി ഓഫീസിനു പുറത്തേക്ക് നടന്നു. അപ്പോഴതാ സാക്ഷാല്‍  പി.ടി.ഭാസ്‌ക്കരപ്പണിക്കര്‍ എന്റെ മുന്നില്‍  മുണ്ട് മാടിക്കുത്തി ചൂരല്‍ക്കാലുളള  കുടയും കുത്തിപ്പിടിച്ച്. സാധാരണ ചോദിക്കാറുളള പതിവ് ചോദ്യം.
'റഹ്മാന്‍ എന്താ വിശേഷം?'
എല്ലാ കാര്യവും വിശദമായി പി.ടി.ബി.യോട് സംസാരിച്ചു. ആ കമ്മ്യൂണിസ്റ്റുകാരനും, മുന്‍ പി.എസ്.സി. മെമ്പറും, മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് ചെയര്‍മാനുമായ പി.ടി.ബി.യുടെ ഈ വാക്കുകള്‍ എന്റെ മനസില്‍ തറച്ചു.
'വേണ്ട ഒരു റക്കമെന്റിനും പോകരുത്. അര്‍ഹതയുണ്ടെങ്കില്‍  കിട്ടും.അതാണ് നല്ലത്.'
പി.ടി.ബി.യുടെ ശക്തവും ഉറച്ചതുമായ നിര്‍ദ്ദേശം മനസ്സില്‍  തറച്ചു. അതാണ് ശരിയെന്നും ബോധ്യപ്പെട്ടു. റക്കമെന്റേഷനുവേണ്ടിയുളള ശ്രമം അതോടെ ഉപേക്ഷിച്ചു.

Article, Kookanam-Rahman, Life Threat, Family, Wife, Internet, Payyannur, Politics, CPM, Lady Village, Interview, Job, Govt.Job and Political party leaders അടുത്ത ദിവസം ഇന്റര്‍വ്യൂ നടന്നു. നാട്ടിലേക്ക് തിരിച്ചെത്തി. നാളുകള്‍ കഴിഞ്ഞപ്പോള്‍ ഇന്റര്‍വ്യൂ റാങ്ക് ലിസ്റ്റ് വന്നു. സരോജിനി ഏട്ടിയുടെ മകളുടെ പേര് ലിസ്റ്റില്‍ ആദ്യം കടന്നുകൂടിയിട്ടുണ്ട്.   ഒരിക്കലും സെലക്ഷന്‍ കിട്ടാത്ത വിധത്തത്തില്‍ സപ്ലിമെന്ററി ലിസ്റ്റില്‍  വളരെ പിന്നിലായി എന്റെ ശ്രീമതിയുടെ പേരുണ്ട്. ഇവിടെ എന്തു നടന്നിട്ടുണ്ടാവുമെന്ന് വായനക്കാര്‍ ഊഹിക്കുന്നതുപോലെ ഞാനും ഊഹിക്കുന്നു.

ര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. സമ്പൂര്‍ണ സാക്ഷരതായജ്ഞം തകൃതിയായി നടക്കുന്ന കാലം. ഞാനും അന്തരിച്ച കെ.സി കൃഷ്ണന്‍ മാഷും ജില്ലയിലെ പ്രോജക്ട് ഓഫീസര്‍മാരായിരുന്നു.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍  നിന്നും ഭാര്യക്ക് ഒരു ഇന്റര്‍വ്യൂ കാര്‍ഡ് വന്നു. പയ്യന്നുര്‍ മുനിസിപ്പാലിറ്റിയില്‍  ഒഴിവുളള ബില്‍  കലക്ടര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിനാണ്.

ഞാനും കെ.സി.കൃഷ്ണന്‍ മാഷും തിരുവനന്തപുരത്ത് സാക്ഷരതാ കമ്മിറ്റി യോഗത്തില്‍  പങ്കെടുക്കാന്‍ പോവുകയാണ്. കെ.സി.കൃഷ്ണന്‍ മാഷ് കോണ്‍ഗ്രസ് നേതാവാണ്. ഞാന്‍ ഒരു ഇടതുപക്ഷ സഹയാത്രികനും. 1992ല്‍   സംസ്ഥാന ഭരണം യു. ഡി. എഫിന്റെ കയ്യിലാണ്.
കെ. സി കൃഷ്ണന്‍ മാഷോട് ഭാര്യയുടെ ഇന്റര്‍വ്യൂ കാര്യം പറഞ്ഞു.

'നമുക്ക് സി. ടി. യെ ചെന്നു കാണാം'
'അയ്യോ വേണ്ട' പി.ടി.ബി യുടെ വാക്കുകള്‍ ഓര്‍മ്മയിലേക്ക് തികട്ടി.' ഞാന്‍ സി.ടി.യോട് പറയാം.  നിങ്ങള്‍ വന്നാല്‍  മതി.' കെ. സി കൃഷ്ണന്‍ മാഷിന്റെ നിര്‍ബ്ബന്ധപ്രകാരം സി.ടി.യെ കാണാന്‍ ചെന്നു. കൃഷ്ണന്‍ മാഷ് കാര്യം പറഞ്ഞു.

'അയ്യോ പയ്യന്നൂര്‍ സി.പി.എം. കേന്ദ്രമല്ലേ? 'സി.ടി.യുടെ പ്രതികരണം.
കൂടുതലൊന്നും പറഞ്ഞില്ല. എന്നെ സി. ടിയ്ക്കറിയാം മന്ത്രിയുടെ ഓഫീസില്‍  നിന്ന് കിട്ടിയ ചായയും കഴിച്ച് ഞങ്ങള്‍ തൈക്കാട് ഗസ്റ്റ്ഹൗസില്‍  നടക്കുന്ന മീറ്റിംഗിനെത്തി. ശ്രീമതി ഇന്റര്‍വ്യൂവിന് ചെന്നു. സെലക്ഷന്‍ കിട്ടി.  ഉറപ്പുണ്ട് മന്ത്രിയുടെ റക്കമെന്റ് തന്നെ. അങ്ങനെ ആറുമാസക്കാലം എന്റെ സഹധര്‍മ്മിണി ജീവിതത്തില്‍  ആദ്യമായും അവസാനമായും സര്‍ക്കാര്‍ ഉദ്യോഗസ്ഥയായി.

ഈ പരാമര്‍ശത്തിലെ പി.എന്‍.പി, പി.ടി.ബി, തെങ്ങമം, കെ.സി. കൃഷ്ണന്‍ മാസ്റ്റര്‍ എല്ലാം കാലയവനികക്കുളളിലായി. ഞാനും സി.ടി.യും ജീവിച്ചിരിപ്പുണ്ട്. സി.ടി. എന്ന മനുഷ്യസ്‌നേഹി രാഷ്ട്രീയ മുഖം മാറ്റി വെച്ച് ഒരു സാമൂഹ്യ പ്രവര്‍ത്തകനോട് കാണിച്ച ഉദാര മനസ് എന്നും ഓര്‍മ്മയിലുണ്ട്.

Kookkanam Rahman
(Writer)
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം 

Keywords: Article, Kookanam-Rahman, Life Threat, Family, Wife, Internet, Payyannur, Politics, CPM, Lady Village, Interview, Job, Govt.Job and Political party leaders 

Post a Comment