Condolence | ബാബാ സിദ്ദീഖിയെ അവസാനമായി കാണാനെത്തി ബോളിവുഡ് താരങ്ങള്‍; മൃതദേഹം കണ്ടതിനുശേഷം പൊട്ടിക്കരഞ്ഞ് ശില്പ ഷെട്ടി, വീഡിയോ
● സല്‍മാന്റെയും ഷാരൂഖിന്റെയും പിണക്കംമാറ്റിയ നേതാവ്.
● മഹാരാഷ്ട്രയിലെ ക്രമസമാധാനത്തകര്‍ച്ചയുടെ ഉദാഹരണമെന്ന് കോണ്‍ഗ്രസ്.
● വിയോഗം വാക്കുകള്‍ക്കതീതവും ഞെട്ടിക്കുന്നതുമാണെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
മുംബൈ: (KVARTHA) മുന്‍ മന്ത്രിയും മുതിര്‍ന്ന എന്‍സിപി (അജിത് പവാര്‍) നേതാവുമായിരുന്ന ബാബാ സിദ്ദീഖിയുടെ (Baba Siddiqui) അകാലമരണം ഞെട്ടിപ്പിക്കുന്ന തരംഗങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ് ബോളിവുഡ് സിനിമാ ലോകത്തിലും രാഷ്ട്രീയ ലോകത്തിലും. കാരണം നിരവധി താരങ്ങളുമായും നേതാക്കളുമായും അടുത്ത സാഹോദര്യ ബന്ധമാണ് ബാബാ സിദ്ദീഖി പുലര്‍ത്തിയിരുന്നത്.
ബാന്ദ്രയിലെ ബോളിവുഡ് താരങ്ങള്‍ക്കും വ്യവസായികള്‍ക്കുമിടയില്‍ അത്രമാത്രം സ്വാധീനമുള്ള നേതാവ് കൂടിയായിരുന്നു. 2013ല്‍ ഷാരൂഖ്, സല്‍മാന്‍ ഖാന്‍മാര്‍ തമ്മിലുണ്ടായ പ്രശസ്തമായ തര്‍ക്കം ഒരു ഇഫ്താര്‍ വിരുന്നില്‍ ബാബ സിദ്ദീഖി ലളിതമായി പരിഹരിച്ചത് ചര്‍ച്ചാവിഷയമാണ്. അത്രമാത്രം ബന്ധം ബോളിവുഡിനോടും സിദ്ദീഖി സൂക്ഷിച്ചിരുന്നു.
ബാബാ സിദ്ദീഖിയുടെ മൃതദേഹം സൂക്ഷിച്ചിരുന്ന മുംബൈ ലീലാവതി ആശുപത്രിയിലേക്ക് നിരവധി ബോളിവുഡ് താരങ്ങളാണെത്തിയത്. അദ്ദേഹത്തിന്റെ മൃതദേഹം കണ്ടതിനുശേഷം പൊട്ടിക്കരഞ്ഞുകൊണ്ടാണ് നടി ശില്പാ ഷെട്ടി പുറത്തിറങ്ങിയത്. ഭര്‍ത്താവ് രാജ് കുന്ദ്രയ്‌ക്കൊപ്പമാണ് ശില്പ ഷെട്ടി ലീലാവതി ആശുപത്രിയിലെത്തിയത്.
ആശങ്കയും ഭയവും നിറഞ്ഞ മുഖത്തോടെയാണ് രാജ് കുന്ദ്രയുടെ കയ്യില്‍ ബലമായി പിടിച്ചുകൊണ്ട് ആശുപത്രിക്കകത്തേക്ക് ശില്പ ഷെട്ടി കയറിപ്പോയത്. എന്നാല്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് താരം തിരിച്ചിറങ്ങിയത്. മുഖംമറച്ചുകൊണ്ടാണ് അവര്‍ കാറിനകത്തേക്ക് കയറിയതെങ്കിലും അവരുടെ മുഖത്തെ ഞെട്ടല്‍ മാറിയിരുന്നില്ലെന്ന് കണ്ണുകളില്‍ ദര്‍ശിക്കാം. ഇരുവരും ബാബാ സിദ്ദീഖിയുമായി ഏറെ നാളായി അടുപ്പം പുലര്‍ത്തുന്നവരുമാണ്.
'ശ്രീ ബാബ സിദ്ദീഖി ജിയുടെ ദാരുണമായ വിയോഗത്തില്‍ സങ്കടവും വാക്കുകളില്‍ പറയാനാവാത്ത ഞെട്ടലും തോന്നുന്നു. ഈ ദുഷ്‌കരമായ സമയത്തെ അതിജീവിക്കാന്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് ദൈവം അവര്‍ക്ക് ശക്തി നല്‍കട്ടെയെന്ന് എന്റെ ഹൃദയം പറയുന്നു. ഈ ഭയാനകമായ കുറ്റകൃത്യത്തിന്റെ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.'- നിര്‍മാതാവും നടനുമായ റിതേഷ് ദേശ്മുഖ് തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ തന്റെ ദുഃഖം രേഖപ്പെടുത്തി.
ബാബാ സിദ്ദിഖിയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന നടന്മാരായ വീര്‍ പഹാരിയ, സല്‍മാന്‍ ഖാന്‍, സഞ്ജയ് ദത്ത് എന്നിവരും മുംബൈയിലെ ആശുപത്രിയിലെത്തിയിരുന്നു.
ശനിയാഴ്ച രാത്രി മുംബൈയിലെ ബാന്ദ്രയില്‍ എംഎല്‍എ സീഷാന്‍ സിദ്ദീഖിന്റെ നിര്‍മല്‍ നഗറിലെ ഓഫീസിന് സമീപം ദസറ ആഘോഷങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു കൃത്യം നടന്നത്. ബാബ സിദ്ദീഖി മകന്റെ ഓഫീസില്‍ നിന്ന് പുറത്തിറങ്ങി കാറില്‍ കയറുമ്പോള്‍ അക്രമികള്‍ 6-7 റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രണ്ട് വെടിയുണ്ടകള്‍ നെഞ്ചിലും ഒരെണ്ണം അടിവയറ്റിലും പതിച്ചു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അദ്ദേഹത്തിന്റെ അടുത്തിരുന്നയാള്‍ക്കും പരുക്കേറ്റതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട രണ്ടുപേര്‍ പിടിയിലായി.
മഹാരാഷ്ട്ര രാഷ്ട്രീയത്തിലും ബോളിവുഡ് സിനിമാലോകത്തും കഴിഞ്ഞ നാലരപതിറ്റാണ്ടോളം സജീവ സാന്നിധ്യമായിരുന്ന നേതാവാണ് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ പൊതുസ്ഥലത്ത് വെടിയേറ്റ് മരിച്ചത്. അതേസമയം, ബാബ സിദ്ദീഖിന്റെ കൊലപാതകം മഹാരാഷ്ട്രയിലെ ഗുരുതരമായ ക്രമസമാധാന നില തകര്‍ച്ചയുടെ ഉദാഹരണമാണെന്നും സംഭവത്തെക്കുറിച്ച് സമഗ്രവും സുതാര്യവുമായ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന നില ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്തിറങ്ങി.
സിദ്ദീഖിന്റെ ദാരുണമായ വിയോഗം വാക്കുകള്‍ക്കതീതവും ഞെട്ടിക്കുന്നതുമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ 'എക്സി'ലെ പോസ്റ്റില്‍ പറഞ്ഞു. ദു:ഖകരമായ ഈ വേളയില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അഗാധമായ അനുശോചനം അറിയിക്കുന്നുവെന്ന് പറഞ്ഞ ഖാര്‍ഗെ നീതി ഉറപ്പാക്കണമെന്നും നിലവിലെ മഹാരാഷ്ട്ര സര്‍ക്കാര്‍ സമഗ്രവും സുതാര്യവുമായ അന്വേഷണത്തിന് ഉത്തരവിട്ട് കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.
ബാബ സിദ്ദീഖിന്റെ കൊലപാതകത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് കെ സി വേണുഗോപാല്‍ ഞെട്ടലും രോഷവും രേഖപ്പെടുത്തി. 'സിദ്ദീഖ് ജി അര്‍പണബോധത്തോടെ മുംബൈയിലും മഹാരാഷ്ട്രയിലുമുള്ള ജനങ്ങളെ സേവിക്കുകയും സാമുദായിക സൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാന്‍ കഠിനമായി പരിശ്രമിക്കുകയും ചെയ്തു. ഈ സംഭവം മഹാരാഷ്ട്രയിലെ ക്രമസമാധാന നില തകര്‍ന്നതിന്റെ ഗുരുതരമായ ഉദാഹരണമാണെന്നും' വേണുഗോപാല്‍ പറഞ്ഞു.
തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സിദ്ദീഖ് ഒന്നിലധികം തവണ അധികൃതരെ അറിയിച്ചിരുന്നുവെന്നും വൈ പ്ലസ് സുരക്ഷയിലായിരുന്നിട്ടും അദ്ദേഹം അരക്ഷിതാവസ്ഥ അനുഭവിച്ചുവെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. റോഡിലെ തിരക്കേറിയ മാര്‍ക്കറ്റുകള്‍ക്ക് നടുവിലാണ് ഈ വെടിവെപ്പ് നടന്നത്. ഇത് മഹാരാഷ്ട്രയില്‍ കുറ്റവാളികള്‍ നിയമത്തെ ഭയപ്പെടുന്നില്ല എന്നതിനെ കാണിക്കുന്നു. ഭരണസഖ്യത്തിലെ നേതാക്കള്‍ പോലും തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് സുരക്ഷിതരല്ല. മുതിര്‍ന്ന പൊതുപ്രവര്‍ത്തകര്‍ സുരക്ഷിതരല്ലെങ്കില്‍ പിന്നെ സാധാരണ പൗരന്‍മാര്‍ എങ്ങനെ സുരക്ഷിതരായിരിക്കുമെന്നും വേണുഗോപാല്‍ ചോദിച്ചു.
'ബാബ സിദ്ദീഖിന്റെ കൊലപാതകത്തെ കുറിച്ച് കേട്ടപ്പോള്‍ ഞെട്ടിപ്പോയി. 1999ല്‍ സുനില്‍ ദത്തിനൊപ്പമാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി കണ്ടുമുട്ടിയത്. അദ്ദേഹത്തിന്റെ വിടവാങ്ങല്‍ വ്യക്തിപരമായ നഷ്ടമാണെന്ന്' കോണ്‍ഗ്രസിന്റെ മാധ്യമ-പബ്ലിസിറ്റി വിഭാഗം മേധാവി പവന്‍ ഖേര 'എക്സി'ല്‍ കുറിച്ചു. ബാബ സിദ്ദീഖ് തന്റെ പിതാവ് സുനില്‍ ദത്തിന് ഒരു മകനും തനിക്ക് ഒരു സഹോദരനും പ്രിയ സുഹൃത്തും ആയിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയ ദത്ത് അനുസ്മരിച്ചു.
#babasiddiqui #ncp #maharashtra #murder #bollywood #shilpashetty #politics #crime #mumbai