Solution | കപ്പല്‍ സവാരിയിലൂടെ ഇനി മലയാളി ഗാമമാര്‍ ലോകം കീഴടക്കും, പുത്തന്‍ പ്രതീക്ഷയില്‍ പ്രവാസികള്‍

 
Affordable Ship Service to Offer Relief to Gulf Expats
Affordable Ship Service to Offer Relief to Gulf Expats

Representational Image Generated by Meta AI

● കൊച്ചി ടു ദുബൈ കപ്പല്‍ സര്‍വീസ്. 
● കേന്ദ്രാനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ സര്‍വീസ്. 
● 3 മാസത്തിനുള്ളില്‍ നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷ. 
● 10000 രൂപയോളമായിരിക്കും ടികറ്റ് നിരക്ക്. 

കണ്ണൂര്‍: (KVARTHA) ഓരോ ദിവസവുമുണ്ടാകുന്ന വിമാനടികറ്റ് (Flight Ticket) നിരക്കിലെ വര്‍ധനവ് പ്രവാസികളില്‍ എപ്പോഴും നെഞ്ചിടിപ്പ് കൂട്ടാറുണ്ട്. ലക്കും ലഗാനുമില്ലാതെയാണ് സീസണുകളില്‍ വിമാന കംപനികള്‍ പ്രവാസികളില്‍ നിന്നും കഴുത്തറപ്പന്‍ നിരക്ക് ഈടാക്കുന്നത്. വ്യോമയാന മന്ത്രാലയമോ കേന്ദ്ര സര്‍കാരോ ഈ കാര്യത്തില്‍ ഇടപെടാറില്ല. കാഴ്ച്ചക്കാരുടെ റോളിലാണ് അധികൃതരുടെ സ്ഥാനം.

വേനല്‍ക്കാല സീസണില്‍ രണ്ടും മൂന്നും മടങ്ങുമൊക്കെയാണ് ടികറ്റിലെ വര്‍ധനവ് വരുത്തുന്നത്. ടികറ്റ് നിരക്കിലെ ഈ വര്‍ധനവ് സാധാരണക്കാരായ ഗള്‍ഫ് പ്രവാസികളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കാറുള്ളത്. യാത്രക്കായി മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ ഈ ഉയര്‍ന്ന നിരക്കില്‍ തന്നെ പ്രവാസികള്‍ക്ക് യാത്ര ചെയ്യേണ്ടി വരുന്നു. ഈ സാഹചര്യത്തിലാണ് പുതുതായി ആരംഭിക്കാന്‍ പോകുന്ന കൊച്ചി ടു ദുബൈ കപ്പല്‍ സര്‍വീസ് പ്രവാസി മലയാളികള്‍ക്ക് പ്രതീക്ഷയായി മാറുന്നത്.

ഉരുകളില്‍ കടല്‍ കടന്ന് അറബ് നാടുകളിലേക്ക് എത്തിയവരാണ് മലയാളി പ്രവാസികളുടെ ആദ്യ തലമുറക്കാര്‍. സാങ്കേതികവിദ്യ വര്‍ധിച്ചതോടെ യാത്ര പിന്നീട് കപ്പലുകളിലായി. വിമാന സര്‍വീസ് വ്യാപകമായതോടെ പതിയെ കപ്പല്‍ സര്‍വീസുകളും അവസാനിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പെ നിലച്ചുപോയ ഈ കപ്പല്‍ സര്‍വീസാണ് ഇപ്പോള്‍ മറ്റൊരു രൂപത്തില്‍ പുനഃരാരംഭിക്കാന്‍ പോകുന്നത്. ഇതു പ്രവാസികളില്‍ ഏറെ പ്രതീക്ഷയേകുന്നതാണ്.

കപ്പല്‍ യാത്രയെന്ന ഗള്‍ഫ് പ്രവാസികളുടെ സ്വപ്നം ഉടന്‍ തന്നെ യാഥാര്‍ധ്യമാകുമെന്നാണ് ഏറ്റവും അവസാനമായി പുറത്ത് വരുന്ന റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. കൊച്ചിയില്‍ നിന്നും ദുബൈലേക്ക് സര്‍വീസ് നടത്തുന്നതിനായി ഒരു സ്വകാര്യ കംപനിയെ നേരത്തെ തിരഞ്ഞെടുത്തിരുന്നു. സര്‍വീസിനായി അനുയോജ്യമായ കപ്പല്‍ കണ്ടെത്താനുള്ള അന്വേഷണം സ്വകാര്യ കംപനി തുടങ്ങി കഴിഞ്ഞു. കപ്പല്‍ കണ്ടെത്തി കഴിയാല്‍ സുരക്ഷ പരിശോധനങ്ങള്‍ അടക്കം പൂര്‍ത്തിയാക്കും. അതിന് ശേഷം കേന്ദ്രാനുമതിയും ലഭിച്ച് കഴിഞ്ഞാല്‍ ഉടന്‍ തന്നെ സര്‍വീസ് ആരംഭിക്കും. 

മൂന്ന് മാസത്തിനുള്ളില്‍ തന്നെ സര്‍വീസ് നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. സര്‍വീസ് നടത്തുന്നതിനായി നാല് കംപനികളായിരുന്നു കേരള മാരിടൈം ബോര്‍ഡിന് മുന്നില്‍ സന്നദ്ധത അറിയിച്ച് എത്തിയത്. നാല് കംപനികളില്‍ രണ്ടെണ്ണത്തെ സര്‍വീസ് നടത്താന്‍ യോഗ്യരായി കണ്ടെത്തുകയായിരുന്നു. ഇതില്‍ ഒരു കംപനിയോടാണ് ഇപ്പോള്‍ സര്‍വീസ് നടത്താന്‍ അനുയോജ്യമായ കപ്പല്‍ കണ്ടെത്താനുള്ള നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

ഇന്‍ഡൊനീഷ്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും കപ്പല്‍ കണ്ടെത്താനാണ് നീക്കം. കപ്പല്‍ കണ്ടെത്തി കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് കേന്ദ്രാനുമതി ലഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മാരിടൈം ബോര്‍ഡ് സ്വീകരിക്കും. പ്രവാസികളുടെ കൂടെ താല്‍പര്യം പരിഗണിച്ചാണ് ആദ്യമായി ദുബൈ സര്‍വീസ് നടത്താന്‍ തിരഞ്ഞെടുത്തത്. തുടക്കത്തില്‍ ബേപ്പൂരില്‍ നിന്നും സര്‍വീസ് ആരംഭിക്കാനായിരുന്നു ആലോചനയെങ്കിലും വലിയ കപ്പലുകള്‍ക്ക് ബേപ്പൂര്‍ തുറമുഖത്തോട് അടുക്കാന്‍ കഴിയില്ലെന്നത് തിരിച്ചടിയായി. ഇതോടെയാണ് കൊച്ചി - ദുബൈ സര്‍വീസ് എന്നതിലേക്ക് മാത്രമാക്കി മാറ്റിയത്.

കപ്പല്‍ സര്‍വീസിന് യാത്രാ സമയം വിമാനത്തേക്കാള്‍ അധികമായിരിക്കുമെങ്കിലും മറ്റ് നിരവധി കാര്യങ്ങളില്‍ പ്രവാസികള്‍ക്ക് നേട്ടമായിരിക്കും. കൂടുതല്‍ അളവില്‍ ലഗേജ് കൊണ്ടുപോകാം എന്നത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം. ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള മൂന്ന് ദിവസത്തെ യാത്രക്ക് 10000 രൂപയോളമായിരിക്കും ടികറ്റ് നിരക്ക്. 10000 രൂപ എന്നത് ആശ്ചര്യപ്പെടുത്തുന്ന നിരക്കാണെങ്കിലും കാര്‍ഗോ കംപനികളുമായി ചേര്‍ന്നാണ് സര്‍വീസ് ഏര്‍പെടുത്തുക എന്നതിനാല്‍ ഇത് സാധ്യമാകും. 

ഒരു ട്രിപില്‍ പരമാവധി 1250 പേര്‍ക്ക് യാത്ര ചെയ്യാനാകുന്ന കപ്പലാണ് കണ്ടെത്തുന്നത്. മികച്ച ഭക്ഷണത്തോടൊപ്പം തന്നെ വിനോദപരിപാടികളും യാത്രക്കാര്‍ക്കായി ഒരുക്കും. ലോകം കാണാന്‍ പോകുന്നത് മലയാളികളുടെ പുത്തന്‍ കപ്പല്‍ യാത്രകളാണ്. 

വാസ് ഗോഡ ഗാമ കപ്പലില്‍ കേരളത്തിലെത്തിയതിന്റെ ചരിത്രം പേറുന്നവരാണ് കേരളീയ ചരിത്രം. മലയാളികള്‍ക്ക് കപ്പല്‍ യാത്രയിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചേരാനുള്ള സുവര്‍ണാവസരമാണ് വരാന്‍ പോകുന്നത്. ഇനി ലോകം കീഴടക്കുക മലയാളി ഗാമമാരായിരിക്കും. അത്രയും വിപ്ലവകരമായ മാറ്റമാണ് കേരളത്തില്‍ കപ്പല്‍ യാത്ര വരുത്താന്‍ പോകുന്നത്. വിദേശത്ത് പഠനത്തിനും ജോലിക്കും പോകുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് കപ്പല്‍ യാത്രകള്‍ ഏറെ അവസരങ്ങള്‍ സൃഷ്ടിക്കും.

#ship service #Kerala #Dubai #expats #travel #affordable #Kochi #Gulf

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia