Space Exploration | നൂറാം വിക്ഷേപണമെന്ന ചരിത്ര നേട്ടവുമായി ഐഎസ്ആര്‍ഒ; ഗതിനിര്‍ണയ ഉപഗ്രഹമായ 'എന്‍വിഎസ്-02' ഭ്രമണപഥത്തില്‍ 

 
NAVIC satellite launched by ISRO
NAVIC satellite launched by ISRO

Photo Credit: X/ISRO

● വിക്ഷേപണം നടന്ന് 19 മിനിറ്റില്‍ ഭ്രമണപഥത്തിലെത്തിച്ചു.
● വി.നാരായണന്‍ ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ ദൗത്യം.
● 7 ഉപഗ്രഹങ്ങളുടെ ശ്രേണിയാണ് നാവിക്.

ശ്രീഹരിക്കോട്ട: (KVARTHA) നൂറാം വിക്ഷേപണമെന്ന ചരിത്ര നേട്ടവുമായി ബഹിരാകാശ രംഗത്ത് പുതിയ ചരിത്രമെഴുതി ഐഎസ്ആര്‍ഒയും ഇന്ത്യയും. ഗതിനിര്‍ണയ ഉപഗ്രഹമായ 'എന്‍വിഎസ്-02' വിക്ഷേപണം പരിപൂര്‍ണ വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് രാവിലെ 6.23നാണ് 'ജിഎസ്എല്‍വിഎഫ്15 എന്‍വിഎസ് 02' കുതിച്ചുയര്‍ന്നത്. വിക്ഷേപണം നടന്ന് 19 മിനിറ്റില്‍ ഉപഗ്രഹത്തെ നിര്‍ണായക ഭ്രമണപഥത്തിലെത്തിച്ചു.

ഇന്ത്യയുടെ സ്വന്തം നാവിഗേഷന്‍ സംവിധാനമായ നാവിക് ശൃംഖലയുടെ ഭാഗമാണ് എന്‍വിഎസ്-02 സാറ്റ്ലൈറ്റ്. മലയാളിയായ തോമസ് കുര്യനായിരുന്നു ജിഎസ്എല്‍വിഎഫ്15/എന്‍വിഎസ്02 മിഷന്‍ ഡയറക്ടര്‍.  ഐഎസ്ആര്‍ഒയുടെ ചെയര്‍മാനായി വി നാരായണന്‍ ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ ദൗത്യം കൂടിയാണിത്. 

2,250 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ 322.93 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം. ജിപിഎസിന് സമാനമായി സ്റ്റാന്‍ഡേഡ് പൊസിഷന്‍ സര്‍വീസ് സേവനം ലഭ്യമാക്കുന്നത് നാവിക് ആണ്. രാജ്യവും അതിര്‍ത്തിയില്‍നിന്ന് 1,500 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശവും പരിധിയില്‍ വരും. സ്ഥാനനിര്‍ണയം, നാവിഗേഷന്‍, സമയം എന്നിവയുടെ കൃത്യതയ്ക്കായി ഐഎസ്ആര്‍ഒ വികസിപ്പിച്ച 7 ഉപഗ്രഹങ്ങളുടെ ശ്രേണിയാണ് നാവിഗേഷന്‍ വിത്ത് ഇന്ത്യന്‍ കോണ്‍സ്റ്റലേഷന്‍ (നാവിക്- NaVIC). ഗതിനിര്‍ണയ രംഗത്ത് അമേരിക്കയുടെ ജിപിഎസിന് കനത്ത വെല്ലുവിളി സൃഷ്ടിക്കാന്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക നാവിഗേഷന്‍ സംവിധാനമാണ് നാവിക്.

അമേരിക്കയുടെ ജിപിഎസിനെയും, റഷ്യയുടെ ഗ്ളാനോസിനെയും, ചൈനയുടെ ബേദൗയെയും, യൂറോപ്യന്‍ യൂണിയന്റെ ഗലീലിയെയും വെല്ലുന്ന നാവിഗേഷന്‍ സംവിധാനമാണ് ഐഎസ്ആര്‍ഒ അണിയിച്ചൊരുക്കുന്ന നാവിക്. എല്ലാത്തരം ഗതാഗത സംവിധാനങ്ങള്‍ക്കും ലൊക്കേഷന്‍ അധിഷ്ഠിത സേവനങ്ങള്‍ക്കും സര്‍വേകള്‍ക്കും നാവിക് ഗുണം ചെയ്യും. 


നാവിക് സിഗ്‌നലുകള്‍ പൊതുജനങ്ങള്‍ക്ക് മൊബൈല്‍ ഫോണില്‍ ലഭ്യമാക്കാന്‍ കഴിയുന്ന എല്‍1 ബാന്‍ഡിലുള്ള ഏഴ് നാവിഗേഷന്‍ സാറ്റ്ലൈറ്റുകളാണ് ഇസ്രൊ വിക്ഷേപിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഏഴെണ്ണത്തില്‍ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുടെ വിക്ഷേപണം ബുധനാഴ്ചയോടെ പൂര്‍ത്തിയായി. 

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് 1979ലാണ് ഇസ്രൊ ആദ്യ വിക്ഷേപണം നടത്തിയത്. അദ്യ വിക്ഷേപണം സ്വപ്‌നങ്ങളെ തകര്‍ത്ത് 317-ാം സെക്കന്‍ഡില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അസ്തമിച്ചു. എന്നാല്‍ ഈ പരാജയത്തില്‍ നിന്ന് പിന്നീട് പടുത്തുയര്‍ത്തിയത് വിജയഗാഥയായിരുന്നു. പാഠം ഉള്‍ക്കൊണ്ട് ഐഎസ്ആര്‍ഒ നാല് വീതം എസ്എല്‍വി-3, എഎസ്എല്‍വി വിക്ഷേപണങ്ങളും, 62 പിഎസ്എല്‍വി വിക്ഷേപണങ്ങളും, 17 ജിഎസ്എല്‍വി വിക്ഷേപണങ്ങളും (ബുധനാഴ്ചത്തേത് ഉള്‍പ്പടെ), ഏഴ് എല്‍വിഎം-3 വിക്ഷേപണങ്ങളും, മൂന്ന് എസ്എസ്എല്‍വി വിക്ഷേപണങ്ങളും, ഓരോ ആര്‍എല്‍വി ഹെക്‌സ്, ടെസ്റ്റ് വെഹിക്കിള്‍ (ടിവി ഡി1), പാറ്റ് വിക്ഷേപണങ്ങളും ശ്രീഹരിക്കോട്ടയില്‍നിന്ന് അഭിമാനത്തിലേക്ക് കുതിച്ചു.

ഈ വാർത്ത സുഹൃത്തുക്കളുമായി പങ്കുവെച്ച് ഐഎസ്ആർഒയുടെ നേട്ടത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുക.

ISRO successfully launched its 100th mission, placing the navigation satellite NAVIC-02 into orbit. This marks a significant milestone in India’s space program.

#ISRO #SpaceMission #NavigationSatellite #NAVIC #India #SpaceExploration

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia