Allegation | ഇവിഎം ഹാക്ക് ചെയ്യാന്‍ കഴിയുമെന്ന അവകാശവാദവുമായി വീഡിയോ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയില്‍ നടപടി
● മുംബൈ സൈബര്‍ പോലീസാണ് കേസെടുത്തത്.
● അവകാശവാദങ്ങള്‍ തെറ്റും അടിസ്ഥാനരഹിതവും.
● സമാനപരാതിയില്‍ 2019ലും ഇയാള്‍ക്കെതിരെ കേസ്.
മുംബൈ: (KVARTHA) മെഷീന്‍ ഫ്രീക്വന്‍സി ഐസൊലേറ്റ് ചെയ്ത് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ (ഇവിഎം) ഹാക്ക് ചെയ്യാന്‍ കഴിയുമെന്ന് അവകാശപ്പെട്ട് വീഡിയോ ചെയ്ത ആള്‍ക്കെതിരെ മുംബൈ സൈബര്‍ പോലീസ് കേസെടുത്തു. മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയില്‍ സഈദ് ഷുജ എന്നയാള്‍ക്കെതിരെയാണ് കേസ്.
ആരോപണവിധേയനായ സയ്യിദ് ഷൂജയുടെ അവകാശവാദങ്ങള്‍ തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് ആരോപിച്ചാണ് മഹാരാഷ്ട്ര ചീഫ് ഇലക്ടറല്‍ ഓഫീസര്‍ (സിഇഒ) ഈ വിഷയത്തില്‍ പരാതി നല്‍കിയത്. ഇവിഎമ്മില്‍ നുഴഞ്ഞുകയറാന്‍ കഴിയുമെന്ന് അവകാശപ്പെട്ട് ഇയാള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വിഡിയോ ഒട്ടേറെപ്പേര്‍ പങ്കുവച്ചത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് പരാതി നല്‍കിയത്.
അടിസ്ഥാനരഹിതമായ അവകാശവാദമാണ് ഷുജയുടേതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചു. സമാന അവകാശവാദമുന്നയിച്ച് പ്രചാരണം നടത്തിയെന്ന് ആരോപിച്ച് 2019ല്‍ കമ്മീഷന്റെ പരാതിയില്‍ ഇയാള്‍ക്കെതിരെ ഡല്‍ഹിയിലും കേസെടുത്തിരുന്നു.
അതേസമയം, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിഎമ്മില്‍ ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി പ്രതിഷേധം ശക്തമാക്കുകയാണ്. എന്നാല്‍, വൈഫൈ, ബ്ലൂടൂത്ത് എന്നിവയടക്കം ഒരു നെറ്റ്വര്‍ക്കുമായും ബന്ധിപ്പിക്കാത്ത ഇവിഎം മെഷീനില്‍ നുഴഞ്ഞുകയറ്റം സാധ്യമല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.
#EVM #hacking #election #India #cybersecurity #voting #democracy