Youth Leaders | പാലക്കാട് തെരഞ്ഞെടുപ്പിലെ മിന്നും വിജയം കോൺഗ്രസിൽ കൊണ്ടുവന്നത് ന്യൂജെൻ നേതാക്കളുടെ തരംഗം; ലീഡർ ശൈലിയിൽ പാർട്ടിയിൽ മുൻനിരയിലേക്ക് ഷാഫി പറമ്പിൽ വരുമ്പോൾ
● ഷാഫി പറമ്പിൽ 'രാഹുൽ മാങ്കൂട്ടം എന്നിവരെ കൂടാതെ ഒട്ടേറെ വിദ്യാർത്ഥി യുവജന സംഘടനാ നേതാക്കൾ പരിഗണനയിലുണ്ട്.
● കണ്ണൂർ ഡി.സി.സിയുടെ മുഖ്യ ചുമതലക്കാരനാണ് സുദീപ് ജയിംസ്.
● എതിർപ്പുകളെല്ലാം നിഷ്പ്രഭമാക്കി 18,840 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ വിജയിക്കുന്നത്.
ഭാമനാവത്ത്
കണ്ണൂർ: (KVARTHA) പാലക്കാട് കോൺഗ്രസ് നേടിയ മിന്നും വിജയം പാർട്ടിയിലെ ന്യൂ ജനറേഷൻ നേതാക്കൾക്ക് സംഘടന - ഭരണതലങ്ങളിലേക്ക് കടന്നു വരാൻ അവസരമൊരുക്കുന്നു. യുവതലമുറയിലെ നേതാക്കൾക്ക് ലഭിക്കുന്ന ജനസ്വീകാര്യത ഭരണതലത്തിലും അവരുടെ പ്രവർത്തന മികവ് പാർട്ടി തലത്തിലും കൂടുതൽ ഉപയോഗിക്കാനും പാർട്ടി ദേശീയ നേതൃത്വം പരിഗണിക്കുന്നുണ്ട്. കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് വി ടി ബൽറാമിനെ കൊണ്ടുവരാൻ ദേശീയ നേതൃത്വത്തിന് താൽപര്യമുണ്ട്.
ഷാഫി പറമ്പിൽ 'രാഹുൽ മാങ്കൂട്ടം എന്നിവരെ കൂടാതെ ഒട്ടേറെ വിദ്യാർത്ഥി യുവജന സംഘടനാ നേതാക്കൾ പരിഗണനയിലുണ്ട്. കണ്ണൂരിൽ നിന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷമ്മാസ്, ഫർസീൻ മജീദ്, സുദീപ് ജയിംസ്, റിജിൽ മാക്കുറ്റി, റേബാർട്ട് വെള്ളാവള്ളി, വി.പി അബ്ദുൽ റഷീദ് തുടങ്ങിയ നേതാക്കൾ വരും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയുള്ളവരാണ്. ഇതിൽ കണ്ണൂർ ഡി.സി.സിയുടെ മുഖ്യ ചുമതലക്കാരനാണ് സുദീപ് ജയിംസ്.
ചരിത്ര ഭൂരിപക്ഷവുമായി രാഹുൽ മാങ്കൂട്ടത്തിൽ കേരള നിയമസഭയിലേക്ക് എത്തുന്നതോടെ കോൺഗ്രസിൽ കൂടുതൽ ശക്തനാവുന്നത് വടകര എം പി ഷാഫി പറമ്പിലാണ്. മിന്നുന്ന വിജയത്തോടെ കോൺഗ്രസിന്റെ ന്യൂജെൻ നേതാക്കളിൽ ഏറ്റവും കരുത്തനായി മാറിയിട്ടുണ്ട് ഈ 41 വയസുകാരൻ. കോൺഗ്രസ് നേതൃപട്ടികയിൽ ആദ്യത്തെ അഞ്ചുപേരിൽ ഒരാളായി ഷാഫി മാറിയിട്ടുണ്ട്. ഷാഫിയുടെ ഇമേജിനും തന്ത്രങ്ങൾക്കും മുൻപിൽ സി.പി.എമ്മിലെ യുവ നേതാക്കൾക്ക് കാലിടറുകയാണെന്ന് പാലക്കാട് തെരഞ്ഞെടുപ്പ് തെളിയിച്ചിട്ടുണ്ട്.
ഷാഫിക്ക് പിന്നിൽ ഒട്ടേറെ യുവ നേതാക്കൾ അണിനിരക്കുന്ന കാഴ്ചയാണ് കോൺഗ്രസിൽ കാണുന്നത്. പാർട്ടിയിലെ അധികാര കേന്ദ്രമായി മാറിയ ഷാഫി പറമ്പിൽ വരുംകാല മുഖ്യമന്ത്രി സ്ഥാനാർത്ഥിയായാണ് കോൺഗ്രസിൽ അറിയപ്പെടുന്നത്. തൻ്റെ കൂടെയുള്ള ജയിപ്പിച്ചെടുക്കുന്നതിൽ ഷാഫി കാണിക്കുന്ന ദൃഡനിശ്ചയവും വീറും വാശിയും ലീഡർ കെ കരുണാകരനെയാണ് അനുസ്മരിക്കുന്നത്. തന്റെ പിൻഗാമിയായി രാഹുൽ തന്നെ വേണമെന്നത് ഷാഫിയുടെ താൽപര്യമായിരുന്നു. എന്നാൽ പത്തനംതിട്ടയിൽ നിന്നുള്ള രാഹുൽ പാലക്കാട്ടെത്തുന്നതിൽ ഒട്ടേറെ പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ എതിർപ്പുണ്ടായിരുന്നു.
എന്നാൽ എതിർപ്പുകളെല്ലാം നിഷ്പ്രഭമാക്കി 18,840 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ വിജയിക്കുന്നത്. എല്ലാത്തിനെയും മറികടക്കാമെന്നുള്ള ഷാഫിയുടെ ഈ ആത്മവിശ്വാസത്തിന് സമാനമായി പറയാവുന്നത് 2001ൽ കോൺഗ്രസ് ഹൈക്കമാൻഡ് ആറന്മുളയിലും, വടക്കേക്കരയിലും പേരാവൂരിലും പ്രഖ്യാപിച്ച മൂന്ന് സ്ഥാനാർത്ഥികളെ മാറ്റി, പകരം നിർത്തിയ തൻ്റെ സ്ഥാർത്ഥികളെ എ ഗ്രൂപ്പിന്റെ കടുത്ത എതിർപ്പിനെയും മറികടന്ന് പുഷ്പം പോലെ വിജയിപ്പിച്ച കെ കരുണാകരന്റെ ചങ്കൂറ്റമാണ്.
2011 മുതൽ പുനർനിർണയത്തിന് ശേഷം മൂന്ന് തവണ പാലക്കാട് എംഎൽഎയായ ഷാഫി വടകരയിൽ നിന്ന് ലോക്‌സഭ തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെയാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വന്നത്. മുതിർന്ന കോൺഗ്രസ് നേതാവായ കെ മുരളീധരനെ പാലക്കാട് സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു പാലക്കാട് ഡിസിസി ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടത്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ അവസാന നിമിഷമാണ് ഷാഫി പറമ്പിലിനെ വടകരയിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. തൃശൂരിൽ സുരേഷ് ഗോപിക്കെതിരെ ശക്തനായ സ്ഥാനാർത്ഥിയായി കെ മുരളീധരൻ വേണമെന്ന് കോൺഗ്രസ് തീരുമാനിച്ചതിനെ തുടർന്നാണ് ഷാഫിക്ക് വടകരയിലേക്ക് പോകേണ്ടിവന്നത്.
എന്നാൽ പാലക്കാട് നിന്ന് യാത്ര തിരിക്കുംമുൻപേ തന്റെ പിൻഗാമിയായി താൻ പറയുന്ന ആളെ നിർത്തണമെന്ന് ഷാഫി കോൺഗ്രസ് നേതൃത്വത്തിനോട് ആവശ്യപ്പെട്ടിരുന്നു. നേതൃത്വം അത് സമ്മതിച്ചു. അങ്ങനെ പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കണമെന്ന ഷാഫിയുടെ ആവശ്യം കോൺഗ്രസ് നേതൃത്വത്തിന് നടപ്പാക്കേണ്ടി വന്നു. അതിനാലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഒരുമണിക്കൂറിനുള്ളിൽ തന്നെ രാഹുലിനെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.
രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ച ഐ ടി സെൽ ചുമതല വഹിച്ചഡോക്ടർ സരിൻ കോൺഗ്രസ് വിട്ട് ഇടതുമുന്നണി സ്ഥാനാർത്ഥിയായി. മറ്റൊരു കോൺഗ്രസ് നേതാവായ എ കെ ഷാനിബും കോൺഗ്രസ് വിട്ടു. ഡിസിസി സെക്രട്ടറി ഷിഹാബുദ്ധീൻ പരസ്യമായി രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പ്രതികരിച്ചു. പാർട്ടിക്ക് അകത്ത് നിന്ന് തന്നെയുണ്ടായ വെല്ലുവിളിക്കൊപ്പം ഉപതിരഞ്ഞെടുപ്പിൽ ഉടനീളം ഉണ്ടായ വിവാദങ്ങളും ഷാഫിക്കും രാഹുലിനും നേരിടെണ്ടി വന്നിരുന്നു. ഉപതിരഞ്ഞെടുപ്പിൽ രാഹുൽ ഭൂരിപക്ഷം പതിനെട്ടായിരം കടന്നപ്പോൾ ആ വിജയം ഷാഫിയുടേതുമായി മാറി.
രാഹുൽ മാങ്കുട്ടത്തിലിന്റെ വിജയം ഉറപ്പിക്കാൻ മുന്നണിയിൽ നിന്ന് പ്രവർത്തിച്ച ഷാഫി പറമ്പിൽ ബിജെപി നേതാവ് സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിനും പിന്നണിയിൽ പ്രവർത്തിച്ചു. വാര്യരുടെ വാക്കിലും വരവിലും വന്ന സമയത്തിന്റെ കാര്യത്തിലും പലർക്കും എതിർപ്പുണ്ടായിരുന്നുവെങ്കിലും വിജയം എല്ലാം മായ്ച്ചു കളയുന്നു. പാലക്കാടിന് 13 വർഷത്തിന് ശേഷം പുതിയൊരു എംഎൽഎയെ കിട്ടുകയാണ്. ഒപ്പം വിജയിക്കാൻ മാത്രമല്ല എന്ത് പ്രതിസന്ധിയെയും മറികടക്കുന്ന വിജയം നേടിക്കൊടുക്കാൻ കഴിയുന്ന നേതാവായി ഷാഫിയും മാറി കഴിഞ്ഞു.
#ShafiParambil, #RahulMankoottil, #CongressKerala, #PalakkadElection, #YouthLeadership, #PoliticalChange