Pilgrimage | ശരണകീർത്തനങ്ങളാൽ ഭക്തിസാന്ദ്രമായി ശബരിമല; മകര ജ്യോതി ദർശനം സന്ധ്യയ്ക്ക്


● മകരവിളക്ക് മഹോത്സവം ആഘോഷത്തിന്റെ കൊടുമുടിയിൽ
● ലക്ഷക്കണക്കിന് ഭക്തർ സന്നിധാനത്ത്
● മകരജ്യോതി ദർശനത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി
പത്തനംതിട്ട: (KVARTHA) ശബരിമലയിലെ മകരവിളക്ക് മഹോത്സവം ഭക്തിയുടെയും ആത്മീയതയുടെയും നിറവിൽ പാരമ്യത്തിലെത്തി. അയ്യപ്പ ഭക്തന്മാരുടെ ശരണഘോഷങ്ങളാൽ മുഖരിതമായ അന്തരീക്ഷം സംഗീതസാന്ദ്രമായ അനുഭവമാണ് സമ്മാനിക്കുന്നത്. ചൊവ്വാഴ്ച സന്ധ്യയ്ക്ക് പൊന്നമ്പലമേട്ടിൽ തെളിയുന്ന മകരജ്യോതി ദർശനത്തിനായി ലക്ഷക്കണക്കിന് ഭക്തജനങ്ങൾ സന്നിധാനത്തും പരിസര പ്രദേശങ്ങളിലും തമ്പടിച്ചിരിക്കുന്നു.
സന്നിധാനത്തും പമ്പയിലും മാത്രമല്ല, ചുറ്റുമുള്ള കാനന പാതകളിലെ പതിനെട്ടു മലകളിലും ഭക്തർ താൽക്കാലിക കൂടാരങ്ങൾ കെട്ടി മകരജ്യോതിക്കായി കാത്തിരിക്കുകയാണ്. ദേശ ഭാഷാ ഭേദമന്യേ അയ്യപ്പ ശരണം വിളികളാൽ പ്രദേശം മുഴങ്ങുകയാണ്. വലിയ തിരക്ക് കാരണം സത്രങ്ങൾക്ക് സ്ഥലം കിട്ടാത്തവർ നടപ്പാതകളിലും താൽക്കാലിക വിശ്രമ സ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ട്.
സന്ധ്യാവേളയിൽ തിരുവാഭരണം ചാർത്തി ദീപാരാധന നടക്കുമ്പോൾ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. ഒരു വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ആ പുണ്യ നിമിഷത്തിനായി ലക്ഷക്കണക്കിന് ഭക്തർ കാത്തിരിക്കുന്നു. രാവിലെ ഒമ്പത് മണിക്ക് മകരസംക്രമ പൂജ സന്നിധാനത്ത് നടന്നു. പന്തളം വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വൈകുന്നേരം 5:30 ന് ശരംകുത്തിയിൽ എത്തിച്ചേരും.
അവിടെ നിന്ന് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഘോഷയാത്രയെ സന്നിധാനത്തേക്ക് ആനയിക്കും. വൈകുന്നേരം 6:30 ന് ഘോഷയാത്ര പതിനെട്ടാം പടി കയറി സോപാനത്തിൽ എത്തും. തന്ത്രി കണ്ഠര് ബ്രഹ്മദത്തനും മേൽശാന്തി എസ് അരുൺ കുമാർ നമ്പൂതിരിയും ചേർന്ന് തിരുവാഭരണം ഏറ്റുവാങ്ങും. തുടർന്ന് ദീപാരാധന നടക്കും. ഈ സമയത്താണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി ദൃശ്യമാകുന്നത്.
മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയിലും പരിസര പ്രദേശങ്ങളിലും കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഭക്തജന തിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതൽ പൊലീസ് സേനയെ വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിൽ മകരജ്യോതി ദർശിക്കാൻ കഴിയുന്ന പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിലും വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട് എന്ന് ജില്ലാ കലക്ടർ വി വിഗ്നേശ്വരി അറിയിച്ചു.
എട്ട് ഡി വൈ എസ് പിമാർ, 19 ഇൻസ്പെക്ടർമാർ ഉൾപ്പെടെ 1200 പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. കൂടാതെ 150 പ്രത്യേക ഉദ്യോഗസ്ഥർക്കും ചുമതല നൽകിയിട്ടുണ്ട്. കാഴ്ച കേന്ദ്രങ്ങളിൽ ഉറപ്പുള്ള ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഗതാഗത തടസ്സവും അപകടങ്ങളും ഒഴിവാക്കാൻ ഓരോ ജംഗ്ഷനുകളിലും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
റവന്യൂ വകുപ്പിൻ്റെ സഹായത്തോടെ 40 ആസ്ക ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഹരിഹരൻ കമ്മീഷൻ നിർദ്ദേശ പ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് അറിയിച്ചു. മകരവിളക്ക് ദർശന ശേഷം പുല്ലുമേട്ടിൽ നിന്ന് സന്നിധാനത്തേക്ക് പോകാൻ തീർത്ഥാടകരെ അനുവദിക്കില്ല. കുമളി, പീരുമേട്, വണ്ടിപ്പെരിയാർ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമായി തേനി പൊലീസിൻ്റെ സഹായവും തേടിയിട്ടുണ്ട്.
#Makaravilakku #Sabarimala #Kerala #Hindufestival #pilgrimage #India #AyyappaSwami