വിവാദ വ്യവസായി വിജയ് മല്യ പാപ്പരായി; പ്രഖ്യാപനം ബ്രിടീഷ് കോടതിയുടെ; വിധിക്കെതിരെ അപീല്‍ പോകുമെന്ന് വിവരം

 



ലന്‍ഡന്‍: (www.kvartha.com 27.07.2021) വായ്പാ തട്ടിപ്പ് കേസ് പ്രതിയായ വിവാദ ബിസിനസ് പ്രമുഖന്‍ വിജയ് മല്യയെ ബ്രിടീഷ് കോടതി പാപ്പരായി പ്രഖ്യാപിച്ചു. ബ്രിടീഷ് കോടതിയുടെ വിധി ഇന്‍ഡ്യന്‍ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് മുങ്ങിയ മല്യക്ക് തിരിച്ചടിയാകും. വിധിക്കെതിരെ ഉയര്‍ന്ന കോടതിയില്‍ അപീല്‍ പോകുമെന്നാണ് വിവരം.

'വിചാരണ നേരിടാന്‍ അദ്ദേഹം ഇന്‍ഡ്യയിലേക്ക് മടങ്ങുമെന്നതിന് തെളിവുകളില്ല. കടം തിരികെ അടക്കുമെന്നതിനും മതിയായ തെളിവുകളില്ല. അതിനാല്‍ മല്യയെ പാപ്പരായി പ്രഖ്യാപിക്കുന്നു' -കോടതി പറഞ്ഞു.   

പാപ്പരായി പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിന്റെ ആസ്തികള്‍ -ബാങ്ക് അകൗണ്ട്, ക്രെഡിറ്റ് കാര്‍ഡുകള്‍ അടക്കം ട്രസ്റ്റിക്ക് കൈമാറേണ്ടിവരും. തുടര്‍ന്ന് ട്രസ്റ്റിയുടെ നേതൃത്വത്തിലായിരിക്കും എല്ലാ ആസ്തികളും ബാധ്യതകളും കണക്കാക്കുക. കൂടാതെ ആസ്തികള്‍ വിറ്റ് കടം വീട്ടുകയും ചെയ്യും. പാപ്പരായി പ്രഖ്യാപിച്ചാല്‍ നിര്‍ബന്ധമായും അയാള്‍ ട്രസ്റ്റിയുമായി സഹകരിക്കേണ്ടിവരും. മല്യയുടെ എല്ലാ ബാങ്ക് അകൗണ്ടുകളും നിലവില്‍ മരവിപ്പിച്ചിരിക്കുകയാണ്.    

വിവാദ വ്യവസായി വിജയ് മല്യ പാപ്പരായി; പ്രഖ്യാപനം ബ്രിടീഷ് കോടതിയുടെ; വിധിക്കെതിരെ അപീല്‍ പോകുമെന്ന് വിവരം


മദ്യവ്യാപാരരംഗത്തെ പ്രധാനികളിലൊരാളായിരുന്നു 65കാരനായ വിജയ് മല്യ. തന്നെ ഇന്‍ഡ്യക്ക് കൈമാറരുതെന്ന മല്യയുടെ ആവശ്യം എല്ലാ കോടതികളും നിരസിച്ചിരുന്നു. എന്നാല്‍ ഇതുവരെ മല്യയെ ഇന്‍ഡ്യയിലേക്ക് തിരികെ എത്തിച്ചിട്ടില്ല. കിങ്ഫിഷന്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട 9000 കോടിയുടെ വായ്പ തട്ടിപ്പ് കേസില്‍ ഇ ഡിയും സി ബി ഐയും മല്യയ്ക്ക് പുറകെ അന്വേഷണം തുടരുകയാണ്.    

അതേസമയം വിജയ് മല്യയുടെ ഫ്രാന്‍സിലെ കോടികള്‍ വിലമതിക്കുന്ന ആസ്തികള്‍ ഇ ഡി കണ്ടുകെട്ടിയിരുന്നു. 14 കോടി രൂപയിലേറെ വിലമതിക്കുന്ന സ്വത്തുക്കളാണ് ഇ ഡി കണ്ടെത്തിയത്. ഇ ഡിയുടെ അഭ്യര്‍ത്ഥന പ്രകാരം ഫ്രാന്‍സ് അധികൃതര്‍ സ്വത്തുക്കള്‍ പിടിച്ചെടുക്കുകയായിരുന്നു.

Keywords:  News, World, International, London, Business Man, Business, Finance, Technology, Bank, Court Order, British, Vijay Mallya Declared Bankrupt By UK High Court
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia