Election | ട്രംപോ, കമലയോ! 5ന് ജനവിധിയറിയാം, വൈറ്റ് ഹൗസിൽ ആര് കയറും?


● 24 കോടിയിലധികം അമേരിക്കക്കാർക്കാണ് വോട്ട് അവകാശമുള്ളത്
● ഏഴ് കോടി പേർ നേരത്തെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്
● ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരുവർക്കും ഇടയിലുള്ളത്.
വാഷിംഗ്ടൺ: (KVARTHA) ഒരു ദിവസത്തിനപ്പുറം ലോകമൊന്നടങ്കം കാത്തിരിക്കുന്ന അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വാശിയേറിയ പോരാട്ടമാണ് അമേരിക്കയിലെങ്ങും ദൃശ്യമാകുന്നത്. വൈറ്റ് ഹൗസിൽ ആരെത്തുമെന്ന ചോദ്യമുയർത്തിക്കൊണ്ട് അമേരിക്കൻ തെരുവീഥികൾ തോറും പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കെ സ്ഥാനാർഥികളായ കമലാ ഹാരിസും ഡോണൾഡ് ട്രംപും പോരാട്ടത്തിൻ്റെ പാരമ്യത്തിലാണ്.
അമേരിക്കയെ രക്ഷിക്കാനായി എല്ലാവരും തനിക്ക് വോട്ട് ചെയ്യണമെന്നാണ് മുന്‍ പ്രസിഡൻ്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെടുന്നത്. എന്നാൽ, പ്രസിഡൻ്റായാൽ താൻ ചെയ്യുന്ന പ്രവർത്തികളുടെ പട്ടിക പുറത്തുവിട്ടാണ് നിലവിലെ വൈസ് പ്രസിഡൻ്റും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ കമലാ ഹാരിസ് ട്രംപിനെ പ്രതിരോധിക്കുന്നത്.
അമേരിക്കയിലെ 24 കോടി ജനങ്ങൾക്കാണ് ഈ തെരെഞ്ഞെടുപ്പിൽ വോട്ടവകാശമുള്ളത്. ഇതിൽ ഏഴുകോടിയിലധികം ആളുകൾ ഇതിനകം തന്നെ തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയും കഴിഞ്ഞു. ഏര്‍ളി വോട്ടിങ്, പോസ്റ്റല്‍ വോട്ടിങ് സംവിധാനങ്ങളിലൂടെയാണ് ഏഴ് കോടിയിലധികം ആളുകൾ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചിട്ടുള്ളത്. നിലവിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരുവർക്കും ഇടയിലുള്ളത്.
അമേരിക്കന്‍ പ്രസിഡൻ്റ് ജോ ബൈഡന്‍ ട്രംപ് അനുയായികളെ മാലിന്യങ്ങളെന്ന് ഇടയ്ക്ക് വിശേഷിപ്പിച്ചിരുന്നു. എന്നാൽ, മാലിന്യ ട്രക്ക് ഓടിച്ചായിരുന്നു ട്രംപ് ഇതിന് മറുപടി നൽകിയത്. ട്രക്കിൻ്റെ ക്യാബിനിലിരുന്ന് ട്രംപ് മാധ്യമങ്ങള്‍ക്ക് അഭിമുഖവും നല്‍കി. നവംബർ അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ കമലാ ഹാരിസ് വിജയിക്കുമെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്.
54 ശതമാനം സ്ത്രീകളുടെ പിന്തുണയാണ് കമല ഹാരിസിനെന്ന് എബിസി ന്യൂസ്/ ഇപ്‌സോസ് സര്‍വേ പ്രവചിക്കുന്നത്. ട്രംപിനുള്ളത് 41 ശതമാനം പേരുടെ പിന്തുണയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ഏതു സർവേകളെയും തോൽപ്പിക്കാനുള്ള മാന്ത്രികവിദ്യയുള്ള നേതാവാണ് ട്രംപ്. ഫോട്ടോ ഫിനിഷിങ്ങിലുടെ മത്സരം കയ്യടക്കാൻ ട്രംപിനും കഴിഞ്ഞേക്കാമെന്ന് വിലയിരുത്തുന്നവരുണ്ട്.
#USElections #KamalaHarris #DonaldTrump #WhiteHouse #Election2024 #Vote