കൊറോണ വൈറസ് ബാധ ആദ്യം തിരിച്ചറിഞ്ഞ ഡോക്ടര്‍ കൊറോണ ബാധിച്ച് മരിച്ചു

 


ബീജിംങ്: (www.kvartha.com 07.02.2020) മഹാമാരിയായ കൊറോണ വൈറസ് ബാധയെക്കുറിച്ച് ആദ്യ മുന്നറിയിപ്പ് നല്‍കിയ ചൈനീസ് ഡോക്ടര്‍ മരിച്ചു. ഡോക്ടര്‍ ലീ വെന്‍ലിയാ(34)ങ്ങാണ് കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചത്. ചൈനയിലെ വൂഹാനില്‍ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നുവെന്ന് ആദ്യം ലോകത്തെ അറിയിച്ചത് ലീ ആയിരുന്നു. വൂഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായിരുന്നു ലീ.

കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് ചൈനയിലെ വൂഹാന്‍ പ്രവിശ്യയില്‍ കൊറോണ പൊട്ടിപ്പുറപ്പെട്ടത്.

ജില്ലയിലുടനീളം ആളുകളെ ഒരു വൈറസ് ബാധിക്കുന്നതായി തിരിച്ചറിഞ്ഞ അദ്ദേഹം ഇക്കാര്യം ചൈനീസ് മെസേജിങ് ആപ്ലിക്കേഷനായ വീ ചാറ്റിലെ ഒരു ഗ്രൂപ്പില്‍ സുഹൃത്തുക്കളായ ഡോക്ടര്‍മാരുമായി ഡിസംബര്‍ 30ന് മുമ്പ് തന്നെ പങ്കുവെച്ചിരുന്നു.

കൊറോണ വൈറസ് ബാധ ആദ്യം തിരിച്ചറിഞ്ഞ ഡോക്ടര്‍ കൊറോണ ബാധിച്ച് മരിച്ചു

സാര്‍സ് പോലെയുള്ള രോഗ ലക്ഷണങ്ങളോടെ ഏഴ് രോഗികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും എല്ലാവരും ഒരേ മാര്‍ക്കറ്റില്‍നിന്ന് മൃഗ മാംസം വാങ്ങി ഭക്ഷിച്ചിരുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ടവര്‍ക്ക് ഇക്കാര്യത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കണമെന്നും അദ്ദേഹം സുഹൃത്തുക്കളോട് ആവശ്യപ്പെട്ടു.

ഈ സന്ദേശങ്ങള്‍ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ ലീയുടെ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു. ലീയുടെ പേര് സന്ദേശത്തില്‍നിന്ന് മായ്ക്കപ്പെട്ടിരുന്നുമില്ല. അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് ജനുവരി മൂന്നിന് ചൈനീസ് അധികൃതര്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചു.

തുടര്‍ന്ന് അപവാദ പ്രചരണത്തിന് ലീ അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഒടുവില്‍ തനിക്ക് തെറ്റുപറ്റിയെന്നും ഭാവിയില്‍ ആവര്‍ത്തിക്കില്ലെന്നും സത്യവാങ്മൂലം നല്‍കിയതോടെയാണ് അധികൃതര്‍ നടപടികള്‍ അവസാനിപ്പിച്ചത്. എന്നാല്‍ പിന്നീട് ലീ വെന്‍ലിയാങിന്റെ മുന്നറിയിപ്പ് സത്യമാകുന്നതാണ് ലോകം കണ്ടത്.

Keywords:  News, World, Beijing, China, Doctor, Dead, Diseased, Health, The doctor who first diagnosed coronavirus died of coronavirus
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia