Microsoft Outage | മൈക്രോസോഫ്റ്റ് വിൻഡോസ് തകരാറിൽ; ഓൺലൈൻ ലോകം സ്തംഭിച്ചു! വിമാനങ്ങൾ മുതൽ ബാങ്കുകളുടെ പ്രവർത്തനം വരെ തടസപ്പെട്ടു


ന്യൂഡെൽഹി: (KVARTHA) മൈക്രോസോഫ്റ്റിന്റെ (Microsoft) വിൻഡോസ് സെർവറുകളിൽ പ്രശ്നം ഉണ്ടായതോടെ ലോകമെമ്പാടുമുള്ള നിരവധി വിമാനങ്ങൾ (Flights), ടെലികമ്മ്യൂണിക്കേഷൻ (Telecommunication) കമ്പനികൾ മുതൽ ഓഹരി വിപണി (Stock Market), ബാങ്കുകൾ (Banks) വരെയുള്ളവയുടെ പ്രവർത്തനങ്ങൾ തടസപ്പെട്ടു. പലയാത്രക്കാരും വിമാനത്താവളങ്ങളിൽ കുടുങ്ങി. ആകാശ, ഇൻഡിഗോ, എയർ ഇന്ത്യ, വിസ്താര, സ്‌പൈസ് ജെറ്റ് തുടങ്ങിയ ഇന്ത്യൻ വിമാന കമ്പനികളും പ്രവർത്തന തടസങ്ങൾ നേരിട്ടു.
ഓൺലൈൻ ബാങ്കിംഗ്, ഓൺലൈൻ ഷോപ്പിംഗ് തുടങ്ങിയ ഇടപാടുകൾ തടസപ്പെട്ടു. ടെലിവിഷൻ (TV), റേഡിയോ (Radio) സംപ്രേക്ഷണം നിലച്ചു. ടെലികമ്യൂണിക്കേഷൻ ഗ്രൂപ്പായ ഓസ്‌ട്രേലിയയിലെ ടെൽസ്ട്രയുടെ സേവനങ്ങൾ, യുഎസിലെ അലാസ്കയിലെ അടിയന്തര ഫോൺ സേവനങ്ങൾ തുടങ്ങിയവയും ബാധിക്കപ്പെട്ടു. മൈക്രോസോഫ്റ്റിൻ്റെ സെർവറുകളിലെ തകരാർ മൂലം വിമാനത്താവളത്തിൽ യാത്രക്കാരുടെ കാത്തിരിപ്പ് നീണ്ടതായി ഇൻഡിഗോ എയർലൈൻസ് ട്വീറ്റ് ചെയ്തു.
അമേരിക്കയുടെ യുണൈറ്റഡ്, ഡെൽറ്റ, അമേരിക്കൻ എയർലൈൻസ് എന്നിവ ലോകമെമ്പാടുമുള്ള അവരുടെ വിമാനങ്ങൾ നിർത്തി. ബ്രിട്ടനിലെ ട്രെയിൻ കമ്പനികളുടെ പ്രവർത്തനം നിലയ്ക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഐടി പ്രശ്നങ്ങൾ വലിയ തോതിൽ നേരിടുന്നുണ്ടെന്നും ഇത് ട്രെയിനുകളുടെ പ്രവർത്തനത്തെ ബാധിച്ചേക്കാമെന്നും ഒരു വൻകിട ട്രെയിൻ കമ്പനി പറഞ്ഞു. സ്കൈ ന്യൂസ് ചാനൽ ബ്രിട്ടനിൽ സംപ്രേക്ഷണം ചെയ്യുന്നത് നിർത്തി. ലണ്ടൻ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും സാങ്കേതിക പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്.
എന്താണ് പ്രശ്‌നം?
വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന കംപ്യൂട്ടറുകള്‍ അപ്രതീക്ഷിതമായി ഷട്ട്ഡൗണ്‍ ആവുകയും റീസ്റ്റാര്‍ട്ട് ആവുകയും ശേഷം ബ്ലൂ സ്‌ക്രീന്‍ മുന്നറിയിപ്പ് കാണിക്കുകയുമാണ് ചെയ്യുന്നത്. മൈക്രോസോഫ്റ്റ് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണ്.