Explosion | സര്‍വകലാശാലാ പരീക്ഷയ്ക്കായി വിദ്യാര്‍ഥികള്‍ തയ്യാറെടുക്കുന്നതിനിടെ കാബൂളിലെ ട്യൂഷന്‍ സെന്ററില്‍ ചാവേര്‍ സ്‌ഫോടനം; 19 കൗമാരപ്രായക്കാര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്; ആക്രമണത്തെ അപലപിച്ച് താലിബാന്‍ ആഭ്യന്തര മന്ത്രാലയ വക്താവ്
Sep 30, 2022, 15:47 IST
കാബൂള്‍: (www.kvartha.com) അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ട്യൂഷന്‍ സെന്ററില്‍ വന്‍ സ്‌ഫോടനം. ചാവേര്‍ ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി റിപോര്‍ട്. വിദ്യാര്‍ഥികള്‍ സര്‍വകലാശാലാ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. മരിച്ചവരില്‍ കൂടുതലും പെണ്‍കുട്ടികളാണ്.
നഗരത്തിന്റെ പടിഞ്ഞാറന്‍ പ്രദേശമായ ദഷ്-ഇ-ബര്‍ചി ഏരിയയിലെ കാജ് വിദ്യാഭ്യാസ കേന്ദ്രത്തിലാണ് സ്ഫോടനം നടന്നതെന്ന് കാബൂള്‍ പൊലീസ് അറിയിച്ചു. മരിച്ചവരില്‍ അധികവും കൗമാരക്കാരായ വിദ്യാര്‍ഥികളാണ്. ഇരകളില്‍ കൂടുതലും പെണ്‍കുട്ടികളാണെന്ന് ദൃക് സാക്ഷികള്‍ പറഞ്ഞതായി ബിബിസി റിപോര്‍ട് ചെയ്തു. ആക്രമണം നടക്കുമ്പോള്‍ മുറിയില്‍ 600 ഓളം പേര്‍ ഉണ്ടായിരുന്നതായി പരുക്കേറ്റ ഒരു വിദ്യാര്‍ഥി എ എഫ് പിയോട് പറഞ്ഞു.
സ്‌ഫോടനം നടന്ന പടിഞ്ഞാറന്‍ പ്രദേശം ഹസാര ന്യൂനപക്ഷത്തിലുള്ളവര്‍ ഏറെയുള്ള സ്ഥലമാണ്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും അവകാശപ്പെട്ടിട്ടില്ല. സ്‌ഫോടനത്തില്‍ 27 പേര്‍ക്ക് പരുക്കേറ്റതായി താലിബാന്റെ കാബൂള്‍ പൊലീസ് വക്താവ് അറിയിച്ചു.
ആക്രമണത്തെ അപലപിക്കുന്നതായി താലിബാന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. സിവിലിയന്‍ ലക്ഷ്യങ്ങള്‍ ആക്രമിക്കുന്നത് ശത്രുവിന്റെ മനുഷ്യത്വരഹിതമായ ക്രൂരതയും ധാര്‍മിക നിലവാരമില്ലായ്മയുമാണ് തെളിയിക്കുന്നതെന്ന് അബ്ദുള്‍ നാഫി ടാക്കൂര്‍ പറഞ്ഞു.
'പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ നിറഞ്ഞ ഒരു മുറിയെ ലക്ഷ്യമിടുന്നത് ലജ്ജാകരമാണ്; എല്ലാ വിദ്യാര്‍ഥികള്‍ക്കും സമാധാനത്തോടെയും ഭയമില്ലാതെയും വിദ്യാഭ്യാസം തുടരാന്‍ കഴിയണം,' അഫ്ഗാനിസ്താനിലേക്കുള്ള യുഎസ് മിഷനിലെ ചാര്‍ജ് ഡി അഫയര്‍ കാരെന്‍ ഡെകര്‍ ട്വീറ്റില്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.