തീവ്രവാദത്തിന്റെ മുഖ്യ ഉത്തരവാദി പാകിസ്ഥാനെന്ന് ഇന്ത്യ

 


വാഷിംഗ്ടണ്‍: (www.kvartha.com 01.10.2015) തീവ്രവാദത്തിന്റെ മുഖ്യ ഉത്തരവാദി പാകിസ്ഥാനെന്ന് ഇന്ത്യ. വിദേശ കാര്യ വക്താവ് വികാസ് സ്വരൂപ് ട്വീറ്റിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. മാത്രമല്ല, കശ്മീരിന്റെ കൈയ്യേറിയ ഭാഗം പാകിസ്ഥാന്‍ ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കശ്മീരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ സമവായത്തിന് സാധ്യത ഇല്ലാതാക്കുന്നതാണ് ഇന്ത്യയുടെ പുതിയ നിലപാട്.

പാകിസ്ഥാന്‍ തീവ്രവാദത്തിന്റെ ഇരയല്ലെന്നും പ്രശ്‌നങ്ങള്‍ക്ക് കാരണം രാജ്യത്തിന്റെ നിലപാടുകളാണെന്നും അദ്ദേഹം വ്യക്തമാക്കി. തീവ്രവാദത്തിന് വളം വെച്ചു കൊടുക്കുന്നതാണ് പാകിസ്ഥാന്റെ  കഴിവുകേട്. അതിന് അയല്‍ക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കഴിഞ്ഞ ദിവസം യു.എന്‍ പൊതുസഭയിലെ പ്രസംഗത്തിനിടെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് കശ്മീര്‍ പ്രശ്‌നം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യയുടെ മറുപടി.

ഏറെ നാളായി പ്രശ്‌നം പരിഹാരമാകാതെ കിടക്കുകയാണെന്നും ഏറ്റുമുട്ടലല്ല സഹകരണമാണ് വേണ്ടതെന്നും ഷെരീഫ് പറഞ്ഞിരുന്നു. തങ്ങള്‍ തീവ്രവാദത്തിന്റെ ഇരകളാണെന്നും കശ്മീരില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്നും ആര്‍ക്കൊപ്പം നില്‍ക്കണമെന്ന് അവിടുത്തെ ജനങ്ങളാണ്  തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഒട്ടേറെ തലമുറകളായി കൈയ്യേറിയാണ് കശ്മീരുകാര്‍ ജീവിക്കുന്നതെന്ന പാക് ന്യായീകരണത്തിനും കണക്കിന് മറുപടി കിട്ടി. കൈയ്യേറ്റക്കാരന്‍ തെറ്റുകാരനാണെന്നും കൈയ്യേറ്റം ശരിയാണെന്നുമാണ് പ്രധാനമന്ത്രി പറയുന്നതെന്ന് സ്വരൂപ് പരിഹസിച്ചു. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇത്രയും കടുത്ത നിലപാടുമായി ഇന്ത്യ രംഗത്തെത്തുന്നത്. പാകിസ്ഥാനോട് മുന്‍സര്‍ക്കാറുകള്‍ വളരെ സൂക്ഷിച്ച് മാത്രം പ്രതികരിച്ചിരുന്നതില്‍ നിന്ന് വ്യത്യസ്തമായി അയല്‍രാജ്യത്തിന്റെ യഥാര്‍ത്ഥ മുഖം ലോകത്തിന് മുന്നില്‍ തുറന്നു കാട്ടുകയെന്ന ലക്ഷ്യമാണ് ബി.ജെ.പിയ്ക്കുള്ളത്.

അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് കശ്മീരില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുകയല്ല വേണ്ടത്. ഭീകരവാദത്തെ പാകിസ്ഥാനില്‍ നിന്ന് തുടച്ചു നീക്കിയാല്‍ മതിയെന്നും സ്വരൂപ് വ്യക്തമാക്കി. ഭീകരവാദത്തിന്റെ ആദ്യ ഇരയല്ല പാകിസ്ഥാന്‍. അക്കാര്യത്തില്‍ അവര്‍ക്ക് സ്വന്തം നിലപാടുകളാണുള്ളത്. ഭീകരവാദത്തിന്റെ ആദ്യ ഉത്തരവാദിയായിരുന്നു പാകിസ്ഥാന്‍.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia