യുക്രൈന്‍ അധിനിവേശം ഒരുമാസം പിന്നിടുമ്പോള്‍ ഉദ്ദേശിച്ച ലക്ഷ്യത്തിലെത്താനാവാതെ പുടിന്റെ സൈന്യം; വലിയ നാശനഷ്ടങ്ങളുണ്ടെങ്കിലും റഷ്യയെ പലരീതിയില്‍ വിറപ്പിച്ച് സെലെന്‍സ്‌കി
Mar 24, 2022, 14:04 IST
കീവ്: (www.kvartha.com 24.03.2022) റഷ്യയുടെ അധിനിവേശം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോഴും വലിയനാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും യുക്രൈന്‍ ഇതുവരെ അടിയറവ് പറഞ്ഞിട്ടില്ല. സൈന്യവും ജനങ്ങളും രാജ്യത്തിന് വേണ്ടി പൊരുതുകയും പലപ്പോഴും റഷ്യന്‍ സൈന്യത്തെ വിറപ്പിക്കുകയും ചെയ്യുന്നു. യുക്രൈനിലെ ജനാധിപത്യ സര്‍കാരിനെ മിന്നല്‍ വേഗത്തില്‍ അട്ടിമറിച്ച് 'പാവ' ഗവണ്‍മെന്റ് രൂപീകരിക്കാമെന്ന മോഹം അത്ര എളുപ്പമല്ലെന്ന് പുടിന് മനസിലായി കാണണം.
ബുധനാഴ്ച യുദ്ധം ഒരുമാസം പിന്നിടുമ്പോള്‍ റഷ്യയ്ക്കും കനത്ത തിരിച്ചടികളാണ് നേരിടേണ്ടി വന്നത്. പാശ്ചാത്യ രാജ്യങ്ങള്‍ പലതരത്തിലുള്ള ഉപരോധങ്ങള്‍ ഏര്‍പെടുത്തി. മരുന്ന് കമ്പനികള്‍ ഉള്‍പെടെയുള്ള വ്യവസായ ഭീമന്മാരും ആഗോള ബ്രാന്‍ഡുകളും റഷ്യയിലെ ബിസിനസ് അവസാനിപ്പിച്ചു.
ആപിള്‍ പോലെയുള്ള ഫോണുകളുടെ ഷോപുകള്‍ പ്രവര്‍ത്തനം നിര്‍ത്തി. ഇത് റഷ്യയുടെ സമ്പദ് വ്യവസ്ഥയെയും നാണയമായ റൂബിളിനെയും ബാധിച്ചു. വിദേശങ്ങളില്‍ നിക്ഷേപം നടത്തിയ റഷ്യയിലെ കോടീശ്വരന്മാര്‍ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചു. പുടിന്റെ മരുമകനും ഈ കൂട്ടത്തില്‍ പെടും.
ഇതിനെല്ലാം പുറമേ ലോകരാജ്യങ്ങളില്‍ ഭൂരിപക്ഷവും റഷ്യയ്ക്കെതിരെ തിരിഞ്ഞു. യുദ്ധത്തിനെതിരെ റഷ്യയില്‍ തന്നെ പ്രതിഷേധങ്ങളുയരുന്നു. വാര്‍ത്താ അവതരണത്തിനിടെ സ്റ്റേറ്റ് ചാനലില്‍ മരിയ എന്ന മാധ്യമപ്രവര്‍ത്തക പ്ലകാര്‍ഡ് കാണിച്ച് പ്രതിഷേധിച്ചിരുന്നു. അവരെ ആദ്യം കരുതല്‍ തടങ്കലില്‍ വച്ചെങ്കിലും ആഗോളതലത്തിലത് ചര്‍ചയായതോടെ വിട്ടയച്ചു. എന്നാല്‍ പിഴ ചുമത്തുകയും ചെയ്തു. അധിനിവേശത്തെ തുടര്‍ന്ന് മാധ്യമങ്ങളെ നിയന്ത്രിക്കാനായി പുതിയ നിയമം പുടിന്റെ സര്‍കാര്‍ കൊണ്ടുവന്നു. അതോടെ ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റഷ്യയിലെ സേവനം മതിയാക്കി.
യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രധാന സഖ്യകക്ഷികളും ഈ ആഴ്ച ബ്രസല്‍സിലും വാര്‍സോയിലും നടത്തുന്ന യോഗം യുക്രൈന് കൂടുതല്‍ സൈനിക സഹായവും റഷ്യയ്ക്ക് മേല്‍ പുതിയ ഉപരോധങ്ങളും ഏര്‍പെടുത്തുന്നത് ചര്‍ച ചെയ്യും. പാശ്ചാത്യ രാജ്യങ്ങള്‍ നല്‍കിയ ആയുധങ്ങളുമായി പോരാടിയെങ്കിലും യുക്രൈന്‍ സൈനിക യൂനിറ്റുകള്‍ പലപ്പോഴും പിന്‍തള്ളപ്പെട്ടു. റഷ്യന്‍ സൈന്യം കിലോമീറ്ററുകള്‍ക്ക് അകലെ ഷെലാക്രമണം നടത്തുകയാണ്. സിറിയയിലെയും ചെച്‌നിയയിലെയും നഗരങ്ങളെ നാശമാക്കാനായി അവര്‍ മുമ്പ് ഉപയോഗിച്ച തന്ത്രങ്ങള്‍ യുക്രൈന് മേല്‍ പ്രയോഗിക്കുന്നില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
കര, നാവിക, വ്യോമ ആക്രമണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും റഷ്യയ്ക്ക് തന്ത്രപരമായ പ്രധാന ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാനായിട്ടില്ല. തലസ്ഥാനമായ കീവ് ആവര്‍ത്തിച്ച് ആക്രമിക്കപ്പെട്ടു, പക്ഷേ പിടിച്ചെടുക്കുകയോ വളയുകയോ ചെയ്തില്ല എന്നത് മാത്രം ഉദാഹരണമാണ്.
യുക്രൈന്‍ പാശ്ചാത്യ രാജ്യങ്ങളുമായി അടുക്കുകയും നാറ്റോ അംഗത്വത്തിന് ശ്രമിക്കുകയും ചെയ്തതാണ് റഷ്യന്‍ പ്രസിഡന്റ് പുടിനെ ചൊടിപ്പിച്ചത്. ഫെബ്രുവരി 24ന് യുക്രൈനെതിരെ തുടങ്ങിയ അധിനിവേശം പല ലോകനേതാക്കളും ആവശ്യപ്പെട്ടിട്ടും പുടിന്‍ അവസാനിപ്പിച്ചില്ല. രണ്ട് തവണ ഇരുരാജ്യങ്ങളും തമ്മില്‍ സമാധാന ചര്‍ച നടത്തിയെങ്കിലും യുദ്ധം അവസാനിപ്പിക്കുന്ന തീരുമാനം കൈക്കൊണ്ടില്ല. അടുത്ത ചര്‍ചയ്ക്കായി ലോകം ഉറ്റുനോക്കുകയാണ്. കാരണം യുദ്ധം കാരണം ലോകത്തെ സമ്പദ് വ്യവസ്ഥ തന്നെ തകിടം മറിഞ്ഞിരിക്കുകയാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.